News - 2026
ദേശീയ സമ്മേളനത്തില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം പങ്കുചേര്‍ന്ന് രണ്ടായിരത്തിലധികം അമേരിക്കൻ കത്തോലിക്ക സ്കൗട്ടുകൾ
പ്രവാചകശബ്ദം 03-08-2026 - Monday
വെസ്റ്റ് വിർജീനിയ: അമേരിക്കയിലെ വെസ്റ്റ് വിർജീനിയയിലെ സമ്മിറ്റ് ബെക്റ്റൽ റിസർവിൽ നടന്ന ദേശീയ സമ്മേളനത്തില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം പങ്കുചേര്‍ന്ന് രണ്ടായിരത്തിലധികം കത്തോലിക്ക സ്കൗട്ടുകൾ. അമേരിക്കയിലെ ഏറ്റവും വലിയ യുവജന സ്കൗട്ടിംഗ് സംഗമങ്ങളിലൊന്നായ നാഷണൽ ജാംബറിയിൽ സാഹസിക പരിശീലനങ്ങൾ, നേതൃത്വപരിശീലനം, സേവനപ്രവർത്തനങ്ങൾ എന്നിവയ്ക്കൊപ്പം ആത്മീയ പരിപാടികൾക്കും പ്രത്യേക സ്ഥാനമുണ്ടായിരിന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ യുവ സ്കൗട്ടുകൾ തങ്ങളുടെ വിശ്വാസവും സേവന മനോഭാവവും ഒരുപോലെ പങ്കുവെച്ച ആത്മീയ സംഗമത്തിൽ വിശുദ്ധ കുർബാന അര്‍പ്പണത്തില്‍ മെത്രാന്മാരും കാര്‍മ്മികരായി. അമേരിക്കൻ സൈനിക രൂപതയുടെ സഹായമെത്രാനായ ബിഷപ്പ് നീൽ ജെ. ബകൺ വിശുദ്ധ കുര്‍ബാനയില്‍ മുഖ്യകാര്‍മ്മികനായി. വിശുദ്ധ കുർബാനയിൽ നൂറുകണക്കിന് വൈദികരും ഡീക്കൻമാരും മതബോധകരും പങ്കെടുത്തിരിന്നു.
സ്കൗട്ടിംഗ് ഒരു സാഹസിക ഉദ്യമം മാത്രമല്ല, ക്രിസ്തുവിനെ അനുഗമിക്കുന്ന ശിഷ്യരായി വളരാനുള്ള പരിശീലനവേദിയാണെന്നും, ധൈര്യവും വിശ്വാസവും സേവനസന്നദ്ധതയും ജീവിതത്തിൽ വളർത്തിയെടുക്കുവാന്‍ താത്പര്യം കാണിക്കണമെന്നും മെത്രാന് സന്ദേശത്തില്‍ പറഞ്ഞു. അമേരിക്കയിലെ 70 ശതമാനത്തോളം സ്കൗട്ടിംഗ് യൂണിറ്റുകളും കത്തോലിക്ക സഭയുടെ ഉള്‍പ്പെടെ വിവിധ മതസ്ഥാപനങ്ങളുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. ദൈവത്തോടും രാജ്യത്തോടുമുള്ള കടമകൾ സത്യസന്ധമായി നിർവഹിക്കും എന്ന സ്കൗട്ട് പ്രതിജ്ഞ മുൻനിർത്തി, വിശ്വാസത്തിന് സംഘടന നൽകുന്ന പ്രാധാന്യത്തെക്കുറിച്ച് സംഘാടകർ പരിപാടിയ്ക്കിടെ ഓർമ്മിപ്പിച്ചിരിന്നു.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️

















