India - 2025

മാമ്മോദീസ സ്വീകരിച്ച സര്‍വ്വരും സുവിശേഷം പ്രഘോഷിക്കാന്‍ കടപ്പെട്ടവരാണ്: കര്‍ദ്ദിനാള്‍ ഗ്രേഷ്യസ്

സ്വന്തം ലേഖകന്‍ 07-10-2017 - Saturday

കൊച്ചി: സുവിശേഷ പ്രഘോഷണം മെത്രാന്മാരുടെയും പുരോഹിതരുടെയും മാത്രം ചുമതലയല്ലായെന്നും മാമ്മോദീസ സ്വീകരിച്ച സര്‍വ്വരും സുവിശേഷം പ്രഘോഷിക്കാന്‍ കടപ്പെട്ടവരാണെന്നും സിസിബിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്. കേരള ലത്തീന്‍ കത്തോലിക്കാ സഭയുടെ മിഷന്‍കോണ്‍ഗ്രസും ബിസിസി കണ്‍വന്‍ഷനും വല്ലാര്‍പാടം മരിയന്‍ തീര്‍ഥാടനകേന്ദ്രത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാരുണ്യത്തിന്റെ മനോഭാവത്തോടെ അപരനിലേക്കു മനസ് തുറക്കാനും നിസ്വാര്‍ഥമായ സാമൂഹ്യസൃഷ്ടിയില്‍ പങ്കാളികളാകാനും നമുക്കു കഴിയണം. ആത്മഗതങ്ങളില്‍നിന്നു സംഭാഷണങ്ങളിലേക്കു സ്വയം മാറുന്നവരാകുകയെന്നതാണു നമുക്കു മുന്നിലുള്ള വെല്ലുവിളി. മറ്റുള്ളവരെ മനസിലാക്കാനും മറ്റു സംസ്‌കാരങ്ങളെ അഭിനന്ദിക്കാനും അതുവഴി സാധിക്കും. എല്ലാവരും സത്യത്തിനു വേണ്ടി നിലകൊള്ളുന്നവരാണെന്ന ബോധ്യത്തിലേക്കു നാം വരേണ്ടതുണ്ട്.

പാവപ്പെട്ടവരിലേക്കും ദുരിതമനുഭവിക്കുന്നവരിലേക്കും കടന്നുചെല്ലണമെന്നാണു ഫ്രാന്‍സിസ് പാപ്പാ തുടര്‍ച്ചയായി നമ്മോട് ആവശ്യപ്പെടുന്നത്. സുവിശേഷ പ്രഘോഷണം മെത്രാന്മാരുടെയും പുരോഹിതരുടെയും മാത്രം ചുമതലയല്ല. മാമ്മോദീസ സ്വീകരിച്ച സര്‍വരും സുവിശേഷം പ്രഘോഷിക്കാന്‍ കടപ്പെട്ടവരാണ്. വിവിധ സംസ്കാരങ്ങളുടെയും മതങ്ങളുടെയും സമൂഹത്തിൽ ജീവിക്കുന്ന നാം മറ്റു സംസ്കാരങ്ങളെ മനസ്സിലാക്കാനും ബഹുമാനിക്കാനും കഴിയുന്നവരാകണമെന്നും അദ്ദേഹം പറഞ്ഞു.

More Archives >>

Page 1 of 104