Contents

Displaying 21021-21030 of 25003 results.
Content: 21425
Category: 1
Sub Category:
Heading: യുക്രൈന്‍ സന്ദര്‍ശനത്തിന് പിന്നാലെ സമാധാന ദൗത്യവുമായി കർദ്ദിനാൾ സൂപ്പി റഷ്യയില്‍
Content: മോസ്ക്കോ/ വത്തിക്കാന്‍ സിറ്റി; റഷ്യ - യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സമാധാനത്തിന് വേണ്ടിയുള്ള ഫ്രാൻസിസ് പാപ്പയുടെ പരിശ്രമങ്ങളുടെ ഭാഗമായി ദ്വിദിന സന്ദർശനത്തിനായി കർദ്ദിനാൾ മത്തേയോ സൂപ്പി റഷ്യയില്‍. സമാധാന സ്ഥാപനത്തിനായി എല്ലാ മാനവിക പരിശ്രമങ്ങളെയും തിരിച്ചറിയുകയെന്ന ലക്ഷ്യമാണുള്ളതെന്ന് റഷ്യയിലേക്കുള്ള അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ജ്യോവന്നി ഡാനിയെല്ലോ പത്രപ്രവർത്തകരോട് പറഞ്ഞു. ഇക്കഴിഞ്ഞ ബുധനാഴ്ച, റഷ്യൻ പ്രസിഡന്റിന്റെ വിദേശകാര്യ ഉപദേഷ്ട്ടാവായ യൂറി ഉഷാകോവുമായി നടത്തിയ കൂടിക്കാഴ്ചയിൽ കർദ്ദിനാൾ സൂപ്പി സമാധാന സ്ഥാപനത്തിനുവേണ്ടിയുള്ള പാപ്പയുടെ പരിശ്രമങ്ങളെക്കുറിച്ച് സംസാരിച്ചതായി പരിശുദ്ധ സിംഹാസനം അറിയിച്ചു. ഇന്നലെ ജൂൺ 29 വ്യാഴാഴ്ച വത്തിക്കാൻ പ്രതിനിധി, കുട്ടികളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള കമ്മീഷ്ണർ ബെലോവയുമായും, റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ അധ്യക്ഷന്‍ പാത്രിയാര്‍ക്കീസ് കിറിലുമായും സമാധാനം ലക്‌ഷ്യം മുന്നോട്ടുവെച്ച് കൂടിക്കാഴ്ച നടത്തി. ഇന്നലെ വൈകുന്നേരം ദൈവമാതാവിന്റെ നാമധേയത്തിലുള്ള കത്തീഡ്രൽ ദേവാലയത്തിൽവെച്ച്, കത്തോലിക്ക സമൂഹവുമായി കർദ്ദിനാൾ സൂപ്പി കൂടിക്കാഴ്ച നടത്തി, വിശുദ്ധ ബലി അർപ്പിച്ചു. സമാധാനത്തിനായുള്ള പാപ്പായുടെ ഈ പരിശ്രമങ്ങൾ ഫലവത്തായി തീരുമെന്നു വത്തിക്കാൻ പ്രതീക്ഷ പ്രകടിപ്പിച്ചു. നേരത്തെ ജൂണ്‍ 5-ന് യുക്രൈനിലെ കീവിലെത്തിയ കര്‍ദ്ദിനാള്‍ സുപ്പി, സമാധാനം പുനഃസ്ഥാപിക്കുവാനും, മനുഷ്യത്വത്തെ പിന്തുണക്കുവാനും സംഘര്‍ഷം ലഘൂകരിക്കുവാനും സാധ്യമായ മാര്‍ഗ്ഗങ്ങളെ കുറിച്ച് ചര്‍ച്ചകളിലേര്‍പ്പെട്ടിരിന്നു. മെയ് 13­-ന് യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കി വത്തിക്കാനില്‍വെച്ച് ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരിന്നുവെന്നതും ശ്രദ്ധേയമാണ്.
Image: /content_image/News/News-2023-06-30-16:47:51.jpg
Keywords: റഷ്യ
Content: 21426
Category: 1
Sub Category:
Heading: മെത്രാന്മാരുടെ ഡിക്കാസ്റ്ററിക്ക് പുതിയ അണ്ടർ സെക്രട്ടറി
Content: റോം; മെത്രാന്മാരുടെ ഡിക്കാസ്റ്ററിയുടെ അണ്ടർ സെക്രട്ടറിയായി മോൺ. ഇവാൻ കോവാക്കിനെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. പതിനൊന്നു വര്‍ഷങ്ങളായി മെത്രാന്മാരുടെ തിരുസംഘത്തിൽ സേവനം ചെയ്തു വരികയായിരിന്നു അദ്ദേഹം. 1978 മാർച്ച് 28ന് ബോസ്നിയ ഹെർത്സെ ഗൊവിനയിൽ ജനിച്ച അദ്ദേഹം മോസ്റ്റർ ദുവ്നോ രൂപതയ്ക്കു വേണ്ടി 2003 ജൂലൈ 5നു വൈദികനായി. വെനീസിലെ പത്താം പീയസ് കാനോനിക നിയമ വിഭാഗത്തിലും പൊന്തിഫിക്കൽ ലാറ്ററൻ സർവ്വകലാശാലയിലും കാനോനിക നിയമത്തിൽ അദ്ദേഹം പഠനം നടത്തി. രൂപതയിൽ വിവിധ ചുമതലകൾ വഹിച്ചിരുന്ന അദ്ദേഹത്തെ 2012 ജനുവരിയിൽ മെത്രാന്മാരുടെ തിരുസംഘത്തിൽ നിയമിച്ചു. ഒരു പതിറ്റാണ്ട് നീണ്ട സ്തുത്യര്‍ഹ സേവനത്തിന് പിന്നാലെ പുതിയ ദൗത്യം മോൺ. ഇവാൻ കോവാക്കിനു ലഭിക്കുകയായിരിന്നു.
Image: /content_image/News/News-2023-06-30-18:20:27.jpg
Keywords: മെത്രാ
Content: 21427
Category: 18
Sub Category:
Heading: ദുക്റാന തിരുനാള്‍ ദിനത്തില്‍ നടത്താൻ നിശ്ചയിച്ചിട്ടുള്ള എല്ലാ പരീക്ഷകളും മാറ്റി ക്രമീകരിക്കണം; കെസിബിസി മുഖ്യമന്ത്രിക്ക് കത്തയച്ചു
Content: കൊച്ചി: ക്രൈസ്തവരെ സംബന്ധിച്ച് പാവനമായി ആചരിച്ചുവരുന്ന സെന്റ് തോമസ് ദിനമായ ജൂലൈ മൂന്നിന് (ദുക്റാന) നടത്താൻ നിശ്ചയിച്ചിട്ടുള്ള എല്ലാ പരീക്ഷകളും മറ്റൊരു ദിവസത്തേക്കു മാറ്റി ക്രമീകരിക്കാൻ സർവകലാശാല അധികൃതർക്കു നിർദേശം നൽകണമെന്ന് കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കെസിബിസി പ്രസിഡന്റ് മുഖ്യമന്ത്രിക്ക് കത്തയച്ചു. ക്രിസ്ത്യൻ മാനേജ്മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അന്നേദിവസം അവധിയാണ്. പകരം ഒരു ശനിയാഴ്ച പ്രവൃത്തിദിനമാക്കുന്ന പതിവുണ്ട്. എന്നാൽ ഇക്കുറി ജൂലൈ മൂന്നിന് വിവിധ കോളജുകളിൽ വിവിധ കോഴ്സുകളുടെ പരീക്ഷ നടത്തുന്നതിന് കേരള, എംജി, കാലിക്കറ്റ് യൂണിവേഴ്സിറ്റികൾ ടൈംടേബിൾ പുറപ്പെടുവിച്ചിരിക്കുകയാണ്. ക്രിസ്ത്യൻ വിദ്യാർഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും മതപരമായ അവകാശങ്ങൾ നിഷേധിക്കുന്ന ഈ നടപടി ദുഃഖകരവും തികച്ചും വിവേചനപരവും നീതിനിഷേധവുമാണ്. വിദ്യാർഥികളുടെ മതപരമായ അവകാശം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തു ന്നതിന് യൂണിവേഴ്സിറ്റി അധികൃതർക്ക് ഉത്തരവാദിത്വമുണ്ട്. ജൂലൈ മൂന്നിലെ പരീ ക്ഷകൾ മാറ്റിവച്ച് മതപരമായ അവകാശം ഉറപ്പാക്കണമെന്നും കെസിബിസി പ്രസിഡന്റ് ആവശ്യപ്പെട്ടു.
Image: /content_image/India/India-2023-07-01-07:47:32.jpg
Keywords: കെസിബിസി
Content: 21428
Category: 18
Sub Category:
Heading: മണിപ്പൂര്‍ കലാപം: പ്രധാനമന്ത്രിയുടെ നിഷ്ക്രിയ സമീപനവും മൗനവും ജനാധിപത്യഭരണത്തിന് അപമാനമെന്ന് ലെയ്റ്റി കൗൺസിൽ
Content: കൊച്ചി: മണിപ്പൂരിൽ നാളുകളായി തുടരുന്ന കലാപത്തിലും കൊലപാതകങ്ങളിലും ഇടപെടലുകൾ നടത്താത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഒളിച്ചോട്ടവും ജനാധിപത്യഭരണത്തിന് അപമാനമാണെന്ന് സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യൻ. വിവിധ ഗോത്രങ്ങൾ തമ്മിലുള്ള ആക്രമങ്ങളെന്ന ന്യായവാദം തെറ്റാണെന്നു തെളിയി ക്കപ്പെട്ടിട്ടുണ്ട്. വിവിധ ഗോത്രങ്ങളിലെ ക്രൈസ്തവർ മാത്രം എങ്ങനെ കലാപ ഇരകളാകുകയും കൊല്ലപ്പെടുകയും ചെയ്യുന്നുവെന്ന ചോദ്യത്തിന് ഉത്തരം നൽകാൻ സർക്കാരിനാകുന്നില്ല. ക്രൈസ്തവ ആരാധനാലയങ്ങളും സ്ഥാപനങ്ങളും മാത്രമാണു തകർക്കപ്പെട്ടത്. ഭരണനേതൃത്വങ്ങളുടെ നിഷ്ക്രിയ സമീപനം മണിപ്പൂർ കലാപം സർക്കാർ പിന്തുണയുള്ള ആസൂത്രിത കലാപ അജൻഡയെന്നു വ്യക്തമാക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമാധാനാന്തരീക്ഷം സ്ഥാപിക്കുന്നതിനും ജനജീവിതം പൂർവസ്ഥിതിയിലെത്തിക്കുന്നതിനും പലായനം ചെയ്യപ്പെട്ട ജനങ്ങളുടെ പുനരധിവാസത്തിനും അടിയന്തരശ്രമങ്ങളുണ്ടാകണം. മണിപ്പൂരിൽ പീഡിപ്പിക്കപ്പെടുന്ന ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും സമാധാ നത്തിനായി പ്രാർത്ഥിച്ചും നാളെ കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്തിരിക്കുന്ന മണിപ്പുർ ദിനാചരണത്തിൽ രാജ്യത്തെ വിവിധ ക്രൈസ്തവ പ്രസ്ഥാനങ്ങളും ബഹുജന സംഘടനകളും പങ്കുചേരും. മണിപ്പുരിൽനിന്നു പലായനം ചെയ്യപ്പെടുന്ന ക്രൈസ്തവ സഹോദരങ്ങളെ ഇന്ത്യയിലെ വിവിധ കത്തോലിക്ക രൂപതകൾ ദത്തെടുക്കും. വിദ്യാർഥികളെ ദത്തെടുക്കാൻ വിവിധ സംസ്ഥാനങ്ങളിലെ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുന്നോട്ടുവന്നതായും വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.
Image: /content_image/India/India-2023-07-01-08:00:50.jpg
Keywords: മണിപ്പൂ
Content: 21429
Category: 1
Sub Category:
Heading: മണിപ്പൂരിൽ സമാധാനം: മദർ തെരേസയുടെ കബറിടത്തിങ്കല്‍ പ്രാര്‍ത്ഥനയുമായി വിവിധ ക്രിസ്ത്യന്‍ സഭകളുടെ പ്രതിനിധികള്‍
Content: കൊൽക്കത്ത: കഴിഞ്ഞ രണ്ട് മാസമായി വംശീയ കലാപം രൂക്ഷമായ വടക്കുകിഴക്കൻ ഇന്ത്യൻ സംസ്ഥാനമായ മണിപ്പൂരിൽ സമാധാനത്തിനായി പ്രാർത്ഥിക്കാൻ കൊൽക്കത്തയിലെ വിശുദ്ധ മദർ തെരേസയുടെ കബറിടത്തിങ്കല്‍ വിവിധ ക്രൈസ്തവ പ്രതിനിധികള്‍ ഒത്തുകൂടി. സി‌സി‌ബി‌ഐക്കു കീഴിലുള്ള എക്യുമെനിസം കമ്മീഷൻ, മിഷ്ണറീസ് ഓഫ് ചാരിറ്റി സഭയുടെ ആസ്ഥാനത്ത് വിശുദ്ധയുടെ കബറിടം സ്ഥിതി ചെയ്യുന്ന സ്ഥലത്തു ജൂൺ 27-നാണ് പ്രാര്‍ത്ഥന നടത്തിയത്. ദൈവകൃപയും സമാധാനവും അഭ്യർത്ഥിച്ചായിരിന്നു പ്രാര്‍ത്ഥന. മണിപ്പൂരിലെ അക്രമത്തിൽ 120-ലധികം പേർ കൊല്ലപ്പെടുകയും അറുപതിനായിരത്തോളം പേര്‍ ചിതറിക്കപ്പെടുകയും ചെയ്തതായി ബംഗാൾ റീജിയൻ ഡയലോഗ് ആൻഡ് എക്യുമെനിസം കമ്മീഷൻ സെക്രട്ടറിയും സംഘാടകനുമായ ഫാ. ഫ്രാൻസിസ് സുനിൽ റൊസാരിയോ ചൂണ്ടിക്കാട്ടി. ഇന്ത്യയിലും മണിപ്പൂരിലും നടക്കുന്നത് വക്രബുദ്ധിയോടെ ആസൂത്രണം ചെയ്‌ത ദുഷ്‌കരമായ രാഷ്ട്രീയ നാടകത്തിന്റെ പരീക്ഷണം മാത്രമാണെന്നു സിസിബിഐ കമ്മീഷന്റെ ദേശീയ എക്‌സിക്യൂട്ടീവ് സെക്രട്ടറി ഫാ. ബാപ്റ്റിസ്റ്റ് പൈസ് പറഞ്ഞു. വിവിധ ക്രൈസ്തവ സമൂഹങ്ങളിലെ നേതാക്കളും സമാധാനത്തിനായി പ്രാർത്ഥിച്ചു. കലിംഗ ബാപ്റ്റിസ്റ്റ് ചർച്ചിലെ അസിസ് സർക്കാർ, അസംബ്ലി ഓഫ് ഗോഡ് ചർച്ചിലെ പാട്രിക് ജോസഫ്, ന്യൂ ലൈഫ് മിനിസ്ട്രികളിൽ നിന്നുള്ള റെവറന്റ് രതിൻ ചാറ്റർജി എന്നിവരും പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നു. മണിപ്പൂരിൽ നിലംപൊത്തിയ ഇരുനൂറിലധികം പള്ളികൾ ഒരുനാൾ പുനർനിർമിക്കപ്പെടുമെന്ന് ഉറച്ചു വിശ്വസിക്കുന്നുണ്ടെന്നും ക്രിസ്തുവിനെ പ്രതിരോധിക്കാൻ ചൊരിയപ്പെട്ട വിലയേറിയ രക്തം ഒരിക്കലും പാഴാകില്ലായെന്നും ക്രിസ്ത്യന്‍ പ്രതിനിധികള്‍ പറഞ്ഞു.
Image: /content_image/News/News-2023-07-01-08:39:26.jpg
Keywords: ക്രിസ്ത്യന്‍, മണിപ്പൂ
Content: 21430
Category: 1
Sub Category:
Heading: ആർച്ച് ബിഷപ്പ് വിക്ടർ മാനുവൽ വിശ്വാസ കാര്യാലയത്തിന്റെ പുതിയ അധ്യക്ഷന്‍
Content: വത്തിക്കാൻ സിറ്റി: വിശ്വാസ സംരക്ഷണത്തിന് വേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ അധ്യക്ഷനായി അർജന്റീനിയൻ ആർച്ച് ബിഷപ്പ് ഡോ. വിക്ടർ മാനുവൽ ഫെർണാണ്ടസിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. അറുപത്തിയൊന്നുകാരനായ പുതിയ പ്രീഫെക്ട് ഫ്രാൻസിസ് പാപ്പയുടെ സ്വകാര്യ ദൈവശാസ്ത്രജ്ഞനും എഴുത്തുകാരനുമാണ്. പുതിയ ഉത്തരവാദിത്വത്തിനൊപ്പം പൊന്തിഫിക്കൽ ബിബ്ലിക്കൽ കമ്മീഷന്റെയും ഇന്റർനാഷണൽ തിയോളജി കമ്മീഷന്റെയും പ്രസിഡന്റായും അദ്ദേഹം പ്രവർത്തിക്കും. 2017 മുതൽ വിശ്വാസ കാര്യാലയം അധ്യക്ഷനായിരുന്ന കർദ്ദിനാൾ ലൂയിസ് ലഡാരിയ ഫെറർ (79) വിരമിച്ചതിനെത്തുടർന്നാണു പുതിയ നിയമനം. 2018 മുതൽ അർജന്റീനയിലെ ലാ പ്ലാറ്റ് അതിരൂപത ആർച്ച് ബിഷപ്പാണ്. പ്രമുഖ ദൈവശാസ്ത്രജ്ഞനായ ഡോ. ഫെർണാണ്ടസ് ദൈവശാസ്ത്രാധ്യാപകൻ, അർജന്റീനിയൻ ദൈവശാസ്ത്ര സമിതിയുടെ പ്രസിഡന്റ്, മെത്രാൻ സമിതിയുടെ വിശ്വാസ-സംസ്കാര കമ്മീഷൻ പ്രസിഡന്റ്, പൊന്തിഫിക്കൽ കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് അർജന്റീനയുടെ റെക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഏറെ വിലമതിക്കുന്ന ഒരു ദൗത്യം ഭരമേൽപ്പിക്കുകയാണെന്നും വിശ്വാസം കാത്തുസൂക്ഷിക്കുന്ന ഡിക്കാസ്റ്ററിയുടെ പ്രധാന ലക്ഷ്യത്തിനായി വ്യക്തിപരമായ പ്രതിബദ്ധത കൂടുതൽ സമർപ്പിക്കാൻ തയാറാകണമെന്നും നിയമന വിവരമറിയിച്ച് ആർച്ച് ബിഷപ്പ് ഡോ. ഫെർണാണ്ടസിന് എഴുതിയ കത്തിൽ ഫ്രാൻസിസ് മാർപാപ്പ കുറിച്ചു.
Image: /content_image/News/News-2023-07-02-06:53:16.jpg
Keywords: വിശ്വാസ സംരക്ഷണ
Content: 21431
Category: 18
Sub Category:
Heading: ഫാ. വർഗീസ് പാത്തിക്കുളങ്ങര സിഎംഐ മാർത്തോമ്മ പുരസ്കാര ജേതാവ്
Content: ചങ്ങനാശേരി: അല്‍മായർക്കുവേണ്ടിയുള്ള ഉന്നത ദൈവശാസ്ത്ര പഠനകേന്ദ്രമായ മാർത്തോമ്മാ വിദ്യനികേതൻ ഏർപ്പെടുത്തിയിരിക്കുന്ന മാർത്തോമ്മാ പുരസ്കാരത്തിന്റെ പന്ത്രണ്ടാമത് ജേതാവായി ദൈവശാസ്ത്രരംഗത്ത് ഭാരതീയവും പൗരസ്ത്യവുമായ മേഖലകളിൽ നിസ്തുല സംഭാവനകൾ നൽകിയിട്ടുള്ള ദൈവശാസ്ത്ര പണ്ഡിതൻ ഡോ. വർഗീസ് പാത്തിക്കുളങ്ങര സിഎംഐ തെരഞ്ഞെടുക്കപ്പെട്ടതായി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം അറിയിച്ചു. 25000 രൂപയും പ്രശസ്തിപത്രവും ഷീല്‍ഡും അടങ്ങുന്നതാണ് പുരസ്കാരം. കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ, ഡോ. റൂബിൾ രാജ്, ചങ്ങനാശേരി അതിരൂപത പിആർഒ അഡ്വ. ജോജി ചിറയിൽ എന്നിവരടങ്ങിയ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. ദനഹാ സർവീസിന്റെ സ്ഥാപകനും സംഘാടകനുമായ അദ്ദേഹം സുറിയാനി ഉറവിടങ്ങളിൽനിന്ന് മലയാളത്തിലേക്കും ഇംഗ്ലീഷിലേക്കും തർജ്ജമ ചെയ്ത് പല പ്രാർത്ഥനാ ഗ്രന്ഥങ്ങളും ഈ പ്രസിദ്ധീകരണ സംവിധാനംവഴി സഭാസമൂഹത്തിന് സമ്മാനിച്ചിട്ടുണ്ട്. മാർത്തോമ്മാ ശ്ലീഹായുടെ തിരുനാൾ ദിനമായ നാളെ രണ്ടിന് മാർത്തോമ്മാ വിദ്യാനികേതൻ അങ്കണത്തിൽ നടക്കുന്ന വാർഷിക സമ്മേളനത്തിൽ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പുരസ്കാരദാനം നിർവഹിക്കും. കോതമംഗലം രൂപതാ വികാരി ജനറാൾ മോൺ. പയസ് മലേക്കണ്ടത്തിൽ സിമ്പോസിയം നയിക്കും. ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ സന്ദേശം നൽകും.
Image: /content_image/India/India-2023-07-02-07:22:30.jpg
Keywords: അല്‍മാ
Content: 21432
Category: 18
Sub Category:
Heading: മണിപ്പൂർ കലാപം: ഭരണാധിപന്മാർ പാലിക്കുന്നത് കുറ്റകരമായ നിസംഗതയെന്ന് മാർ ജോസഫ് പെരുന്തോട്ടം
Content: ചങ്ങനാശേരി: മണിപ്പുർ കലാപം നിയന്ത്രിക്കുന്നതിൽ ഭരണാധിപന്മാർ പാലിക്കുന്നത് കുറ്റകരമായ നിസംഗതയാണെന്നും രാജ്യത്തെ ജനങ്ങൾക്കു ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾ സംരക്ഷിക്കേണ്ടതു ഭരണാധികാരികളുടെ ബാധ്യതയാണെന്നും ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം. കഴിഞ്ഞ രണ്ടു മാസക്കാലമായി മണിപ്പുരിൽ ക്രൈസ്തവരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയും ദേവാലയങ്ങളും സ്ഥാപനങ്ങളും നശിപ്പിക്കുകയും ചെയ്യുന്ന സംഭവത്തിൽ പ്രതിഷേധിച്ചും മണിപ്പുർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും യുഡിഎഫിന്റെ നേതൃത്വത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപിയും ജില്ലയിലെ എംഎൽഎമാരുമടക്കമുള്ള ജനപ്രതിനിധികളും ചങ്ങനാശേരി മുനിസിപ്പൽ ജംഗ്ഷനിൽ നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച് ബിഷപ്പ്. മണിപ്പുരിലെ കലാപം അവസാനിപ്പിക്കാൻ സാധിക്കാത്ത ഭരണാധികാരികൾക്ക് എങ്ങനെ രാജ്യത്തിന്റെ ഭദ്രത കാത്തുസൂക്ഷിക്കാനാകുമെന്ന് അറിയില്ലെന്നും മാർ പെരുന്തോട്ടം പറഞ്ഞു. യുഡിഎഫ് നേതാക്കള്‍, ഇമാം കൗൺസിൽ ചെയർമാൻ മുഹമ്മദ് നദീർ മൗലവി, പഴയ പള്ളി ഇമാം ഡോ. ജുനൈദ് ജൗഹരി അൽ അസ്ഹരി, ശബരിമല മാളികപ്പുറം മുൻ മേൽശാന്തി മ നു നമ്പൂതിരി, ടി.എ സലീം, ടോമി കല്ലാനി, സജി മഞ്ഞക്കടമ്പൻ, ഫിൽസൺ മാത്യു സ്, അസീസ് ബഡായിൽ, ജോസഫ് എം. പുതുശേരി, വി.ജെ. ലാലി, ഡോ. റൂബിൾ രാ ജ്, ഡോ. അജീസ് ബെൻ മാത്യൂസ്, ജോഷി ഫിലിപ്പ്, പി.എച്ച് നാസർ, ജോർജുകുട്ടി മാ പ്പിളശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു. വൈകിട്ട് ആറിന് യുഡിഎഫ് സംസ്ഥാന സെക്ര ട്ടറിയും സിഎംപി നേതാവുമായ സി.പി. ജോൺ കൊടിക്കുന്നിൽ സുരേഷ് എംപിക്ക് നാരങ്ങനീര് നൽകി ഉപവാസം അവസാനിപ്പിച്ചു.
Image: /content_image/India/India-2023-07-02-07:59:42.jpg
Keywords: മണിപ്പൂ
Content: 21433
Category: 1
Sub Category:
Heading: നിക്കരാഗ്വേയിൽ തടവില്‍ കഴിയുന്ന മെത്രാനെ മോചിപ്പിക്കണമെന്ന് ഇന്റർ-അമേരിക്കൻ കോടതി
Content: വാഷിംഗ്ടണ്‍ ഡി‌.സി: വ്യാജ കുറ്റാരോപണങ്ങളെ തുടര്‍ന്നു 26 വർഷം തടവുശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിക്കരാഗ്വേ മെത്രാൻ റോളാണ്ടോ അൽവാരെസിനെ ജയിൽ മോചിതനാക്കണമെന്ന് ഇന്റർ-അമേരിക്കൻ മനുഷ്യാവകാശ കോടതി. ഡാനിയേൽ ഒർട്ടേഗയുടെ ഭരണകൂടത്തെ നിശിതമായി വിമർശിക്കുന്ന ബിഷപ്പിനെ 2022 ആഗസ്റ്റ് 19-ന് ഏതാനും വൈദികർക്കും സെമിനാരിക്കാർക്കുമൊപ്പം വീട്ടുതടങ്കലിലാക്കുകയായിരിന്നു. പിന്നാലേ രാജ്യത്തിന്റെ അഖണ്ഡത തകർക്കുകയും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്തുവെന്നാരോപിച്ച് ഡിസംബർ 13നാണ് അറസ്റ്റു ചെയ്തത്. തടവറയിലെ അവസ്ഥയും അപകട സാധ്യതകളും കണക്കിലെടുത്താണ് കോടതി ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. താല്‍ക്കാലിക നടപടിയെന്നോണമാണ് കോടതിയുടെ ഈ ഇടപെടൽ. നേരത്തെ സർക്കാർ വിമതരോ സർക്കാരിനെ വിമർശിക്കുന്നവരോ ആണെന്ന ആരോപണത്തിന്മേൽ അമേരിക്കയിലേക്ക് ഉടൻ നാടുവിട്ടുപോകണമെന്ന ഉത്തരവ് ലഭിച്ച വൈദികരും വൈദികാർത്ഥികളും ഉൾപ്പെടെ 222 പേർക്കൊപ്പം വിമാനത്തിൽ കയറാൻ ബിഷപ്പ് വിസമ്മതിച്ചിരിന്നു. അതിനെ തുടർന്നാണ് അറസ്റ്റും കോടതി വിധിയും ഉണ്ടായത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നിക്കരാഗ്വേയിലെ വത്തിക്കാന്‍ അംബാസഡറായിരുന്ന വാള്‍ഡമാര്‍ സോമ്മാര്‍ടാഗ് ഭരണകൂടത്തിന്റെ ഏകാധിപത്യ പ്രവണതയെ വിമര്‍ശിച്ചതിന്റെ പേരില്‍ രാജ്യത്തു നിന്നും പുറത്താക്കിയ നടപടിയെ വത്തിക്കാന്‍ അപലപിച്ചിരുന്നു. നീതീകരിക്കുവാന്‍ കഴിയാത്ത ഏകപക്ഷീയമായ തീരുമാനം എന്നാണ് വത്തിക്കാന്‍ ഇതിനെ കുറിച്ച് പ്രതികരിച്ചത്. സര്‍ക്കാരിന്റെ വിമര്‍ശകനായിരുന്ന ബിഷപ്പ് സില്‍വിയോ ബയേസ് സര്‍ക്കാരിന്റെ വധഭീഷണിയെത്തുടര്‍ന്ന്‍ അമേരിക്കയില്‍ പ്രവാസിയായി തുടരുകയാണ്.
Image: /content_image/News/News-2023-07-02-19:42:24.jpg
Keywords: നിക്കരാ
Content: 21434
Category: 18
Sub Category:
Heading: കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടെ ദുക്റാന തിരുനാൾ സന്ദേശം
Content: സീറോമലബാർസഭയുടെ മേജർ ആർച്ചു ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാർക്കും മെത്രാൻമാർക്കും വൈദികർക്കും സമർപ്പിതർക്കും തന്റെ അജപാലനശുശ്രൂഷയ്ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാ ദൈവജനത്തിനും എഴുതുന്നത്. കർത്താവിന്റെ കൃപ നിങ്ങളെല്ലാവരോടുംകൂടെ ഉണ്ടായിരിക്കട്ടെ! ഈശോമിശിഹായിൽ പ്രിയ സഹോദരീസഹോദരന്മാരേ, നമ്മുടെ പിതാവായ മാർതോമാശ്ലീഹായുടെ ദുക്റാനതിരുനാൾ സഭാദിനമായി മുൻ വർഷങ്ങളിലേതുപോലെതന്നെ ഈ വർഷവും നമ്മൾ ആചരിക്കുകയാണല്ലോ. 'എന്റെ കർത്താവേ, എന്റെ ദൈവമേ’ എന്ന മാർതോമാശ്ലീഹായുടെ വിശ്വാസപ്രഖ്യാപനവും തുടർന്ന് അദ്ദേഹം നടത്തിയ സുവിശേഷപ്രഘോഷണയാത്രയും താൻ പ്രഘോഷിച്ച വിശ്വാസത്തിനു സാക്ഷ്യംനല്കികൊണ്ടു വരിച്ച രക്തസാക്ഷിത്വവുമാണ് നമ്മുടെ സഭയുടെയും നാമോരോരുത്തരുടെയും വിശ്വാസം പണിതുയർത്തിയിരിക്കുന്ന മൂലക്കല്ല്. രക്ഷാകരസന്ദേശം ഭാരതത്തിൽ എത്തിക്കാൻ മാർതോമാശ്ലീഹായെ നിയോഗിച്ച ദൈവപരിപാലനയ്ക്കു നന്ദിപറയാനും ശ്ലീഹായുടെ ജീവിതസാക്ഷ്യത്തിൽനിന്ന് ഊർജം സ്വീകരിച്ചുകൊണ്ടു ഇന്നത്തെ കാലഘട്ടം ഉയർത്തുന്ന വെല്ലുവിളികൾ ധീരതയോടെ അഭിമുഖീകരിക്കാനുള്ള വിശ്വാസതീക്ഷ്ണതയ്ക്കുവേണ്ടി പ്രാർത്ഥിക്കാനും ഈ വർഷത്തെ തിരുനാളാഘോഷം ഇടവരുത്തട്ടെ. അതിനുതകുന്ന ഏതാനും കാര്യങ്ങൾ ഈ ഇടയലേഖനത്തിലൂടെ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. ക്രിസ്തുവർഷം 72-ൽ മദ്രാസിലെ ചിന്നമലയിൽ മാർതോമാശ്ലീഹാ രക്തസാക്ഷിത്വം വരിച്ചതിന്റെ 1950-ാം വാർഷികാചരണമായിരുന്നു കഴിഞ്ഞ വർഷത്തെ ദുക്റാന തിരുനാളിന്റെ മുഖ്യപ്രമേയം. സഭയുടെ വിവിധതലങ്ങളിൽ അതു നമ്മൾ ആഘോഷിച്ചു. സീറോമലബാർഹയരാർക്കി 1923-ൽ സ്ഥാപിതമായതിന്റെ ശതാബ്ദിവർഷമെന്ന പ്രത്യേകതയാണ് ഇൗ വർഷത്തെ ആഘോഷങ്ങൾക്കുള്ളത്. മാർതോമാശ്ലീഹായുടെ സുവിശേഷപ്രഘോഷണത്താൽ ആരംഭിച്ച ഈ സഭ ആദ്യനൂറ്റാണ്ടുകളിൽ തദേശീയമായ സംവിധാനങ്ങളിലൂടെ വളർച്ചയാരംഭിക്കുകയും പേർഷ്യൻ സഭയുമായുള്ള ബന്ധത്തിലൂടെ ആരാധനക്രമപരവും ഘടനാപരവുമായ വളർച്ച നേടുകയും ചെയ്തു. പതിനാറാംനൂറ്റാണ്ടിൽ ലത്തീൻഭരണസംവിധാനത്തിലായ നമ്മുടെ സഭ, ഉദയംപേരൂർ സൂനഹദോസിലൂടെയുണ്ടായ പ്രതിസന്ധിവഴി കൂനൻകുരിശുസത്യത്തിലേക്കു നയിക്കപ്പെട്ടു. ഈ സാഹചര്യത്തിലും പരിശുദ്ധ സിംഹാസനത്തോടൊപ്പം നില്ക്കാൻ നമുക്കു കഴിഞ്ഞു. 1887-ൽ ഭാഗ്യസ്മരണാർഹനായ ലെയോ പതിമൂന്നാമൻ മാർപാപ്പയാണ് സുറിയാനി കത്തോലിക്കരെ ലത്തീൻസഭയിൽനിന്നു വേർതിരിച്ചുകൊണ്ടു സീറോമലബാർ വിശ്വാസികൾക്കുവേണ്ടി തൃശൂർ, കോട്ടയം എന്നീ വികാരിയാത്തുകൾ സ്ഥാപിച്ചത്. 1896-ൽ കോട്ടയം, തൃശൂർ വികാരിയാത്തുകളിൽനിന്നു എറണാകുളം വികാരിയാത്തു സ്ഥാപിതമാകുകയും കോട്ടയം വികാരിയാത്തു ചങ്ങനാശ്ശേരി എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു. തൃശൂർ, ചങ്ങനാശ്ശേരി, എറണാകുളം എന്നീ മൂന്നു വികാരിയാത്തുകളിലും തദ്ദേശീയമെത്രാന്മാരെ നിയമിക്കുകയുംചെയ്തു. 1911-ൽ ക്നാനായക്കാർക്കായി കോട്ടയം വികാരിയാത്തു സ്ഥാപിതമായി. ഈ ഹയരാർക്കിക്കൽ സംവിധാനങ്ങളുടെ പൂർത്തീകരണമായി 1923 ഡിസംബർ 21-ന് പതിനൊന്നാം പിയൂസ് മാർപാപ്പ എറണാകുളം വികാരിയാത്തിനെ അതിരൂപതയായും തൃശ്ശൂർ, ചങ്ങനാശ്ശേരി, കോട്ടയം വികാരിയാത്തുകളെ സാമന്തരൂപതകളായും നിശ്ചയിച്ചുകൊണ്ടു സീറോമലബാർ ഹയരാർക്കി സ്ഥാപിച്ചു. നമ്മുടെ സഭയുടെ വളർച്ചയിൽ നാഴികക്കല്ലായി മാറിയ ഈ ചരിത്രസംഭവത്തിന്റെ ശതാബ്ദിയാണ് ഈ വർഷം നമ്മളാചരിക്കുന്നത്. പിന്നീടുള്ള വർഷങ്ങളിൽ നമ്മുടെ സഭയുടെ വളർച്ച ത്വരിതപ്പെടുത്തുന്ന നടപടികൾ പരി. സിംഹാസനം സ്വീകരിച്ചു. 1956-ൽ ചങ്ങനാശ്ശേരി അതിരൂപതയായി ഉയർത്തപ്പെട്ടു. കേരളത്തിലും കേരളത്തിനുപുറത്തും പുതിയ രൂപതകൾ സ്ഥാപിതമായി. 1990-ൽ പ്രാബല്യത്തിൽവന്ന പൗരസ്ത്യ കാനൻനിയമസംഹിതയനുസരിച്ച് 1992 ഡിസംബർ 16-ാം തീയതി വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ സീറോമലബാർസഭയെ മേജർആർക്കിഎപ്പിസ്കോപ്പൽ സഭയായി ഉയർത്തുകയും കർദിനാൾ മാർ ആന്റണി പടിയറ പിതാവിനെ ആദ്യത്തെ മേജർ ആർച്ചുബിഷപ്പായി നിയമിക്കുകയും ചെയ്തു. പിന്നീട് 1995-ൽ തൃശ്ശൂർ, തലശ്ശേരി രൂപതകൾ അതിരൂപതകളായി ഉയർത്തപ്പെട്ടു. ഭാരതത്തിലും ഭാരതത്തിനു പുറത്തും പുതിയ രൂപതകൾ സ്ഥാപിതമായി. പരിശുദ്ധ പിതാവ് ഫ്രാൻസീസ് മാർപാപ്പ 2017 ഒക്ടോബർ 10-ന് സീറോമലബാർസഭയുടെ അതിർത്തി ഭാരതം മുഴുവനിലേക്കും വ്യാപിപ്പിക്കുകയും അജപാലനത്തിനും സുവിശേഷവത്ക്കരണത്തിനുമായുള്ള അവകാശം സഭയ്ക്കു നല്കുകയും ചെയ്തത് സഭാചരിത്രത്തിലെ അവിസ്മരണീയമായ ഒരു സംഭവമാണ്. 1923-ൽ നിന്നു 2023-ലേക്കുള്ള വളർച്ചയുടെ ഫലമായി സീറോമലബാർ സഭയ്ക്കു ഭാരതത്തിൽ 31 രൂപതകളും ഭാരതത്തിനു പുറത്ത് 4 രൂപതകളും ഒരു അപ്പസ്തോലിക് വിസിറ്റേഷനും ഉൾപ്പെടെ സഭാസംവിധാനങ്ങളുടെ വിപുലീകരണത്തിലും ഇതരമേഖലകളിലും നിർണായകമായ വളർച്ചനേടാൻ സാധിച്ചുവെന്നതിൽ നമുക്കു ദൈവത്തിനു നന്ദിപറയാം. സഭയുടെ ഹയരാർക്കിക്കൽ വളർച്ചയ്ക്കൊത്തു ആത്മീയതയിലും കൂട്ടായ്മയിലുമുള്ള വളർച്ചയും ഈ കാലയളവിൽ നേടാൻ സാധിച്ചിട്ടുണ്ട് എന്നതു യാഥാർത്ഥ്യമാണ്. മെത്രാന്മാരും വൈദികരും സമർപ്പിതരും അല്മായപ്രേഷിതരും ഒത്തൊരുമിച്ചു പ്രവർത്തിച്ചതിന്റെ ഫലമാണു നമ്മുടെ സഭയ്ക്കു കൈവന്നിരിക്കുന്ന വളർച്ച. 2023 ജൂൺമാസം കൂടിയ മെത്രാൻസിനഡിൽ കൈക്കൊണ്ട തീരുമാനങ്ങൾ സഭയുടെ വളർച്ചയ്ക്കു പുതിയ ദിശാബോധം നല്കുന്നതിനും പ്രേഷിതമേഖലകളെ ശക്തിപ്പെടുത്തുന്നതിനും വിവിധ സഭാശുശ്രൂഷകളെ ഏകോപിപ്പിക്കുന്നതിനും ഉപകരിക്കുന്നവയാണ്. ഈ ലക്ഷ്യത്തോടെയുള്ള സിനഡുതീരുമാനങ്ങൾ പരി.സിംഹാസനത്തിന്റെ അംഗീകാരത്തോടെ നടപ്പിൽ വരുമ്പോൾ നമ്മുടെ സഭയുടെ ചരിത്രം പുതിയ ഘട്ടത്തിലേയ്ക്കു പ്രവേശിക്കും. ദൈവപരിപാലനയിൽ ആശ്രയമർപ്പിച്ചുകൊണ്ടും നമ്മുടെ വിശ്വാസപാരമ്പര്യങ്ങളെ മുറുകെപ്പിടിച്ചുകൊണ്ടും പൗരസ്ത്യസഭയുടേതായ സംവിധാനങ്ങളെ ശക്തിപ്പെടുത്തിക്കൊണ്ടും നമുക്ക് ഒരുമിച്ചു മുന്നേറാം. സാർവത്രികസഭയുടെ കൂട്ടായ്മയിൽ ഒരു വ്യക്തിസഭയായി നാം വളരുമ്പോൾ പരിശുദ്ധ പിതാവിനോടു ചേർന്നു വൈദികമേലധ്യക്ഷന്മാരും വൈദികരും സമർപ്പിതരും അല്മായരും വിധേയത്വത്തോടെയും സഹകരണമനോഭാവത്തോടെയും വർത്തിക്കണം. നമ്മുടെ സഭയിൽ സിനഡാത്മകത (synodality) എല്ലാതലങ്ങളിലും പ്രായോഗികമാക്കാൻ എല്ലാവരും പരിശ്രമിക്കണം. 'ഒന്നിച്ചു നടക്കുക’ എന്നതുകൊണ്ടു പരിശുദ്ധ പിതാവ് ഉദ്ദേശിക്കുന്നത് ഒന്നിച്ചു ചിന്തിക്കുകയും ഒന്നിച്ചു സംവദിക്കുകയും ഒരുമയോടെ പ്രവർത്തിക്കുകയും ചെയ്യുന്ന ജീവിതശൈലിയാണ്. ദൈവത്തിന്റെ കൃപയാലും സഭാമക്കളുടെ സ്നേഹത്താലും സഹകരണത്താലും നമ്മുടെ സഭാകൂട്ടായ്മയെ ശക്തിപ്പെടുത്താൻ നമുക്കു പരിശ്രമിക്കാം. ഈ പശ്ചാത്തലത്തിൽ ഒരു പ്രത്യേകകാര്യം എടുത്തുപറയാൻ ആഗ്രഹിക്കുന്നു. സീറോമലബാർസഭ കേരളത്തിൽനിന്നു ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്കും ഭാരതത്തിൽനിന്നു ലോകത്തിന്റെ വിവിധരാജ്യങ്ങളിലേയ്ക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിൽനിന്നു സ്കൂൾവിദ്യാഭ്യാസത്തിനുശേഷം ഉപരിപഠനത്തിനും ജോലിക്കുംവേണ്ടി വിദേശരാജ്യങ്ങളിലേയ്ക്കു പോകുന്നവരുടെ എണ്ണം അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇവർ പിന്നീടു അവിടങ്ങളിൽ സ്ഥിരതാമസക്കാരായി മാറുകയുംചെയ്യുന്നു. ഈ കുടുംബങ്ങൾക്കും വ്യക്തികൾക്കും അജപാലനശുശ്രൂഷ നല്കുന്നതിനായാണ് അമേരിക്കയിലും കാനഡയിലും ഗ്രേറ്റ്ബിട്ടനിലും ഓസ്ട്രേലിയയിലും സീറോമലബാർ രൂപതകളും യൂറോപ്പിൽ അപ്പസ്തോലിക് വിസിറ്റേഷനും സ്ഥാപിതമായിരിക്കുന്നത്. മാതൃസഭയിൽനിന്നു വിദേശരാജ്യങ്ങളിൽ എത്തിച്ചേരുന്ന വ്യക്തികളുടെയും കുടുംബങ്ങളുടെയും അജപാലനപരമായ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കാനും സഭാകൂട്ടായ്മയിൽ അവരെ ചേർത്തുനിറുത്താനും മാതൃസഭയിലെ രൂപതകളും വിദേശരാജ്യങ്ങളിലെ രൂപതകളുംചേർന്നു സംയുക്ത അജപാലന പദ്ധതികൾ രൂപപ്പെടുത്തേണ്ടിയിരിക്കുന്നു. വിദേശരാജ്യങ്ങളിലേയ്ക്കു പോകുന്നവർ സീറോമലബാർസഭയിലെ അംഗങ്ങൾ എന്ന അവബോധത്തോടെ തങ്ങളുടെ പൈതൃകം കാത്തുസൂക്ഷിക്കാനും ആരാധനക്രമസംബന്ധമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരാനും കുഞ്ഞുങ്ങൾക്കു സഭാകൂട്ടായ്മയിൽ വിശ്വാസപരിശീലനം നൽകാനും ശ്രദ്ധിക്കണമെന്നു സ്നേഹപൂർവം ഓർമിപ്പിക്കട്ടെ. ക്രൈസ്തവവിശ്വാസമനുസരിച്ചുള്ള ജീവിതത്തിനും പ്രവർത്തനങ്ങൾക്കും ഇന്നു സമൂഹത്തിൽ നേരിടേണ്ടിവരുന്ന വെല്ലുവിളികളെക്കുറിച്ചുകൂടി ഏതാനും ചിന്തകൾ പങ്കുവയ്ക്കാനാഗ്രഹിക്കുന്നു. ക്രൈസ്തവരും സഭാസമൂഹങ്ങളും സഭാസ്ഥാപനങ്ങളും വിവിധമേഖലകളിൽ നേരിടുന്ന വെല്ലുവിളികൾ നിരവധിയാണ്. “നിങ്ങൾ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ” (മർക്കോ. 16:15) എന്ന ദൈവകല്പിതമായ ദൗത്യം നിർവഹിക്കാൻ ഓരോ കൈ്രസ്തവനും കടപ്പെട്ടിരിക്കുന്നു. സുവിശേഷപ്രഘോഷണമില്ലെങ്കിൽ സഭയില്ല എന്ന സത്യം നമ്മൾ മനസിലാക്കണം. പ്രഘോഷിക്കപ്പെടുന്ന സുവിശേഷത്താൽ ആകർഷിക്കപ്പെട്ടു ക്രൈസ്തവവിശ്വാസം സ്വീകരിക്കാൻ ഒരു വ്യക്തി ആഗ്രഹിച്ചാൽ അതിനെ തടയാൻ ആർക്കും സാധിക്കുകയില്ല. കാരണം അത് കേവലം മാനുഷികമായ ഒരു തീരുമാനം മാത്രമല്ല ദൈവികപദ്ധതികൂടിയാണ്. വി. യോഹന്നാന്റെ സുവിശേഷത്തിൽ വായിക്കുന്നതുപോലെ "എന്നെ അയച്ച പിതാവ് ആകർഷിച്ചാലല്ലാതെ ഒരുവനും എന്റെ അടു ക്കലേക്കു വരാൻ സാധിക്കുകയില്ല” (6:44). പീഡനങ്ങൾക്കോ ഭീഷണികൾക്കോ ഒരു യഥാർത്ഥ വിശ്വാസിയെ തന്റെ ബോധ്യത്തിൽനിന്നു പിന്തിരിപ്പിക്കാൻ സാധിക്കുകയില്ലെന്നു രക്തസാക്ഷികളുടെ ചരിത്രം നമ്മെ ഓർമിപ്പിക്കുന്നു. സുവിശേഷത്തിനുവേണ്ടി നിരവധി പീഡനങ്ങൾ ഏറ്റുവാങ്ങിയ വി. പൗലോസ് ശ്ലീഹായുടെ വാക്കുകൾ ഈ സത്യമാണ് പ്രഘോഷിക്കുന്നത്: “എന്തെന്നാൽ മരണത്തിനോ ജീവനോ ദൂതന്മാർക്കോ അധികാരങ്ങൾക്കോ ഇക്കാലത്തുള്ളവയ്ക്കോ വരാനിരിക്കുന്നവയ്ക്കോ, ശക്തികൾക്കോ, ഉയരത്തിനോ, ആഴത്തിനോ, മറ്റേതെങ്കിലും സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെയുള്ള ദൈവസ്നേഹത്തിൽ നിന്നു നമ്മെ വേർപെടുത്താൻ കഴിയുകയില്ലെന്നു എനിക്കു ഉറപ്പുണ്ട്” (റോമ 8:38-39). ഐസിസ് തീവ്രവാദികൾ ലിബിയൻ കടൽത്തീരത്തു വച്ചു കഴുത്തറുത്തുകൊന്ന 21 ഈജിപ്ഷ്യൻ രക്തസാക്ഷികളും ഇതേ തീവ്രവാദികളുടെ പീഡനനങ്ങൾക്കിടയിലും ഈശോയിലുള്ള വിശ്വാസം തള്ളിപ്പറയാതെ മരണംവരിച്ച ഇറാക്കിലെയും സിറിയയിലെയും നൂറുകണക്കിനു വിശ്വാസികളും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും മണിപ്പൂരിലും ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയുംചെയ്ത ക്രൈസ്തവസഹോദരങ്ങളും ഈ ലോകത്തിലുള്ള ഒരു ശക്തിക്കും ഒരു ഭീഷണിക്കും ഒരു യഥാർത്ഥ വിശ്വാസിയെ പിന്തിരിപ്പിക്കാൻ സാധിക്കുകയില്ലെന്നു ഈ കാലഘട്ടത്തിൽ നമ്മെ ബോധ്യപ്പെടുത്തുന്നു. സംഘടിതമായ എതിർപ്പുകളുടെയും ന്യായീകരിക്കാനാകാത്ത പ്രകോപനങ്ങളുടെയും തിരഞ്ഞുപിടിച്ചുള്ള ആക്രമണങ്ങളുടെയും പശ്ചാത്തലത്തിലും പൊതുസമൂഹത്തിന്റെ നന്മയും അഭിവൃദ്ധിയും ലക്ഷ്യമാക്കിയുള്ള സഭയുടെ പ്രവർത്തനങ്ങൾ തുടരുന്നതിൽ നമുക്കു മടുപ്പും മനക്ലേശവും ഉണ്ടാകരുത്. ഇത്തരം സാഹചര്യങ്ങളിൽ നഷ്ടധൈര്യരാകാതെ വിശ്വാസം കാത്തുസൂക്ഷിക്കാനും കാരുണ്യത്തോടും സ്നേഹത്തോടുംകൂടെ ക്രൈസ്തവജീവിതം നയിക്കാനും അനുദിനജീവിതസാഹചര്യങ്ങളിൽ അതു സാക്ഷ്യപ്പെടുത്താനും നമുക്കു സാധിക്കണം. നമ്മെ പീഡിപ്പിക്കുന്നവരോടു കാരുണ്യപൂർവം വർത്തിക്കാൻ നമ്മുടെ വിശ്വാസം നമ്മെ നിർബന്ധിക്കുന്നു. അതേസമയം, നമ്മുടെ സ്ഥാപനങ്ങളും സംഘടനകളും വിവിധ സേവനമേഖലകളും ഇനിയും കാര്യക്ഷമമാക്കുകയും കുറവുകളും പോരായ്മകളും പരിഹരിച്ചു കൂടുതൽ ഫലപ്രദമാക്കുകയും എല്ലാ പ്രവർത്തനമേഖലകളിലും ആവശ്യമായ ജാഗ്രത പുലർത്തുകയും ചെയ്യേണ്ടതു കാലഘട്ടത്തിന്റെ അനിവാര്യതയാണ്. തന്റെ ജീവിതത്തിലൂടെയും പ്രഘോഷണത്തിലൂടെയും രക്തസാക്ഷിത്വത്തിലൂടെയും നമുക്കു മാതൃകയും പ്രചോദനവുമായ മാർതോമാശ്ലീഹായെ പിൻതുടർന്നു നമ്മുടെ വിശ്വാസജീവിതം ധീരതയോടെ നയിക്കാം. "ലോകത്തിൽ നിങ്ങൾക്കു ഞെരുക്കമുണ്ടാകും. എങ്കിലും ധൈര്യമായിരിക്കുവിൻ; ഞാൻ ലോകത്തെ കീഴടക്കിയിരിക്കുന്നു” (യോഹ. 16:33) എന്ന ഈശോയുടെ വാക്കുകൾ എല്ലാ പ്രതിസന്ധികളിലും നമുക്ക് ഊർജവും ഉണർവും ഉത്തേജനവും നല്കട്ടെ. ദുക്റാനതിരുനാളിന്റെയും സഭാ ദിനത്തിന്റെയും ആശംസകൾ സഭാമക്കൾ എല്ലാവർക്കും നേരുന്നു. നമ്മുടെ അമ്മയായ പരിശുദ്ധ കന്യാകാമറിയത്തിന്റെയും മാർ യൗസേപ്പുപിതാവിന്റെയും മാർ തോമാശ്ലീഹായുടെയും സകല വിശുദ്ധരുടെയും വാഴ്ത്തപ്പെട്ടവരുടെയും മാധ്യസ്ഥ്യവും അനുഗ്രഹവും നമ്മോടും നമ്മുടെ എല്ലാ പ്രവർത്തനങ്ങളോടുമൊപ്പം ഉണ്ടായിരിക്കട്ടെ. കാക്കനാട് മൗണ്ട് സെന്റ് തോമസിലുള്ള മേജർ ആർച്ചുബിഷപ്പിന്റെ കാര്യാലയത്തിൽ നിന്നു 2023-ാം ആണ്ട് ജൂൺ മാസം 25-ാം തീയതി നല്കപ്പെട്ടത്.
Image: /content_image/India/India-2023-07-03-09:39:03.jpg
Keywords: ദുക്റാ, ആലഞ്ചേ