Saturday Mirror

തിരുസഭയിലെ വേദപാരംഗതകളായ 4 വനിതാരത്നങ്ങള്‍

സ്വന്തം ലേഖകന്‍ 16-04-2018 - Monday

ദൈവശാസ്ത്രപരവും ആത്മീയവുമായ വിഷയങ്ങളില്‍ അപാരമായ പാണ്ഡിത്യം നേടിയിട്ടുള്ള വിശുദ്ധരെക്കുറിച്ച് പതിമൂന്നാം നൂറ്റാണ്ടു മുതല്‍ മാര്‍പാപ്പമാര്‍ എടുത്ത് പറയാറുണ്ടെന്നാണ് ചരിത്ര രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നത്. അഗാധ പാണ്ഡിത്യമുള്ള ഈ വിശുദ്ധരെ “ഡോക്ടര്‍” (വേദപാരംഗതര്‍) എന്ന വിശേഷണം നല്‍കിയാണ്‌ സഭ ആദരിച്ചു വരുന്നത്. ‘പ്രബോധനം’ എന്നര്‍ത്ഥം വരുന്ന'ഡോസെരെ' (Docere) എന്ന ലാറ്റിന്‍ വാക്കില്‍ നിന്നുമാണ് ഡോക്ടര്‍ എന്ന വാക്ക് ഉത്ഭവിച്ചത്.

തിരുസഭയിലെ ആകെയുള്ള വിശുദ്ധരുടെ എണ്ണം നോക്കുമ്പോള്‍ വേദപാരംഗതരായ വിശുദ്ധരുടെ എണ്ണം വളരെ കുറവാണ്. 36 പേരെ മാത്രമേ ഇതുവരെ തിരുസഭ വേദപാരംഗതരായി പ്രഖ്യാപിച്ചിട്ടുള്ളു. ഇതില്‍ നാലുപേര്‍ വനിതകളാണ്. ഈ നാലുപേര്‍ക്കും വളരെ ഉന്നതമായ പരിവേഷമാണ് സഭാചരിത്രത്തില്‍ നല്‍കിയിരിക്കുന്നത്. രണ്ടായിരം വര്‍ഷത്തെ സഭാചരിത്രത്തില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയിട്ടുള്ള വേദപാരംഗതകളായ ആ വനിതാരത്നങ്ങള്‍ ഇവരാണ്.

1) ആവിലായിലെ വിശുദ്ധ തെരേസ ( വിശുദ്ധ അമ്മത്രേസ്യ) ‍

1515 മാര്‍ച്ച് 28-നാണ് വിശുദ്ധ തെരേസ ജനിക്കുന്നത്. കര്‍മ്മലീത്ത സഭയിലെ സന്യാസിനിയായിരുന്ന വിശുദ്ധ തെരേസയെ ‘അഗ്നികുണ്ഡം’ എന്നാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. പ്രേഷിത കാഴ്ചപ്പാടില്‍, സ്ത്രീത്വത്തിന്റെ അന്തസ് സംരക്ഷിക്കുന്നതിനും, സഭയുടെ സേവനത്തില്‍ അവര്‍ക്ക് അനുയോജ്യമായ ഭാവി ഉണ്ടാക്കുന്നതിനും വിശുദ്ധ തെരേസായ്ക്കു സാധിച്ചു. പരിശുദ്ധാത്മാവിന്റെ പ്രചോദനത്താൽ പിയൂസ് നാലാമൻ മാർപാപ്പായുടെ അനുവാദത്തോടെ അവൾ കർമ്മല സഭയെ നവീകരിക്കുക എന്ന ദൗത്യം ഏറ്റെടുക്കുകയായിരിന്നു. കഠിനമായ എതിർപ്പുകളും നിരന്തര ബുദ്ധിമുട്ടുകളും തരണം ചെയ്ത വിശുദ്ധ ഏതാണ്ട് 32-ഓളം പുതിയ മഠങ്ങൾ സ്ഥാപിച്ചു.

കുരിശിന്റെ വിശുദ്ധ യോഹന്നാന്റെ (മറ്റൊരു വേദപാരംഗതന്‍) സഹായത്തോടെ കര്‍മ്മലീത്ത സഭയില്‍ പ്രാര്‍ത്ഥനാധിഷ്ടിതമായ സന്യാസ ജീവിതം തിരികെ കൊണ്ടുവരുവാന്‍ വിശുദ്ധക്ക് കഴിഞ്ഞു. ഒരു വലിയ ‘മിസ്റ്റിക്’ ആയി വിശുദ്ധയെ പരിഗണിച്ചു വരുന്നു. ‘ദി ഇന്റീരിയര്‍ കാസ്സില്‍’ എന്ന വിശുദ്ധയുടെ ഗ്രന്ഥം നിരവധിപേര്‍ക്ക് ആത്മീയ ചൈതന്യമേകുന്നതിനു കാരണമായിട്ടുണ്ട്. ആവിലായിലെ ത്രേസ്യയെ 'മാലാഖയെപ്പോൽ പരിശുദ്ധയായ കന്യക' എന്ന വിശേഷണത്തോട് കൂടിയാണ് സഭ ആദരിക്കുന്നത്. ഫ്രാൻസിസ് ഡി സാലസ്, അൽഫോണ്‍സസ് ലിഗോരി തുടങ്ങിയ പിൽക്കാല ആചാര്യന്മാർ എല്ലാവരും തന്നെ വിശുദ്ധയുടെ ആദ്ധ്യാത്മദര്‍ശന രീതിയെ ഒരുപോലെ പിന്തുടര്‍ന്നവരാണ്.

2) സിയന്നായിലെ വിശുദ്ധ കാതറിന്‍ ‍

1347 മാര്‍ച്ച് 25-ന് ഇറ്റലിയിലെ സിയന്നായിലാണ് വിശുദ്ധ കാതറിനാ ബെനിന്‍കാസ ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ വിശുദ്ധ പത്രോസ്, പൗലോസ്, യോഹന്നാന്‍ ശിഷ്യന്‍മാര്‍ക്ക് ഒപ്പമിരിക്കുന്ന യേശുവിന്റെ ഒരു ദര്‍ശനം കാതറിന് ലഭിച്ചിരുന്നു. ഈ ദര്‍ശനമാണ് ദൈവസേവനത്തിനായി ജീവിതം സമര്‍പ്പിക്കുവാന്‍ അവള്‍ക്ക് പ്രചോദനമായത്. കാതറിന്‍ വിശുദ്ധ ഡൊമിനിക്കിന്റെ മൂന്നാം സഭയില്‍ ചേര്‍ന്നു. കന്യകാമഠത്തിലെ തന്റെ ഇടുങ്ങിയ മുറി വിശുദ്ധയുടെ സ്വര്‍ഗ്ഗമായി തീര്‍ന്നു. മൂന്ന്‍ വര്‍ഷത്തോളം ദൈവത്തോടും തന്റെ കുമ്പസാരകനോടുമൊഴികെ ആരുമായും അവള്‍ സംസാരിച്ചിരുന്നില്ല.

ഇതിനിടെ സാത്താന്റെ നിരവധി പരീക്ഷണങ്ങളും പ്രലോഭനങ്ങളും അവള്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അവയെല്ലാം വിശുദ്ധ തന്റെ രക്ഷകന്റെ സഹായത്തോടെ നേരിട്ടു. വിശുദ്ധയോട് എതിര്‍പ്പ് വെച്ച് പുലര്‍ത്തിയിരുന്ന നിരവധി വേദപാരംഗതന്മാര്‍ വിശുദ്ധയുടെ ആത്മീയ അറിവിന്റെ വെളിച്ചത്തിനു മുന്‍പില്‍ അമ്പരന്നു പോയിട്ടുണ്ട്. നല്ലൊരു ജീവിതമാതൃക നല്‍കിയതിനു പുറമേ സംവാദരൂപത്തിലുള്ള ആറോളം പ്രബന്ധങ്ങള്‍ സഭയ്ക്കായി നല്‍കിയതിന് ശേഷമാണ് വിശുദ്ധ നിത്യതയിലേക്ക് യാത്രയായത്.

3) ലിസ്യൂവിലെ വിശുദ്ധ തെരേസ ( വിശുദ്ധ കൊച്ചുത്രേസ്യ) ‍

‘ചെറുപുഷ്പം’ എന്ന് പരക്കെ അറിയപ്പെടുന്ന ഉണ്ണിയേശുവിന്റേയും തിരുമുഖത്തിന്റേയും വിശുദ്ധയായ, കൊച്ചു ത്രേസ്യ 1873 ജനുവരി 2-നാണ് ജനിച്ചത്. ചെറുപ്പത്തില്‍ അലസയായിരുന്ന വിശുദ്ധക്ക് തന്റെ 13-മത്തെ വയസ്സിലാണ് മനപരിവര്‍ത്തനം വരുന്നത്. അപ്പോള്‍ മുതല്‍ തെരേസ ദൈവത്തോട് കൂടുതല്‍ അടുക്കുവാന്‍ തുടങ്ങി. ഒരു കര്‍മ്മലീത്ത സന്യാസിനിയാകുവാനാണ് താന്‍ വിളിക്കപ്പെട്ടിരിക്കുന്നതെന്ന കാര്യം അവള്‍ക്ക് മനസ്സിലായി. 15-മത്തെ വയസ്സില്‍ കര്‍മ്മലീത്ത മഠത്തില്‍ ചേരുവാന്‍ പോയെങ്കിലും മഠത്തിലെ സുപ്പീരിയറും, മെത്രാനും അവളുടെ പ്രായം കണക്കിലെടുത്ത് മഠത്തില്‍ ചേരുവാന്‍ അവള്‍ക്ക് അനുവാദം നല്‍കിയില്ല.

റോമിലേക്കുള്ള ഒരു തീര്‍ത്ഥയാത്രക്കിടയില്‍ വിശുദ്ധ താന്‍ സന്യാസിനി സഭയില്‍ ചേരുവാന്‍ ലിയോ പതിമൂന്നാമന്‍ പാപ്പയോട് അനുമതി ചോദിച്ചു. ഇതറിഞ്ഞ പ്രാദേശിക സഭാതലവന്‍മാര്‍ വിശുദ്ധക്ക് മഠത്തില്‍ ചേരുവാന്‍ അനുവാദം നല്‍കി. 24-മത്തെ വയസ്സില്‍ മരിക്കുന്നത് വരെ അവളുടെ ജീവിതം പുറംലോകം അറിഞ്ഞിരുന്നില്ല. ‘സ്റ്റോറി ഓഫ് എ സോള്‍’ എന്ന വിശുദ്ധയുടെ ആത്മീയ ജീവചരിത്രം ലോകത്തില്‍ ഏറ്റവുമധികം വില്‍ക്കപ്പെട്ട പുസ്തകങ്ങളില്‍ ഒന്നാണ്. നിരവധി പേരെ ആത്മീയതയിലേക്ക് കൂട്ടിക്കൊണ്ട് വരുവാന്‍ ഈ പുസ്തകം സഹായിച്ചിട്ടുണ്ട്. 1997-ൽ ജോൺപോൾ രണ്ടാമൻ പാപ്പ വിശുദ്ധയെ 'Doctor of the Church' എന്നു വിശേഷിപ്പിച്ചു.

4) ബിന്‍ഗെനിലെ വിശുദ്ധ ഹില്‍ഡെഗാര്‍ഡ് ‍

1908-ല്‍ ജര്‍മ്മനിയിലാണ് ഹില്‍ഡെഗാര്‍ഡ് ജനിക്കുന്നത്. ചെറുപ്പത്തില്‍ തന്നെ അവള്‍ക്ക് ചില സ്വകാര്യ ദര്‍ശനങ്ങള്‍ ഉണ്ടായിട്ടുള്ളതായി പറയപ്പെടുന്നു. സമീപത്തുള്ള ബെനഡിക്ടന്‍ മഠത്തില്‍ ചേര്‍ന്ന ഹില്‍ഡെഗാര്‍ഡ് വര്‍ഷങ്ങള്‍ക്ക് ഉള്ളില്‍ ആ മഠത്തിന്റെ സുപ്പീരിയര്‍ ആയി മാറി. വിശുദ്ധയുടെ ജീവിതവും, രചനകളും ഏറെ പ്രചോദനാത്മകമെന്നാണ് സഭയിലെ പണ്ഡിതര്‍ സാക്ഷ്യപ്പെടുത്തുന്നത്. വിശ്വാസത്തില്‍ നിന്ന്‍ അകന്ന്‍ കഴിഞ്ഞവരെ സഭയിലേക്ക് അടുപ്പിച്ച വിശുദ്ധ ഹില്‍ഡെഗാര്‍ഡിന്റെ കഴിവ് നവസുവിശേഷവത്ക്കരണത്തിന്റെ ഉത്തമ ഉദാഹരണമായാണ് ബെനഡിക്ട് പതിനാറാമന്‍ പാപ്പ വിശേഷിപ്പിച്ചത്.

സ്വര്‍ഗ്ഗത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയോടും ഈ വേദപാരംഗതകളോടും ചേര്‍ന്ന് സ്വര്‍ഗ്ഗീയ ജ്ഞാനം ലഭിക്കുവാന്‍ നമ്മുക്കു ഈശോയോട് പ്രാര്‍ത്ഥിക്കാം.


Related Articles »