Events

സമര്‍പ്പിതര്‍ക്കായുള്ള ജൂബിലി വര്‍ഷത്തിന് പര്യവസാനം കുറിച്ചു കൊണ്ട് ദോഹ കാത്തലിക് ചര്‍ച്ച്

തോമസ്‌ ചെറിയാൻ 04-02-2016 - Thursday

സമര്‍പ്പിതര്‍ക്കായുള്ള ജൂബിലി വര്‍ഷത്തിന്‍റെ അവസാന ദിവസമായ ഫെബ്രുവരി 2 നു അഭിഷിക്തരെ അനുമോദിച്ചു കൊണ്ട് റോസറി ചര്‍ച്ച് ഓഫ് ദോഹ നടത്തിയ ദിവ്യബലി ഭക്തിനിര്‍ഭരമായി.

ജര്‍മ്മനിയിലെ ബാംബെര്‍ഗ് അതിരൂപതാദ്ധ്യക്ഷനായ ബിഷപ്പ് ലൂട്വിക് ഷിക്, നോര്‍ത്തേണ്‍ അറേബ്യയുടെ അപ്പസ്തോലിക ബിഷപ്പായ കമീലോ ബല്ലിന്‍ എന്നിവരുടെ മുഖ്യ കാര്‍മികത്വത്തില്‍ തുടങ്ങിയ ദിവ്യബലിയില്‍ ഇടവക വികാരിയായ ഫാദര്‍ സെല്‍വരാജനോടും മലയാള കമ്മുണിറ്റിയുടെ രക്ഷാധികാരിയായ ഫാദര്‍ ജോയ് വില്ല്യമിനോടുമൊപ്പം മറ്റ് 7 വൈദികരും പങ്കുചേര്‍ന്നു. ആമുഖ പ്രസംഗത്തില്‍ അജപാലന ദൌത്യത്തിന്റെ മഹത്വം എടുത്തു പറഞ്ഞ ബിഷപ്പ് കമീലോ ബല്ലിന്‍ അത് ദൈവം തിരഞ്ഞെടുത്തേല്‍പ്പിച്ച മഹനീയ ഉത്തരവാദിത്വമാണെന്ന് ഓര്‍മ്മിപ്പിച്ചു.

നര്‍മ്മം കലര്‍ന്ന രീതിയില്‍ വചനപ്രഘോഷണം നടത്തിയ റവ.ഫാ. വില്‍സണ്‍ 'സഭാ തനയരും അഭിഷിക്തരും' തമ്മിലുള്ള വ്യത്യാസത്തെ പറ്റിയും ദൈവജനമെന്ന നിലയില്‍ സ്നേഹത്തോടെ വര്‍ത്തിച്ചു വിശുദ്ധജനമായി തീരേണ്ട ആവശ്യകതയെ പറ്റിയും വിശദീകരിച്ചു.

വിശുദ്ധ കുര്‍ബാനക്കു ശേഷം വിവിധ കമ്മ്യുണിറ്റികളുടെ സഹകരണത്തോടെ എല്ലാ അഭിഷിക്തര്‍ക്കും പൂച്ചെണ്ടും പ്രത്യേക ഫലകങ്ങളും നല്‍കി ആദരിച്ചു. അസാധാരണമായി തുടരുന്ന തണുപ്പിനെ അവഗണിച്ചു പള്ളിയില്‍ എത്തിയ എല്ലാവര്‍ക്കും ലഘുഭക്ഷണം വികാരിയച്ചന്‍റെ നേതൃത്വത്തില്‍ ഒരുക്കിയിരിന്നു.

More Archives >>

Page 1 of 2