News

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 8:1-26 | ഭാഗം 18

ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍ 24-01-2026 - Saturday

വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷം എട്ടാം അദ്ധ്യായത്തിലെ നാലായിരം പേരെ തീറ്റിപ്പോറ്റുന്നു, ഫരിസേയരുടെ പുളിമാവ്, ബേത്‌സയ്ദായിലെ അന്ധന്‍, എന്നീ സുവിശേഷ ഭാഗങ്ങളെ കുറിച്ചു വിശുദ്ധ ആഗസ്തീനോസ്, വിശുദ്ധ അപ്രേം, വിശുദ്ധ ജറോം, വിശുദ്ധ ക്രിസോസ്‌തോം, വിശുദ്ധ അംബ്രോസ് എന്നീ സഭാപിതാക്കന്മാര്‍ വിവരിക്കുന്ന സുവിശേഷ ഭാഷ്യമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.

♦️ വചനഭാഗം: നാലായിരം പേരെ തീറ്റിപ്പോറ്റുന്നു- വിശുദ്ധ മര്‍ക്കോസ് 8:1-10 (മത്താ 15,32-39)

1 ആ ദിവസങ്ങളില്‍ വീണ്ടും ഒരു വലിയ ജനാവലി ഒന്നിച്ചുകൂടി. അവര്‍ക്കു ഭക്ഷിക്കാന്‍ ഒന്നുമുണ്ടായിരുന്നില്ല. അവന്‍ ശിഷ്യന്‍മാരെ വിളിച്ചു പറഞ്ഞു: 2 ഈ ജനക്കൂട്ടത്തോട് എനിക്ക് അനുകമ്പ തോന്നുന്നു. ഇവര്‍ മൂന്നു ദിവസമായി എന്നോടു കൂടെയാണ്. അവര്‍ക്കു ഭക്ഷിക്കാന്‍ ഒന്നുമില്ല. 3 അവരെ വിശപ്പോടെ വീട്ടിലേക്കു പറഞ്ഞയച്ചാല്‍ വഴിയില്‍ തളര്‍ന്നുവീണേക്കും. ചിലര്‍ ദൂരെനിന്നു വന്നവരാണ്. 4 ശിഷ്യന്‍മാര്‍ അവനോടു ചോദിച്ചു: ഈ വിജനസ്ഥലത്ത് ഇവര്‍ക്കെല്ലാം അപ്പം കൊടുക്കുന്നതെങ്ങനെ? 5 അവന്‍ ചോദിച്ചു: നിങ്ങളുടെ പക്കല്‍ എത്ര അപ്പമുണ്ട്? ഏഴ് എന്ന് അവര്‍ പറഞ്ഞു. 6 അവന്‍ ജനക്കൂട്ടത്തോടു നിലത്തിരിക്കാന്‍ ആജ്ഞാ പിച്ചു. പിന്നീട്, അവന്‍ ആ ഏഴപ്പം എടുത്ത്, കൃതജ്ഞതാസ്‌തോത്രം ചെയ്ത്, മുറിച്ചു ജനങ്ങള്‍ക്കു വിളമ്പാന്‍ ശിഷ്യന്‍മാരെ ഏല്‍പിച്ചു. അവര്‍ അതു ജനങ്ങള്‍ക്കു വിളമ്പി. 7 കുറെ ചെറിയ മത്‌സ്യങ്ങളും അവരുടെ പക്കലുണ്ടായിരുന്നു. അവന്‍ അവയും ആശീര്‍വദിച്ചു; വിളമ്പാന്‍ ശിഷ്യന്‍മാരെ ഏല്‍പിച്ചു. 8 ജനം ഭക്ഷിച്ചു തൃപ്തരായി. ശേഷിച്ച കഷണങ്ങള്‍ ഏഴു കുട്ട നിറയെ അവര്‍ ശേഖരിച്ചു. 9 ഭക്ഷിച്ച വര്‍ ഏകദേശം നാലായിരം പേരുണ്ടായിരുന്നു. 10 അവന്‍ അവരെ പറഞ്ഞയച്ചതിനു ശേഷം ശിഷ്യന്‍മാരോടൊപ്പം ഒരു വഞ്ചിയില്‍ കയറി ദല്‍മാനൂത്താ പ്രദേശത്തേക്കു പോയി.

***************************************************************

വിശുദ്ധ ആഗസ്തീനോസ്:

ഞാനിപ്പോള്‍ ചെയ്യുന്നതുപോലെ വിശുദ്ധ ലിഖിതങ്ങള്‍ വിശദീകരിക്കുന്നത് അപ്പം മുറിക്കലാണ്. അതിനുവേണ്ടി നിങ്ങള്‍ കൊതിയോടെ കാത്തിരിക്കുകയാണെങ്കില്‍ നിങ്ങള്‍ അത്യുച്ചത്തില്‍ സ്തുതിപാടും (സങ്കീ 138,1). ഈ വിരുന്നുണ്ടു നിങ്ങള്‍ സംതൃപ്തരായശേഷം സല്‍പ്രവൃത്തികളിലും കാരുണ്യപ്രവൃത്തികളിലും അലസരായി നില്‍ക്കുന്നതെന്തുകൊണ്ട്? ഞാന്‍ നിങ്ങള്‍ക്കു വിതരണം ചെയ്യുന്നത്, എന്റെ സ്വന്തം വകയല്ല. ഞാനും ഇതിന്‍മേലാണ് ഉപജീവനം കണ്ടെത്തുന്നത് (Sermons on the New Testament Lessons 45.1).

ഒന്നും നഷ്ടപ്പെടാതെ

നീ വിശപ്പനുഭവിക്കുന്നുണ്ടോ? ആ കുട്ടകളെ സമീപിക്കൂ. എന്തെന്നാല്‍ മിച്ചം വന്ന കഷണങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല. നീയും സഭയുടെ ഭാഗമാണ്. നിന്റെ പ്രയോജനത്തിനുവേണ്ടിക്കൂടിയാണ് അവ ശേഖരിക്കപ്പെട്ടിരിക്കുന്നത് (Sermons on the New Testament Lessons 45.2).

ദല്‍മാനൂത്ത എന്ന ദേശം

മത്തായി വിവരിക്കുന്ന അപ്പത്തിന്റെ അത്ഭുതം മര്‍ക്കോസും വിവരിക്കുന്നുണ്ട്. എന്നാല്‍ ഒരു വ്യത്യാസമുണ്ട്. മത്തായിയുടെ സുവിശേഷത്തിന്റെ ചില ചുരുളുകള്‍ (കയ്യെഴുത്തുപ്രതി)പ്രകാരം സംഭവം നടന്നത് ദല്‍മാനൂത്തായില്‍ വച്ചല്ല; മഗദാന്‍ ദേശത്തുവച്ചാണ് (മത്താ 15,39). എങ്കിലും സംഭവത്തിന്റെ വാസ്തവികതയില്‍ സംശയം വേണ്ട. എന്തെന്നാല്‍ രണ്ടുപേരുകളും ഒരേ സ്ഥലത്തെ സൂചിപ്പിക്കുന്നു. മര്‍ക്കോസിന്റെ സുവിശേഷത്തിന്റെതന്നെയും ഭൂരിഭാഗം കയ്യെഴുത്തുപ്രതികളിലും മഗദാന്‍ എന്ന പേരാണ് നല്‍കപ്പെട്ടിരിക്കുന്നത് (Harmony of the Gospels 2.51).

വിശുദ്ധ അപ്രേം:

ദൈവമേ, ഞാനെന്റെ പ്രിയപ്പെട്ടവരുമൊരുമിച്ച് അവിടെ നിന്റെ ദാനത്തിന്റെ അവസാന ശകലങ്ങളും കണ്ടെത്താന്‍ കനിയണമേ (Hymns on Paradise 9.27,29).

വിശുദ്ധ ജറോം:

നാലായിരം പേര്‍ ഭക്ഷിച്ചതിനുശേഷം മിച്ചം വന്നതിനെക്കാള്‍ കൂടുതല്‍ അയ്യായിരം പേര്‍ ഭക്ഷിച്ചപ്പോള്‍ മിച്ചംവന്നു (മര്‍ക്കോ 8,9; 6,44). നാലായിരംപേര്‍ എണ്ണത്തില്‍ താരതമ്യേന കുറവാണെങ്കിലും വിശ്വാസത്തില്‍ വലുതാണ്. കൂടുതല്‍ വിശ്വാസമുള്ളവര്‍ കൂടുതല്‍ ഭക്ഷിക്കുന്നു. അതിനാല്‍ അല്‍പംമാത്രം മിച്ചംവരുന്നു. തിരുവചനങ്ങളുടെ കട്ടിയുള്ള അപ്പം നമ്മളും ഇനിയുമേറെ ഭക്ഷിച്ചിരുന്നെങ്കില്‍ എന്നു ഞാനാശിക്കുന്നു. പഠിക്കാന്‍ ഏറ്റവും കുറച്ചുമാത്രം അവശേഷിക്കട്ടെ! (Tractates on the Gospel of Mark, Homily 78).

♦️ വചനഭാഗം: ഫരിസേയരുടെ പുളിമാവ്- വിശുദ്ധ മര്‍ക്കോസ് 8:11-21 (മത്താ 16,5-12)

11 ഫരിസേയര്‍ വന്ന് അവനുമായി തര്‍ക്കിക്കാന്‍ തുടങ്ങി. അവര്‍ അവനെ പരീക്ഷിച്ചുകൊണ്ട് സ്വര്‍ഗത്തില്‍നിന്ന് ഒരു അടയാളം ആവശ്യപ്പെട്ടു. 12 അവന്‍ ആത്മാവില്‍ അഗാധമായി നെടുവീര്‍പ്പിട്ടുകൊണ്ടു പറഞ്ഞു: എന്തുകൊണ്ടാണ് ഈ തലമുറ അടയാളം അന്വേഷിക്കുന്നത്? സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഈ തലമുറയ്ക്ക് അടയാളം നല്‍കപ്പെടുകയില്ല. 13 അവന്‍ അവരെ വിട്ട്, വീണ്ടും വഞ്ചിയില്‍ കയറി മറുകരയിലേക്കുപോയി. 14 ശിഷ്യന്‍മാര്‍ അപ്പം എടുക്കാന്‍ മറന്നു പോയിരുന്നു. വഞ്ചിയില്‍ അവരുടെ പക്കല്‍ ഒരപ്പം മാത്രമേ ഉണ്ടായിരുന്നുള്ളു. 15 അവന്‍ മുന്നറിയിപ്പു നല്‍കി: നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍. ഫരിസേയരുടെയും ഹേറോദേസിന്റെയും പുളിപ്പിനെക്കുറിച്ച് കരുതലോടെയിരിക്കുവിന്‍. 16 അവന്‍ ഇങ്ങനെ പറഞ്ഞത്, തങ്ങളുടെ പക്കല്‍ അപ്പം ഇല്ലാത്തതുകൊണ്ടാണെന്ന് അവര്‍ പരസ്പരം പറഞ്ഞു. 17 ഇതു മനസ്‌സിലാക്കിയ ഈശോ അവരോടു പറഞ്ഞു: നിങ്ങള്‍ക്ക് അപ്പമില്ലാത്തതിനെക്കുറിച്ച് എന്തിനു തര്‍ക്കിക്കുന്നു? ഇനിയും നിങ്ങള്‍ മനസ്‌സിലാക്കുകയും ഗ്രഹിക്കുകയും ചെയ്യുന്നില്ലേ? നിങ്ങളുടെ ഹൃദയങ്ങള്‍ മന്ദീഭവിച്ചിരിക്കുന്നുവോ? 18 കണ്ണുണ്ടായിട്ടും നിങ്ങള്‍ കാണുന്നില്ലേ? ചെവിയു ണ്ടായിട്ടും നിങ്ങള്‍ കേള്‍ക്കുന്നില്ലേ? നിങ്ങള്‍ ഓര്‍മിക്കുന്നില്ലേ? 19 അഞ്ചപ്പം ഞാന്‍ അയ്യായിരം പേര്‍ക്കായി ഭാഗിച്ചപ്പോള്‍ ശേഷിച്ച കഷണങ്ങള്‍ നിങ്ങള്‍ എത്ര കുട്ട നിറച്ചെടുത്തു? പന്ത്രണ്ട് എന്ന് അവര്‍ പറഞ്ഞു. 20 ഏഴപ്പം നാലായിരം പേര്‍ക്കു വീതിച്ചപ്പോള്‍ മിച്ചം വന്ന കഷണങ്ങള്‍ നിങ്ങള്‍ എത്ര കുട്ട എടുത്തു? ഏഴ് എന്ന് അവര്‍ മറുപടി പറഞ്ഞു. 21 അവന്‍ ചോദിച്ചു: എന്നിട്ടും നിങ്ങള്‍ ഗ്രഹിക്കുന്നില്ലേ?

***************************************************************

വിശുദ്ധ ക്രിസോസ്‌തോം:

അവര്‍ സ്വര്‍ഗത്തില്‍ നിന്ന് ആവശ്യപ്പെട്ട അടയാളമെന്തായിരുന്നു? അവന്‍ സൂര്യനെ നിശ്ചലമാക്കുമെന്നോ ചന്ദ്രനെ തടഞ്ഞുനിര്‍ത്തുമെന്നോ ഇടിമിന്നലുകളെ വിളിച്ചുവരുത്തുമെന്നോ കാറ്റിന്റെ ദിശ മാറ്റുമെന്നോ ഒക്കെ അവര്‍ പ്രതീക്ഷിച്ചിരിക്കാം. ഫറവോയുടെ കാലത്ത്, ശത്രുവില്‍നിന്നുള്ള വിമോചന പശ്ചാത്തലത്തില്‍ അടയാളങ്ങള്‍ ആവശ്യമായിരുന്നു. ഇവിടെ സ്‌നേഹിതരുടെ ഇടയിലേക്കു കടന്നുവരുമ്പോള്‍ അടയാളങ്ങള്‍ ആവശ്യമില്ല (Gospel of St. Matthew, Homily 53.3).

അവന്‍ അവരെ വിട്ടുപോയി

അപ്പം വര്‍ദ്ധിപ്പിച്ച അത്ഭുതം ജനക്കൂട്ടത്തെ അങ്ങേയറ്റം സ്വാധീനിച്ചതിനാല്‍ അവര്‍ അവനെ പിന്തുടരാന്‍ മാത്രമല്ല, രാജാവാക്കാനും തുനിഞ്ഞു (യോഹ 6,15). രാഷ്ട്രീയാധികാരം കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തിന്റെ നിഴല്‍പോലും വീഴാതിരിക്കാന്‍ ഈശോ അവിടെനിന്നു തിടുക്കത്തില്‍ യാത്രയായി. അവര്‍ പിന്തുടരാതിരിക്കാന്‍ നടന്നല്ല, വഞ്ചിയിലാണ് അവന്‍ യാത്രതിരിച്ചത് (Gospel of St. Matthew, Homily 53.3)..

ഈശോയുടെ മുന്നറിയിപ്പ്

വിശ്വാസം പരിശീലിക്കുന്നതിനായിരുന്നില്ല, മറിച്ച് അവനെ പിടികൂടാനായിരുന്നു ഫരിസേയര്‍ അവനെ അന്വേഷിച്ചത് (Gospel of St. Matthew, Homily 53.3).

മുനവച്ച ശകാരം

അവിടുത്തെ വാക്കുകളിലെ കടുത്ത അതൃപ്തി ശ്രദ്ധിക്കുക. മറ്റൊരിടത്തുംതന്നെ ഈശോ ശിഷ്യന്മാരെ ഇത്ര രൂക്ഷമായി ശാസിക്കുന്നില്ല. ഇവിടെ അങ്ങനെ ചെയ്തത് ശുദ്ധമായ ഭക്ഷണത്തെക്കുറിച്ചുള്ള അവരുടെ മുന്‍വിധി നീക്കാനാണ് (മര്‍ക്കോ 7,19). അലംഭാവമോ ജാഗ്രതയില്ലായ്മയോ ഒരിക്കലും നന്നല്ല. മറ്റൊരിടത്ത് സ്വതന്ത്രമായി സംസാരിക്കാന്‍ ശിഷ്യരെ അനുവദിച്ച അവിടുന്ന് ഇവിടെ അവരെ ശാസിക്കുന്നതു നമ്മള്‍ കാണുന്നു. അപ്പം ഭക്ഷിച്ചവരുടെയും മിച്ചംവന്ന കഷണങ്ങളുടെയും എണ്ണമുള്‍പ്പെടെ എടുത്തു പറയുന്നത് ഭൂതകാലത്തെപ്പറ്റി ഓര്‍മ്മയുള്ളവരും ഭാവിയില്‍ ശ്രദ്ധ യുള്ളവരുമാക്കി അവരെ മാറ്റാനാണ് (Gospel of St. Matthew, Homily 53:4).

♦️ വചനഭാഗം: ബേത്‌സയ്ദായിലെ അന്ധന്‍- വിശുദ്ധ മര്‍ക്കോസ് 8:22-26

22 പിന്നീട് അവന്‍ ബേത്‌സയ്ദായിലെത്തി. കുറെപ്പേര്‍ ഒരു അന്ധനെ അവന്റെ യടുത്തു കൊണ്ടുവന്ന്, അവനെ സ്പര്‍ശിക്കണമെന്ന് ഈശോയോട് അപേക്ഷിച്ചു. 23 അവന്‍ അന്ധനെ കൈയ്ക്കുപിടിച്ച് ഗ്രാമത്തിനു വെളിയിലേക്കു കൊണ്ടുപോയി. അവന്റെ കണ്ണുകളില്‍ തുപ്പിയശേഷം അവന്റെമേല്‍ കൈകള്‍ വച്ചുകൊണ്ടു ചോദിച്ചു: നീ എന്തെങ്കിലും കാണുന്നുണ്ടോ? 24 നോക്കിയിട്ട് അവന്‍ പറഞ്ഞു: ഞാന്‍ മനുഷ്യരെ കാണുന്നുണ്ട്. അവര്‍ മരങ്ങളെപ്പോലിരിക്കുന്നു; നടക്കുന്നതായും കാണുന്നു. 25 വീണ്ടും ഈശോ അവന്റെ കണ്ണുകളില്‍ കൈകള്‍ വച്ചു. അവന്‍ സൂക്ഷിച്ചു നോക്കി; കാഴ്ച തിരിച്ചുകിട്ടുകയും ചെയ്തു. അവന്‍ എല്ലാ വസ്തുക്കളും വ്യക്തമായി കണ്ടു. 26 ഗ്രാമത്തില്‍ പ്രവേശിക്കുകപോലും ചെയ്യരുത് എന്നു പറഞ്ഞ് ഈശോ അവനെ വീട്ടിലേക്ക് അയച്ചു.

***************************************************************

വിശുദ്ധ ജറോം:

പത്രോസ്, അന്ത്രയോസ്, യാക്കോബ്, യോഹന്നാന്‍ എന്നിവരുടെ പട്ടണമായ ബേത്‌സയ്ദായില്‍ അവരെത്തി. ഈ പേരിന്റെ അര്‍ത്ഥം ''മുക്കുവരുടെ ഭവനം'' എന്നാണ്. വാസ്തവത്തില്‍, ഇവിടെനിന്നാണ് ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും വേട്ടയാടുന്നവരും വലവീശുന്നവരും അയയ്ക്കപ്പെട്ടത് (Homily 79).

ഇസ്രായേലിന്റെ അന്ധത ശ്ലീഹന്മാരുടെ മാതൃഗ്രാമത്തില്‍ ത്തന്നെ ഒരന്ധന്‍ ഉണ്ടായിരുന്നുവെന്നതു ശ്രദ്ധിക്കുക. ശ്ലീഹന്മാര്‍ പിറന്നിടത്തുതന്നെ അന്ധത ഉണ്ടായിരുന്നു. അതെ, ഇസ്രായേലാകുന്ന നഷ്ടപ്പെട്ട ഉടമ്പടിജനത്തെയാണ് ഈ അന്ധത പ്രതിനിധീകരിക്കുന്നത് (Homily 79).

പാപത്തിന്റെ ആവരണം

മിശിഹാ അന്ധന്റെ കണ്ണുകളില്‍ കൈവച്ചു. അവന്‍ എല്ലാം തെളിവായിക്കാണുന്നതിനും ദൃശ്യമായവയില്‍നിന്നു അദൃശ്യമായവയെ മനസ്സിലാക്കുന്നതിനുമായിരുന്നു ഇത്. പാപമാകുന്ന ആവരണം നീക്കപ്പെട്ട് ശുദ്ധഹൃദയത്തിന്റെ കണ്ണുകള്‍കൊണ്ട് അവന്‍ ദര്‍ശിച്ചു (ഏശ 6,5; 1 കോറി 2,9) (Tractates on the Gospel of Mark, Homily 5).

വാച്യാര്‍ത്ഥവും ആത്മീയവ്യാഖ്യാനവും

ഈ ഭാഗത്തിന്റെ അക്ഷരാര്‍ത്ഥത്തിലുള്ള ആശയത്തിനു പുറമേ അരൂപിയ്ക്കടുത്ത വ്യാഖ്യാനവും തേടേണ്ടതാണ്. അന്ധനായ ഈ മനുഷ്യന്‍ ബേത്‌സയ്ദാക്കാരനായിരുന്നു. ഈശോ അവനെ ഗ്രാമത്തിനു പുറത്തേക്കു കൊണ്ടുവന്ന് സുഖപ്പെടുത്തിയശേഷം ''നിന്റെ ഭവനത്തിലേക്കു മടങ്ങുക'' എന്നു കല്‍പിച്ചു. ഇത് ബേത്‌സയ്ദായിലേക്കു മടങ്ങുക എന്നതിനു തുല്യമാണ്. എന്നാല്‍ അവിടെത്തന്നെ ''ഗ്രാമത്തിലേക്കു തിരികെപ്പോകരുത്'' എന്നും പറയപ്പെട്ടതായിക്കാണുന്നു.

അതുകൊണ്ടാണ് ഇവിടെ പ്രതീകാര്‍ത്ഥത്തിലുള്ള വ്യാഖ്യാനം ആവശ്യമുണ്ടെന്ന് പറയുന്നത്. അവന്‍ യഹൂദരുടെ ഭവനത്തില്‍ നിന്നും ഗ്രാമത്തില്‍നിന്നും അവരുടെ നിയമത്തില്‍നിന്നും പാരമ്പര്യങ്ങളില്‍നിന്നുമാണ് പുറത്തേക്കു നയിക്കപ്പെടുന്നത്. നിയമത്തിനു സുഖപ്പെടുത്താനാവാത്തതിനെ സുവിശേഷത്തിന്റെ കൃപ സൗഖ്യമാക്കി. അതിനാല്‍ നിന്റെ ഭവനത്തിലേക്കു മടങ്ങുക'' എന്നതിന്റെ അര്‍ത്ഥം, നിങ്ങള്‍ കരുതുന്നതുപോലെ, അവനിറങ്ങിപ്പോന്ന ഭവനത്തിലേക്കു തിരികെപ്പോകുക എന്നല്ല. മറിച്ച് വിശ്വാസികളുടെ പിതാവായ അബ്രാഹം വസിക്കുന്നതും എല്ലാ വിശ്വാസികളുടേതുമായ ഭവനത്തിലേക്കു മടങ്ങാനാണ് അന്ധനോട് ആവശ്യപ്പെട്ടത് (പുറ 4,5; റോമാ 4,3; ഗലാ 3,6; യാക്കോ 2,23) (Homily 79).

വിശുദ്ധ അംബ്രോസ്:

നിന്റെമേല്‍ അവിടുന്ന് ചെളിപൂശി. അതായത് അടക്കം, വിവേകം, നിന്റെ നിസ്സാരതയെക്കുറിച്ചുള്ള അവബോധം എന്നിവ നിന്റെമേല്‍ അവിടുന്നു പതിപ്പിച്ചു. നീ പോയി കഴുകി. നീ അള്‍ത്താരയിങ്കലേക്കു വരുകയും ഇതുവരെ കണ്ടിട്ടില്ലാത്ത കാര്യങ്ങള്‍ കാണാനാരംഭിക്കുകയും ചെയ്തു. അതായത്, കര്‍ത്താവിന്റെ നീര്‍ച്ചാല്‍ വഴിയും അവന്റെ പീഡാസഹനത്തിന്റെ പ്രഘോഷണംവഴിയും നിന്റെ കണ്ണുകള്‍ തുറക്കപ്പെട്ടു. മുമ്പ് ഹൃദയാന്ധത ബാധിച്ചിരുന്നവനായ നീ ദിവ്യരഹസ്യങ്ങളുടെ വെളിച്ചം ദര്‍ശിച്ചു (The Sacraments 3.15).

---------********* (....തുടരും).

▛ ** സുവിശേഷ ഭാഗങ്ങളെ കുറിച്ചുള്ള സഭാപിതാക്കന്മാരുടെ വിശദീകരണം 'പ്രവാചകശബ്ദ'ത്തിൽ | ലേഖനപരമ്പര മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകളിൽ.

(കടപ്പാട്. ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍).

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | സ്നാപകന്റെ പ്രഭാഷണം | വിശുദ്ധ മര്‍ക്കോസ് | ഭാഗം 01 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് | ഭാഗം 02 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 12-20 | ഭാഗം 03 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 21-34 | ഭാഗം 04 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 35-45 | ഭാഗം 05 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 1-12 | ഭാഗം 06 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 13-22 | ഭാഗം 07 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 23-28, 3;1-6 | ഭാഗം 08 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 7-30 | ഭാഗം 09 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 31-35; 4:1-20 | ഭാഗം 10 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 4: 21-34 | ഭാഗം 11 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 4: 35-41 | ഭാഗം 12 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 5: 1-43 | ഭാഗം 13 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 1-13 | ഭാഗം 14 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 14-44 | ഭാഗം 15 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 45-56, 7:1-13 | ഭാഗം 16 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 7:13-37 | ഭാഗം 17 ‍

⧪⧪⧪⧪⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍ ⧪⧪⧪⧪⧪



More Archives >>

Page 1 of 1160