Contents

Displaying 9571-9580 of 25173 results.
Content: 9885
Category: 1
Sub Category:
Heading: കേരള സഭ ഇന്ന് മദ്യവിരുദ്ധ ഞായറായി ആചരിക്കുന്നു
Content: കോട്ടയം: കേരള കത്തോലിക്കാ സഭയുടെ കീഴിലുള്ള എല്ലാ ദേവാലയങ്ങളിലും ഇന്നു മദ്യവിരുദ്ധ ഞായറായി ആചരിക്കുന്നു. സീറോ മലബാര്‍, ലത്തീന്‍, മലങ്കര റീത്തുകളിലെ മുഴുവന്‍ ദേവാലയങ്ങളിലും മദ്യവിരുദ്ധ ഞായര്‍ ആചരണത്തിന്റെ സന്ദേശം വായിക്കും. ലഹരിവസ്തുക്കളുടെ അനിയന്ത്രിതമായ ഉപയോഗം കുടുംബബന്ധങ്ങളെ തകര്‍ക്കുന്ന അനുഭവം സാധാരണമായിക്കൊണ്ടിരിക്കുന്നതായും ഈ പശ്ചാത്തലത്തില്‍ ഇവയുടെ ലഭ്യതയും ഉപയോഗവും കുറയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് സഭ ഏറ്റെടുക്കുന്നതെന്ന്‍ സര്‍ക്കുലറില്‍ സൂചിപ്പിക്കുന്നു. മദ്യവര്‍ജ്ജനമാണ് സര്‍ക്കാര്‍ നയമെന്ന് ആവര്‍ത്തിക്കുന്‌പോഴും മദ്യത്തിന്റെ ലഭ്യത കുറയ്ക്കുവാന്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതു നയത്തെതന്നെ നിര്‍വീര്യമാക്കുന്നു. പ്രതിവര്‍ഷം 10 ശതമാനം ബെവ്‌കോ കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം അട്ടിമറിക്കപ്പെട്ടു എന്നു മാത്രമല്ല ബീയര്‍ പബ്ബുകളുടെ നവീകരിച്ച സംവിധാനമായ, ബീയര്‍ നിര്‍മ്മിച്ച് അവിടെത്തന്നെ വില്പന നടത്തുന്ന മൈക്രോ ബ്രൂവറി യൂണിറ്റുകള്‍ സ്ഥാപിക്കാനും ഡിസ്റ്റലറികള്‍ സ്ഥാപിക്കാനും സര്‍ക്കാര്‍ തയാറായതും എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം മരവിപ്പിക്കേണ്ടി വന്നതും കേരളസമൂഹം മനസിലാക്കിയ കാര്യങ്ങളാണ്. മദ്യത്തിനെതിരെയുള്ള സഭയുടെ പോരാട്ടം സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായിട്ടാണെന്നും ലഹരിവിരുദ്ധ സമൂഹ രൂപീകരണത്തിലൂടെ സാമൂഹ്യനന്മ സംജാതമാകണമെന്നും സന്ദേശത്തില്‍ പറയുന്നു.
Image: /content_image/News/News-2019-03-10-02:02:23.jpg
Keywords: മദ്യ
Content: 9886
Category: 18
Sub Category:
Heading: വിവിധ മേഖലകളില്‍ ക്രിസ്തു സന്ദേശം എത്തിക്കണം: മാര്‍ പോളി കണ്ണൂക്കാടന്‍
Content: ഇരിങ്ങാലക്കുട: സാമൂഹ്യ രാഷ്ട്രീയ വിദ്യാഭ്യാസ മേഖലകളില്‍ ക്രിസ്തുവിന്റെ സന്ദേശം എത്തിക്കുവാനുള്ള ദൗത്യം ഓരോ അല്‍മായര്‍ക്കുമുണ്ടെന്നു ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍. രൂപത 14ാം പാസ്റ്ററല്‍ കൗണ്‍സിലിന്റെ ഒന്പതാം സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അല്‍മായര്‍ വോട്ടവകാശം ഉപയോഗിക്കുന്നതു രാഷ്ട്ര പുനര്‍നി‍ര്‍മിതിയിലുള്ള പങ്കുചേരലാണെന്നും ഓരോ സഭാവിശ്വാസിയുടെയും ഉത്തരവാദിത്വമാണ് വോട്ടവകാശം ഉപയോഗപ്പെടുത്തുക എന്നതെന്നും ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. ധാര്‍മികതയും നീതിബോധവും സമഭാവനയുമുള്ള ഒരു സര്‍ക്കാര്‍ ഉണ്ടാകണമെങ്കില്‍ ഓരോരുത്തരും വോട്ടവകാശം പ്രയോജനപ്പെടുത്തണം. അല്മായരാണ് സഭയിലെ പ്രധാന ശക്തികേന്ദ്രം. സഭയെയും രാഷ്ട്രത്തെയും പടത്തുയര്‍ത്തുന്നതില്‍ പങ്കാളികള്‍ മാത്രമല്ല, മറിച്ച് അവര്‍ സഭയെയും രാഷ്ട്രത്തെയും പടുത്തുയര്‍ത്തുന്നതില്‍ ഉത്തരവാദിത്വമുള്ള വ്യക്തികളുമാണെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. 'അല്‍മായ പങ്കാളിത്തം: സഭയിലും രാഷ്ട്ര പുനര്‍നിര്‍മ്മിതിയിലും' എന്ന വിഷയത്തെക്കുറിച്ച് പ്രഫ. കെ.എം ഫ്രാന്‍സിസ് ക്ലാസ് അവതരിപ്പിച്ചു. മോണ്‍. ആന്റോ തച്ചില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. ജോര്‍ജ് പാറേമാന്‍ എന്നിവര്‍ പ്രസംഗിച്ചു. ദീപക് ജോസഫ്, റീന ഫ്രാന്‍സിസ് എന്നിവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, മോണ്‍. ജോയ് പാല്യേക്കര, ഡോ. നെവിന്‍ ആട്ടോക്കാരന്‍, ഫാ. വര്‍ഗീസ് അരിക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.
Image: /content_image/India/India-2019-03-10-02:17:56.jpg
Keywords: ക്രിസ്തു
Content: 9887
Category: 1
Sub Category:
Heading: നോമ്പുകാല ത്യാഗമായി ഫോണ്‍ ഉപയോഗം പരിമിതപ്പെടുത്തുക: ബംഗ്ലാദേശ് കർദ്ദിനാൾ
Content: ധാക്ക: നോമ്പുകാല പരിത്യാഗമായി വെള്ളിയാഴ്ചകളിൽ ഫോൺ ഉപയോഗം കുറച്ച് യേശുവിനെ അടുത്തറിയാന്‍ ശ്രമിക്കണമെന്ന ആഹ്വാനവുമായി ബംഗ്ലാദേശിലെ കർദ്ദിനാൾ പാട്രിക്ക് ഡി' റൊസാരിയോ. വിഭൂതി ബുധനോടനുബന്ധിച്ച് മാർച്ച് ആറിന് ധാക്ക ഹോളി റോസറി കത്തോലിക്ക ദേവാലയത്തിൽ നടന്ന ദിവ്യബലിയർപ്പണത്തിൽ സന്ദേശം നൽകുകയായിരുന്നു കർദ്ദിനാൾ. "പ്രിയപ്പെട്ട യുവജനങ്ങളെ, നോമ്പുകാല പരിത്യാഗമായി എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെ സ്മാർട്ട് ഫോൺ ഉപയോഗം പരിമിതപ്പെടുത്തണം. ഈ സമയം പരസ്പര ബന്ധവും യേശുക്രിസ്തുവുമായുള്ള ബന്ധവും ശക്തിപ്പെടുത്താൻ വിനിയോഗിക്കുക". ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. നിങ്ങളെല്ലാവരും നിങ്ങളുടെ മൊബൈൽ ഫോണിനെ സ്നേഹിക്കുന്നവരാകാം. എന്നാൽ, അത് പരസ്പര സ്നേഹത്തിനും മനുഷ്യവംശത്തിന്റെ പാപമോചനത്തിനായി സ്വന്തം ജീവൻ ബലികഴിച്ച യേശുക്രിസ്തുവിനോടുള്ള സ്നേഹത്തേക്കാൾ അധികമാകരുത്. എല്ലാം സ്വന്തമാക്കണമെന്ന ഭ്രാന്തമായ ആവേശമാണ് ഇന്നത്തെ ലോകത്തിന്റെ പ്രത്യേകത. എന്നാൽ നാം ഒന്നുമില്ലാതെയാണ് വന്നതെന്നും പോകുമ്പോൾ ഒന്നും കൊണ്ടുപോകാനാകില്ലെന്നും ഓർമിക്കണം. നാം ചെയ്ത നന്മ പ്രവർത്തികൾ മാത്രമേ അവശേഷിക്കുകയുള്ളൂ എന്നതിനാൽ മറ്റുള്ളവർക്ക് ധാരാളം നന്മ ചെയ്യണം. കര്‍ദ്ദിനാള്‍ പറഞ്ഞു. സ്മാർട്ട് ഫോണിന് അടിമപ്പെടുന്ന യുവത്വത്തിന് നല്കുന്ന മുന്നറിയിപ്പാണ് കർദ്ദിനാളിന്റെ സന്ദേശമെന്നും അനുദിന മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കണമെന്ന ആശയം ഏറെ നല്ലതാണെന്നും ബംഗ്ലാദേശ് കത്തോലിക്ക വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ മുൻ പ്രസിഡന്റ് വില്യം നോകരക് വ്യക്തമാക്കി. മൊബൈൽ ഫോൺ ഉപയോഗം പരിമിതപ്പെടുത്തണമെന്ന സന്ദേശം സ്വാഗതാർഹമാണെന്ന് കത്തോലിക്ക സാമൂഹിക പ്രവർത്തകനായ സുബോധ് ബാസ്കേയും പറഞ്ഞു. നോമ്പുകാലത്ത് മാത്രമല്ല, വർഷം മുഴുവനും ഇത് തുടരണം. നോമ്പിലെ പരിത്യാഗങ്ങൾ ജീവിതത്തിൽ പ്രായോഗികമാക്കുമ്പോഴാണ് തിന്മയിൽ നിന്നും മുക്തി നേടാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂവായിരത്തോളം വിശ്വാസികളാണ് ധാക്ക ദേവാലയത്തിലെ വിഭൂതി ശുശ്രൂഷകളിൽ പങ്കെടുത്തത്.
Image: /content_image/News/News-2019-03-10-03:06:25.jpg
Keywords: ബംഗ്ലാദേ
Content: 9888
Category: 18
Sub Category:
Heading: മലയാറ്റൂര്‍ തീര്‍ത്ഥാടനത്തിന് ഔദ്യോഗിക തുടക്കം
Content: മലയാറ്റൂര്‍: കുരിശിന്റെ വഴി പ്രാര്‍ത്ഥനയോടെ മഹാ ഇടവക വിശ്വാസികള്‍ മലയാറ്റൂര്‍ മല കയറിയതോടെ ഈ വര്‍ഷത്തെ കുരിശുമുടി തീര്‍ത്ഥാടനത്തിന് ഔദ്യോഗികമായി തുടക്കമായി. മലയാറ്റൂര്‍ മഹാ ഇടവകയിലെ മലയാറ്റൂര്‍ സെന്റ് തോമസ് പള്ളി(താഴത്തെ പള്ളി) വികാരി ഫാ. വര്‍ഗീസ് മണവാളന്‍, വിമലഗിരി മേരി അമലോത്ഭവമാതാ പള്ളി വികാരി ഫാ. തോമസ് മഴുവഞ്ചേരി, സെബിയൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ഫാ. അരുണ്‍ വലിയവീട്ടില്‍, ഇല്ലിത്തോട് പള്ളി വികാരി ഫാ. ചാക്കോ കിലുക്കന്‍, ഫാ. പോള്‍സണ്‍ പെരേപ്പാടന്‍, ഫാ. സനീഷ്, ഫാ. ചാള്‍സ് എന്നിവരുടെ നേതൃത്വത്തിലാണ് ഇടവക വിശ്വാസികള്‍ മലകയറിയത്. റോജി എം. ജോണ്‍ എംഎല്‍എയും വിശ്വാസികളൊടൊപ്പം മലകയറാന്‍ എത്തിയിരിന്നു. നോമ്പു ദിവസങ്ങളില്‍ രാവിലെ 9.30 ന് കുരിശുമുടിയില്‍ നേര്‍ച്ചക്കഞ്ഞി വിതരണമുണ്ടാകും. കുരിശുമുടിയില്‍ രാവിലെ 5.30നും, 7.30നും, 9.30നും ദിവ്യബലിയുണ്ടാകും. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വിശ്വാസികള്‍ക്കു കുരിശുമുടി കയറുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വിശുദ്ധവാരം വരെയുള്ള ഞായറാഴ്ചകളില്‍ വിവിധ ഫൊറോനകളില്‍നിന്നുള്ള വൈദികരുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ കുരിശുമുടി കയറും.
Image: /content_image/India/India-2019-03-11-04:15:04.jpg
Keywords: മലയാറ്റൂ
Content: 9889
Category: 1
Sub Category:
Heading: ഓസ്തിക്ക് ഗോതമ്പ് തന്നെ: യുക്ക കൊണ്ടുവരുമെന്ന പ്രചരണത്തെ നിഷേധിച്ച് വത്തിക്കാന്‍
Content: വത്തിക്കാന്‍ സിറ്റി: വിശുദ്ധ കുർബാനയ്ക്ക് ഉപയോഗിയ്ക്കുന്ന ഗോതമ്പ് ഓസ്തിക്കു പകരം യുക്ക കൊണ്ടുവരുമെന്ന പ്രചരണത്തെ നിഷേധിച്ച് വത്തിക്കാന്‍. വിശുദ്ധ കുർബാനയ്ക്ക് ഗോതമ്പ് അപ്പം തന്നെ ഉപയോഗിക്കുമെന്നും പകരമായി യുക്ക കൊണ്ടു വരുന്നതിനെ പറ്റി ആമസോൺ സിനഡിൽ ചർച്ച നടക്കുമെന്നുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും വത്തിക്കാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കി. വിശുദ്ധ കുർബാനയിൽ ഉപയോഗിക്കുന്ന ഗോതമ്പ് അപ്പത്തിന് പകരമായി മറ്റൊന്ന് ഉപയോഗിക്കുന്നതിനെപ്പറ്റി ആമസോൺ സിനഡിനായുള്ള കരടുരേഖയിൽ പരാമർശങ്ങൾ ഒന്നുമില്ലെന്നും മെത്രാൻ സിനഡിന്റെ ജനറൽ സെക്രട്ടറിയേറ്റിൽ, അണ്ടർ സെക്രട്ടറി പദവി വഹിക്കുന്ന ബിഷപ്പ് ഫാബിനോ ഫാബിനി വ്യക്തമാക്കി. കഴിഞ്ഞ മാസം ഗോതമ്പ് ഓസ്തിക്ക് പകരം, ആമസോൺ മേഖലകളിൽ സുലഭമായ യുക്കാ ഉപയോഗിക്കുന്നതിനെപ്പറ്റി ഒക്ടോബറിൽ നടക്കുന്ന ആമസോൺ സിനഡിൽ ചർച്ചയുണ്ടാകുമെന്ന് ജസ്യൂട്ട് വൈദികനായ ഫാ. ഫ്രാൻസിസ്കോ തബോർഡാ പറഞ്ഞിരുന്നു. ഗൗരവകരമായ ഈ വിഷയത്തില്‍ വത്തിക്കാൻ വ്യക്തത വരുത്തുകയായിരിന്നു. വിശുദ്ധ കുർബാനയിൽ ഉപയോഗിക്കുന്ന അപ്പത്തിനെ പറ്റിയും വീഞ്ഞിനെ പറ്റിയും കത്തോലിക്കാസഭയിൽ കർശനമായ നിർദ്ദേശങ്ങളുണ്ട്. തബോർഡാ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം ആയിരിക്കുമെന്ന് സിനഡിന്റെ മറ്റൊരു വക്താവ് കത്തോലിക്കാ മാധ്യമമായ കാത്തലിക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. കാനൻ നിയമം 924 പ്രകാരം വിശുദ്ധ കുർബാനയ്ക്ക് ഉപയോഗിക്കുന്ന അപ്പം ഗോതമ്പിൽ നിന്നും ഉണ്ടാക്കിയതായിരിക്കണം. ഇതിന്‍ സമാനമായി കുർബാനയ്ക്ക് ഉപയോഗിക്കുന്ന വീഞ്ഞ് മുന്തിരിയിൽ നിന്നും ഉണ്ടാക്കിയതായിരിക്കണം. വീഞ്ഞിൽ വെള്ളമല്ലാതെ മറ്റൊന്നും ചേർക്കാൻ പാടില്ല. ആമസോൺ മേഖലയിലെ കാര്യങ്ങൾ ചർച്ചചെയ്യാനായി നടത്തുന്ന പ്രത്യേക ആമസോൺ സിനഡ് ഈ വർഷം ഒക്ടോബർ മാസം ആറാം തീയതി മുതൽ ഇരുപത്തിയെഴാം തീയതിവരെ വത്തിക്കാനിലാണ് നടക്കുന്നത്.
Image: /content_image/News/News-2019-03-11-05:22:47.jpg
Keywords: തിരുവോസ്തി, ഓസ്തി
Content: 9890
Category: 18
Sub Category:
Heading: തലമുറകളുടെ നാശത്തിനു വഴിതെളിക്കുന്ന ലഹരിക്കെതിരെ പോരാടണം: മാര്‍ ജോസ് പുളിക്കല്‍
Content: കോട്ടയം: തലമുറകളുടെ നാശത്തിനു വഴിതെളിക്കുന്ന മദ്യത്തിനും ലഹരിക്കുമെതിരെ നാം ഒറ്റക്കെട്ടായി പോരാടണമെന്നു ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍. മദ്യവിരുദ്ധ ഞായറിനോടനുബന്ധിച്ചുള്ള പൊതുസമ്മേളനം പാലായില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യത്തിന്റെ ലഹരിയില്‍ കണ്ണീരു കുടിക്കുന്ന കുടുംബങ്ങളുണ്ട്. തിന്മകളുടെയും വിപത്തുകളുടെയും കെണിയാണ് മദ്യവും ലഹരിവസ്തുക്കളുമെന്നും അദ്ദേഹം പറഞ്ഞു. മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രൂപത ഡയറക്ടര്‍ ഫാ. മാത്യു പുതിയിടത്ത്, ഫാ.ജോണ്സകണ്‍ പൂള്ളീറ്റ്, സിസ്റ്റര്‍ റെനി മേക്കലാത്ത്, ബെന്നി കൊള്ളിമാക്കിയില്‍, ജോസ് കവിയില്‍, മറിയമ്മ ലൂക്കോസ്, ഡെയ്‌സമ്മ ചൊവ്വാറ്റുകുന്നേല്‍, ആകാശ് ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-03-11-06:34:26.jpg
Keywords: മദ്യ
Content: 9891
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ നോമ്പുകാല ധ്യാനം ആരംഭിച്ചു
Content: വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെയും റോമന്‍ കൂരിയ അംഗങ്ങളുടെയും നോമ്പുകാല വാർഷിക ധ്യാനം ആരംഭിച്ചു. റോമിനു പുറത്തുളള അരീസിയ നഗരത്തിലാണ് പാപ്പയുടെയും സംഘത്തിന്റെയും ധ്യാനം നടക്കുന്നത്. ആഴമേറിയ ആത്മീയ ഉൾക്കാഴ്ചകൾക്കൊണ്ട് ശ്രദ്ധേയനായ ബനഡിക്ടൻ സന്യാസിയായ ബെർനാർഡോ ജിയാനിയാണ് ധ്യാനം നയിക്കുന്നത്. ഇന്നലെ (10/03/19) വൈകുന്നേരം ആരംഭിച്ച ധ്യാനം പതിനഞ്ചാം തിയതി വെള്ളിയാഴ്ച സമാപിക്കും. ധ്യാനപ്രഭാഷണങ്ങള്‍, സമൂഹബലിയര്‍പ്പണം, വിവിധ പ്രാര്‍ത്ഥനകള്‍, ആരാധന എന്നിവയാണ് ധ്യാനത്തിലെ വിവിധ ശുശ്രൂഷകള്‍. ധ്യാനത്തെ തുടര്‍ന്നു വെള്ളിയാഴ്ചവരെയുള്ള ദിനങ്ങളില്‍ മാര്‍പാപ്പയുടെ ബുധനാഴ്ചത്തെ പ്രതിവാര പൊതുദര്‍ശന പരിപാടിയുള്‍പ്പടെയുള്ള എല്ലാ ഔദ്യോഗികപരിപാടികളും റദ്ദാക്കിയിട്ടുണ്ട്.
Image: /content_image/News/News-2019-03-11-07:57:38.jpg
Keywords: പാപ്പ, നോമ്പ
Content: 9892
Category: 1
Sub Category:
Heading: പതിവ് തെറ്റിച്ചില്ല: നോമ്പുകാലത്തു വിയറ്റ്‌നാമിലെ കത്തോലിക്കരുടെ രക്തദാനം
Content: ഹോചിമിന്‍ സിറ്റി, വിയറ്റ്നാം: നോമ്പുകാല പരിത്യാഗമായി രക്തദാനവുമായി വിയറ്റ്‌നാമിലെ കത്തോലിക്ക വിശ്വാസികള്‍. ഹോ ചി മിന്‍ സിറ്റി (സൈഗോണ്‍) രൂപതയിലെ ഹെനോയി ഇടവകയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി ഇത്തവണയും രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. കഴിഞ്ഞ ഞായറാഴ്ച കുര്‍ബാനക്ക് ശേഷം ഹെനോയി ഇടവക ദേവാലയത്തില്‍ ആരംഭിച്ച രക്ത ശേഖരണത്തില്‍ ഒറ്റദിവസം കൊണ്ട് 142 പേരാണ് രക്തം ദാനം ചെയ്തത്. 30 വര്‍ഷമായി ഹെനോയി ഇടവക ഇത്തരത്തിലുള്ള രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു വരികയാണ്. ഫാ. ഡൊമിനിക് ദിന്‍ ന്ഗോക്ക് എന്ന വൈദികനാണ് നോമ്പുകാലത്ത് ഈ മഹത്തായ ശുശ്രൂഷ ആരംഭിച്ചത്. പ്രാര്‍ത്ഥനയുടെ ഈ കാലങ്ങളില്‍ ഇത്തരത്തിലുള്ള കാരുണ്യ പ്രവര്‍ത്തികള്‍ സംഘടിപ്പിക്കുക എന്നത് ഹോചി മിന്‍ സിറ്റിയിലെ കത്തോലിക്കരുടെ പതിവാണെന്നും രക്തദാനത്തിന് കൂടുതല്‍ പേര്‍ തയാറാകുന്നത് പ്രതീക്ഷക്ക് വകനല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നു വോങ്ങ് ഹോവാ ബിന്‍ ദേവാലയത്തില്‍ സംഘടിപ്പിച്ച രക്തശേഖരണത്തില്‍ 66 പേര്‍ രക്തദാനം ചെയ്തിരിന്നു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രങ്ങളില്‍ സൗജന്യമായി രക്തം ദാനം ചെയ്യുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. എന്നാല്‍ ചില മേഖലകളില്‍ രക്തദാനം വാക്കില്‍ മാത്രം ഒതുങ്ങുകയാണ്. ഈ സാഹചര്യത്തില്‍ ഹെനോയി ഇടവകയുടെ നേതൃത്വത്തില്‍ തുടരുന്ന ശുശ്രൂഷ അഭിനന്ദനാര്‍ഹമാണെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്.
Image: /content_image/News/News-2019-03-11-09:17:15.jpg
Keywords: രക്ത
Content: 9893
Category: 18
Sub Category:
Heading: പ്രോലൈഫ് പ്രോ ക്രൈസ്റ്റാണ്: ബിഷപ്പ് പോൾ മുല്ലശ്ശേരി
Content: കൊല്ലം: പ്രോലൈഫ് എന്ന വാക്കിന്റെ അർത്ഥം ജീവന് വേണ്ടി എന്നാണ്, അതുകൊണ്ട് തന്നെ പ്രോലൈഫ് പ്രോക്രൈസ്റ്റ് അഥവാ ക്രിസ്തുവിന് വേണ്ടി ആയിരിക്കണമെന്ന് കൊല്ലം രൂപത അധ്യക്ഷൻ ഡോ പോൾ ആന്റണി മുല്ലശ്ശേരി. കൊല്ലം പാസ്റ്ററൽ സെന്ററിൽ നടന്ന കെസിബിസി പ്രോലൈഫ് സമിതി തിരുവനന്തപുരം മേഖല സമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞാൻ വന്നിരിക്കുന്നത് ജീവൻ നൽകുവാനാണ്‌ എന്നരുളിചെയ്ത യേശുവിന് വേണ്ടിയുള്ള യാത്രയാണ് പ്രോലൈഫ്. ക്രിസ്തുവിന് എതിരായിരിക്കുന്നവൻ ജീവനെതിരായ കൊലയാളിയാണ്. ഉദരത്തിലെ ശിശുവിന്റെ ജീവമഹത്വം ഉൾക്കൊള്ളുന്നവരാകണം പ്രോലൈഫേഴ്സ്. ക്രിസ്തുവിന് എതിരെ പ്രവർത്തിക്കുന്നവരെ മാറ്റുന്ന ശക്തി പ്രാർത്ഥനയാണ്. പ്രാർത്ഥനയോടെ നാം പ്രവർത്തിക്കണം. രണ്ടായിരം കൊല്ലം മുൻപ് രാഷ്ട്രീയക്കാരും പ്രമാണികളും ഒരുമിച്ചു ജനങ്ങളെക്കൊണ്ട് വിളിച്ചു പറയിപ്പിച്ചതാണ് ക്രിസ്തുവിനെ വേണ്ട ബറാബാസിനെ മതി എന്ന്. ഇന്നും ഈ അവസ്ഥ നിലനിൽക്കുന്നു. ഹേറോദേസിനെപ്പോലെ ശിശുക്കളെ വധിക്കുന്നവർ അനേകമാകുന്നു. ഇവിടെയാണ് ക്രിസ്തുവിന് വേണ്ടി പ്രോലൈഫേർസ് ഇറങ്ങിത്തിരിക്കേണ്ടതെന്നും ബിഷപ്പ് ഡോ പോൾ ആന്റണി മുല്ലശ്ശേരി എടുത്തു പറഞ്ഞു. പ്രോലൈഫ് തിരുവനന്തപുരം മേഖല ഡയറക്ടർ ഫാ. ഡോ ബൈജു ജൂലിയൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കൊല്ലം രൂപത വികാരി ജനറൽ മോൺസിഞ്ഞോർ വിൻസെന്റ് മച്ചാഡോ അനുഗ്രഹ പ്രഭാഷണം നടത്തി. കെസിബിസി പ്രോലൈഫ് സംസ്ഥാന പ്രസിഡന്റ് സാബു ജോസ് മുഖ്യപ്രഭാഷണം നിർവഹിച്ചു. പ്രോലൈഫ് സംസ്ഥാന ഭാരവാഹികളായ ആനിമേറ്റർ ജോർജ് എഫ് സേവ്യർ വലിയവീട്, ഓർഗനൈസിംഗ് സെക്രട്ടറി ഷിബു കൊച്ചുപറമ്പിൽ, സെക്രട്ടറി റോണാ റിബെയ്‌റോ, പാറശാല രൂപത ഡയറക്ടർ ഫാ ഐസക്ക് മവറവിളകം, കെ സി ബി സി വുമൺസ് കമ്മീഷൻ സെക്രട്ടറി ജെയിൻ ആൻസിൽ ഫ്രാൻസിസ്, കെ എൽ സി എ കൊല്ലം രൂപത പ്രസിഡന്റ് അനിൽജോൺ, ബി സി സി കൊല്ലം രൂപത കോർഡിനേറ്റർ സജീവ് പരിശവിള എന്നിവർ സംസാരിച്ചു.
Image: /content_image/India/India-2019-03-11-10:54:32.jpg
Keywords: പ്രോലൈ
Content: 9894
Category: 1
Sub Category:
Heading: 'അമ്മയോടൊപ്പം ചേരുവാന്‍ സഹായിക്കണം': യാചനയുമായി ആസിയയുടെ മകള്‍
Content: ടൊറന്‍റോ: വീട്ടു തടങ്കലില്‍ നിന്ന്‍ മോചിപ്പിച്ചു അമ്മയെ തങ്ങളോടൊപ്പം ചേര്‍ക്കണമെന്ന അപേക്ഷയുമായി പാക്കിസ്ഥാനി ക്രിസ്ത്യന്‍ വനിത ആസിയാ ബീബിയുടെ മകള്‍ ഐഷാം ആഷിക്. വ്യാജമതനിന്ദാക്കുറ്റത്തിന്റെ പേരില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് 9 വര്‍ഷത്തോളം ജയിലില്‍ കിടന്നതിന് ശേഷം മോചിതയായെങ്കിലും തങ്ങളുടെ അമ്മയെ ഒരു നോക്കുകാണുവാന്‍ സാധിച്ചിട്ടില്ലെന്ന് പതിനെട്ടുകാരിയായ ഐഷാം പറഞ്ഞു. ഇക്കഴിഞ്ഞ ഞായറാഴ്ച കാനഡയിലെ ഒരു രഹസ്യ കേന്ദ്രത്തില്‍ വെച്ച് ബ്രിട്ടീഷ് പത്രമായ ഡെയിലി മെയിലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് ഐഷാം തന്റെ അമ്മയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുവാന്‍ സഹായിക്കണമെന്ന് അപേക്ഷിച്ചത്. ‘എനിക്ക് അമ്മയെ കാണണമെന്ന് ഒരുപാട് ആഗ്രഹമുണ്ട്. എപ്പോഴും അമ്മയെക്കുറിച്ച് മാത്രമാണ് എന്റെ ചിന്ത. ദൈവത്തില്‍ വിശ്വസിക്കുവാനും, ജയിലില്‍ നിന്ന് മോചിപ്പിക്കുവാന്‍ ദൈവത്തിന് സാധിക്കുമെങ്കില്‍ ഇപ്പോള്‍ ഉള്ളിടത്ത് നിന്ന് മോചിപ്പിക്കുവാനും ദൈവത്തിനു സാധിക്കുമെന്ന് അമ്മയോട് ഫോണിലൂടെ സംസാരിക്കുമ്പോഴൊക്കെ ഞാന്‍ പറയാറുണ്ട്’. ഐഷാം പറഞ്ഞു. വ്യാജ മതനിന്ദ ആരോപണത്തിനെ തുടര്‍ന്നാണ് ആസിയാ ബീബി അറസ്റ്റിലായത്. സുപ്രീം കോടതി വിധിയെതുടര്‍ന്ന്‍ ജയില്‍ നിന്നു മോചിതയായെങ്കിലും മുസ്ലീം മതമൗലീകവാദികളുടെ പ്രതിഷേധത്തെ തുടര്‍ന്ന്‍ പാക്കിസ്ഥാനിലെ രഹസ്യസങ്കേതത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. കുറഞ്ഞ രക്തസമ്മര്‍ദ്ധം നേരിടുന്ന ആസിയാ ബീബിക്ക് വൈദ്യസഹായം പോലും നിഷേധിക്കപ്പെട്ടിരിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ഡിസംബര്‍ മാസം മുതല്‍ ഇരുപത്തിയൊന്നുകാരിയായ തന്റെ മൂത്ത സഹോദരി ഇഷാക്കൊപ്പം കാനഡയിലാണ് ഐഷാം താമസിക്കുന്നത്. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി സംസാരിക്കുവാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ തങ്ങളെക്കുറിച്ചോര്‍ത്തെങ്കിലും അമ്മയെ മോചിപ്പിക്കണമെന്ന്‍ ആവശ്യപ്പെടുമെന്ന് ഐഷാം പറഞ്ഞു. ആസിയാക്കു വിദേശരാജ്യത്ത് താമസാനുമതിക്ക് വേണ്ടിയുള്ള നീക്കങ്ങള്‍ നടത്തുന്നുണ്ടെങ്കിലും നടപടി പ്രായോഗിക തലത്തില്‍ എത്തുന്നില്ലായെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
Image: /content_image/News/News-2019-03-11-11:06:35.jpg
Keywords: ആസിയ