Faith And Reason - 2025
"പോപ്പ് ഇഫക്ട്": ക്രിസ്തീയ വിശ്വാസത്തിലേയ്ക്ക് മടങ്ങുകയാണെന്ന് കാറ്റി പെറി
സ്വന്തം ലേഖകന്‍ 19-07-2018 - Thursday
സിഡ്നി: ക്രിസ്തീയ വിശ്വാസത്തിലേയ്ക്ക് താൻ മടങ്ങുകയാണെന്നു വെളിപ്പെടുത്തി ലോക പ്രശസ്ത അമേരിക്കൻ ഗായിക കാറ്റി പെറി. ഓസ്ട്രേലിയൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് കാറ്റി, ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. തന്റെ തീരുമാനത്തിനു പിന്നില്‍ വത്തിക്കാനിൽ വച്ച് ഫ്രാൻസിസ് പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയാണെന്ന്‍ അവര്‍ വ്യക്തമാക്കി. ഏപ്രില്‍ മാസം നടന്ന കൂടിക്കാഴ്ചയില്‍ കാറ്റിയുടെ അമ്മയും, സുഹൃത്തും ഹോളിവുഡ് നടനുമായ ഒർലാൻഡോ ബ്ളൂമും ഫ്രാൻസിസ് പാപ്പയെ കാണാൻ റോമിൽ എത്തിയിരുന്നു.
താൻ ദെെവത്തിലേയ്ക്ക് തിരികെ വരാൻ തന്റെ അമ്മ എന്നും പ്രാർത്ഥിച്ചിരുന്നതായും കാറ്റി ഓസ്ട്രേലിയൻ മാധ്യമത്തോട് വെളിപ്പെടുത്തി. അനുകമ്പയുടെയും, വിനയത്തിന്റെയും, സുസ്ഥിരതയുടെയും സംയോജനമാണ് ഫ്രാൻസിസ് പാപ്പ. യേശുവിന്റെ ഒരു വിപ്ലവകാരിയാണ് പാപ്പയെന്നും, അതിനാൽ താൻ ഫ്രാൻസിസ് മാർപാപ്പയുടെ ആരാധകയാണെന്നും കാറ്റി പെറി പറഞ്ഞതായി 'വോഗ് ഓസ്ട്രേലിയ'യെ ഉദ്ധരിച്ച് ഡെയിലി മെയില്‍ റിപ്പോർട്ട് ചെയ്തു. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അമേരിക്കൻ ഗായകരിൽ മുൻനിരക്കാരിയാണ് കാറ്റി പെറി.