News
പാഷന് ഓഫ് ദ ക്രൈസ്റ്റ് സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
പ്രവാചകശബ്ദം 22-05-2026 - Friday
റോം: ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'പാഷന് ഓഫ് ദ ക്രൈസ്റ്റ്' സിനിമയുടെ രണ്ടാം ഭാഗം 'ദ റിസറക്ഷന് ഓഫ് ക്രൈസ്റ്റ്' ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിന്റെ സംവിധായകനായ മെൽ ഗിബ്സനാണ് സിനിമയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്. മനുഷ്യ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥയെന്നാണ് സംവിധായകന് സിനിമയെ വിശേഷിപ്പിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. മലമ്പ്രദേശത്ത് യേശു ശിഷ്യന്മാരുടെ ഇടയിൽ നടക്കുന്ന ചിത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്.
രണ്ടുഭാഗങ്ങളായിട്ടായിരിക്കും ചിത്രം റിലീസിനെത്തുകയെന്നു മെൽ ഗിബ്സണ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിലെ ആദ്യഭാഗം അടുത്തവർഷം മെയ് 6നും, രണ്ടാം ഭാഗം 2028 മെയ് 25നും തിയേറ്ററുകളിൽ എത്തും. രണ്ട് റിലീസ് തീയതികളും യേശുവിന്റെ സ്വർഗ്ഗാരോഹണ തിരുനാളായി ആചരിക്കുന്ന ദിവസങ്ങളാണെന്നത് ശ്രദ്ധേയമാണ്. താൻ സങ്കൽപ്പിച്ചതുപോലെ തന്നെ കൃത്യമായി വിധത്തില്‍ സിനിമ സ്ക്രീനിൽ കൊണ്ടുവരാൻ തനിക്ക് കഴിഞ്ഞുവെന്ന് ഗിബ്സൺ പറഞ്ഞു. അതേസമയം റോം, മറ്റെര, ബാരി, ബ്രിൻഡിസി, ഗിനോസ, ക്രാക്കോ എന്നിവയുൾപ്പെടെ വിവിധ ഇറ്റാലിയൻ നഗരങ്ങളിലായി 134 ദിവസത്തെ ഷൂട്ടിംഗിന് ശേഷം ചിത്രീകരണം പൂർത്തിയായെന്നാണ് പുറത്തുവരുന്ന വിവരം.
THE RESURRECTION OF THE CHRIST: PART ONE - coming to theaters May 6, 2027. pic.twitter.com/eFXZu8qxzt
— The Resurrection of The Christ (@ResurrectFilm) May 21, 2026
2004-ല്‍ പുറത്തിറങ്ങി ലോകമെമ്പാടും ശ്രദ്ധ നേടിയ ‘പാഷന് ഓഫ് ക്രൈസ്റ്റ്’ ചിത്രം സിനിമാ ചരിത്രത്തിലെ നാഴികകല്ലായിരുന്നു. 30 ദശലക്ഷം ഡോളര്‍ ചിലവില്‍ നിര്‍മ്മിച്ച സിനിമ ആഗോള തലത്തില്‍ 611 ദശലക്ഷം ഡോളറാണ് വാരികൂട്ടിയത്. 370.8 ദശലക്ഷം ഡോളറിന്റെ കളക്ഷനുമായി വടക്കേ അമേരിക്കയില്‍ ആര് റേറ്റഡ് ചിത്രങ്ങളില്‍ ഏറ്റവും വലിയ തുക സ്വന്തമാക്കിയ ചിത്രം കൂടിയാണ് ‘പാഷന് ഓഫ് ക്രൈസ്റ്റ്’. യേശുക്രിസ്തുവിന്റെ പീഡാസഹനവും കുരിശുമരണവും ആദ്യ ചിത്രത്തില്‍ പ്രമേയമായപ്പോള്‍ രണ്ടാം ഭാഗത്ത് കുരിശുമരണത്തിന് ശേഷമുള്ള സംഭവവികാസങ്ങളും, യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പുമാണ് പുതിയ ചിത്രത്തിൽ മെൽ ഗിബ്സൺ ഒരുക്കുന്നത്.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️


















