India

തമിഴ്‌നാട്ടില്‍ ഭരണം പിടിക്കാന്‍ ക്രൈസ്തവരുടെ പിന്തുണ തേടി രാഷ്ട്രീയ നേതാക്കള്‍

സ്വന്തം ലേഖകന്‍ 13-05-2016 - Friday

ചെന്നൈ: കേരളത്തിനൊപ്പം തെരഞ്ഞെടുപ്പു നടക്കുന്ന തമിഴ്‌നാട്ടില്‍ വിജയിക്കുവാന്‍ ക്രൈസ്തവ സഭകളുടെ സഹായം തേടി രാഷ്ട്രീയ പാര്‍ട്ടികള്‍. കത്തോലിക്ക സഭയ്ക്കും സിഎസ്‌ഐ സഭയ്ക്കും മറ്റു ചില പ്രൊട്ടസ്റ്റേന്റ് സഭകള്‍ക്കും തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ ജയപരാജയങ്ങള്‍ നിര്‍ണയിക്കുവാന്‍ കഴിയുന്ന തലത്തിലുള്ള സ്വാധീനമുള്ളതിനാല്‍, ഈ സ്വാധീനം തങ്ങള്‍ക്ക് അനുകൂലമാക്കുവാന്‍ ദ്രാവിഡ പാര്‍ട്ടികളും ദേശീയ പാര്‍ട്ടികളും ഒരു പോലെ ക്രൈസ്തവ സഭകളുടെ അധ്യക്ഷന്‍മാരെ കാണുന്നുണ്ട്.

തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളില്‍ ശക്തമായ സ്വാധീനമാണു കത്തോലിക്ക സഭയ്ക്കുള്ളത്. ചില തീരദേശ മേഖലകളിലെ ജനങ്ങളെ സര്‍ക്കാരുമായി ബന്ധിപ്പിക്കുന്നതു സഭയുടെ സംവിധാനങ്ങള്‍ വഴിയാണ്. കന്യാകുമാരി ജില്ലയില്‍ സഭകളുടെ നിലപാട് മാത്രമാകും വിജയികളെ തീരുമാനിക്കുകയെന്ന്‍ പറയപ്പെടുന്നു. ഇപ്പോഴത്തെ മുഖ്യമന്ത്രി ജയലളിത, ചെന്നൈ ആര്‍ച്ച് ബിഷപ്പിനു പ്രത്യേകമായി ക്രിസ്തുമസിനു കേക്കുകളും സമ്മാനങ്ങളും നല്‍കിയത് സഭയുടെ സ്വാധീനം ഭരണാധികാരികള്‍ക്കു മനസിലായതിനാല്‍ തന്നെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. കരുണാനിധിയുടെ മകനും ഡിഎംകെ നേതാവുമായ സ്റ്റാലിന്‍ പലപ്പോഴും സഭകള്‍ നടത്തുന്ന പ്രാര്‍ഥനകളില്‍ പങ്കാളിയാകുവാന്‍ എത്താറുണ്ട്.

2016-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തെ തുണയ്ക്കുവാനാണു സഭയുടെ തീരുമാനമെന്നു ചില മാധ്യമങ്ങള്‍ പറയുന്നു. തമിഴ്‌നാട്ടിലെ ദ്രാവിഡ സംസ്‌കാരവുമായി ഇഴചേര്‍ന്നു കിടക്കുന്നതായി ക്രൈസ്തവ വിശ്വാസം മാറിയിട്ടുണ്ട്. ക്രിസ്തു ശിഷ്യനും ഭാരതത്തിന്റെ അപ്പോസ്‌ത്തോലനുമായ വിശുദ്ധ തോമാശ്ലീഹാ തമിഴ്‌നാട്ടില്‍ വച്ചാണു രക്തസാക്ഷിയായത്. തോമാസ്ലീഹായുടെ വിശ്വാസ തീഷ്ണതയില്‍ ഉദയം കൊണ്ട പാരമ്പര്യമുള്ള തമിഴ്‌നാട്ടിലെ സഭയ്ക്കു 2000 വര്‍ഷങ്ങളുടെ പഴക്കവുമുണ്ട്. അടിയുറച്ച ദൈവവിശ്വാസമാണു തമിഴ്‌നാട്ടിലെ വിശ്വാസികളെ മുന്നോട്ടു നയിക്കുന്നത്.

പരിശുദ്ധ അമ്മയുടെ പേരില്‍ ലോക പ്രശസ്തമായ വേളാങ്കണ്ണി പള്ളി സ്ഥിതി ചെയ്യുന്നതും തമിഴ്‌നാട്ടിലാണ്. ക്രൈസ്തവ മൂല്യത്തില്‍ അടിയുറച്ച്, അതില്‍ നിന്നും ആശയം ഉള്‍ക്കൊണ്ട് ആരംഭിച്ച ഒരുപറ്റം പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളും തമിഴ്‌നാട്ടിലുണ്ട്. നേരത്തെ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ തടവിലായ തമിഴ്‌നാട് സ്വദേശിയായ കത്തോലിക്കാ പുരോഹിതന്റെ മോചനത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടിരുന്നു. ദൈവഹിതം നിറവേറ്റുന്ന ഭരണാധികാരികള്‍ തെരഞ്ഞെടുക്കപ്പെടണമെന്ന ആഗ്രഹത്തില്‍ ഉപവസിച്ചു പ്രാര്‍ത്ഥിക്കുകയാണ് തമിഴ്‌നാട്ടിലെ വിവിധ ക്രൈസ്തവ സഭകളിലെ അംഗങ്ങള്‍.

More Archives >>

Page 1 of 6