India - 2025
വരാപ്പുഴ അതിരൂപത സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ അന്തർദേശീയ വനിത ദിനം ആഘോഷിച്ചു.
സാബു ജോസ് 18-03-2016 - Friday
കൊച്ചി: വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അന്തര്‍ദേശീയ വനിതാദിനാഘോഷം 'ഉണര്‍വ്വ് 2016' സ്ത്രീ സുരക്ഷ എന്ന വിഷയത്തെ ആസ്പദമാക്കി ആചരിക്കുകയുണ്ടായി. വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു ഇലിഞ്ഞിമറ്റം മറൈന്‍ ഡ്രൈവില്‍ നിന്നും ഉദ്ഘാടനം ചെയ്ത റാലിയോടെ ആഘോഷപരിപാടികള്‍ ആരംഭിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത ആദിവാസി ഗോത്ര മഹാസഭ ചെയര്‍പേഴ്‌സണ്‍ സി.കെ. ജാനു, സ്ത്രീയുടെ ശക്തി ചുറ്റുമുള്ളവര്‍ക്ക് പ്രചോദനമായി തീരാന്‍ സ്ത്രീകളില്‍ ഉണര്‍വ്വിന്റെ ഉറവകള്‍ ഉണ്ടാകണമെന്ന് അഭിപ്രായപ്പെട്ടു.
സ്ത്രീയുടെ അവകാശങ്ങള്‍ ആരുടെയും ഔദാര്യമല്ല മറിച്ച് തിരിച്ചറിഞ്ഞ് നേടിയെടുക്കേണ്ടതാണ്. ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടാതെ സത്യസന്ധതയോടെ ഏറ്റെടുത്തു സമുഹത്തിന് മാത്യകയായി മാറണമെന്നും സ്ത്രീകള്‍ ലോകത്തിന്റെ നിലനല്‍പ്പിന് ആവശ്യമാണെന്നും, നല്ല സാമൂഹ്യ രാഷ്ട്രീയ അന്തരീക്ഷം സ്യഷ്ടിക്കാന്‍ സ്ത്രീകള്‍ക്കേ സാധിക്കൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. ജോസ് പടിയാരംപറമ്പില്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫാ. ആന്റണി റാഫേല്‍ കൊമരംചാത്ത് ഫാ. ജോബ് കുണ്ടോണി, കുടുംബശ്രീ ജില്ല മിഷന്‍ കോര്‍ഡിനേറ്റര്‍ ടാനി തോമസ്, കെ.ആര്‍.എല്‍.സി.സി. വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ്ജ്, കൗണ്‍സിലര്‍ ഗ്രെയ്‌സി ബാബു ജേക്കബ്, പ്രോഗ്രാം കണ്‍വീനര്‍ ഷൈജ ബാബു, ജനപ്രതിനിധികളായ അനിത തോമസ്, ജാന്‍സി ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു. മേഖല തലത്തില്‍ മികച്ച സ്ത്രീ സംരംഭകര്‍, മികച്ച നിശ്ചലദ്യശ്യം–റാലി എന്നിവയ്ക്കുള്ള അവാര്‍ഡുകളും, ആശാകിരണം സമ്മാന കൂപ്പണ്‍ നറുക്കെടുപ്പും, പത്രങ്ങള്‍ കൊണ്ടുള്ള സ്‌നേഹ കവചം പദ്ധതിയുടെ ഉദ്ഘാടനവും നടന്നു.