India - 2025
സഭയുടെ ലക്ഷ്യം സമൂഹത്തിന്റെ ഐക്യവും സമാധാനവും: കര്‍ദിനാള്‍ ആലഞ്ചേരി
സ്വന്തം ലേഖകന്‍ 25-06-2017 - Sunday
ഏറ്റുമാനൂർ: സമൂഹത്തിന്റെ ഐക്യവും സമാധാനവുമാണു സഭയുടെ ലക്ഷ്യമെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. വിസിറ്റേഷൻ സന്യാസിനീ സമൂഹത്തിന്റെ ശതോത്തര രജതജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിസിറ്റേഷൻ സന്യാസിനീ സമൂഹം ഈ ലക്ഷ്യത്തോടെയാണു പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്രൈസ്തവ സാക്ഷ്യത്തിന്റെ വ്യത്യസ്ത മുഖങ്ങൾ വിസിറ്റേഷൻ സമൂഹത്തിന്റെ പ്രവർത്തനങ്ങളിലുണ്ട്. വിദ്യാഭ്യാസം, ആതുരശുശ്രൂഷ, കാരുണ്യ പ്രവർത്തനം, സാമൂഹ്യക്ഷേമം എന്നിങ്ങനെ അവർ സാക്ഷ്യം നൽകുന്നു. ദൈവം ഒപ്പമുള്ളതു കൊണ്ടാണു വലിയ കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നതെന്നും മാർ ആലഞ്ചേരി പറഞ്ഞു. നാഗ്പുർ ആർച്ച്ബിഷപ് മാർ ഏബ്രഹാം വിരുത്തിക്കുളങ്ങര അനുഗ്രഹ പ്രഭാഷണം നടത്തി. ജസ്റ്റീസ് സിറിയക് ജോസഫ് ഡോക്യുമെന്ററി പ്രകാശനംചെയ്തു.
സുവനീറിന്റെ പ്രകാശനം കൈപ്പുഴ ഫൊറോനാ വികാരി ഫാ.മാത്യു കുഴിപ്പിള്ളിൽ നിർവഹിച്ചു. കെ.സുരേഷ് കുറുപ്പ് എംഎൽഎ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, അതിരൂപത പ്രസ്ബിറ്ററൽ കൗണ്‍സിൽ സെക്രട്ടറി ഫാ.തോമസ് ആനിമൂട്ടിൽ, ഒഎസ്എച്ച് സുപ്പീരിയർ ജനറാൾ ഫാ.കുര്യൻ തട്ടാർകുന്നേൽ, എസ്ജെസി സുപ്പീരിയർ ജനറാൾ സിസ്റ്റർ സൗമി, കെസിഡബ്ല്യുഎ പ്രസിഡന്റ് ഡെയ്സി കുര്യൻ എന്നിവർ പ്രസംഗിച്ചു.
ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ടിന്റെ മുഖ്യ കാർമികത്വത്തിൽ അർപ്പിച്ച വിശുദ്ധ കുർബാനയെ തുടർന്നായിരുന്നു സമ്മേളനം. വൃക്ഷത്തൈകൾ നൽകി സമ്മേളനത്തിലേക്കു സ്വാഗതം ചെയ്തതു പുതുമയായി. സമ്മേളനത്തിൽ സുപ്പീരിയർ ജനറാൾ സ്വാഗതം ആശംസിക്കുമ്പോൾ പൂക്കൾക്കു പകരം ചെടിച്ചട്ടിയിൽ ഓരോ റാംബൂട്ടാൻ തൈകളാണു നൽകിയത്.