News - 2026

മഴയെ അവഗണിച്ച് അര്‍ജന്റീനിയയിലെ മരിയന്‍ തീർത്ഥാടനത്തിൽ അണിനിരന്നത് 27 ലക്ഷം വിശ്വാസികള്‍

പ്രവാചകശബ്ദം 06-10-2026 - Tuesday

ബ്യൂണസ് അയേഴ്സ്: പ്രതികൂല കാലാവസ്ഥയെയും കനത്ത മഴയെയും അവഗണിച്ച് അർജന്റീനയിലെ പ്രശസ്തമായ ലൂഹാൻ മരിയന്‍ ബസിലിക്കയിലേക്ക് നടന്ന വാർഷിക യുവജന തീർത്ഥാടനത്തിൽ ചരിത്ര റെക്കോർഡ് കുറിച്ച് വിശ്വാസിസമൂഹം. 52-ാമത് ലൂഹാൻ യുവജന തീർത്ഥാടനത്തിൽ 27 ലക്ഷത്തിലധികം ആളുകൾ പങ്കെടുത്തതായി ബ്യൂണസ് അയേഴ്സ് പ്രവിശ്യാ സുരക്ഷാ മന്ത്രാലയം അറിയിച്ചു. ഒക്ടോബർ 3 ശനിയാഴ്ച രാവിലെ 10 മണിക്ക് തലസ്ഥാനത്തെ സാൻ കയെത്താനോ ഡി ലിനിയേഴ്സ് തീർത്ഥാടന കേന്ദ്രത്തിൽ നിന്നാണ് പ്രധാന പദയാത്ര ആരംഭിച്ചത്.

ലോമാസ് ഡി സമോറ രൂപതയിൽ നിന്നുള്ള പ്രതിനിധി സംഘമാണ് തിരുസ്വരൂപം വഹിച്ചത്. ബ്യൂണസ് ഐറീസ് ആർച്ച് ബിഷപ്പ് മോൺസിഞ്ഞോർ ജോർജ് ഗാർസിയ കുവെർവ, ലാ പ്ലാറ്റ ആർച്ച് ബിഷപ്പ് മോൺസിഞ്ഞോർ ഗുസ്താവോ കറാറ എന്നിവരും തീർത്ഥാടകർക്കൊപ്പം കാൽനടയായി യാത്രയിൽ പങ്കുചേർന്നു. "അമ്മേ, നിന്റെ ആലിംഗനത്തിൽ ഞങ്ങൾ പരസ്പരം സഹോദരങ്ങളായി തിരിച്ചറിയുന്നു" എന്നതായിരുന്നു ഈ വർഷത്തെ തീർത്ഥാടനത്തിന്റെ ആപ്തവാക്യം.





ലിനിയേഴ്സിൽ നിന്ന് ലൂഹാൻ ബസിലിക്കയിലേക്കുള്ള 60-ലധികം കിലോമീറ്റർ ദൂരം മഴക്കോട്ട് ധരിച്ചും താല്ക്കാലിക സംവിധാനങ്ങൾ ഒരുക്കിയുമാണ് തീർത്ഥാടകർ നടന്നു നീങ്ങിയത്. പ്രാർത്ഥനകളും ഗാനങ്ങളുമായി മുന്നേറിയ തീർത്ഥാടകർക്ക് വിവിധ ഇടവകകളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ ഭക്ഷണവും മറ്റുമായി പിന്തുണ നല്‍കിയിരിന്നു. നവംബർ 8-ന് രാജ്യം സന്ദർശിക്കാനിരിക്കുന്ന ലെയോ പതിനാലാമൻ മാർപാപ്പയെ സ്വീകരിക്കാന്‍ കൂടി ഒരുങ്ങുകയാണ് നഗരം. ♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »