News - 2026
ഈസ്റ്ററിനോട് അനുബന്ധിച്ച് ഫ്രാൻസിൽ 21,386 പേര്‍ കത്തോലിക്ക വിശ്വാസം സ്വീകരിക്കും
പ്രവാചകശബ്ദം 28-03-2026 - Saturday
പാരീസ്: വരുന്ന ഈസ്റ്ററിനു ഫ്രാൻസിൽ കത്തോലിക്ക വിശ്വാസം സ്വീകരിക്കാന്‍ ഒരുങ്ങുന്നത് ഇരുപതിനായിരത്തിലധികം പേര്‍. എണ്ണായിരത്തോളം കൗമാരക്കാരും പതിമൂവായിരത്തിലധികം മുതിർന്നവരും ജ്ഞാനസ്നാനം സ്വീകരിക്കുമെന്ന് ഫ്രഞ്ച് മെത്രാന്‍ സമിതി മാർച്ച് 25ന് പുറത്തിറക്കിയ പ്രസ്താവനയിലൂടെ പ്രഖ്യാപിച്ചു. ജ്ഞാനസ്നാനം സ്വീകരിക്കാന്‍ റെക്കോര്‍ഡ് എണ്ണത്തിലുള്ള ആളുകളാണ് തയാറെടുക്കുന്നതെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഏപ്രിൽ 4ന് നടക്കുന്ന ഈസ്റ്റർ വിജിലിനിടെ, മുതിർന്നവരും കൗമാരക്കാരും ഉള്‍പ്പെടെ 21,386 പേര്‍ കത്തോലിക്ക വിശ്വാസം സ്വീകരിക്കുമെന്നാണ് കണക്ക്.
ഈ വർഷം തന്റെ രൂപതയിൽ മാമോദീസ സ്വീകരിക്കാനുള്ള അപേക്ഷയുമായി അഞ്ഞൂറോളം പേരുടെ കത്തുകൾ ലഭിച്ചുവെന്നും നഷ്ട ബോധത്തിന്റെയും ആന്തരിക ശൂന്യതയുടെയും പ്രതിഫലനമാണ് ഈ കത്തുകളില്‍ കാണുന്നതെന്നും ലിയോണിലെ ആർച്ച് ബിഷപ്പ് ഡി ജെർമെയ് പറഞ്ഞു. കഴിഞ്ഞ വർഷം 17,788 പേർ ഈസ്റ്റര്‍ വിജിലിനോട് അനുബന്ധിച്ച് ജ്ഞാനസ്നാനം സ്വീകരിച്ചിരിന്നു. അഞ്ച് വർഷം മുമ്പ്, 2021ൽ ഈ സംഖ്യ 4895 മാത്രമായിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ നാലിരട്ടി വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കത്തോലിക്ക വിശ്വാസം സ്വീകരിക്കാന്‍ ഒരുങ്ങുന്ന മുതിർന്നവരുടെയും കൗമാരക്കാരുടെയും എണ്ണം ഒരുപോലെ വര്‍ദ്ധിക്കുന്നുണ്ടെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
മുതിര്‍ന്നവരുടെ എണ്ണത്തില്‍ ഒരു ദശാബ്ദത്തിനുള്ളിൽ മൂന്നിരട്ടിയിലധികം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2016-ൽ 4124 പേര്‍ ജ്ഞാനസ്നാനം സ്വീകരിച്ചപ്പോള്‍ ഈ വർഷം 13,234 ആയി ഉയർന്നു. അതേസമയം, കൗമാരക്കാരുടെ എണ്ണവും കുതിച്ചുയരുന്നുണ്ട്. 2017-ൽ 1385 കൗമാരക്കാർ മാത്രമാണ് ജ്ഞാനസ്നാനത്തിന് പരിശീലനം നേടിയത്. ഈ വർഷം സംഖ്യ 8152 ആയിട്ടാണ് ഉയർന്നിരിക്കുന്നത്. ഈസ്റ്റര്‍ വിജിലിന് ഒരാഴ്ച മാത്രം ശേഷിക്കേ വിശ്വാസ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഫ്രാന്‍സിലെ ജ്ഞാനസ്നാന അര്‍ത്ഥികള്‍.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















