Contents

Displaying 20141-20150 of 25030 results.
Content: 20535
Category: 13
Sub Category:
Heading: കത്തോലിക്ക സംഘടനയായ കാരിത്താസിന്റെ ആയിരകണക്കിന് പ്രവര്‍ത്തകര്‍ ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനത്തില്‍
Content: ഇസ്താംബൂള്‍/ ദമാസ്ക്കസ്: തുർക്കിയിലും, സിറിയയിലും ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്കും, അനുബന്ധ അഭയാർത്ഥി കേന്ദ്രങ്ങൾക്കും കത്തോലിക്കാ സഭയുടെ ഉപവി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന കാരിത്താസ് സംഘടനയും, പ്രവർത്തകരും സജീവമായി സേവനം തുടരുന്നു. ഫെബ്രുവരി ആറാം തീയതി ലോകമനഃസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് തുർക്കിയിലും സിറിയയിലും നടന്ന വന്‍ ഭൂകമ്പത്തിൽ മരണപ്പെടുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുന്നതിനിടെ ഇനിയും ആയിരക്കണക്കിനാളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നുവെന്ന ഭീതിപ്പെടുത്തുന്ന റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ലോകരാജ്യങ്ങളിൽ നിന്നെല്ലാം എത്തിയ സന്നദ്ധ പ്രവർത്തകര്‍ക്കൊപ്പം കാരിത്താസ് സംഘടനയുടെ നേതൃത്വത്തിലും ആയിരക്കണക്കിന് സന്നദ്ധപ്രവർത്തകരാണ് ദുരന്തമുഖത്തു രക്ഷാപ്രവര്‍ത്തനം തുടരുന്നത്. തുർക്കിയിലെ കാരിത്താസിന്റെ പ്രസിഡന്റും, അനത്തോലിയയുടെ അപ്പസ്തോലിക വികാരിയുമായ ബിഷപ്പ് പൗലോ ബിട്സെത്തിയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കപ്പെടുന്നത്. ഇതിനിടെ കുടിവെള്ളവും, വൈദ്യുതിയും, ആശയവിനിമയ സംവിധാനങ്ങളുമെല്ലാം തകരാറിലായതോടെ രക്ഷാപ്രവർത്തനങ്ങൾ ദുഷ്കരമായിരിക്കുകയാണ്. ഒപ്പം കടുത്ത തണുപ്പും വെല്ലുവിളി ഉയർത്തുന്നുണ്ട്. സിറിയയിലും സ്ഥിതി അതീവ ഗുരുതരമായി തന്നെ തുടരുകയാണ്. കെട്ടിടാവശിഷ്ട്ടങള്‍ക്കിടയില്‍ നിന്നു പുറത്തെടുക്കപ്പെടുന്ന ആളുകൾക്ക് നൽകാനുള്ള മരുന്നുകൾക്ക് പോലും ക്ഷാമം നേരിടുന്നുണ്ട്. ദുരന്തം ബാധിച്ച രണ്ടു രാജ്യങ്ങളിലെയും പ്രവർത്തനങ്ങൾക്ക് സാമ്പത്തികമായ വലിയ സഹായം നൽകുന്നത് ഇറ്റലിയിലെ കാരിത്താസ് സംഘടനയും, ഇറ്റാലിയന്‍ മെത്രാൻ സമിതിയുമാണ്. ദുരന്തത്തിന്റെ വ്യാപ്തി വളരെ വലുതായതിനാല്‍ ഇറ്റലിയിൽ തന്നെ കൂടുതൽ സാമ്പത്തിക സ്രോതസുകൾ കണ്ടെത്തുവാനായി അടിയന്തര നടപടികളും ആരംഭിച്ചിട്ടുണ്ട്.
Image: /content_image/News/News-2023-02-09-10:47:09.jpg
Keywords: തുര്‍ക്കി
Content: 20536
Category: 14
Sub Category:
Heading: യുക്രൈന്‍ കത്തോലിക്ക സഭ നിലപാട് മാറ്റി: ക്രിസ്തുമസ് ആചരണം ഡിസംബർ 25നു തന്നെ നടത്താന്‍ തീരുമാനം
Content: കീവ്: ക്രിസ്തുമസ് ഇനിമുതൽ ജനുവരി ഏഴിന് പകരം ഡിസംബർ 25നു തന്നെ ആഘോഷിക്കുമെന്ന് പ്രഖ്യാപിച്ച് യുക്രൈനിലെ ഗ്രീക്ക് കത്തോലിക്കാ സഭ. ജൂലിയൻ കലണ്ടർ പിന്തുടര്‍ന്നിരിന്ന സഭ ജനുവരി ഏഴാം തീയതിയായിരുന്നു ഇതുവരെ ക്രിസ്തുമസ് ആഘോഷിച്ചിരുന്നത്. പുതിയ തീരുമാനപ്രകാരം യുക്രൈനിലെ കത്തോലിക്ക സഭ ദനഹാതിരുനാൾ ജനുവരി 19ന് പകരം, ജനുവരി ആറാം തീയതി ആചരിക്കും. ഈ വർഷം സെപ്റ്റംബർ ഒന്നു മുതൽ ആയിരിക്കും പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരിക. റോമന്‍ കത്തോലിക്ക സഭ ഉപയോഗിക്കുന്ന ഗ്രിഗോറിയൻ കലണ്ടർ അനുസരിച്ച് ലോകത്തിലെ മഹാഭൂരിപക്ഷം ആളുകളും ഡിസംബർ 25നു തന്നെയാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത്. അതേസമയം റഷ്യൻ ഓർത്തഡോക്സ് സഭയും, മോസ്കോ പാത്രിയാർക്കറ്റിന്റെ കീഴിൽ വരുന്ന പൗരസ്ത്യ സഭകളും ജനുവരി ഏഴാം തീയതിയാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത്. വിശ്വാസികളുടെ നിരവധിയായ അഭ്യർത്ഥനകൾ കണക്കിലെടുത്ത്, വൈദികരോടും, സന്യസ്തരോടും ആരാധനാ കലണ്ടർ നവീകരിക്കുന്നതിനെ സംബന്ധിച്ച് ചർച്ച നടത്തിയാണ് തീരുമാനമെടുത്തതെന്ന് യുക്രൈനിലെ ഗ്രീക്കു കത്തോലിക്കാ സഭയുടെ തലവൻ ആര്‍ച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക് പറഞ്ഞു. നിശ്ചിത ദിവസം വരുന്ന ക്രിസ്തുമസ് പോലുള്ള ആഘോഷങ്ങൾ പാശ്ചാത്യ രാജ്യങ്ങളിലെ തീയതികളിൽ തന്നെ തങ്ങൾ ആഘോഷിക്കുമെന്നും, ഈസ്റ്റർ ആഘോഷങ്ങൾ പോലുള്ളവ പഴയ രീതിയിൽ തന്നെ ആചരിക്കുന്നത് തൽക്കാലത്തേക്ക് തുടരുമെന്നും അദ്ദേഹം വിശദീകരിച്ചു. ഈസ്റ്ററും ഒരേ ദിവസം ആഘോഷിക്കുന്നത് സംബന്ധിച്ച് റോമൻ സഭയും, ഗ്രീക്ക് കത്തോലിക്ക സഭയും തമ്മിൽ ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്ന് പ്രസ്താവനയിൽ പറയുന്നു. നിഖ്യാ സൂനഹദോസ് നടന്നതിന്റെ ആയിരത്തിഎഴുനൂറാം വാർഷികമായ 2025ന് മുൻപ് ഒരു ധാരണയിൽ എത്താൻ സാധിക്കുമെന്ന് ഇരു സഭകളും കണക്കുകൂട്ടുന്നു. റഷ്യയുമായുള്ള യുദ്ധം ആരംഭിക്കുന്നതിനു മുമ്പ് ജൂലിയൻ കലണ്ടറിൽ നിന്ന് മാറുന്നത് സംബന്ധിച്ച് അഭിപ്രായവ്യത്യാസം നിലനിന്നിരുന്നുവെന്നും, എന്നാൽ ഇപ്പോൾ യുക്രൈനിലെ കത്തോലിക്കാ വിശ്വാസികളിൽ തൊണ്ണൂറു ശതമാനത്തിന് മുകളിൽ ആളുകൾ ജൂലിയൻ കലണ്ടറിൽ നിന്നും, റഷ്യയുമായുള്ള ബന്ധത്തിൽ നിന്നും പിന്മാറണമെന്ന് ആഗ്രഹമുള്ളവർ ആണെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. 55 ലക്ഷം വിശ്വാസികളാണ് യുക്രൈന്‍ കത്തോലിക്ക സഭയുടെ കീഴിലുള്ളത്. Tag:Ukrainian Catholics will now celebrate Christmas on Dec. 25 in a shift toward the West, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം.
Image: /content_image/News/News-2023-02-09-11:25:37.jpg
Keywords: യുക്രൈന്‍
Content: 20537
Category: 11
Sub Category:
Heading: അബോര്‍ഷന്‍ ക്ലിനിക്കിന് മുന്നില്‍ നിശബ്ദമായി പ്രാര്‍ത്ഥിച്ചതിന് അറസ്റ്റിലായ ബ്രിട്ടീഷ് വനിതയെ കുറ്റവിമുക്തയാക്കി
Content: ലണ്ടന്‍: ഇംഗ്ലണ്ടില്‍ അബോര്‍ഷന്‍ ക്ലിനിക്കിനു ചുറ്റും പ്രോലൈഫ് പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുള്ള ബഫര്‍സോണില്‍ നിന്നുകൊണ്ട് നിശബ്ദമായി പ്രാര്‍ത്ഥിച്ചതിന്റെ പേരില്‍ അറസ്റ്റിലായ ഇംഗ്ലീഷ് വനിത കുറ്റവിമുക്തയായി. എങ്കിലും ആരോപണങ്ങള്‍ വീണ്ടും പൊടിതട്ടി എടുക്കാമെന്നതിനാല്‍ എപ്പോള്‍ വേണമെങ്കിലും നിയമകുരുക്കിലാകാമെന്ന ആശങ്കയിലാണ് യു.കെ ‘മാര്‍ച്ച് ഫോര്‍ ലൈഫ്’ന്റെ ഡയറക്ടര്‍ കൂടിയായ ഇസബെല്‍ വോഗന്‍-സ്പ്രൂസ്. ജനുവരി അവസാനത്തിലാണ് ദി ക്രൌണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് ഇവരുടെ മേലുള്ള കുറ്റപത്രം തള്ളിക്കളഞ്ഞത്. പൊതുസ്ഥലത്ത് നിന്ന് മനസ്സില്‍ പ്രാര്‍ത്ഥിച്ചുവെന്ന കുറ്റത്തിന് തന്നെ ഒരു കുറ്റവാളിയേപ്പോലെ അറസ്റ്റ് ചെയ്തത് ശരിയായില്ലായെന്നു ഇക്കഴിഞ്ഞ ഫെബ്രുവരി 3-ന് വോഗന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. നിയമത്തെ അനുസരിച്ചു നല്ല പ്രവര്‍ത്തികള്‍ ചെയ്യുന്ന തന്നെപ്പോലെയുള്ള പലരേയും കുഴപ്പത്തിലാക്കുമെന്നു വോഗന്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 6-ന് ബര്‍മിംഗ്ഹാമിലെ അടഞ്ഞു കിടന്നിരുന്ന ഒരു അബോര്‍ഷന്‍ ക്ലിനിക്കിനു മുന്നില്‍ വെച്ച് നിശബ്ദമായി പ്രാര്‍ത്ഥിച്ച കുറ്റത്തിനാണ് വോഗന്‍ അറസ്റ്റിലാകുന്നത്. സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെ തടയുകയെന്ന ലക്ഷ്യത്തോടെ നിര്‍മ്മിച്ചിരിക്കുന്ന ബര്‍മിംഗ്ഹാം പൊതുസ്ഥല സംരക്ഷണ നിയമമനുസരിച്ച് ഡിസംബര്‍ 15-നാണ് ഇവരുടെ മേല്‍ കുറ്റപത്രം സമര്‍പ്പിച്ചു. വിഷയത്തിലെ നീതി നിഷേധം മനസിലാക്കിയ മതസ്വാതന്ത്ര്യ നിയമ സംഘടനയായ എ.ഡി.എഫ് യു.കെ സഹായവും ഈ കേസില്‍ വോഗന് ലഭിച്ചു. വോഗന്‍ നിയമപരമായ അനിശ്ചിതത്വം നേരിട്ടുകൊണ്ടിരിക്കുകയാണ്. തനിക്കെതിരെ ചാര്‍ത്തപ്പെട്ടിരിക്കുന്ന കുറ്റത്തിന് ഭാവിയില്‍ അവര്‍ക്ക് എന്തെല്ലാം നൂലാമാലകള്‍ നേരിടേണ്ടി വന്നേക്കാം എന്ന കാര്യത്തില്‍ വ്യക്തവരുത്തുവാനാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും ‘എ.ഡി.എഫ് യു.കെ’യുടെ നിയമ ഉപദേശകനായ ജർമനിയ ഇഗ്നുബോൽ പറഞ്ഞു. തന്റെ നിയസാഹചര്യത്തില്‍ വ്യക്തത വരുത്തിക്കൊണ്ടുള്ള കോടതി വിധി താന്‍ നേടിയെടുക്കും എന്ന നിലപാടിലാണ് വോഗന്‍. തങ്ങളുടെ ചിന്തകളുടെ പേരില്‍ ആളുകളെ അപമാനിക്കുന്നതും വേട്ടയാടി അറസ്റ്റ് ചെയ്യുന്നതും മതിയായ തെളിവില്ലെന്ന കാരണത്താല്‍ വിട്ടയക്കുന്നതും, പിന്നീട് തെളിവുകള്‍ ലഭിച്ചാല്‍ നിയമനടപടികള്‍ വീണ്ടും തുടങ്ങുന്നതും ശരിയായ കാര്യമല്ലെന്ന് ഇഗ്നുബോൽ ചൂണ്ടിക്കാട്ടി. ദേശീയ തലത്തില്‍ തന്നെ ഭ്രൂണഹത്യ ക്ലിനിക്കുകള്‍ക്ക് പുറത്ത് ബഫര്‍സോണുകള്‍ ഉണ്ടാക്കുവാനുള്ള പദ്ധതിയിലാണ് യു.കെ പാര്‍ലമെന്റ്. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തില്‍ ലിവര്‍പൂളില്‍ ഗര്‍ഭഛിദ്ര കേന്ദ്രത്തിനു സമീപത്ത് നിശബ്ദമായി പ്രാര്‍ത്ഥിച്ചതിന്റെ പേരില്‍ അറസ്റ്റിലായ റോസ ലാലോര്‍ എന്ന എഴുപത്തിയാറുകാരി നടത്തിയ നിയമപോരാട്ടം ഒടുവില്‍ വിജയം കണ്ടിരിന്നു.
Image: /content_image/News/News-2023-02-09-12:19:51.jpg
Keywords: ഭ്രൂണഹത്യ
Content: 20538
Category: 1
Sub Category:
Heading: ഹെയ്തിയില്‍ വൈദികനെ തട്ടിക്കൊണ്ടുപോയി: മോചനദ്രവ്യം ആവശ്യപ്പെട്ട് അക്രമികള്‍
Content: പോര്‍ട്ട് ഒ പ്രിന്‍സ്: കരീബിയന്‍ രാഷ്ട്രമായ ഹെയ്തിയില്‍ ക്രിസ്ത്യന്‍ വൈദികനെ മോചനദ്രവ്യം ആവശ്യപ്പെട്ട് അക്രമികള്‍ തട്ടിക്കൊണ്ടു പോയി. ഫെബ്രുവരി 7-ന് രാവിലെ തലസ്ഥാന നഗരമായ പോര്‍ട്ട്‌-ഒ-പ്രിന്‍സില്‍ നിന്നും 20 മൈല്‍ വടക്കായി സ്ഥിതി ചെയ്യുന്ന കാസലിലെ മിഷ്ണറി കമ്മ്യൂണിറ്റി സന്ദര്‍ശിക്കുവാന്‍ പോകുന്ന വഴിക്കാണ് ക്ലരീഷ്യന്‍ മിഷ്ണറി സമൂഹാംഗമായ ഫാ. അന്റോയിന്‍ മക്കെയര്‍ ക്രിസ്റ്റ്യന്‍ നോവയെ അക്രമികള്‍ തട്ടിക്കൊണ്ടുപോയതെന്നു ക്ലരീഷ്യന്‍ മിഷ്ണറീസ് ഇന്‍ഡിപെന്‍ഡന്റ് ഡെലിഗേഷന്‍ ഫോര്‍ ആന്റിലെസ് റിപ്പോര്‍ട്ട് ചെയ്തു. തട്ടിക്കൊണ്ടു പോയവര്‍ തങ്ങളുടെ സുപ്പീരിയറുമായി ബന്ധപ്പെട്ടുവെന്നും ഫാ. മക്കെയറിന്റെ മോചനത്തിനായി പണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ക്ലരീഷ്യന്‍ മിഷ്ണറി സമൂഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കാമറൂണ്‍ സ്വദേശിയായ ഫാ. മക്കെയര്‍ കഴിഞ്ഞ ഒരുവര്‍ഷമായി കാസലിലെ സെന്റ്‌ മൈക്കേല്‍ ദി ആര്‍ച്ച് ഏഞ്ചല്‍ ഇടവകയിലെ പാറോക്കിയല്‍ വികാരിയായി സേവനം ചെയ്തു വരികയാണ്. സായുധ അക്രമി സംഘങ്ങളുടെ കൈകളിലാണ് രാഷ്ട്രത്തിന്റെ നിയന്ത്രണമെന്നും കത്തോലിക്ക സ്കൂളുകളും, ആശുപത്രികളും നിരന്തരം ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും കമില്ലിയന്‍ വൈദികനായ ഫാ. അന്റോണിയോ മെനെഗോണ്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വത്തിക്കാന്‍ ന്യൂസ് ഏജന്‍സിയായ ഏജന്‍സിയ ഫിദെസിന് ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അപ്രതീക്ഷിതമായ ആക്രമണങ്ങള്‍ ഹെയ്തിയിലുടനീളം വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ഇത് അരക്ഷിതാവസ്ഥക്കും, ഭയത്തിനും, പട്ടിണിക്കും, നിരാശക്കും കാരണമായി കൊണ്ടിരിക്കുകയുമാണെന്ന് ഫാ. മെനെഗോണ്‍ പറഞ്ഞു. ഭക്ഷണം, ഇന്ധനം, മരുന്നുകള്‍ തുടങ്ങിയ അവശ്യസാധനങ്ങളുടെ വില മൂന്നിരട്ടിയായി വര്‍ദ്ധിച്ചു കഴിഞ്ഞുവെന്ന്‍ ചൂണ്ടിക്കാട്ടിയ ഫാ. മെനെഗോണ്‍, അക്രമികളായ യുവജനങ്ങള്‍ എല്ലാം നശിപ്പിക്കുകയും, കൊള്ളയടിക്കുകയും, ഇന്ധന ഡിപ്പോകളും, സൂപ്പര്‍മാര്‍ക്കറ്റുകളും, ദേവാലയങ്ങളും, കാരിത്താസ് ഫുഡ് ബാങ്കുകളും അഗ്നിക്കിരയാക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണെന്നും, ഇന്ധനവും വൈദ്യുതിയും, ഭക്ഷണവും, മരുന്നുകളും ഇല്ലാത്തതിനാല്‍ ആശുപത്രികള്‍ ഓരോന്നായി അടച്ചു പൂട്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. പ്രസിഡന്റ് ജൊവെനെല്‍ മോയിസ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന്‍ ഉണ്ടായ അരക്ഷിതാവസ്ഥയും ഭൂകമ്പവും ഹെയ്തി ജനതയുടെ ദുരിതങ്ങളുടെ ആക്കം കൂട്ടി.
Image: /content_image/News/News-2023-02-10-09:37:40.jpg
Keywords: ഹെയ്തി
Content: 20539
Category: 1
Sub Category:
Heading: നിക്കരാഗ്വേയില്‍ അന്യായ വിചാരണ നേരിടുന്ന ബിഷപ്പ് അല്‍വാരെസിനെ മോചിപ്പിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ മെത്രാന്മാര്‍
Content: ലണ്ടന്‍: നിക്കരാഗ്വേയില്‍ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണകൂടത്തിന്‍ കീഴില്‍ അന്യായമായി വിചാരണ നേരിടുന്ന മതഗല്‍പ്പ രൂപതാധ്യക്ഷന്‍ ബിഷപ്പ് റോളണ്ടോ അല്‍വാരെസിനെ ഉടനടി മോചിപ്പിക്കണമെന്ന ആവശ്യവുമായി യൂറോപ്യന്‍ യൂണിയന്‍ മെത്രാന്‍ സമിതി. 2022 ഓഗസ്റ്റ് 19 മുതല്‍ വീട്ടുതടങ്കലില്‍ കഴിയുന്ന ബിഷപ്പ് അല്‍വാരെസിനെ മോചിപ്പിക്കണമെന്ന് യൂറോപ്യന്‍ മെത്രാന്‍ സമിതിയുടെ (സി.ഒ.എം.ഇ.സി.ഇ) പ്രസിഡന്റ് കര്‍ദ്ദിനാള്‍ ജീന്‍-ക്ലോഡ് ഹോള്ളെറിച്ച് ആവശ്യപ്പെട്ടു. നിക്കരാഗ്വേന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്റ് ബിഷപ്പ് കാര്‍ലോസ് എന്‍റിക്ക് ഹെരേര ഗുട്ടറസിനെ അഭിസംബോധന ചെയ്തുകൊണ്ട് എഴുതിയ കത്തില്‍ കര്‍ദ്ദിനാള്‍ ഹോള്ളെറിച്ച് നിക്കരാഗ്വേയിലെ നിലവിലെ സാഹചര്യത്തില്‍ ആശങ്കയും ഖേദവും രേഖപ്പെടുത്തി. രാഷ്ട്രത്തിന്റെ പരമാധികാരത്തിനും സുരക്ഷക്കും എതിരായി ഗൂഡാലോചന നടത്തി, വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു എന്നീ കുറ്റങ്ങള്‍ക്കാണ് ബിഷപ്പ് അല്‍വാരെസ് വിചാരണ നേരിടുവാന്‍ പോകുന്നത്. 10 വര്‍ഷത്തെ തടവുശിക്ഷ ലഭിച്ചിരിക്കുന്ന വൈദികരായ ഫാ. റാമിറോ റെയ്നാള്‍ഡോ ടിജേരിനോ ഷാവേസ്, ഫാ. സാദിയേല്‍ അന്റോണിയോ യൂഗാരിയോസ് കാനോ, ഫാ. ജോസ് ലൂയിസ് ഡയസ് ക്രൂസ് എന്നിവരും, ഡീക്കനായ റാവൂള്‍ അന്റോണിയോ വെഗാ ഗോണ്‍സാലസും, ഡാര്‍വിന്‍ എസ്റ്റെലിന്‍ ലെയിവാ മാന്‍ഡോസ, മെല്‍ക്കിന്‍ അന്റോണിയോ സെന്റെനോ സെക്വീര എന്നീ സെമിനാരി വിദ്യാര്‍ത്ഥികളും, സെര്‍ജിയോ ജോസ് കാര്‍ഡെനാസ് ഫ്ലോറസ് എന്ന അത്മായനും വ്യാജ ആരോപണങ്ങളുടെ ഇരകളാണെന്നും കത്തില്‍ പറയുന്നുണ്ട്. കത്തോലിക്ക റേഡിയോ സ്റ്റേഷനുകള്‍ അടച്ചുപൂട്ടിയതിനേയും, ദേവാലയങ്ങളില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിശ്വാസികളെ വിലക്കിയതിനേയും കത്തിലൂടെ ശക്തമായ ഭാഷയില്‍ കര്‍ദ്ദിനാള്‍ ഹോള്ളെറിച്ച് അപലപിച്ചു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിക്കരാഗ്വെയിലെ കത്തോലിക്കര്‍ നേരിട്ടുകൊണ്ടിരിക്കുന്ന മോശം സാഹചര്യത്തിന്റെ ഉദാഹരണങ്ങളാണ് ഇതെല്ലാമെന്നാണ് മെത്രാന്‍ പറയുന്നത്. നിക്കരാഗ്വേ സഭ വിശ്വാസത്തോട് കാണിക്കുന്ന പ്രതിബദ്ധതയെ “ആദരണീയം” എന്നാണ് കര്‍ദ്ദിനാള്‍ തന്റെ കത്തിലൂടെ വിശേഷിപ്പിച്ചത്. ഇത് നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ സന്ദേശത്തോടുള്ള വിശ്വസ്തതയും, അയൽക്കാരന്റെ നന്മക്കായുള്ള സമര്‍പ്പണവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പെരുകിക്കൊണ്ടിരിക്കുന്ന പീഡന സാഹചര്യങ്ങളില്‍ മാതൃകയാക്കാവുന്ന സന്ദേശമാണെന്നും കര്‍ദ്ദിനാള്‍ തന്റെ കത്തിലൂടെ പറയുന്നു. നിക്കരാഗ്വേയിലെ സഹോദരീ-സഹോദരന്മാര്‍ നേരിടുന്ന അനീതിക്കെതിരെ ഉയര്‍ന്നിട്ടുള്ള ശബ്ദത്തോടൊപ്പം തങ്ങളുടെ ശബ്ദവും ചേര്‍ക്കുന്നുവെന്നും, ബിഷപ്പ് അല്‍വാരെസിന്റേയും, മറ്റുള്ളവരുടെയും മോചനം സാധ്യമാക്കുന്നതിനായി യൂറോപ്യന്‍ സ്ഥാപനങ്ങള്‍ ശ്രമിക്കുമെന്നും പറഞ്ഞുകൊണ്ടാണ് കര്‍ദ്ദിനാള്‍ ഹോള്ളെറിച്ചിന്റെ കത്ത് അവസാനിക്കുന്നത്. രാജ്യത്തിന്റെ അഖണ്ഡതയെ ദുർബലമാക്കി, തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്ന കുറ്റങ്ങളാണ് ബിഷപ്പ് റോളണ്ടോ അല്‍വാരെസിനു മേൽ ചുമത്തിയിരിക്കുന്നത്.
Image: /content_image/News/News-2023-02-10-10:12:35.jpg
Keywords: യൂറോപ്യ
Content: 20540
Category: 1
Sub Category:
Heading: ഇസ്ലാം മതം സ്വീകരിച്ച് വിവാഹം ചെയ്യാനുള്ള ക്ഷണം നിരസിച്ചു; പാകിസ്ഥാനിൽ ക്രൈസ്തവ യുവതിക്ക് നേരെ ആസിഡ് ആക്രമണം
Content: ലാഹോര്‍: ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു വിവാഹം ചെയ്യാനുള്ള ക്ഷണം നിരസിച്ചതിന്റെ പേരിൽ പത്തൊന്‍പതു വയസ്സുള്ള ക്രൈസ്തവ യുവതിക്ക് നേരെ പാക്കിസ്ഥാനിൽ ആസിഡ് ആക്രമണം. സുനിതാ മാസിഹ് എന്ന യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. മാതാപിതാക്കൾ മരിച്ചതിനെ തുടർന്ന് കറാച്ചിയിലെ മാസും ഷാ കോളനിയിൽ സഹോദരിക്ക് ഒപ്പമാണ് സുനിതാ മാസിഹ് താമസിച്ചിരുന്നത്. സംഭവം നടന്ന ദിവസം പുലർച്ചെ കാന്റ് സ്റ്റേഷനിൽ ബസ്സിൽ കയറിയ ഉടൻ കമ്പ്രാൻ അളള എന്ന ഇസ്ലാം മതസ്ഥനായ അയൽക്കാരൻ സുനിതയുടെ ശരീരത്തിൽ ആസിഡ് ഒഴിക്കുകയായിരുന്നു. 19 വയസ്സ് മാത്രമുള്ള പെൺകുട്ടിയുടെ ജീവിതം മാനസികമായും, ശാരീരികമായും കമ്പ്രാൻ നശിപ്പിച്ചുവെന്ന് സുനിതയുടെ അമ്മാവനായ ജോൺ മാസിഹ് പറഞ്ഞു. കുറ്റകൃത്യത്തിന്റെ പേരിൽ ശിക്ഷിച്ചാൽ പോലും, സുനിതയ്ക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാൻ സാധിക്കുമോയെന്ന ചോദ്യം അദ്ദേഹം ഉന്നയിച്ചു. കമ്പ്രാൻ നടത്തിയ ആസിഡ് ആക്രമണത്തിൽ ശരീരത്തിന്റെ 20% ഭാഗങ്ങളിൽ സുനിതയ്ക്കു പൊള്ളലേറ്റു. ആസിഡ് വീണ ഉടനെ തന്നെ കണ്ണുകളും, കൈകളും, കാലുകളും, മുഖവും എരിയാൻ തുടങ്ങിയെന്ന് ആശുപത്രി കിടക്കയിൽ കിടന്നുകൊണ്ട് പോലീസുകാരോട് അവൾ വിവരിച്ചു. അസഹനീയമായ വേദന മൂലം റോഡിൽ തന്നെ വീണുപോയി. മതം മാറി തന്നെ വിവാഹം ചെയ്യാൻ ഏറെ നാളായി കമ്പ്രാൻ നിർബന്ധിച്ച് വരികയായിരുന്നുവെന്ന് അവൾ പറഞ്ഞു. എന്നാൽ ഇതിന് വിസമ്മതിച്ച സുനിത തന്റെ സഹോദരങ്ങളെ വിവരങ്ങളെല്ലാം ധരിപ്പിക്കുമായിരുന്നു. കമ്പ്രാന്റെ മാതാപിതാക്കളെ കണ്ട് സഹോദരങ്ങൾ പരാതി പറയുമായിരുന്നെങ്കിലും അയാളുടെ ശല്യം അവസാനിച്ചിരുന്നില്ല. പോലീസ് സ്റ്റേഷനിൽ പരാതി നൽകിയ ഒരു ശ്രമം നടത്തിയെങ്കിലും പോലീസുകാർ വിഷയത്തിൽ ഫലപ്രദമായി അന്വേഷണം നടത്തിയില്ല. ഏറ്റവും ഒടുവിൽ സുനിതയുടെ സഹോദരി ഭർത്താവ് കമ്പ്രാനെ മർദ്ദിച്ച സംഭവം പോലും ഉണ്ടായി. ആസിഡ് ആക്രമണം നടത്തിയ കമ്പ്രാനെ കസ്റ്റഡിയിൽ എടുത്തെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല. ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട പെൺകുട്ടികൾ പാക്കിസ്ഥാനിൽ അക്രമങ്ങൾക്ക് ഇരയാകുന്നത് സാധാരണ സംഭവമായി മാറിയിരിക്കുകയാണ്.
Image: /content_image/News/News-2023-02-10-11:05:12.jpg
Keywords: ഇസ്ലാ
Content: 20541
Category: 18
Sub Category:
Heading: റവ. ഡോ. ഏബ്രഹാം കാവിൽപുരയിടത്തില്‍ കൂരിയയുടെ ചാൻസലര്‍
Content: കൊച്ചി: സീറോ മലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയയുടെ ചാൻസലറായി റവ. ഡോ. ഏബ്രഹാം കാവിൽപുരയിടത്തിലിനെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി നിയമിച്ചു. ഒമ്പതിനു മേജർ ആർച്ച്ബിഷപ്പിനു മുമ്പാകെ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് ചുമ തലയേറ്റു. കൂരിയ വൈസ് ചാൻസലറായി സേവനം ചെയ്യുന്നതിനിടെയാണു പുതിയ നിയമനം. താമരശേരി രൂപതയിലെ വാളൂക്ക് സെന്റ് മേരീസ് ഇടവകയിൽ കാവിൽപുരയിടത്തിൽ പരേതരായ ഏബ്രഹാം-ഏലിക്കുട്ടി ദമ്പതികളുടെ മകനായി 1973ലാണു ജനനം. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം താമരശേരി മൈനർ സെമിനാരിയിലും ആലുവ കാർമൽ ഗിരി സെമിനാരിയിലും പൂന പേപ്പൽ സെമിനാരിയിലുമായി വൈദിക പരിശീലനം നേടി. 2000 ഡിസംബർ 26ന് വൈദികപട്ടം സ്വീകരിച്ചു. 2005ൽ ഉപരിപഠനത്തിനായി റോമിലേ ക്ക് പോയി. സാന്ത കോച്ചേ യൂണിവേഴ്സിറ്റിയിൽനിന്നു ലത്തീൻ കാനൻ നിയമത്തിൽ ബിരുദാനന്തര ബിരുദവും പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഓറി യന്റൽ കാനൻ നിയമത്തിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും കരസ്ഥമാക്കി. തുടർന്ന് താമരശേരി രൂപതയുടെ ചാൻസലർ, പിആർഒ, വൈദിക സമിതി സെക്രട്ടറി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.
Image: /content_image/India/India-2023-02-11-11:03:30.jpg
Keywords: കൂരിയ
Content: 20542
Category: 18
Sub Category:
Heading: റവ. ഡോ. ജയിംസ് പുന്നപ്ലാക്കൽ മിഷൻ ലീഗ് അന്തർദേശീയ ഡയറക്ടര്‍
Content: ഭരണങ്ങാനം: ചെറുപുഷ്പ മിഷൻ ലീഗ് അന്തർദേശീയ ഡയറക്ടറായി റവ. ഡോ. ജയിംസ് പുന്നപ്ലാക്കൽ നിയമിതനായി. ഇടുക്കി രൂപതയിലെ മുരിക്കാശേരി ഇടവകാംഗമായ ഇദ്ദേഹം നിലവിൽ ജർമനിയിലെ റോട്ടെൻബർഗ് രൂപതയിൽ സേവനം ചെയ്യുകയാണ്. 2019 മുതൽ ചെറുപുഷ്പ മിഷൻ ലീഗ് ദേശീയ ഡയറക്ടറാണ്. നാലു വർഷത്തേക്കാണ് പുതിയ നിയമനം. വൈസ് ഡയറക്ടർ മാരായി ഫാ. മാത്യു മുളയോലിൽ (ഗ്രേറ്റ് ബ്രിട്ടൻ), ഫാ. ഡാരിസ് ചെറിയാൻ (മിസ്സിസാഗ കാനഡ), സിസ്റ്റർ ആൻഗ്രെയ്സ് (തക്കല ), സിസ്റ്റർ ആഗ്നസ് മരിയ (ചിക്കാഗോ) എന്നിവരെയും തെരഞ്ഞെടുത്തു.
Image: /content_image/India/India-2023-02-11-11:32:27.jpg
Keywords: മിഷൻ ലീഗ
Content: 20543
Category: 1
Sub Category:
Heading: സ്വേച്ഛാധിപത്യത്തിനെതിരെ വിമര്‍ശിച്ച നിക്കരാഗ്വേ മെത്രാന് 26 വർഷം ജയിൽ ശിക്ഷ വിധിച്ച് ഭരണകൂടം
Content: മനാഗ്വേ: പ്രസിഡന്‍റ് ഡാനിയൽ ഒർട്ടേഗ ഭരണകൂടത്തെ വിമർശിച്ചതിന്റെ പേരിൽ വീട്ടുതടങ്കലിൽ കഴിഞ്ഞ നിക്കരാഗ്വേയിലെ മതഗൽപ രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് റോളാൻഡോ അൽവാരസിനെ ഭരണകൂടത്തിന്റെ സ്വാധീനത്തിലുള്ള കോടതി 26 വർഷവും, നാല് മാസവും ജയിൽ ശിക്ഷയ്ക്കു വിധിച്ചു. മനാഗ്വേ അപ്പീൽ കോടതിയിലെ ഹെക്ടർ ഏർണസ്റ്റോ എന്ന ന്യായാധിപനാണ് ജന്മനാടിനെ വഞ്ചിച്ചുവെന്ന അടിസ്ഥാനരഹിതമായ കുറ്റം ചുമത്തി ഫെബ്രുവരി പത്താം തീയതി ബിഷപ്പ് അൽവാരസിനെ ജയിൽ ശിക്ഷയ്ക്ക് വിധിച്ചത്. 222 രാഷ്ട്രീയ തടവുകാരെ അമേരിക്കയിലേക്ക് ഭരണകൂടം നാടുകടത്തിയതിന്റെ പിറ്റേദിവസമാണ് കോടതി വിധി വന്നത്. വിമാനത്തിൽ കയറി നാടുകടക്കാൻ ബിഷപ്പ് റോളാൻഡോ അൽവാരസ് വിസമ്മതിച്ചിരുന്നു. നാടുകടത്തപ്പെട്ടവരുടെ സംഘത്തിൽ നാലു വൈദികരും ഉണ്ടായിരുന്നെങ്കിലും, തന്റെ ജനത്തോടൊപ്പം രാജ്യത്തുതന്നെ നിലയുറപ്പിക്കാൻ അദ്ദേഹം തീരുമാനമെടുക്കുകയായിരുന്നു. ഭരണകൂടത്തിന്റെ കൊള്ളരുതായ്മകളെ തുറന്നുക്കാട്ടുകയും ഏകാധിപത്യത്തിനെതിരെ പോരാടുകയും ചെയ്ത അദ്ദേഹത്തിന് വിവിധ കേസുകളിലെ വ്യത്യസ്ത ശിക്ഷാകാലയളവ് പ്രകാരം, 26 വർഷവും, നാലുമാസവും തുടർച്ചയായി ജയിലിൽ കഴിയേണ്ടതായി വരും. 2049 ഏപ്രിൽ 13 വരെ ബിഷപ്പ് അൽവാരസ് ജയിലിൽ കഴിയണമെന്നാണ് കോടതി ഉത്തരവിൽ പറയുന്നത്. ഡാനിയൽ ഒർട്ടേഗ ഭരണകൂടത്തെ എതിർക്കുന്നത് തുടരണമെന്നും, തന്റെ ആളുകളെ ഉപേക്ഷിക്കാൻ തയ്യാറാകാതെ രാജ്യത്ത് തുടർന്ന ധീരനായ ബിഷപ്പ് റോലാൻഡോ അൽവാരസ് അടക്കമുള്ള രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണമെന്നും അമേരിക്കൻ ജനപ്രതിനിധി സഭാംഗം ക്രിസ് സ്മിത്ത് വെള്ളിയാഴ്ച പറഞ്ഞു. ദാസന്റെ ഹൃദയമുള്ള ക്രിസ്തുവിനെ പോലുള്ള ഒരു വ്യക്തിയാണ് ബിഷപ്പ് അൽവാരസെന്ന് പറഞ്ഞ ക്രിസ് സ്മിത്ത് അദ്ദേഹത്തിൻറെ മോചനത്തിനു വേണ്ടി ഫ്രാൻസിസ് മാർപാപ്പ ശബ്ദിക്കണമെന്നും അഭ്യർത്ഥിച്ചു. ഏകാധിപത്യ ഭരണകൂടത്തിനെതിരെ നടന്ന ജനാധിപത്യ പ്രക്ഷോഭങ്ങളെ സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ശക്തമായ പ്രതിഷേധവുമായി കത്തോലിക്ക സഭ രംഗത്തുവന്നതാണ് ഏകാധിപത്യ നിലപാടുള്ള പ്രസിഡന്‍റ് ഡാനിയൽ ഒർട്ടേഗയുടെ ഭരണകൂടത്തെ ചൊടിപ്പിക്കുന്നത്.
Image: /content_image/News/News-2023-02-11-13:41:18.jpg
Keywords: നിക്കരാ
Content: 20544
Category: 11
Sub Category:
Heading: പ്രോലൈഫ് തൊപ്പി ധരിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ പുറത്താക്കിയ സംഭവത്തില്‍ യു‌എസ് മ്യൂസിയം ക്ഷമാപണം നടത്തി
Content: വാഷിംഗ്‌ടണ്‍ ഡിസി: “പ്രോലൈഫ് ജപമാല” എന്ന സന്ദേശമെഴുതിയ തൊപ്പികള്‍ ധരിച്ചതിന്റെ പേരില്‍ ഒരു സംഘം കത്തോലിക്കാ വിദ്യാര്‍ത്ഥികളെ ‘വാഷിംഗ്‌ടണ്‍ ഡിസി’യിലെ സ്മിത്ത്സോണിയന്‍’സ് നാഷണല്‍ എയര്‍ ആന്‍ഡ്‌ സ്പേസ് മ്യൂസിയത്തില്‍ നിന്നും പുറത്താക്കിയത് വിവാദത്തിൽ. ഇക്കഴിഞ്ഞ ജനുവരി 20ന് വാഷിംഗ്‌ടണ്‍ ഡിസിയില്‍ നടന്ന മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയില്‍ പങ്കെടുത്ത ശേഷം മ്യൂസിയം കാണുവാന്‍ എത്തിയ തെക്കന്‍ കരോളിനയിലെ ഗ്രീന്‍വില്ലെയിലെ ഔര്‍ ലേഡി ഓഫ് റോസറി സ്കൂളില്‍ പഠിക്കുന്ന ആറംഗ കത്തോലിക്കാ വിദ്യാര്‍ത്ഥി സംഘത്തെയാണ് മ്യൂസിയത്തില്‍ നിന്നും പുറത്താക്കിയത്. മ്യൂസിയത്തില്‍ ചുറ്റിസഞ്ചരിക്കുന്നതിനിടയില്‍ വിദ്യാര്‍ത്ഥികളെ സമീപിച്ച സുരക്ഷ ജീവനക്കാര്‍ വിദ്യാര്‍ത്ഥികളോട് പ്രോലൈഫ് സന്ദേശമെഴുതിയ തൊപ്പി മാറ്റുവാന്‍ ആവശ്യപ്പെടുകയായിരുന്നു. മ്യൂസിയം ഒരു നിഷ്‌പക്ഷ മേഖലയാണെന്നും പറഞ്ഞുകൊണ്ട് മ്യൂസിയം സ്റ്റാഫ് വിദ്യാര്‍ത്ഥികളെ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യുകയായിരുന്നുവെന്നു ക്രിസ്ത്യന്‍ നിയമ സംഘടനയായ ദി അമേരിക്കന്‍ സെന്റര്‍ ഫോര്‍ ലോ & ജസ്റ്റിസ് (എ.സി.എല്‍.ജെ) പറഞ്ഞു. വിവേചനപരമായ ഈ സംഭവം നടന്ന മ്യൂസിയത്തിനെതിരെ സാധ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന്‍ അറിയിച്ചു. വിവാദമായതിനെ തുടര്‍ന്ന് ഫെബ്രുവരി 7-ന് ദൗര്‍ഭാഗ്യകരമായ ഈ സംഭവം തങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായ ഒരു തെറ്റാണെന്ന്‍ സമ്മതിച്ചുകൊണ്ട് മ്യൂസിയം വക്താവ് ക്ഷമാപണം നടത്തിയിരുന്നു. മ്യൂസിയത്തില്‍ പ്രോലൈഫ് തൊപ്പികള്‍ അനുവദനീയമല്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞത് തെറ്റാണെന്ന് മ്യൂസിയം വക്താവ് വ്യക്തമാക്കി. സന്ദർശകരോട് അവരുടെ തൊപ്പികളും വസ്ത്രങ്ങളും നീക്കംചെയ്യാൻ ആവശ്യപ്പെടുന്നത് നയത്തിനോ, മാനദണ്ഡങ്ങള്‍ക്കോ നിരക്കുന്നതല്ലെന്നും ഇത്തരത്തിലുള്ള പിഴവുകൾ ആവർത്തിക്കാതിരിക്കാൻ തങ്ങള്‍ ശ്രമിക്കുമെന്നും മ്യൂസിയം വക്താവ് ഉറപ്പ് നല്‍കി. മ്യൂസിയത്തില്‍ നടന്നത് ഭരണഘടനയുടെ ഒന്നാം ഭേദഗതിയില്‍ പറഞ്ഞിരിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മാത്രമല്ല, മതസ്വാതന്ത്ര്യത്തിന്റേയും വ്യക്തമായ ലംഘനമാണെന്നു എ.സി.എല്‍.ജെ എക്സിക്യുട്ടീവ്‌ ഡയറക്ടര്‍ ജോര്‍ദാന്‍ സെകുലോവ് ചൂണ്ടിക്കാട്ടി. മതപരമെന്ന കാരണത്താല്‍ വ്യക്തികളുടെ അഭിപ്രായത്തെ അടിച്ചമര്‍ത്തുവാനോ തള്ളിക്കളയുവാനോ സര്‍ക്കാരിന് കഴിയില്ലെന്ന 2002-ലെ സുപ്രീം കോടതിവിധിയും അദ്ദേഹം ചൂണ്ടിക്കാട്ടി. നടന്ന സംഭവത്തില്‍ മ്യൂസിയത്തിന്റെ സെക്രട്ടറിയായ ‘ലോണി ജി. ബഞ്ച് III’നോട് വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരായ ടെഡ് ക്രൂസും, ലിന്‍ഡ്സെ ഗ്രഹാമും മ്യൂസിയം സെക്രട്ടറിക്ക് കത്തെഴുതിയിട്ടുണ്ട്.
Image: /content_image/News/News-2023-02-11-14:35:33.jpg
Keywords: മ്യൂസി