India - 2025

കോട്ടയം അതിരൂപതയിലെ ദേവാലയങ്ങളില്‍ കരിമരുന്ന് പ്രകടനം ഒഴിവാക്കും, പ്രസ്തുത തുക കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്

സ്വന്തം ലേഖകന്‍ 16-04-2016 - Saturday

കണ്ണൂര്‍: പൊതു ജനങ്ങളുടെ സ്വത്തിനും ജീവനും നാശനഷ്ടങ്ങള്‍ വരുത്തുന്നതോടൊപ്പം വിവിധ പാരിസ്ഥിതിക പ്രശ്‌നങ്ങളുമുണ്ടാക്കുന്ന കരിമരുന്ന പ്രകടനങ്ങള്‍ കോട്ടയം അതിരൂപതയിലെ ദൈവാലയങ്ങളില്‍ ഒഴിവാക്കുമെന്ന് കോട്ടയം അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ തീരുമാനിച്ചു. അതിരൂപതയിലെ ദൈവാലയങ്ങളിലെ തിരുനാളുകളോടും വിവിധ ആഘോഷങ്ങളോടും ചേര്‍ന്നുള്ള കരിമരുന്ന് ഉപയോഗം ഒഴിവാക്കുവാനും ഈ തുക ജാതി മതഭേദമന്യേ എല്ലാ വിഭാഗം ജനങ്ങള്‍ക്കുമായുള്ള കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുവാനും അതിരൂപതയുടെ മലബാര്‍ റീജിയണല്‍ അജപാലന കേന്ദ്രമായ ശ്രീപുരം ബറുമറിയം പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനമായത്.

യോഗം, കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. മനുഷ്യപ്രവര്‍ത്തനങ്ങളുടെ ഫലമായി ഉണ്ടാകുന്ന വെടിക്കെട്ട് പോലുള്ള ദുരന്തങ്ങള്‍ ഒഴിവാക്കേണ്ടതിനായി എല്ലാ വിഭാഗം ജനങ്ങളും ത്യാഗങ്ങള്‍ക്കും വിട്ടുവീഴ്ചകള്‍ക്കും തയ്യാറാകേണ്ടതാണെന്ന്‍ അദ്ദേഹം പറഞ്ഞു.

കാരുണ്യവര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ദൈവകാരുണ്യത്തിന്റെ സത്ഫലങ്ങള്‍ സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങള്‍ക്കും സംലഭ്യമാക്കുവാന്‍ സഭാതനയര്‍ കരുണയുടെ ഹൃദയകവാടങ്ങള്‍ സഹോദരങ്ങള്‍ക്കായി തുറക്കണമെന്ന് മാര്‍ മാത്യു മൂലക്കാട്ട് ആഹ്വാനം ചെയ്തു. അതിരൂപതയുടെ കാരുണ്യവര്‍ഷ പ്രവര്‍ത്തനങ്ങളായ വിദ്യാഭ്യാസ സഹായ പദ്ധതി, കാരുണ്യദീപം കുടുംബ സഹായ പദ്ധതി, അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങള്‍, പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവ യോഗം വിലയിരുത്തി.

കൂടാതെ ഭവനം നിര്‍മ്മിക്കാന്‍ സ്വന്തമായി സ്ഥലമില്ലാത്തവര്‍ക്ക് ഭൂമി ലഭ്യമാക്കുകയെന്ന മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ നിര്‍ദ്ദേശം യോഗം ഐക്യ കണ്‌ഠേന പാസ്സാക്കി. പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാരായ ഫാ. ബേബി കട്ടിയാങ്കല്‍, ഡോ. ജോസ് ജെയിംസ്, ശ്രീപുരം പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. എബ്രാഹം പറമ്പേട്ട് എന്നിവര്‍ നേതൃത്വം നല്‍കി.

More Archives >>

Page 1 of 4