India - 2025
ആയിരത്തോളം അനാഥകുഞ്ഞുങ്ങള്‍ക്ക് വിരുന്നൊരുക്കി കൊണ്ട് ആൻറോഫ് ഹിൽ ഫൊറോന
സ്വന്തം ലേഖകന്‍ 26-12-2017 - Tuesday
മുംബൈ: യേശുവിന്റെ പിറവി തിരുനാളിന്റെ സ്മരണയില്‍ പങ്കുവെയ്ക്കലിന്റെ സന്ദേശവുമായി മുംബൈ കല്യാൺ രൂപതയിലെ ആൻറോഫ് ഹിൽ ഫൊറോന കൂട്ടായ്മ. മുംബൈയിലെ വിവിധസ്ഥലങ്ങളിലുള്ള അനാഥാലയങ്ങളിൽ അന്തേവാസികളായ ആയിരത്തോളം കുട്ടികൾക്കു വിരുന്നൊരുക്കി കൊണ്ടായിരിന്നു ഫൊറോന തങ്ങളുടെ ക്രിസ്തുമസ് ആഘോഷം അവിസ്മരണീയമാക്കിയത്. കരോള്‍ ഗാനങ്ങളും നൃത്തച്ചുവടുകളും അതിഥികളായെത്തിയ കുഞ്ഞുങ്ങൾക്കു വലിയ അനുഭവമായി.
'പിറവി 2017' എന്ന പേരിലാണ് ആൻറോഫ് ഹിൽ ഫൊറോന കൂട്ടായ്മയുടെ ക്രിസ്തുമസ് സംഗമം നടന്നത്. സമ്മാനപൊതികളും മധുരപലഹാരങ്ങളുളും നല്‍കിയാണ് കുഞ്ഞുങ്ങളെ സംഘാടകർ വരവേറ്റത്. പങ്കുവയ്ക്കലെന്ന മഹത്തായ സന്ദേശം പുതുതലമുറയ്ക്കുകൂടി പകരുക ലക്ഷ്യത്തോടെ നടത്തിയ പരിപാടിയില്‍ വിവിധങ്ങളായ കലാപരിപാടികള്‍ നടന്നു. കലാപരിപാടികളെക്കൂടാതെ, സംഗീതസംവിധായകനും ഗായകനുമായ അൽഫോൺസ് ജോസഫിൻറെ സംഗീതവിരുന്നും ആഘോഷത്തിൻറെ മാറ്റുകൂട്ടി.
