India - 2025
കുട്ടിക്കൂട്ടം പരിശീലന പരിപാടിക്കെതിരെ കത്തോലിക്ക കോണ്‍ഗ്രസ്
സ്വന്തം ലേഖകന്‍ 18-06-2017 - Sunday
കോട്ടയം: സംസ്ഥാന ഐടി അറ്റ് സ്കൂളിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന കുട്ടിക്കൂട്ടം പരിശീലന പരിപാടികൾക്ക് ഞായറാഴ്ച ദിവസങ്ങളിൽ കുട്ടികൾ സ്കൂളിലെത്തണമെന്ന വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പ്രതിഷേധാർഹമാണെന്ന് കത്തോലിക്കാ കോൺഗ്രസ് സംസ്ഥാന സമിതി.
കേരളത്തിൽ കൈസ്തവ അധ്യാപകരും വിദ്യാർഥികളും ഞായറാഴ്ച ദിവസങ്ങളിലാണ് തങ്ങളുടെ മതബോധന ക്ലാസുകൾ സംഘടിപ്പിക്കുന്നത്. തൃശൂർ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവു പ്രകാരം ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ട കുട്ടികൾക്ക് തങ്ങളുടെ മതപരമായ അനുഷ്ഠാനങ്ങളിൽ പങ്കെടുക്കാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. പ്രസിഡന്റ് വി.വി. അഗസ്റ്റിന്റെ അധ്യക്ഷതയിൽ ചേർന്ന കത്തോലിക്കാ കോൺഗ്രസ് യോഗത്തിലാണ് ഇക്കാര്യം ഉയര്‍ന്നത്.
ക്ഷേമകാര്യാലയത്തിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ബിജു പറയന്നിലം, ജോസുകുട്ടി മാടപ്പള്ളി, ടോണി ജോസഫ്, സ്റ്റീഫൻ ജോർജ്, സാജു അലക്സ്, ഡേവിസ് പുത്തൂർ, ബേബി പെരുമാലി, സൈബി അക്കര, ഡേവിസ് തുളുവത്ത്, സെബാസ്റ്റ്യൻ വടശേരി, രാജീവ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.