Contents

Displaying 13551-13560 of 25139 results.
Content: 13897
Category: 11
Sub Category:
Heading: മുത്തശ്ശീ മുത്തശ്ശന്മാരെ ഒറ്റയ്ക്കാക്കരുത്: യുവജനങ്ങളോട് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: വയോധികര്‍ ഓരോരുത്തരുടെയും മുത്തശ്ശനോ മുത്തശ്ശിയോ ആണെന്നും ഭവനങ്ങളിലുള്ള മുത്തശ്ശീ മുത്തശ്ശന്മാരെ ഒറ്റയ്ക്കാക്കരുതെന്നും ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. ജൂലൈ 26ന് പരിശുദ്ധ കന്യകാമറിയത്തിന്റെ മാതാപിതാക്കളായ ജോവാക്കിം, ഹന്ന എന്നീ വിശുദ്ധരുടെ ഓർമ്മത്തിരുന്നാൾ ദിനത്തില്‍ മദ്ധ്യാഹ്ന പ്രാർത്ഥനയ്ക്കു ശേഷം സംസാരിക്കുകയായിരിന്നു പാപ്പ. മുത്തശ്ശീമുത്തശ്ശന്മാർ യുവജനത്തിൻറെ വേരുകളാണ്. വേരിൽ നിന്നു വിച്ഛേദിക്കപ്പെട്ട ഒരു വൃക്ഷം വളരുകയോ പുഷ്പ്പിക്കുകയോ ഫലം പുറപ്പെടുവിക്കുകയോ ചെയ്യില്ലായെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. വയോധികരോട്, വിശിഷ്യ, വീടുകളിലും പാർപ്പിട സമുച്ചയങ്ങളിലും ഒറ്റയ്ക്കായിരിക്കുന്നവരും മാസങ്ങളായി തങ്ങളുടെ പ്രിയപ്പെട്ടവരെ കാണാതെ കഴിയുന്നവരുമായ പ്രായാധിക്യത്തിലെത്തിയവരോട് സ്നേഹാർദ്രത പ്രകടിപ്പിക്കണം. പ്രായമായവരില്‍ ഓരോരുത്തരും യുവജനങ്ങളുടെ മുത്തശ്ശിയോ മുത്തശ്ശനോ ആണ്. സ്നേഹത്തിന്റെ കല്പനാശക്തി പ്രകടിപ്പിച്ചുകൊണ്ട്, മുത്തശ്ശീമുത്തശ്ശന്മാരെ ഫോണിൽ വിളിക്കുകയും ദൃശ്യസംവിധാനമുള്ള ഫോണിലൂടെ അവരെ കണ്ടു സംസാരിക്കുകയും അവർക്ക് സന്ദേശങ്ങളയക്കുകയും അവരെ ശ്രവിക്കുകയും, ആരോഗ്യസുരക്ഷാ വ്യവസ്ഥകൾ അനുവദിക്കുകയാണെങ്കിൽ അവരെ സന്ദർശിക്കുകയും ചെയ്യണമെന്നും പാപ്പ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.
Image: /content_image/News/News-2020-07-28-11:19:11.jpg
Keywords: പാപ്പ, ഫ്രാന്‍സിസ് പാപ്പ
Content: 13899
Category: 18
Sub Category:
Heading: രോഗവ്യാപന ഭീതിയില്‍ മനുഷ്യത്വം മറക്കരുത്: കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി
Content: കാക്കനാട്: മനുഷ്യസമൂഹം നേരിട്ടിട്ടുള്ള ഭീകരമായ പകര്‍ച്ചവ്യാധികളിലൊന്നായി കൊറോണ വൈറസ്ബാധ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, വൈറസ് വ്യാപനഭീതിയില്‍ മനുഷ്യത്വം മറന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നു കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. രോഗവ്യാപനത്തിന്‍റെ ക്ഷിപ്രതയും രോഗത്തെ ചെറുക്കാന്‍ പര്യാപ്തമായ വാക്സിന്‍റെ അഭാവവും ജനങ്ങളുടെ ഭീതി വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. ഗുരുതരമായ ഈ സാഹചര്യത്തെ നേരിടുവാന്‍ സാഹോദര്യത്തിലും പരസ്പരമുള്ള കരുതലിലും എല്ലാവരും സഹകരിച്ചു പ്രവര്‍ത്തിക്കണമെന്നു സീറോ മലബാര്‍ സഭയുടെ കാര്യാലയമായ മൗണ്ട് സെന്‍റ് തോമസില്‍ നിന്നിറക്കിയ പത്രക്കുറിപ്പില്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. രോഗബാധയില്‍ നിന്ന് എങ്ങനെ രക്ഷനേടാമെന്നു ഓരോരുത്തരും ചിന്തിക്കുന്നതോടൊപ്പം മറ്റുള്ളവര്‍ക്കും രോഗം വരാതിരിക്കാനുള്ള കരുതല്‍ എല്ലാവര്‍ക്കും ഉണ്ടാകേണ്ടതാണ്. ഇക്കാര്യത്തില്‍ വ്യക്തികളും, കുടുംബങ്ങളും ജോലിക്കൂട്ടായ്മകളുമൊക്കെ ജാഗ്രതയോടെ പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ ഈ മഹാമാരിയില്‍ നിന്നു നമ്മുടെ സമൂഹം മുക്തി നേടുകയുള്ളു. അതിനാല്‍ അനാവശ്യമായ ഭയത്തിനടിമകളാകാതെ പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിച്ചുകൊണ്ടു ജീവിക്കുവാന്‍ പരിശീലിക്കേണ്ടിരിക്കുന്നു. കൊറോണ വൈറസ് ബാധമൂലം മരണമടഞ്ഞവരുടെ സംസ്കാരവുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ ഭയവും അതില്‍ നിന്നുവരുന്ന മനുഷ്യത്വരഹിതമായ പെരുമാറ്റവും തികച്ചും വേദനാജനകമാണ്. കൊറോണ ബാധിച്ചു മരണമടയുന്ന വ്യക്തികള്‍ അര്‍ഹിക്കുന്ന ബഹുമാനവും മാനുഷികമായ അംഗീകാരവും നിഷേധിക്കപ്പെടുന്നത് ഒരു പരിഷ്കൃതസമൂഹത്തിനു ന്യായികരിക്കാവുന്നതല്ല. ഇത്തരം മരണ സാഹചര്യങ്ങളില്‍ ഭീതിപൂണ്ടു സമരങ്ങളിലേയ്ക്കും രാഷ്ട്രീയ മുതലെടുപ്പിലേയ്ക്കും നീങ്ങുന്നത് ഒട്ടും ആശാസ്യമല്ല. കൊറോണ വൈറസ് ബാധമൂലം മരണമടഞ്ഞ ക്രൈസ്തവരുടെ മൃതസംസ്കാരകര്‍മ്മങ്ങള്‍ ക്രൈസ്തവവിധി പ്രകാരം നടത്തുന്നതില്‍ ചില വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്. ഇനിയും അത്തരം വീഴ്ചകള്‍ സംഭവിക്കാതിരിക്കാന്‍ സഭാശുശ്രൂഷകരും വിശ്വാസികളും ശ്രദ്ധിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തുവാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടതാണ്. ദൈവത്തോടും സഹോദരങ്ങളോടുമൊപ്പം നിന്നു മനുഷ്യസമൂഹത്തിന്‍റെ ഒരു കൂട്ടായ പരിശ്രമമായി ഈ മഹാമാരിയ്ക്കെതിരെയുള്ള പ്രതിരോധയജ്ഞത്തില്‍ പങ്കുചേരാന്‍ എല്ലാവരും സഹകരിക്കണമെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് തന്‍റെ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dypw6hmgMD0ES43kbTFwjJ}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-07-28-13:04:43.jpg
Keywords: ആലഞ്ചേ
Content: 13900
Category: 1
Sub Category:
Heading: വിശ്വാസികളെ കൗദാശിക ജീവിതത്തില്‍ സജീവമാക്കുവാന്‍ ആഹ്വാനവുമായി ഇറ്റാലിയന്‍ മെത്രാന്‍ സമിതി
Content: റോം: കൊറോണയെ തുടര്‍ന്നു ഇറ്റലിയില്‍ അടച്ചിട്ടിരുന്ന ദേവാലയങ്ങള്‍ തുറന്നപ്പോള്‍ വിശ്വാസികളുടെ പങ്കാളിത്തം കുറഞ്ഞ പശ്ചാത്തലത്തില്‍ കൗദാശിക ജീവിതത്തില്‍ കൂടുതല്‍ സജീവമാക്കുവാന്‍ വിശ്വാസികളെ സഹായിക്കണമെന്ന നിര്‍ദ്ദേശവുമായി ഇറ്റാലിയന്‍ മെത്രാന്‍ സമിതി നേതൃ കമ്മിറ്റി. വിശ്വാസികളുടെ പങ്കാളിത്തം കുറയുവാനുള്ള കാരണങ്ങള്‍ മനസ്സിലാക്കുവാനും, ഞായറാഴ്ച കുര്‍ബാനയിലേക്കും കൂട്ടായ്മകളിലേക്കും ഇടവക ജീവിതത്തിലേക്കും വിശ്വാസികളെ തിരികെ കൊണ്ടുവരുന്നതിന് മുന്‍കരുതലോടെയുള്ള പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തേണ്ടതുണ്ടെന്നു മെത്രാന്മാര്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നു. ഭയവും അവ്യക്തതയും വിശ്വാസികളുടെ മനസ്സില്‍ ഇപ്പോഴുമുണ്ട്. ഇവരെ വിശ്വാസ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനു എപ്രകാരം സഹായിക്കാം എന്നതിനെക്കുറിച്ചാണ് ആലോചിക്കേണ്ടത്. സഭാ ജീവിതത്തിന്റെ പുതിയ മാതൃകകള്‍ വിശ്വാസികള്‍ക്ക് തുറന്നുകൊടുക്കുവാന്‍ മെത്രാന്മാര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം. പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും, സ്ഥൈര്യലേപനവും ദേവാലയങ്ങളില്‍ നടത്താമെങ്കിലും, ജനത്തിരക്ക് ഒഴിവാക്കുന്നതിനായി ഓരോന്നായി നടത്തണം. വിശുദ്ധ കുര്‍ബാന വിതരണത്തിന് ശേഷം വൈദികരുടെ കൈകള്‍ അണുവിമുക്തമാക്കണം, വിശുദ്ധ തൈലലേപനം പഞ്ഞിയോ തുണിയോ ഉപയോഗിച്ചായിരിക്കണമെന്ന നിര്‍ദ്ദേശങ്ങളും കത്ത് മുന്നോട്ട് വെക്കുന്നു. ഓണ്‍ലൈനിലൂടെ ഇടവക ജനതയുമായുള്ള ബന്ധം നിലനിര്‍ത്തുന്ന പുരോഹിതരെ മെത്രാന്‍ സമിതി അഭിനന്ദിച്ചു. അതേസമയം വൈദികര്‍ ദിവ്യകാരുണ്യം നല്‍കുന്നത് കയ്യുറ ധരിച്ചുകൊണ്ടായിരിക്കണമെന്ന നിബന്ധന ജൂണ്‍ അവസാനത്തോടെ പിന്‍വലിച്ചെങ്കിലും, വിശുദ്ധ കുര്‍ബാന നാവില്‍ കൊടുക്കുവാന്‍ രാജ്യത്തു ഇപ്പോഴും അനുവാദമില്ല. ഇറ്റലിയില്‍ ഇക്കഴിഞ്ഞ മെയ് 18മുതലാണ് പൊതു വിശുദ്ധ കുര്‍ബാനയര്‍പ്പണം ആരംഭിച്ചത്. ഉപാധികളോടെ നടക്കുന്ന ശുശ്രൂഷകളില്‍ വിശ്വാസികളുടെ സാന്നിധ്യം താരതമ്യേനെ കുറവാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dypw6hmgMD0ES43kbTFwjJ}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-28-14:03:44.jpg
Keywords: ഇറ്റലി, ഇറ്റാലി
Content: 13901
Category: 1
Sub Category:
Heading: കോവിഡ് പ്രോട്ടോക്കോള്‍ വത്തിക്കാന്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് മൃതദേഹം ദഹിപ്പിക്കുവാന്‍ ആലപ്പുഴ രൂപത
Content: ആലപ്പുഴ: കോവിഡ് രോഗികളുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നത് സംബന്ധിച്ച് വലിയ അനിശ്ചിതത്വങ്ങൾ നിലനിൽക്കേ മാതൃകാപരമായ നടപടിയുമായി ആലപ്പുഴ ലത്തീൻ രൂപത. ആലപ്പുഴ മാരാരിക്കുളത്ത് കൊറോണ ബാധിച്ച് ഇന്നലെ മരിച്ച ത്രേസ്യാമ്മയുടെ മൃതദേഹം കോവിഡ് പ്രോട്ടോക്കോളും കത്തോലിക്കാ സഭയുടെ കാനോൻ നിയമം 1176, 2016-ലെ റോമിലെ വിശ്വാസ തിരുസംഘം പുറപ്പെടുവിച്ച നിര്‍ദേശങ്ങളും പാലിച്ച് ഇടവക സെമിത്തേരിയിൽ ദഹിപ്പിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് മൃതദേഹം സംസ്‌കരിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് ബിഷപ്പ് ജയിംസ് ആനാപറമ്പില്‍ രൂപതാംഗങ്ങള്‍ക്കുള്ള സര്‍ക്കുലറില്‍ അറിയിച്ചു. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ദഹിപ്പിച്ച പുക തട്ടിയാൽ രോഗമുണ്ടാകുമെന്ന തരത്തിലുള്ള വ്യാജപ്രചരണം പരക്കുമ്പോഴാണ് രൂപതയുടെ മാതൃകാപരമായ തീരുമാനം. സംസ്കാര ചടങ്ങുകൾക്ക് വൈദികരുടെ സംഘം നേതൃത്വം നല്‍കി. ഇടവക സെമിത്തേരിയിൽ ദഹിപ്പിച്ച മൃതദേഹത്തിന്‍റെ ഭസ്മമെടുത്ത് സഭാ ചട്ടങ്ങൾ പാലിച്ച് സെമിത്തേരിയിലെ കല്ലറയിൽ അടക്കം ചെയ്യാനാണ് തീരുമാനം. നിലവിൽ ആലപ്പുഴയിൽ പലയിടത്തും കുഴിയെടുത്ത് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് മൃതദേഹം അടക്കം ചെയ്യാനുള്ള സാഹചര്യമില്ലാത്തതിനാലാണ് മൃതദേഹം ദഹിപ്പിക്കാൻ അനുമതി നൽകാൻ രൂപത തീരുമാനിച്ചത്. മാതൃകാപരമായ തീരുമാനമെടുത്ത സഭാനേതൃത്വത്തെ മുഖ്യമന്ത്രി പിണറായി വിജയനും ആലപ്പുഴ ജില്ലാ ഭരണകൂടവും പ്രശംസിച്ചു. ജില്ലാ ഭരണകൂടവും സഭാ ഭാരവാഹികളുമായി നടത്തിയ ചർച്ചകൾക്കു ശേഷമാണ് ബിഷപ്പ് ജെയിംസ് ആനാപറമ്പിൽ വിശ്വാസികളെ തീരുമാനം അറിയിച്ചത്. അത്യാവശ്യ സന്ദർഭങ്ങളിൽ മൃതശരീരം ദഹിപ്പിക്കുന്നത് ക്രിസ്തീയ വിശ്വാസത്തിന് വിരുദ്ധമല്ല എന്നാണ് കത്തോലിക്ക സഭ ഔദ്യോഗികമായി പഠിപ്പിക്കുന്നത്. 1963-ല്‍ ആണ് ആദ്യമായി മൃതശരീരം ദഹിപ്പിക്കുവാനുള്ള അനുമതി സഭ നല്‍കുന്നത്. 2016-ല്‍ വിശ്വാസികളുടെ മൃതസംസ്കാര ശുശ്രൂഷ സംബന്ധിച്ചും മൃതശരീരം ദഹിപ്പിക്കുന്നത് സംബന്ധിച്ചും പ്രത്യേക നിര്‍ദേശങ്ങള്‍ വത്തിക്കാന്‍ വിശ്വാസ തിരുസംഘം 'അഡ് റെസര്‍ജെണ്ടം കം ക്രിസ്‌തോ' (ക്രിസ്തുവിനോട് കൂടി ഉയിര്‍ക്കാം) എന്ന പേരില്‍ പുറത്തിറക്കിയിരിന്നു. മൃതശരീരം ദഹിപ്പിച്ച ശേഷം ലഭിക്കുന്ന ചാരം സെമിത്തേരിയിലോ, ദേവാലയത്തോട് ചേര്‍ന്ന് തയ്യാറാക്കപ്പെട്ട പ്രത്യേക സ്ഥലത്തോ ഭദ്രമായി സൂക്ഷിക്കണമെന്നു രേഖ ആഹ്വാനം ചെയ്യുന്നു. ഇത്തരത്തില്‍ സൂക്ഷിക്കുന്ന ചാരം കുടുംബാംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുവാനോ, അതിനെ ആഭരണങ്ങളുടെ ഉള്ളിലാക്കി ശരീരത്തില്‍ ധരിച്ചു നടക്കുവാനോ പാടില്ലായെന്ന് വത്തിക്കാന്‍ തിരുസംഘം പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dypw6hmgMD0ES43kbTFwjJ}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-28-15:59:51.jpg
Keywords: ദഹി
Content: 13902
Category: 18
Sub Category:
Heading: ദൈവരാജ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നമ്മുടെ കഴിവുകള്‍ പുനസമര്‍പ്പണം ചെയ്യണം: മാര്‍ ആന്റണി കരിയില്‍
Content: കൊച്ചി: ദൈവരാജ്യത്തിനു കൂടുതല്‍ ദൃശ്യത നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി നമ്മുടെ കഴിവുകള്‍ പുനസമര്‍പ്പണം ചെയ്യണമെന്ന് എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയില്‍. അതിരൂപതയുടെ ശതോത്തര രജതജൂബിലി ആഘോഷങ്ങള്‍ എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസലിക്കയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒന്നേകാല്‍ നൂറ്റാണ്ടുകാലം ദൈവം നല്‍കിയ ദൈവാനുഗ്രഹങ്ങള്‍ക്കു നന്ദിപറയേണ്ട അവസരമാണിത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജൂബിലിയുടെ കര്‍മപദ്ധതികളേക്കാള്‍ കോവിഡ് പ്രതിരോധത്തിലൂന്നി ഈ പ്രതിസന്ധിയെ നേരിടാനുള്ള യത്‌നത്തിലാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. സര്‍ക്കാരിന്റെ പ്രയോഗിക നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ട് എല്ലാവരും ഒന്നിച്ചുനിന്ന് ഈ മഹാവ്യാധിയെ നേരിടാനും സഹായം ആവശ്യമായവര്‍ക്കു സാന്ത്വനമേകാനും പരിശ്രമിക്കണം മാര്‍ കരിയില്‍ അനുസ്മരിപ്പിച്ചു. സെന്റ് മേരീസ് ബസലിക്കയില്‍ മാര്‍ ആന്റണി കരിയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന കൃതജ്ഞതാബലിയോടെയാണ് അതിരൂപതയുടെ ശതോത്തര രജതജൂബിലിയാഘോഷങ്ങള്‍ക്കു തുടക്കമായത്. ദിവ്യബലിക്കു മുമ്പ് അള്‍ത്താരയിലെ അഭിവന്ദ്യ പിതാക്കന്മാരുടെ കബറിടത്തില്‍ പുഷ്പങ്ങള്‍ സമര്‍പ്പിച്ച് ആര്‍ച്ച് ബിഷപ്പ് പ്രാര്‍ത്ഥന നടത്തി. തുടര്‍ന്നു ജൂബിലിദീപം തെളിച്ചു. ബസലിക്ക വികാരി ഫാ. ഡേവിസ് മാടവന, ഫാ. ഡാര്‍വിന്‍ ഇടശേരി, ഫാ. ഡേവിസ് പടന്നക്കല്‍, ഫാ. ജേക്കബ് കോറോത്ത്, ഫാ. ജോസഫ് പള്ളാട്ടില്‍, ഫാ. നെല്‍ബിന്‍ മുളവരിക്കല്‍ എന്നിവര്‍ ദിവ്യബലിയില്‍ സഹകാര്‍മികരായിരുന്നു. ദിവ്യബലിക്കുശേഷം സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായ മൗണ്ട് സെന്റ തോമസില്‍ നിന്നു മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വീഡിയോയിലൂടെ സന്ദേശം നല്‍കി. സാമൂഹികക്ഷേമരംഗത്തും ആതുരശുശ്രൂഷാ മേഖലയിലും അതിരൂപത നല്‍കിവരുന്ന നേതൃത്വം വളരെ സവിശേഷമാണെന്നു കര്‍ദിനാള്‍ പറഞ്ഞു. ജൂബിലി വര്‍ഷത്തില്‍ ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ക്കു നന്ദി പറയുമ്പോള്‍ത്തന്നെ നമ്മുടെ ഉത്തരവാദിത്വങ്ങള്‍ കാലഘട്ടത്തിനു അനുയോജ്യമായ രീതിയില്‍ നിര്‍വഹിക്കാനുള്ള അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു. ശതോത്തര രജതജൂബിലിയുടെ ആരംഭമായി അതിരൂപതയിലെ സാധ്യമായ എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും കൃതജ്ഞതാബലികള്‍ നടന്നു. ഭവനങ്ങളില്‍ പ്രത്യേക ജൂബിലി പ്രാര്‍ഥന നടത്തി. കൊറോണ വൈറസിന്റെ വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ആഘോ
Image: /content_image/India/India-2020-07-29-04:01:14.jpg
Keywords: കരിയി
Content: 13903
Category: 13
Sub Category:
Heading: ബ്രിട്ടീഷ് മലയാളികള്‍ക്ക് അഭിമാന നിമിഷം: രണ്ടു വര്‍ഷത്തിന് ശേഷം ഇന്നും നാളെയും പെര്‍മനന്‍റ് ഡീക്കന്‍ പട്ടം
Content: യൂറോപ്പിന്റെ നവസുവിശേഷവത്ക്കരണം മലയാളികളിലൂടെയെന്ന അലിഖിത വചനത്തെ അന്വർത്ഥമാക്കിക്കൊണ്ട് പെർമനന്റ് ഡീക്കൻ പദവിയിലേക്ക് രണ്ട് ബ്രിട്ടീഷ് മലയാളികള്‍ കൂടി. ഈസ്റ്റ് ആംഗ്ലിയ കത്തോലിക്ക രൂപതയ്ക്കുവേണ്ടി എറണാകുളം ഞാറയ്ക്കൽ സെന്റ് മേരീസ് ഇടവകാംഗമായ ജേക്കബ് ചെറിയാന്‍, തൊടുപുഴ ഏഴല്ലൂർ സെന്റ് സെബാസ്റ്റ്യൻസ് ഇടവകാംഗമായ പ്രമീൾ ജോസഫ് എന്നിവരാണ് ഇന്നും നാളെയുമായി പെർമനന്റ് ഡീക്കൻ പട്ടം സ്വീകരിക്കുന്നത്. അജപാലന ശുശ്രൂഷയിൽ സഹായിക്കാൻ വിവാഹിതരായ പുരുഷന്മാർക്ക് പ്രത്യേകം പരിശീലനം നൽകിയശേഷം നൽകുന്ന ശുശ്രൂഷാ പദവിയാണ് പെർമനന്റ് ഡീക്കൻ പട്ടം. ദിവ്യബലി അർപ്പണം, കുമ്പസാരം എന്നിവ ഒഴികെയുള്ള അജപാലന ശുശ്രൂഷകൾ നിർവഹിക്കാൻ പെർമനന്റ് ഡീക്കന്മാർക്ക് അധികാരമുണ്ട്. ഇന്ന് (ജൂലൈ 29) രാവിലെ 11.30ന്‌ ജേക്കബ് ചെറിയാനും നാളെ (ജൂലൈ 30) രാവിലെ 11.30ന് പ്രമീൾ ജോസഫും ഈസ്റ്റ് ആംഗ്ലിക്കൻ ബിഷപ്പ് അലൻ ഹോപ്പ്‌സിന്റെ കൈവെപ്പ് ശുശ്രൂഷവഴി പെർമനന്റ് ഡീക്കൻ പട്ടം സ്വീകരിക്കും. ജൂൺ 13ന് ഒരുമിച്ച് നടക്കേണ്ടിയിരുന്നു അഭിഷേക കർമം, കോവിഡ് പ്രോട്ടോക്കോൾ പ്രകാരം രണ്ട് ദിനങ്ങളിലായി പുനക്രമീകരിക്കുകയായിരുന്നു. മതസ്വാതന്ത്ര്യത്തിന് കടുത്ത വിലക്കുള്ള സൗദിയിലെ പ്രവാസ ജീവിതമാണ് ജേക്കബിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ദൈവാനുഭവത്തിലേക്ക് കടന്നുവന്ന അദ്ദേഹം അവിടെ കുടുംബസമേതമുള്ള പ്രാർത്ഥനാ കൂട്ടായ്മകൾക്ക് നേതൃത്വം വഹിക്കുന്നതിലും വ്യാപൃതനായ അദ്ദേഹം യു.കെയിൽ എത്തിയശേഷവും പ്രാർത്ഥനാകൂട്ടായ്മകളിൽ സജീവമാണ്. വൈറ്റ്മൂറില്‍ പ്രിസണ്‍ മിനിസ്ട്രിയിലാണ് അദ്ദേഹം ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഭാര്യ: റോസിലി ജേക്കബ്‌. മക്കൾ: ഐസക്ക്, അബ്രഹാം, ജോസഫ്. പാതിവഴിയില്‍ മുടങ്ങിപ്പോയ ദൈവവിളിയിലേക്കുള്ള പുനഃപ്രവേശനമായാണ് തൊടുപുഴ സ്വദേശിയായ പ്രമീൾ ജോസഫ് തന്റെ നിയോഗത്തെ നോക്കികാണുന്നത്. സെമിനാരി പഠനത്തോട് പാതിവഴിയിൽ വിടചൊല്ലി കുടുംബജീവിതം തിരഞ്ഞെടുത്ത പ്രമീൾ പെർമനന്റ് ഡീക്കൻസ് ശുശ്രൂഷയിലൂടെ തന്റെ ദൈവവിളിക്ക് ഉത്തരം കൊടുക്കാനാകുന്നതിന്റെ ആഹ്ലാദത്തിലാണ്. ഹണ്ടിംഗ്ടണിലെ ലിറ്റില്‍ഹേ പ്രിസണ്‍ മിനിസ്ട്രിയിലാണ് പ്രമീൾ ജോസഫ് ശുശ്രൂഷ ചെയ്യുന്നത്. ഭാര്യ ബിജി മോൾ. മക്കൾ: ക്ലെമന്റ്, കാൽവിൻ, ക്ലെറ്റൻ. ജയിലുകളിൽ തടവുശിക്ഷ അനുഭവിക്കുന്നവരുടെ മാനസാന്തരവും അവരുടെ ആധ്യാത്മിക ധാർമിക മൂല്യങ്ങളിലെ ശാക്തീകരണവും മുതൽ അവർക്ക് കൗദാശിക ജീവിതം ഉറപ്പാക്കുന്നതുവരെയുള്ള ശുശ്രൂഷകളാണ് പ്രിസൺ ചാപ്ലൈന്മാരാകുന്ന രണ്ടു ഡീക്കന്മാരില്‍ നിക്ഷിപ്തമായിരിക്കുന്നത്. 2018 ജൂണ്‍ മാസത്തില്‍ 'പ്രവാചകശബ്ദം' ചീഫ് എഡിറ്റര്‍ അനില്‍ ലൂക്കോസ്, ലിവർപൂൾ അതിരൂപതയ്ക്കുവേണ്ടി പെര്‍മനന്‍റ് ഡീക്കന്‍ പട്ടം സ്വീകരിച്ചിരിന്നു. ഇതായിരിന്നു ബ്രിട്ടീഷ് മലയാളികള്‍ക്ക് ഇടയില്‍ അവസാനമായി നടന്ന പെര്‍മനന്‍റ് ഡീക്കന്‍ പട്ട സ്വീകരണം. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങളുടെ ഇടയില്‍ നിന്നു ശുശ്രൂഷ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന രണ്ടു പേര്‍ക്കും പ്രാര്‍ത്ഥനയും ആശംസയും നേര്‍ന്ന് ശുശ്രൂഷകള്‍ക്കായി കാത്തിരിക്കുകയാണ് മലയാളി സമൂഹം.
Image: /content_image/News/News-2020-07-29-05:05:27.jpg
Keywords: ഡീക്ക
Content: 13904
Category: 24
Sub Category:
Heading: ഇഞ്ചിത്തോട്ടത്തിലെ ബേബി ചേട്ടന്റെ പ്രാർത്ഥനയും മര്‍ത്തായും
Content: കർണ്ണാടകയിൽ ഇഞ്ചി കൃഷി ചെയ്യുന്ന ഒരു സുഹൃത്തുണ്ടെനിക്ക്. ബേബി എന്നാണയാളുടെ പേര്. കുറേയധികം പ്രതിസന്ധികളിലൂടെ കടന്നുപോയ വ്യക്തി. ആ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം എന്നെ അതിശയപ്പെടുത്തിയത് അയാളുടെ വിശ്വാസമാണ്. മണിക്കൂറുകളോളം ദിവ്യകാരുണ്യ നാഥനു മുമ്പിലിരുന്ന് അയാൾ പ്രാർത്ഥിക്കുമായിരുന്നു. അദ്ദേഹം കൃഷി ചെയ്യുന്ന തോട്ടത്തിൽ ഒരിക്കൽ പോകാനിടയായി. സത്യം പറയാലോ, ഇഞ്ചി കൃഷിക്കാരുടെ കഷ്ടപ്പാട് അന്നാണ് നേരിട്ടറിയാൻ കഴിഞ്ഞത്. ഒരു ചെറിയ ഷെഡിൽ താമസവും ഭക്ഷണവും.മാത്രമല്ല, ഇഞ്ചി നടുന്ന അന്നു മുതൽ വിളവെടുത്ത് വിൽക്കുന്ന ദിവസം വരെയുള്ള ആധിയാണ്. കേടുവന്നാലും, വിളവ് സമയത്ത് കള്ളന്മാർ പറിച്ചു കൊണ്ടു പോയാലും വിചാരിച്ച വില ലഭിച്ചില്ലെങ്കിലുമെല്ലാം കഷ്ടപ്പാടു തന്നെ. ഇഞ്ചി കർഷകൻ്റെ കാര്യം മാത്രമല്ല, എല്ലാ കർഷകരുടെയും സ്ഥിതി ഇതുതന്നെയാണ്. ഇനി ഞാൻ എഴുതാൻ പോകുന്ന കാര്യം ചിലർക്കെങ്കിലും മണ്ടത്തരമായി തോന്നിയേക്കാം. ഞാൻ നേരത്തെ സൂചിപ്പിച്ച ബേബി ചേട്ടൻ പറഞ്ഞതാണ്: ഇഞ്ചി കൃഷിക്കു പോകുമ്പോൾ പള്ളിയിൽ പോകാനോ, കുർബാന സ്വീകരിക്കാനോ പറ്റാത്ത അവസ്ഥയാണല്ലൊ? അതുകൊണ്ടയാൾ കൃഷിയിടത്തിനു ചുറ്റും നടന്ന് ജപമാല ചൊല്ലി പ്രാർത്ഥിക്കും. കൂടാതെ തൻ്റെ മൊബൈൽ ഫോണിൽ ദിവ്യകാരുണ്യ ആരാധന വച്ച്, തോട്ടത്തിനു ചുറ്റും ദിവ്യകാരുണ്യ പ്രദക്ഷിണം നടത്തുകയും ചെയ്യും. " അച്ചാ, മണ്ണ് എത്ര നല്ലതായാലും നമ്മളെത്ര അധ്വാനിച്ചാലും ദൈവം കനിഞ്ഞില്ലേൽ ഫലമില്ലല്ലോ?"എന്നു പറഞ്ഞ് അദേഹം തുടർന്നു: "എൻ്റെ കഴിഞ്ഞകാല ജീവിതത്തിൽ ഞാൻ അഹങ്കരിച്ച നാളുകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ, എല്ലാം ദൈവദാനമാണെന്ന പൂർണ്ണബോധ്യമെനിക്കുണ്ട്. ദൈവത്തെ മുറുകെ പിടിക്കുന്നു. അവിടുന്ന് കൈവിടില്ലെന്ന ഉറച്ച വിശ്വാസമുണ്ട്." ബേബിച്ചേട്ടൻ്റെ വിശ്വാസം കണ്ടപ്പോൾ എൻ്റെ മനസിൽ കടന്നു വന്നത് മർത്തായുടെയും മറിയത്തിൻ്റെയും വിശ്വാസ പ്രഘോഷണമാണ്. "കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നെങ്കിൽ എൻ്റെ സഹോദരൻ മരിക്കുകയില്ലായിരുന്നു." (ലൂക്ക 11: 21,32). നമുക്കു ചുറ്റും ഭീതിവിതയ്ക്കുന്ന രോഗങ്ങൾ വർധിക്കുമ്പോഴും പ്രതിസന്ധികളും തകർച്ചകളും ഏറുമ്പോഴും ദൈവത്തിൽ ആശ്രയിച്ചാൽ എത്ര നല്ലത്. മനുഷ്യൻ നമ്മെ കൈവിട്ടാലും ദൈവം കൈവിടില്ലെന്ന വിശ്വാസത്തോടെ മർത്തായും മറിയവും പ്രാർത്ഥിച്ചതു പോലെ നമുക്കും പ്രാർത്ഥിക്കാം: കർത്താവേ... നീ ഇവിടെ ഉണ്ടായിരുന്നെങ്കിൽ...... വി. മർത്തായുടെ തിരുനാളാശംസകൾ
Image: /content_image/SocialMedia/SocialMedia-2020-07-29-05:48:57.jpg
Keywords: പ്രാര്‍ത്ഥ
Content: 13905
Category: 18
Sub Category:
Heading: 'ഈശോയുടെ മുഖമാണ് വിശുദ്ധ അല്‍ഫോന്‍സാമ്മ ലോകത്തിനു മുന്‍പില്‍ പ്രകാശിപ്പിച്ചത്'
Content: ഭരണങ്ങാനം: ദൈവസ്‌നേഹത്തിന്റെ ഉറവക്കണ്ണിയാണ് വിശുദ്ധ അല്‍ഫോന്‍സാമ്മയെന്നു പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന്റെ പ്രധാന ദിനമായ ഇന്നലെ റാസകുര്‍ബാനയര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു ബിഷപ്പ് മാര്‍ മുരിക്കന്‍. ഈശോയുടെ മുഖമാണ് വിശുദ്ധ അല്‍ഫോന്‍സാമ്മ ലോകത്തിനു മുന്പില്‍ പ്രകാശിപ്പിച്ചത്. കിടക്കയില്‍, ഒന്നും ചെയ്യാനാവാതെ ലോകത്തിന്റെ മുന്പില്‍ പാഴായ ജീവിതം. രോഗക്കിടക്കയില്‍ അല്‍ഫോന്‍സാമ്മ കണ്ടു പ്രത്യാശയുടെ ഒരു വെളിച്ചം. പീഡാനുഭവവും മരണവും കഴിഞ്ഞുള്ള ഉയിര്‍പ്പിന്റെ വെളിച്ചം. ആ വെളിച്ചമാണ് നാം ഇപ്പോള്‍ ഭരണങ്ങാനത്ത് കാണുന്നത്. ആ വെളിച്ചത്തിലാണ് നമ്മള്‍ നടക്കുന്നതും. അതുകൊണ്ട് മഹാമാരി നമ്മുടെ ഇടയിലുണ്ടെങ്കിലും അതിനിടയിലും പ്രത്യാശയുടെ വെളിച്ചം അല്‍ഫോന്‍സാമ്മ നമുക്ക് കാണിച്ചുതരുന്നതായി മാര്‍ ജേക്കബ് മുരിക്കന്‍ സന്ദേശത്തില്‍ പറഞ്ഞു. രോഗത്തിലും മരണത്തിലും അപകടത്തിലും വേദനയിലും പരാജയത്തിലും തകര്‍ച്ചയുടെയുമെല്ലാം ഉള്ളില്‍ ഒരു വെളിച്ചമുണ്ട്. ആ വെളിച്ചം ലോകത്തിനു വ്യക്തമാക്കിയ വ്യക്തിയാണ് അല്‍ഫോന്‍സാമ്മ. എല്ലാ പരാജയങ്ങളുടെയും പിറകില്‍ ഒരു വിജയം ഒളിഞ്ഞിരിക്കുന്നു. ജീവിതം മുഴുവന്‍ പരാജയമെന്നു ലോകം വിധിച്ച ഒരു വ്യക്തിയുടെ വിജയഗാഥയാണ് ഭരണങ്ങാനത്ത് നാം കാണുന്നതെന്നും ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍ പറഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EomJaBuUkWx1jNNmG44rzG}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-07-29-06:27:00.jpg
Keywords: മുരിക്ക
Content: 13906
Category: 24
Sub Category:
Heading: ഹാഗിയ സോഫിയ: സാദിഖ് അലി തങ്ങള്‍ പറഞ്ഞതല്ല യഥാര്‍ത്ഥ ചരിത്രം
Content: ഹാഗിയ സോഫിയ എന്ന പുരാതന ക്രൈസ്തവ ദേവാലയം മോസ്‌കാക്കി മാറ്റിയതിലൂടെ, കഴിഞ്ഞ പതിമൂന്നു നൂറ്റാണ്ടുകളില്‍ ലോകം കണ്ട അതേ നയങ്ങളാണ് ഇന്നും ചില മുസ്ലിം ഭരണാധികാരികളെ നയിക്കുന്നതെന്നു തെളിയുകയാണ്. അവശരായും അഭയാര്‍ഥികളായും അടുത്തുകൂടുക, ക്രമേണ ശക്തിപ്രാപിക്കുക, അവസരം വരുന്‌പോള്‍ ആക്രമിച്ചു കീഴടക്കുക എന്ന തന്ത്രം യൂറോപ്പിന്റെ ചരിത്രത്തില്‍ മുമ്പും കണ്ടിട്ടുള്ളതാണ്. ഹാഗിയ സോഫിയയെപ്പറ്റി പാണക്കാട് സാദിഖ് അലി തങ്ങള്‍ ചന്ദ്രികയിലൂടെ പറഞ്ഞതല്ല യഥാര്‍ത്ഥ ചരിത്രം. ഹാഗിയ സോഫിയയും യൂറോപ്പിന്റെ ചരിത്രവും സംബന്ധിച്ച് ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ പലതുണ്ട്. സ്‌പെയിനിലും ഗ്രീസിലും മോസ്‌കുകള്‍ തിയറ്ററുകളും പള്ളികളുമായി മാറിയിട്ടുണ്ട് എന്നു ചന്ദ്രികയിലെ ലേഖനത്തില്‍ പറഞ്ഞതിന് ഒരു മറുവശമുണ്ട്. ഇസ്ലാം മതം രൂപംകൊണ്ട ഏഴാം നൂറ്റാണ്ടിനു മുന്പും ആ രാജ്യങ്ങള്‍ ഉണ്ടായിരുന്നു. എന്നുമാത്രമല്ല, അവിടെ എണ്ണമറ്റ ക്രൈസ്തവ ദേവാലയങ്ങളും ഉണ്ടായിരുന്നു. അതിനുശേഷം യൂറോപ്പിനെ ആക്രമിച്ച ഇസ്ലാമിക ഭരണാധികാരികള്‍ പല ദേശങ്ങളും കീഴടക്കുകയുണ്ടായി. അത്തരത്തില്‍ യൂറോപ്പില്‍ ഏറ്റവും ആദ്യം ആക്രമിച്ചു കീഴടക്കപ്പെട്ട രാജ്യമാണ് സ്‌പെയിന്‍. പിടിച്ചെടുക്കപ്പെട്ട സ്ഥലങ്ങളിലുണ്ടായിരുന്ന െ്രെകസ്തവ ദേവാലയങ്ങള്‍ ഏറിയപങ്കും നശിപ്പിക്കപ്പെടുകയും മറ്റുള്ളവ മോസ്‌കാക്കി മാറ്റപ്പെടുകയുമാണ് ഉണ്ടായിട്ടുള്ളത്. പില്‍ക്കാലത്തു സ്‌പെയിന്‍ ഉള്‍പ്പെടെ ചില പ്രദേശങ്ങള്‍ മുസ്ലിം ആധിപത്യത്തില്‍നിന്നു തിരിച്ചുപിടിക്കാന്‍ കഴിഞ്ഞപ്പോള്‍ മുസ്ലിംകള്‍ നാടുവിടുകയുണ്ടായി. സ്‌പെയിനിലും ഗ്രീസിലും മറ്റും അത്തരത്തില്‍ ഉപേക്ഷിക്കപ്പെട്ടുകിടന്ന കെട്ടിടങ്ങളില്‍ ചിലത് തിയറ്ററുകളും ജയിലുകളും കച്ചവട സ്ഥാപനങ്ങളുമായിട്ടുണ്ടാകാം. പള്ളികള്‍ തകര്‍ത്ത് മോസ്‌ക് ആക്കി മാറ്റിയ ദേവാലയങ്ങളില്‍ ചിലത് തിരികെ പള്ളികളായിട്ടുണ്ടാകാം. ഇതിനെ, ഇസ്ലാം എന്ന ആശയം പോലും ജന്മം കൊള്ളുന്നതിന് എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്പ് നിര്‍മിക്കപ്പെട്ട മഹത്തായ ഹാഗിയ സോഫിയ ദേവാലയം യുദ്ധം ചെയ്ത് പിടിച്ചെടുത്തു തങ്ങളുടേതാക്കി മാറ്റിയതുമായി എങ്ങനെയാണു താരതമ്യം ചെയ്യാന്‍ കഴിയുക? ഹാഗിയ സോഫിയ എന്ന െ്രെകസ്തവ ദേവാലയം വെറുമൊരു ക്രിസ്ത്യന്‍ പള്ളിയായിരുന്നില്ല. ലോകത്തിലെ ഏറ്റവും പ്രബലരായിരുന്ന രാഷ്ട്രീയ സാമ്രാജ്യത്തിന്റെ ഐക്കണ്‍ കൂടിയായിരുന്നു അത്. എക്കാലത്തെയും ക്രൈസ്തവരുടെ അഭിമാനവും ഓര്‍ത്തഡോക്‌സ് സഭയുടെ ആസ്ഥാനവുമായിരുന്നു ഹാഗിയ സോഫിയ. ഏറ്റവും പ്രബലമായിരുന്ന ഒരു ഭരണകൂടത്തിന്റെയും ക്രൈസ്തവ സമൂഹത്തിന്റെയും മേല്‍ ഒരേസമയം അധീശത്വം സ്ഥാപിച്ചിരിക്കുന്നതായി പ്രതീകാത്മകമായി പ്രഖ്യാപിക്കുക കൂടിയായിരുന്നു ഓട്ടോമന്‍ സുല്‍ത്താന്റെ ലക്ഷ്യം. അതിനാലാണ് പതിനഞ്ചാം നൂറ്റാണ്ടില്‍ ബൈസന്റൈന്‍ സാമ്രാജ്യം കീഴ്‌പ്പെടുത്തിയതോടൊപ്പം ഈ ദേവാലയത്തെ പിടിച്ചെടുക്കാനും അദ്ദേഹം തീരുമാനിച്ചത്. ഈ ശൈലി ഇസ്ലാമിക അധിനിവേശങ്ങളിലുടനീളം കാണാവുന്നതാണ്. അതേ പ്രതീകാത്മകതയില്‍ ഇന്നത്തെ ചില മുസ്ലിം ഭരണാധികാരികളും വിശ്വസിക്കുന്നു എന്നാണ് ഒരിക്കല്‍ക്കൂടി ഹാഗിയ സോഫിയ മോസ്‌ക് ആയി മാറിയതിലൂടെ വെളിപ്പെടുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുന്പ് കൈവിട്ടുപോയി മറ്റൊരു ജനതയുടേതായി മാറിയ ഒരു ദേശത്തെ സമഭാവനയോടെ കാണാന്‍ െ്രെകസ്തവ സമൂഹത്തിനും ലോകരാജ്യങ്ങള്‍ക്കും കഴിയുന്നതിനാലാണ് ചരിത്രവസ്തുതകള്‍ ഉയര്‍ത്തിക്കാണിച്ച് ആ ദേവാലയത്തിനുമേല്‍ അവകാശവാദങ്ങള്‍ ഉന്നയിക്കാത്തത്. അതുകൊണ്ടു മറ്റൊരു രാജ്യത്തില്‍ സ്ഥിതിചെയ്യുന്ന ഒരു ചരിത്ര സ്മാരകത്തിനുമേല്‍ 'അവകാശവാദം ഉന്നയിക്കാത്തത്' ചരിത്രപരമായി അതിന് സാധുതയില്ലാത്തതിനാലാണ് എന്ന സാദിഖ് അലി തങ്ങളുടെ വാദം യുക്തിരഹിതമാണ്. മുസ്ലിംകള്‍ക്ക് നിസ്‌കാര സ്വതന്ത്ര്യമില്ലാത്ത യൂറോപ്യന്‍ രാജ്യങ്ങളുണ്ട് എന്ന പ്രസ്താവവും വസ്തുതാപരമല്ല. ഒരു ജനതയുടെയും ആരാധനാ സ്വാതന്ത്ര്യം വിലക്കിയിട്ടുള്ള യൂറോപ്യന്‍ രാജ്യമോ ക്രൈസ്തവ രാജ്യമോ ഇല്ല എന്നിരിക്കെ, ഇസ്ലാമിക രാജ്യങ്ങളില്‍ മറ്റു മതസ്ഥരോടുള്ള സമീപനം എന്താണെന്നു ചിന്തിക്കുന്നതും യുക്തമാണ്. ഓട്ടോമന്‍ സുല്‍ത്താന്‍ മെഹ്മൂദ് രണ്ടാമന്‍ കോണ്‍സ്റ്റാന്റിനോപ്പിളിനോട് ചെയ്തത് സമാനതകളില്ലാത്ത ക്രൂരതകളാണ് എന്നുള്ളതും തുടര്‍ന്നുവന്ന ഭരണാധികാരികള്‍ അമുസ്ലിംകളായ ജനലക്ഷങ്ങളെ കൊന്നൊടുക്കുകയും നാടുകടത്തുകയും ചെയ്തിട്ടുണ്ട് എന്നുള്ളതും മൂടിവച്ചുകൊണ്ടാണ് തുര്‍ക്കിയിലെ മതസൗഹാര്‍ദത്തെക്കുറിച്ചു ലേഖനത്തില്‍ വാചാലനാകുന്നത്. ഓട്ടോമന്‍ ഭരണകൂടം തന്നെ നേതൃത്വം നല്‍കിയ അര്‍മേനിയന്‍ വംശഹത്യയില്‍ കൊല്ലപ്പെട്ടത് പതിനഞ്ച് ലക്ഷത്തില്‍പരം ക്രൈസ്തവരാണ് എന്ന ചരിത്രസത്യം വിസ്മരിക്കാനാവില്ല. പിന്നീടിങ്ങോട്ട് അത്തത്തുര്‍ക്കിന്റെ കാലശേഷവും തുര്‍ക്കിയില്‍നിന്ന് ഗത്യന്തരമില്ലാതെ എല്ലാമുപേക്ഷിച്ച് പലായനം ചെയ്തത് പതിനായിരക്കണക്കിന് െ്രെകസ്തവ കുടുംബങ്ങളാണ്. യൂറോപ്യന്‍ യൂണിയനിലുള്ള അംഗത്വം കൊതിച്ചാണ് തുര്‍ക്കി ഒരു മതേതര മുഖം മൂടി അണിഞ്ഞിരുന്നത് എന്നതാണ് വാസ്തവം. കേരളത്തിലുള്‍പ്പെടെ ഇസ്ലാമിക അജന്‍ഡകളോടെ ചിലര്‍ നടപ്പാക്കുന്ന പദ്ധതികളുടെ മറ്റൊരു രൂപമാണ് തുര്‍ക്കിയില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയത്. #{black->none->b->ഫാ. സാജു കൂത്തോടിപുത്തന്‍പുരയില്‍ സിഎസ്ടി. സെക്രട്ടറി, കെസിബിസി ഐക്യജാഗ്രത കമ്മീഷന്‍ ‍}#
Image: /content_image/SocialMedia/SocialMedia-2020-07-29-07:04:35.jpg
Keywords: ഹാഗിയ
Content: 13907
Category: 14
Sub Category:
Heading: റഷ്യയുടെ സഹായത്തോടെ പുതിയ ഹാഗിയ സോഫിയ നിര്‍മ്മിക്കുവാന്‍ സിറിയയുടെ തീരുമാനം
Content: ഡമാസ്ക്കസ്: പുരാതന ക്രിസ്ത്യന്‍ ദേവാലയമായിരിന്ന ഹാഗിയ സോഫിയയെ മുസ്ലീം പള്ളിയാക്കി പരിവര്‍ത്തനം ചെയ്ത തുര്‍ക്കി ഭരണകൂടത്തിന്റെ നടപടിയോടുള്ള പ്രതിഷേധമെന്ന നിലയില്‍ ഹാഗിയ സോഫിയയുടെ പതിപ്പ് നിര്‍മ്മിക്കുമെന്ന പ്രഖ്യാപനവുമായി ബാഷര്‍ അല്‍ അസദിന്റെ നേതൃത്വത്തിലുള്ള സിറിയന്‍ ഭരണകൂടം രംഗത്ത്. സിറിയയുടെ പ്രധാന സഖ്യകക്ഷിയായ റഷ്യയുടെ സഹായത്തോടെയായിരിക്കും ഹാഗിയ സോഫിയയുടെ മാതൃകയിലുള്ള ദേവാലയം നിര്‍മ്മിക്കുക. മധ്യ പ്രവിശ്യയായ ഹാമായിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് ഭൂരിപക്ഷ നഗരമായ അല്‍-സുക്കൈലാബിയയിലാണ് ഹാഗിയ സോഫിയയുടെ സമാനമായ ചെറു പതിപ്പ് നിര്‍മ്മിക്കുവാന്‍ പദ്ധതിയിട്ടിരിക്കുന്നത്. സിറിയന്‍ ഭരണകൂടത്തെ അനുകൂലിക്കുന്ന പോരാളികളുടെ തലവനായ നബിയുല്‍ അല്‍-അബ്ദുള്ള എന്ന വ്യക്തിയാണ് ഈ ആശയത്തിന് പിന്നില്‍. ഇദ്ദേഹം തന്നെയാണ് നിര്‍മ്മാണത്തിനു വേണ്ട സ്ഥലം സംഭാവന ചെയ്തിരിക്കുന്നത്. ഹമായിലെ മെട്രോപ്പോളിറ്റനായ നിക്കോളാസ് ബാല്‍ബക്കിയുടെ അംഗീകാരത്തിനു ശേഷം പദ്ധതിയുടെ രൂപരേഖ സിറിയയിലെ റഷ്യന്‍ സൈന്യത്തിന് സമര്‍പ്പിച്ചു കഴിഞ്ഞുവെന്ന് ലെബനോന്‍ ആസ്ഥാനമായ വാര്‍ത്താ പത്രം അല്‍-മോഡോണിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലഡാക്കിയയിലെ ഹമെയിമിംമിലുള്ള റഷ്യന്‍ സൈനിക കേന്ദ്രത്തിലെ ഒരു സംഘം നിര്‍മ്മാണത്തിനു വേണ്ട തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. തുര്‍ക്കിയില്‍ നിന്നും വിഭിന്നമായി, വിവിധ മതങ്ങളുമായി സൗഹാര്‍ദ്ദം കാത്തു സൂക്ഷിക്കുന്ന സിറിയ തന്നെയാണ് പുതിയ ഹാഗിയ സോഫിയയുടെ നിര്‍മ്മാണത്തിനു ഏറ്റവും അനുയോജ്യമായ സ്ഥലമെന്ന് റഷ്യന്‍ നിയമസാമാജികനായ വിറ്റാലി മിലോനോവ് അഭിപ്രായപ്പെട്ടതായി അറബിക് വാര്‍ത്താ പത്രമായ ‘റായ് അല്‍-യൗം’മിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോളതലത്തിലുള്ള എതിര്‍പ്പിനെ വകവെക്കാതെ 86 വര്‍ഷങ്ങള്‍ക്ക് ശേഷം ഇസ്താംബൂളിലെ പുരാതന ബൈസന്റൈന്‍ ദേവാലയമായ ഹാഗിയ സോഫിയയില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഇസ്ലാമിക പ്രാര്‍ത്ഥനകള്‍ നടന്നിരിന്നു. ഇതിനെതിരെ പ്രതിഷേധം അലയടിച്ചുകൊണ്ടിരിക്കുകയാണ്. സിറിയയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ആഭ്യന്തര പ്രശ്നങ്ങളില്‍ ഇടപെടല്‍ നടത്തുന്ന തുര്‍ക്കിയോടുള്ള പ്രതികാരം കൂടിയായും സര്‍ക്കാര്‍ നിലപാടിനെ നോക്കുകാണുന്നവരുണ്ട്. ക്രൈസ്തവ ദേവാലയങ്ങള്‍ സിറിയയിലും തകര്‍ക്കപ്പെടുന്നുണ്ടെന്ന വസ്തുത നിലനില്‍ക്കുന്നുണ്ടെങ്കിലും, തുര്‍ക്കിയുടെ മതപരമായ അസഹിഷ്ണുതക്കെതിരെയുള്ള കനത്ത തിരിച്ചടിയായാണ് ഈ നീക്കത്തെ പൊതുവേ നിരീക്ഷിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FSUGyU9xRM2CkEJP9aAj8N}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-29-08:15:21.jpg
Keywords: സിറിയ