India - 2025

മോണ്‍. ജോണ്‍ കൊച്ചുതുണ്ടിലിനു റമ്പാന്‍ സ്ഥാനം നല്‍കി

സ്വന്തം ലേഖകന്‍ 20-08-2017 - Sunday

പത്തനംതിട്ട: മലങ്കര കത്തോലിക്കാ സഭയുടെ ആസ്ഥാന കാര്യാലയത്തിലെ കൂരിയ ബിഷപ്പായി നിയമിതനായ മോണ്‍. ജോണ്‍ കൊച്ചുതുണ്ടിലിനു മെത്രാഭിഷേകത്തിന്റെ മുന്നോടിയായി റമ്പാന്‍ സ്ഥാനം നല്‍കി. അടൂര്‍ പുതുശേരിഭാഗം സെന്റ് ജോണ്‍സ് ദേവാലയത്തില്‍ നടന്ന ശുശ്രൂഷകള്‍ക്ക് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാര്‍മികത്വം വഹിച്ചു.

പത്തനംതിട്ട രൂപതാധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, മാവേലിക്കര രൂപതാധ്യക്ഷന്‍ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ബത്തേരി രൂപതാധ്യക്ഷന്‍ ജോസഫ് മാര്‍ തോമസ്, തിരുവനന്തപുരം മേജര്‍ അതിരൂപത സഹായ മെത്രാന്‍ സാമുവേല്‍ മാര്‍ ഐറേനിയോസ് എന്നിവര്‍ ശുശ്രൂഷകളില്‍ സഹകാര്‍മികരായിരുന്നു.

വിശുദ്ധ കുര്‍ബാന മധ്യേയാണു 'യൂഹാനോന്‍' എന്ന പേരില്‍ മോണ്‍. ജോണ്‍ കൊച്ചുതുണ്ടിലിനു റമ്പാന്‍ സ്ഥാനം നല്‍കിയത്. പൂര്‍ണസന്ന്യാസ പട്ടത്തിന്റെ പ്രതീകമായി സ്ഥാനവസ്ത്രവും മസ്‌നപ്‌സായും (ശിരോവസ്ത്രം) അരക്കെട്ടും ധരിപ്പിച്ചു മുഖ്യകാര്‍മികന്‍ അഭിനവ റമ്പാന്റെ പാദങ്ങള്‍ കഴുകി ചെരിപ്പ് അണിയിക്കുകയും തോളില്‍ വഹിക്കാന്‍ മരക്കുരിശും കഴുത്തിലണിയാന്‍ കുരിശുമാലയും നല്‍കിയതോടെയുമാണു ശുശ്രൂഷകള്‍ അവസാനിച്ചത്.

വികാരി ജനറാള്‍മാരായ മോണ്‍. ദാനിയേല്‍ മാണിക്കുളം (ഗുഡ്ഗാവ്), മോണ്‍. മാത്യു മനക്കരക്കാവില്‍ (തിരുവനന്തപുരം), മോണ്‍. ജോണ്‍ തുണ്ടിയത്ത് (പത്തനംതിട്ട),മോണ്‍. എസ്. വര്‍ഗീസ് (മാര്‍ത്താണ്ഡം), മേജര്‍ സെമിനാരി റെക്ടര്‍ റവ. ഡോ. കുര്യാക്കോസ് തടത്തില്‍, റവ. ഗീവര്‍ഗീസ് മണ്ണിക്കരോട്ട് കോര്‍ എപ്പിസ്‌കോപ്പ, റവ. ജോണ്‍ പുത്തന്‍വിളയില്‍ കോര്‍ എപ്പിസ്‌കോപ്പ, റവ. ജോസ് ചാമക്കാലായില്‍ കോര്‍ എപ്പിസ്‌കോപ്പ തുടങ്ങിയവരും ശുശ്രൂഷകളില്‍ സഹകാര്‍മികരായിരുന്നു.

സെപ്റ്റംബര്‍ 21ന് അടൂര്‍ മാര്‍ ഈവാനിയോസ് നഗറില്‍ പുനരൈക്യവാര്‍ഷികത്തോടനുബന്ധിച്ചാണു മെത്രാഭിഷേകം നടക്കുക. ജോണ്‍ കൊച്ചുതുണ്ടിലിനെ പുതിയ ദൗത്യം ഏല്‍പ്പിച്ചുകൊണ്ടുള്ള നിയമന ഉത്തരവ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 5നാണ് വത്തിക്കാന്‍ പ്രസിദ്ധീകരിച്ചത്.

More Archives >>

Page 1 of 90