News
കുരിശു മരണമല്ല, ഉത്ഥാനമാണ് അവസാന വാക്ക് എന്ന വിശ്വാസത്തിലാണ് തങ്ങൾ മുന്നോട്ട് പോകുന്നത്: ഫാ. ഗബ്രിയേലെ റൊമാനെല്ലി
പ്രവാചകശബ്ദം 26-08-2026 - Wednesday
റിമിനി: കുരിശു മരണമല്ല, ഉത്ഥാനമാണ് അവസാന വാക്ക് എന്ന വിശ്വാസത്തിലാണ് തങ്ങൾ മുന്നോട്ട് പോകുന്നതെന്നും ഗാസയിലെ യാഥാർത്ഥ്യം ഇന്നും ഭീകരമായി തുടരുകയാണെന്നും ഗാസയിലെ ഏക കത്തോലിക്ക ദേവാലയമായ ഹോളി ഫാമിലി ഇടവകയുടെ വികാരി ഫാ. ഗബ്രിയേലെ റൊമാനെല്ലി. ഇറ്റലിയിലെ റിമിനിയിൽ നടന്നുവരുന്ന നാല്പത്തിയേഴാമത് 'ജനതകളുടെ സൗഹൃദത്തി'നായുള്ള സമ്മേളനത്തിൽ വീഡിയോ കോൺഫറൻസിൽ സംസാരിക്കവേയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഇസ്രയേലും ഹമാസും തമ്മിൽ യുദ്ധം തുടങ്ങിയ ആദ്യ ദിനം മുതൽ ഏറെ ദുരിതമനുഭവിക്കുന്ന ഗാസയിലെ ജനതയുടെ അവസ്ഥകൾ ഇന്നും മാറ്റമില്ലാതെ തുടരുകകയാണ്. നിർഭാഗ്യവശാൽ ഈ സാഹചര്യങ്ങൾ, ഇന്ന് മാധ്യമ ശ്രദ്ധയിൽ നിന്നും അപ്രത്യക്ഷമായിരിക്കുകയാണ്. ശുദ്ധജല ദൗർലഭ്യത ഇന്ന് ജനതയെ ഏറെ ദുരിതത്തിൽ ആഴ്ത്തിയിരിക്കുന്നു. പള്ളിയിലെ ജലസംഭരണിയിൽ നിന്ന് നാനൂറോളം കുടുംബങ്ങൾക്ക് വെള്ളം നൽകുന്നുണ്ടെങ്കിലും അത് പമ്പ് ചെയ്യാനുള്ള ഇന്ധനത്തിന് വളരെ ഉയർന്ന തുക നൽകേണ്ട സ്ഥിതിയാണ് നിലനിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഓരോ ദിവസവും വൈകുന്തോറും അവിടുത്തെ സാഹചര്യം കൂടുതൽ വഷളാകുകയാണ്. മിക്കവാറും ആളുകൾ തെരുവുകളിലും ടെന്റുകളിലുമാണ് കഴിയുന്നത്. അഴുക്കുചാൽ വെള്ളം കലർന്ന മണലിലാണ് പലരുടെയും വാസം. ഭിന്നശേഷിക്കാർക്കും കുട്ടികൾക്കും അശരണർക്കും വേണ്ടി അവിടുത്തെ വൈദികരും, സന്യസ്തരും നിലക്കൊള്ളുന്നു. അതിനാൽ അവർക്കാർക്കും അവിടം വിട്ടു പോകുവാൻ സാധിക്കില്ല. കണ്ണുനീർ അടക്കിപ്പിടിച്ച് ജനങ്ങളെ സ്നേഹിക്കുക എന്ന ദൗത്യമാണ് തങ്ങൾ ഇപ്പോൾ നിർവഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കുരിശുമരണമല്ല, ഉത്ഥാനമാണ് അവസാന വാക്ക് എന്ന വിശ്വാസത്തിലാണ് തങ്ങൾ മുന്നോട്ട് പോകുന്നതെന്നും, സമാധാനം സാധ്യമാണെന്നും അത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. ഇരുപക്ഷത്തും നിരപരാധികളായ മനുഷ്യർ കൊല്ലപ്പെടുന്നത് അങ്ങേയറ്റം വേദനാജനകമാണെന്നും, "യുദ്ധം മതിയാക്കൂ!" എന്ന് ഉറക്കെ വിളിച്ചുപറയാനും നീതിയെക്കുറിച്ച് സംസാരിക്കാനും ലോകത്തോടുള്ള അഭ്യർത്ഥനയോടെയുമാണ് അദ്ദേഹം തന്റെ വാക്കുകൾ ഉപസംഹരിച്ചത്.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















