India - 2025
പാലക്കാട്ട് വൈദികനു നേരെ ആക്രമണം: പ്രതിഷേധം വ്യാപകം
സ്വന്തം ലേഖകന്‍ 03-10-2017 - Tuesday
പാലക്കാട്: മുണ്ടൂര്‍ യുവക്ഷേത്ര കോളേജ് ഡയറക്ടര്‍ ഫാ. ചെറിയാന്‍ ആഞ്ഞിലിമൂട്ടിലിനു നേരെ ആക്രമണം. യുവക്ഷേത്ര കോളേജിന്റെ സാമൂഹ്യസേവന പദ്ധതിയുടെ ഭാഗമായി നിര്‍ധന കുടുംബത്തിനു നിര്‍മ്മിച്ചു നല്കുന്ന വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം മടങ്ങിവരവേ അക്രമി വൈദികനെ കാറില്‍ നിന്നും പിടിച്ചിറക്കി മര്‍ദ്ദിക്കുകയായിരിന്നു. അതേസമയം പോലീസില്‍ പരാതി നല്‍കിയിട്ടും മൊഴി രേഖപ്പെടുത്തുന്നതിലും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിലും പോലീസ് അലംഭാവം കാണിച്ചെന്ന് ആക്ഷേപമുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് കെസിവൈഎം പാലക്കാട് നഗരത്തില്‍ പ്രതിഷേധറാലി നടത്തി.
ആക്രമണത്തിന് ഇരയായ വൈദികനെ കത്തോലിക്ക കോണ്‍ഗ്രസ് രൂപതാ ഭാരവാഹികള്‍ സന്ദര്‍ശിച്ചു. സാമൂഹ്യ സേവനരംഗത്ത് സ്തുത്യര്‍ഹമായ സേവനം ചെയ്യുന്നവര്‍ക്കുനേരെ നടത്തുന്ന ഗുണ്ടാ ആക്രമണങ്ങളെ രാഷ്ടീയവത്കരിക്കുന്ന പാര്‍ട്ടികളുടെ നിലപാടിനെ കത്തോലിക്ക കോണ്‍ഗ്രസ് രുപതാ സമിതിയോഗം ശക്തമായി അപലപിച്ചു. ഉന്നത പഠന നിലവാരം പുലര്‍ത്തിക്കൊണ്ട് സമൂഹ്യസേവന രംഗത്ത് പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന യുവക്ഷേത്ര കോളേജിനെ തകര്‍ക്കാനുള്ള തല്പരകക്ഷികളുടെ ഗൂഢനീക്കത്തിന്റെ ഭാഗമായാണോ ഈ ആക്രമണമെന്ന് പോലീസ് അന്വേഷണം നടത്തി കണ്ടെത്തണമെന്നു കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.