Events - 2025
യൂറോപ്യൻ മലയാളികളുടെ ആത്മീയ സംഗമമായ "യൂറോപ്പ് ഇവാൻജലൈസേഷൻ കോൺഫറൻസ് " ജൂൺ 2 മുതൽ
സ്വന്തം ലേഖകന്‍ 01-05-2016 - Sunday
യൂറോപ്യൻ ജനതയിൽ നിന്നും നാം ഉൾക്കൊണ്ട ക്രൈസ്തവ വിശ്വാസവും പാരമ്പര്യം അതിന്റെ ഇരട്ടിയായി തിരികെ നൽകാൻ, യൂറോപ്പിന്റെ നവസുവിശേഷവത്ക്കരണത്തിനു കരുത്തേകിക്കൊണ്ടിരിക്കുന്ന സെഹിയോൻ യു കെ ഒരുക്കുന്ന യൂറോപ്പിലെ മലയാളികളുടെ ആത്മീയ സംഗമം "യൂറോപ്പ് ഇവാൻജലൈസേഷൻ കോൺഫറൻസ്" ജൂൺ 2 വ്യാഴം മുതൽ 5 ഞായർ വരെ വെയിൽസിലെ കെഫൻലി പാർക്കിൽ നടക്കുന്നു.
യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള മലയാളികൾ ഒരുമിക്കുന്ന 4 ദിവസത്തെ താമസിച്ചുള്ള ധ്യാനം ഫാ.സോജി ഓലിക്കലാണ് നയിക്കുന്നത്. പൂർണ്ണമായും മലയാളത്തിലാണ് ധ്യാനം നടക്കുക. അവധിക്കാലത്തായതിനാൽ കുട്ടികൾക്കും യുവജനങ്ങൾക്കും വേണ്ടിയുള്ള പ്രത്യേക ധ്യാനം" സ്കൂൾ ഓഫ് ഇവാൻജലൈസേഷൻ " കിഡ്സ് ഫോർ കിംങ്ഡത്തിന്റെ നേതൃത്വത്തിൽ നടക്കും. ഫാ.സോജി ഓലിക്കലിനോടൊപ്പം മറ്റ് വൈദികരും പ്രശസ്ത വചനപ്രഘോഷകരും അടങ്ങുന്ന ടീം ധ്യാനത്തിനു നേതൃത്വം നല്കും.
ലോകത്തിലെ വിവിധ രാജ്യങ്ങളിൽ സുവിശേഷവത്കരണം നടത്തിക്കൊണ്ടിരിക്കുന്ന ഫാ.സേവ്യർ ഖാൻ വട്ടായിലിന്റെയും, ഫാ.സോജി ഓലിക്കലിന്റെയും നേതൃത്വത്തിലുള്ള സെഹിയോൻ മിനിസ്ട്രി കഴിഞ്ഞ ഏതാനും വർഷങ്ങളായി മലയാളത്തിലും മറ്റ് ഭാഷകളിലും വിവിധങ്ങളായ ശുശ്രൂഷകളിലൂടെ യൂറോപ്യൻ രാജ്യങ്ങളിൽ സജീവമായി ക്കൊണ്ടിരിക്കുകയാണ്.
വിവിധ രാജ്യങ്ങളിലെ മലയാളികളെ സുവിശേഷവത്കരണത്തിനുള്ള ഉപകരണമാക്കുക എന്ന ലക്ഷ്യത്തോടെ 4 ദിവസങ്ങളിലായി നടത്തപ്പെടുന്ന ഈ ധ്യാനത്തിലേക്കുള്ള രജിസ്ട്രേഷന് www.sehionuk.org എന്ന വെബ്സൈറ്റിലോ, ജോൺസൺ നോട്ടിംങ്ഹാം.(Ph: 07506810177), ജോസ് കുര്യാക്കോസ്(Ph: 07414747573 ) എന്നിവരുമായോ ബന്ധപ്പെടുക.