India - 2025
സീറോ മലബാര്‍ രൂപതകളില്‍ നാളെ ഉപവാസ പ്രാര്‍ത്ഥനാ ദിനമായി ആചരിക്കും
സ്വന്തം ലേഖകന്‍ 15-03-2018 - Thursday
കൊച്ചി: സഭയില്‍ ഐക്യവും സമാധാനവും അച്ചടക്കവും സംജാതമാകുന്നതിനും ക്രൈസ്തവ പീഡനങ്ങള്‍ അവസാനിക്കുന്നതിനുമായി വിവിധ സീറോമലബാര്‍ രൂപതകളില്‍ നാളെ പ്രാര്‍ത്ഥനാദിനമായി ആചരിക്കും. തലശേരി അതിരൂപതയിലും താമരശേരി, മാനന്തവാടി, പാലാ, ബല്‍ത്തങ്ങാടി, മാണ്ഡ്യ, ഭദ്രാവതി, തക്കല, കല്യാണ്‍ രൂപതകളിലും നാളെ പ്രാര്‍ത്ഥനാദിനമായി ആചരിക്കുമെന്ന് വിവിധ രൂപതാവൃത്തങ്ങള്‍ അറിയിച്ചു. ചങ്ങനാശേരി അതിരൂപതയിലും ഷംഷാബാദ് രൂപതയിലും പ്രാര്‍ത്ഥനാദിനമായി ആചരിക്കാന്‍ ബിഷപ്പുമാര്‍ നേരത്തെ ആഹ്വാനം ചെയ്തിരുന്നു.
കല്യാണ്‍ രൂപതയില്‍ തിക്കുജിനിവാഡി ദേവാലയത്തില്‍ നിന്നു കല്യാണ്‍ കത്തീഡ്രലിലേക്കു യുവജനങ്ങള്‍ നാളെ നടത്തുന്ന തീര്‍ത്ഥാടനം സമാധാനം സംസ്ഥാപിക്കാനുള്ള പ്രത്യേക നിയോഗത്തോടെയായിരിക്കുമെന്നു രൂപതാധ്യക്ഷന്‍ മാര്‍ തോമസ് ഇലവനാല്‍ പറഞ്ഞു. തലശ്ശേരി അതിരൂപതാംഗങ്ങള്‍ നാളെ വെള്ളിയാഴ്ച എല്ലാ അതിരൂപതാംഗങ്ങളും ഇടവകപള്ളികളിലോ ചാപ്പലുകളിലോ അതിനു കഴിയാത്തവര്‍ വീടുകളിലോ അവര്‍ ആ!യിരിക്കുന്ന സ്ഥലങ്ങളിലോ ഉപവസിച്ച് പ്രാര്‍ത്ഥിക്കണമെന്ന് മാര്‍ ജോര്‍ജ് ഞരളക്കാട്ട് പറഞ്ഞു. 12 മണി മുതല്‍ മൂന്നു മണി വരെയുള്ള സമയത്ത് ഒരു മണിക്കൂറെങ്കിലും പ്രാര്‍ഥനയ്ക്കായി മാറ്റിവയ്ക്കാന്‍ ശ്രദ്ധിക്കണമെന്നും മാര്‍ ജോര്‍ജ് ഞരളക്കാട്ട് അഭ്യര്‍ത്ഥിച്ചു. ഷംഷാബാദ് രൂപതയില്‍ നാല്‍പ്പതാം വെള്ളി പ്രാര്‍ത്ഥനാദിനമായി ആചരിക്കും.
