
കൊച്ചി: പാർപ്പിടാവകാശം മനുഷ്യാവകാശമായി പരിഗണിക്കപ്പെടണമെന്നു സിബിസിഐ സെക്രട്ടറി ജനറൽ ബിഷപ് ഡോ. തിയഡോർ മസ്കരിനാസ്. പാലാരിവട്ടം പിഒസിയിൽ സിബിസിഐ ലേബർ കമ്മീഷനും വർക്കേഴ്സ് ഇന്ത്യ ഫെഡറേഷനും കേരള ലേബർ മൂവ്മെന്റിന്റെ സഹകരണത്തോടെ നടത്തുന്ന ദ്വിദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർക്കേഴ്സ് ഇന്ത്യ ഫെഡറേഷൻ പ്രസിഡന്റ് ജോസഫ് ജൂഡ് അധ്യക്ഷത വഹിച്ചു. പാർശ്വവത്കരിക്കപ്പെട്ടവരുടെ ഉപജീവന, പാർപ്പിടപ്രശ്നങ്ങൾ പഠന വിഷയമാക്കിയാണു ശില്പശാല.
സിബിസിഐ ലേബർ കമ്മീഷൻ സെക്രട്ടറി ഫാ. ജയ്സണ് വടശേരി വിഷയാവതരണം നടത്തി. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വർഗീസ് വള്ളിക്കാട്ട്, കെസിബിസി ലേബർ കമ്മീഷൻ സെക്രട്ടറി ഫാ. ജോർജ് തോമസ് നിരപ്പുകാലായിൽ, കേരള ലേബർ മൂവ്മെന്റ് പ്രസിഡന്റ് സെബാസ്റ്റ്യൻ പാലന്പറന്പിൽ, വർക്കേഴ്സ് ഇന്ത്യ ഫെഡറേഷൻ ജനറൽ സെക്രട്ടറി ആൽവിൻ ഡാവോസ്, ട്രഷറർ യേശുരാജ, കെഎൽഎം ജനറൽ സെക്രട്ടറി കെ.ജെ. തോമസ് എന്നിവർ പ്രസംഗിച്ചു. ഇന്നു രാവിലെ അസംഘടിത തൊഴിലാളികളും ഉപജീവന പ്രശ്നങ്ങളും എന്ന വിഷയത്തിൽ സെമിനാർ ഉണ്ടാകും.