India - 2025
സഭ ശക്തമാകണമെങ്കില്‍ അല്മായ സഹകരണം ശക്തമാക്കണം: കര്‍ദിനാള്‍ ആലഞ്ചേരി
സ്വന്തം ലേഖകന്‍ 21-06-2017 - Wednesday
പാലാ: സഭ ശക്തമാകണമെങ്കിൽ അല്മായ സഹകരണം ശക്തമാക്കണമെന്ന് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. പാലാ രൂപതയുടെ പന്ത്രണ്ടാമത് പാസ്റ്ററൽ കൗണ്‍സിലിന്റെയും പ്രസ്ബിറ്ററൽ കൗണ്‍സിലിന്റെയും സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കർദിനാൾ. മറ്റു സമൂഹങ്ങൾക്കും സാംസ്കാരിക പ്രസ്ഥാനങ്ങൾക്കും സഭയുടെ കൗണ്‍സിലുകൾ മാതൃകയാവണമെന്നു കർദിനാൾ കൂട്ടിചേര്‍ത്തു.
ധൂർത്ത് ജീവിതത്തിന്റെമേൽ പിടിമുറുക്കാതെ ജാഗ്രത പുലർത്തണം. സഭയിലുള്ളതെല്ലാം ശുശ്രൂഷയാണ്. ഓരോ ശുശ്രൂഷയിലുളളവർക്കും അർഹമായ ആദരവും പ്രോത്സാഹനവും നൽകണം. പങ്കുവയ്ക്കാത്ത സഭ വെറും നിഴലുമാത്രമാണ്. സഭ ശക്തമാകണമെങ്കിൽ അല്മായ സഹകരണം ശക്തമാക്കണം. കത്തോലിക്കാ കോണ്‍ഗ്രസ് സഭയുടെ സാമൂഹിക ശക്തിയായി നിലകൊള്ളണം. സഭയുടെ എല്ലാ സംരംഭങ്ങളിലും സ്ഥാപനങ്ങളിലും പങ്കാളിത്ത സ്വഭാവം വർധിപ്പിക്കണമെന്നും കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു.
അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന സമ്മേളനത്തിൽ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷതവഹിച്ചു. സിയാൽ എംഡി. വി.ജെ.കുര്യൻ മുഖ്യാതിഥിയായിരുന്നു. പാലാ രൂപതാ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ, ബിഷപ് മാർ ജോസഫ് പള്ളിക്കാപറന്പിൽ, മോൺ. ജോസഫ് കുഴിഞ്ഞാലിൽ, റവ.ഡോ. ജോർജ് ഞാറക്കുന്നേൽ, ഡോ. സിറിയക് തോമസ്, പ്രഫ. ഫിലോമിന ജോസ്, സിജു സെബാസ്റ്റ്യൻ, ഫാ. ജോസ് കാക്കല്ലിൽ, ഫാ. കുര്യൻ മറ്റം എന്നിവർ പ്രസംഗിച്ചു.