India

സീറോ മലബാര്‍ സഭ മതബോധന കമ്മീഷന്‍ സെക്രട്ടറിയായിരിന്ന റവ.ഡോ. ജോര്‍ജ് ദാനവേലിന് യാത്രയപ്പ്; റവ.ഡോ. ജിമ്മി പൂച്ചക്കാട്ട് ചുമതലയേറ്റു.

അമല്‍ സാബു 14-04-2016 - Thursday

കൊച്ചി: സീറോ മലബാര്‍ സഭ മതബോധന കമ്മീഷന്‍ സെക്രട്ടറിയായി റവ.ഡോ. ജിമ്മി പൂച്ചക്കാട്ട് ചുമതലയേറ്റു. റവ.ഡോ. ജോര്‍ജ് ദാനവേലില്‍ കാനഡയിലെ സഭാശുശ്രൂഷയ്ക്കായി നിയമതിനായതിനെ തുടര്‍ന്നാണു റവ.ഡോ. ജിമ്മി പൂച്ചക്കാട്ട് ചുമതലയേറ്റത്.

റോമിലെ സലേഷ്യന്‍ പൊന്തിഫിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നു 'സീറോ മലബാര്‍ സഭയുടെ ക്രിസ്തുകേന്ദ്രീകൃത മതബോധനം' എന്ന വിഷയത്തില്‍ ഡോക്ടറേറ്റു നേടിയ റവ.ഡോ. ജിമ്മി പൂച്ചക്കാട്ട് കഴിഞ്ഞ ഏഴു വര്‍ഷത്തിലധികമായി എറണാകുളം-അങ്കമാലി അതിരൂപതയുടെ മതബോധന ഡയറക്ടറായിരുന്നു. ഇപ്പോള്‍ സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക വക്താവായും സേവനം ചെയ്യുന്നു. പ്രഭാഷകനും ഗ്രന്ഥകാരനുമാണ്. വിശ്വാസ പരിശീലനത്തില്‍ ഡോക്ടറേറ്റു നേടിയ റവ. ഡോ. ജോര്‍ജ് ദാനവേലില്‍ പാലാ രൂപതാംഗമാണ്.

കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന ചടങ്ങില്‍ റവ. ഡോ. ജോര്‍ജ് ദാനവേലിലിനു യാത്രയയപ്പു നല്‍കി. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിച്ച യോഗത്തില്‍ കൂരിയ ചാന്‍സലര്‍ റവ. ഡോ. ആന്റണി കൊള്ളന്നൂര്‍, കമ്മീഷന്‍ ഓഫീസ് സെക്രട്ടറി സിസ്റ്റര്‍ ലിസ്‌നി എന്നിവര്‍ പ്രസംഗിച്ചു. സീറോ മലബാര്‍ സഭയിലെ 31 രൂപതകളിലായി 21000 മതബോധന സ്‌കൂളില്‍ അഞ്ചു ലക്ഷത്തിലധികം വരുന്ന കുട്ടികള്‍ വിശ്വാസപരിശീലനം തേടുന്നു.

40000 മതാധ്യാപകര്‍ ഇവര്‍ക്കു പരിശീലനം നല്‍കുന്നുണ്ട്. മിഷന്‍ പ്രദേശങ്ങളിലെ വിവിധ മേഖലകളിലായി നിരവധി സെന്ററുകളില്‍ മതബോധനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. എല്ലാ രൂപതകളിലേക്കും സെന്ററുകളിലേക്കും ആവശ്യമായ മതബോധന പുസ്തകങ്ങളും മറ്റും പ്രസിദ്ധീകരിക്കുന്നത് കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ പ്രവര്‍ത്തിക്കുന്ന സഭാ മതബോധന കാര്യാലയത്തില്‍ നിന്നാണ്.

More Archives >>

Page 1 of 4