Contents

Displaying 25161-25162 of 25162 results.
Content: 25614
Category: 18
Sub Category:
Heading: മാർ ജേക്കബ് തൂങ്കുഴിയ്ക്കു സാംസ്ക‌ാരികനഗരിയുടെ വിട
Content: തൃശൂർ: രണ്ടര പതിറ്റാണ്ടിലധികം നാടിന്റെ സ്പന്ദനമറിഞ്ഞ മാർ ജേക്കബ് തൂങ്കുഴിയ്ക്കു സാംസ്ക‌ാരികനഗരിയുടെ യാത്രാമൊഴി. മാർ ജേക്കബ് തൂങ്കുഴിയുടെ ഭൗതികദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര അനേകരാണ് എത്തിയത്. തങ്ങളുടെ പുണ്യപിതാവിനെ അവസാനമായി ഒരുനോക്കുകാണാനും സ്നേഹാദരവ് നിറഞ്ഞ യാത്രയയപ്പ് നൽകാനും പതിനായിരങ്ങളാണ് തൃശൂർ പുത്തൻപള്ളിയെന്ന ഡോളേഴ്സ് ബസിലിക്കയിലേക്ക് ഒഴുകിയെത്തിയത്. സംസ്കാരശുശ്രൂഷയുടെ ആദ്യഘട്ടം രാവിലെ അതിരൂപതാമന്ദിരത്തിൽ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിൻ്റെ കാർമികത്വത്തിൽ ആരംഭിച്ചു. തുടർന്ന് പുത്തൻ പള്ളിയിലെത്തിച്ച ഭൗതികദേഹം പൊതുദർശനത്തിനുവച്ചപ്പോൾ അണമുറിയാത്ത ജനപ്രവാഹമായിരുന്നു. കേന്ദ്ര- സംസ്ഥാന മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, എംപിമാർ, എംഎൽഎമാർ, മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയ, സംഘടന ഭാരവാഹികൾ എന്നിവർ അന്തിമോപചാരമർപ്പിച്ചു. ഉച്ചകഴിഞ്ഞതോടെ ഡോളേഴ്‌സ് ബസിലിക്ക അങ്കണം ജനനിബിഡമായി. തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ നടത്തിയ പ്രാർത്ഥനാശുശ്രൂഷയോടെയാണ് പുത്തൻപള്ളിയിലെ പൊതുദർശനം സമാപിച്ചത്. തുടർന്ന് സ്വരാജ് റൗണ്ട് ചുറ്റിയുള്ള വിലാപയാത്ര ആരംഭിച്ചു. സ്ലീവാകുരിശ്, തിരിക്കാലുകൾ, പൊൻ- വെള്ളി കുരിശുകൾ, വെള്ള ഓപ്പയും കറുത്ത മോറിസും ധരിച്ച അഞ്ഞൂറോളം വരുന്ന ദർശനസമൂഹാംഗങ്ങൾ, ലീജിയൻ ഓഫ് മേരി അംഗങ്ങൾ എന്നിവർ നിരന്നു. തുടർന്നാണ് പതിനായിരക്കണക്കിനു വിശ്വാസികൾ അണിചേർന്നത്. ശേഷം നൂറുകണക്കിനു സിസ്റ്റേഴ്‌സ്, വൈദികർ, വൈദിക വിദ്യാർഥികൾ, മാർ തൂങ്കുഴി സ്ഥാപിച്ച ക്രിസ്‌തുദാസി സന്യാസിനീസമൂഹത്തിലെ സിസ്റ്റേഴ്‌സ്, മാർ തൂങ്കുഴിയുടെ ബന്ധുക്കൾ എന്നിവരായിരിന്നു പിന്നില്‍. മൂന്നുവശവും കാണാവുന്ന ശീതീകരിച്ച പുഷ്പാലംകൃത വാഹനത്തിലായിരുന്നു ഭൗതികദേഹം അടങ്ങിയ മഞ്ചം കിടത്തിയിരുന്നത്. തൃശൂർ അതിരൂപത വികാരി ജനറാൾ മോൺ. ജെയ്‌സൻ കൂനംപ്ലാക്കലും പിതാവിനെ ശുശ്രൂഷിച്ചിരുന്ന സിസ്റ്റർ ജെസി ഡൊമിനിക്കും ഇരുവശങ്ങളിലുമായി ഇരുന്നു. ഭൗതികദേഹം വഹിച്ച വാഹനത്തിനു പിന്നിലായി അൾത്താരബാലന്മാർ മണിമുഴക്കുകയും ധൂപാർപ്പണം നടത്തുകയും ചെയ്തു. പിന്നിലായി തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ഷംഷാബാദ് ആർച്ച് ബിഷപ്പ് പ്രിൻസ് ആൻ്റണി പാണേങ്ങാടൻ, തൃശൂർ സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ എന്നിവർ അനുഗമിച്ചു. വിലാപയാത്ര ലൂർദ് കത്തീഡ്രലിൽ എത്തിച്ചേർന്നതോടെ നടന്ന ഒപ്പീസിന് മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ നേതൃത്വംനൽകി. തുടർന്നു നടന്ന വിശുദ്ധ കുർബാനയ്ക്ക് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് മുഖ്യകാർമികത്വം വഹിച്ചു. ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ സന്ദേശം നൽകി. ബിഷപ്പുമാരായ മാർ ജോസ് പൊരുന്നേടം, മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, മാർ സെബാസ്റ്റ്യൻ പൊഴോലിപ്പറമ്പിൽ, മാർ സ്റ്റീഫൻ ചിറപ്പണത്ത്, യൂഹാനോൻ മാർ തെയഡോഷ്യസ്, മാർ ബോസ്കോ പുത്തൂർ, മാർ ടോണി നീലങ്കാവിൽ എന്നിവർ സഹകാർമികരായിരുന്നു. ബത്തേരി രൂപതാധ്യക്ഷൻ ജോസഫ് മാർ തോമസ് നേരിട്ടെത്തി ആദരാഞ്ജലിയർപ്പിച്ചിരിന്നു.
Image: /content_image/India/India-2025-09-22-10:31:47.jpg
Keywords: തൂങ്കുഴി
Content: 25615
Category: 18
Sub Category:
Heading: മാർ ജേക്കബ് തൂങ്കുഴിയ്ക്കു ഇന്നു അന്ത്യ യാത്രാമൊഴി
Content: കോഴിക്കോട്: മുന്‍ തൃശൂര്‍ ആര്‍ച്ച് ബിഷപ്പും മാനന്തവാടി രൂപതയുടെയും താമരശ്ശേരി രൂപതയുടെയും മെത്രാനായിരിന്ന ആർച്ച് ബിഷപ്പ് എമിരിറ്റസ് മാർ ജേക്കബ് തൂങ്കുഴിക്ക് ഇന്ന് അന്ത്യവിശ്രമം. തൃശൂരിൽനിന്ന് ഇന്ന് ഉച്ചയ്ക്ക് ഭൗതികദേഹവും വഹിച്ചുള്ള വിലാപയാത്ര വൈകുന്നേരം നാലോടെ കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് പള്ളിയിലെത്തും. അവിടെ ഭൗതികദേഹം പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് വൈകുന്നേരം കോഴിക്കോട് കോട്ടൂളിയിലെ ക്രിസ്‌തുദാസി സന്യാസിനീസ മൂഹത്തിന്റെ ജനറലേറ്റായ ഹോം ഓഫ് ലവിൽ ഭൗതികശരീരം എത്തിക്കും. അവിടെവച്ച് മൃതസംസ്കാര ശുശ്രൂഷയുടെ സമാപനകർമങ്ങൾ പൂർത്തിയാക്കും. തുടർന്ന് എസ്കെഡി ജനറലേറ്റ് കപ്പേളയിൽ ഭൗതികശരീരം അടക്കം ചെയ്യും. മാർ ജേക്കബ് തൂങ്കുഴി പിതാവിനോടുള്ള ആദര സൂചകമായി ഇന്ന് താമരശേരി രൂപതയിലെയും എല്ലാ സ്ക്‌കൂളുകൾക്കും മറ്റുസ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചതായും പിതാവിനുവേണ്ടി ഇന്ന് ഇടവകകളിലും സ്ഥാപനങ്ങളിലും വിശുദ്ധ കുർബാനയും ഒപ്പീസും ചൊല്ലേണ്ടതാണെന്നും താമരശേരി രൂപത വാർത്താകുറിപ്പിൽ അറിയിച്ചു. സംസ്കാര ശുശ്രൂഷകളിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് തത്സമയ സംപ്രേഷണത്തിന്റെ ഓൺലൈൻ ലിങ്ക് ഇടവക ഗ്രൂപ്പുകളിൽ ലഭ്യമാക്കും. സാധിക്കുന്നവരെല്ലാം ദേവഗിരി പള്ളിയിലെ പൊതുദർശനത്തിൽ പങ്കെടുക്കണമെന്നും സ്ഥലപരിമിതിമൂലം വളരെ കുറച്ചു പേർക്കു മാത്രമേ കോട്ടൂളിയിലെ ക്രിസ്തുദാസി ജനറലേറ്റിൽ നടക്കുന്ന മൃതസംസ്‌കാര ശുശ്രൂഷയുടെ സമാപന പ്രാർത്ഥനകളിൽ പങ്കുചേരാൻ സാധിക്കുകയുള്ളൂവെന്നും രൂപതാധികൃതർ അറിയിച്ചു.
Image: /content_image/India/India-2025-09-22-10:45:57.jpg
Keywords: തൂങ്കുഴി