News

“മിസൈലുകൾ തലയ്ക്ക് മുകളിലൂടെ പായുന്നു, പക്ഷേ ജനത്തെ ഉപേക്ഷിക്കില്ല”: യുദ്ധ ബാധിതരെ ചേര്‍ത്തു പിടിച്ച് ലെബനീസ് സഭ

പ്രവാചകശബ്ദം 05-03-2026 - Thursday

ബെയ്റൂട്ട്: രാജ്യത്തിന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ വ്യോമാക്രമണങ്ങളുടെ തരംഗമാണ് നടക്കുന്നതെന്നും മിസൈലുകൾ തങ്ങളുടെ തലയ്ക്ക് മുകളിലൂടെ പായുകയാണെന്നും ലെബനോനിലെ ബിഷപ്പുമാരുടെ വെളിപ്പെടുത്തല്‍. അതിർത്തി ഗ്രാമങ്ങളിൽ നിന്നുള്ള ക്രിസ്ത്യാനികൾ പലായനം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ബെക്കാ താഴ്‌വരയിൽ, ബാൽബെക്കിൽ നിന്നുള്ള മുസ്ലീം, ക്രിസ്ത്യൻ കുടുംബങ്ങൾ ദേർ എൽ അഹ്മറിൽ അഭയം തേടുന്നുവെന്ന് ബാൽബെക്ക്-ദേർ എൽ അഹ്മറിലെ മരോണൈറ്റ് ബിഷപ്പ് ഹന്ന റഹ്മെ പറഞ്ഞു.

വളരെ പരിമിതമായ സാഹചര്യമാണ് ഉള്ളതെങ്കിലും ആവശ്യക്കാരെ സഭ ഉപേക്ഷിക്കില്ലെന്നു ബിഷപ്പ് റഹ്മെ വ്യക്തമാക്കി. “അവർ നമ്മുടെ ജനങ്ങളാണ്; തങ്ങളുടെ കൈയിലുള്ളത് ഉപയോഗിച്ച് ഞങ്ങൾ അവരെ പരിപാലിക്കും.”- അദ്ദേഹം പറഞ്ഞു. തെക്കൻ ലെബനോനിലും ബെക്കാ താഴ്‌വരയിലും സ്ഫോടനങ്ങൾ നടക്കുകയാണെന്നും ആളുകൾ കഴിയുന്നത് ഭയത്തോടും നിരാശയോടെയുമാണെന്ന് ബിഷപ്പുമാര്‍ പറഞ്ഞു. തിങ്കളാഴ്ച പുലർച്ചെ വന്ന മിസൈലുകൾ സമീപ മാസങ്ങളിൽ ഇസ്രായേലുമായുള്ള വെടിനിർത്തൽ കരാര്‍ ലംഘിക്കുന്നതായിരിന്നുവെന്നും ബിഷപ്പുമാര്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വാരാന്ത്യത്തിൽ അമേരിക്കയും ഇസ്രായേലും ഇറാനെതിരെ സൈനിക നടപടി ആരംഭിച്ചതിനുശേഷം ലെബനോനിൽ മുപ്പതിനായിരത്തിലധികം ആളുകൾ കുടിയിറക്കപ്പെട്ട സാഹചര്യമാണുള്ളതെന്ന് കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് (ACN) പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. കുടിയിറക്കപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷണം, അടിയന്തര കിറ്റുകൾ, പ്രാഥമിക സഹായം എന്നിവ ലഭ്യമാക്കുന്നതിന് അന്താരാഷ്ട്ര സഹായം തേടേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് രാജ്യത്തെ ബിഷപ്പുമാർ പറയുന്നു.

തെക്കൻ തുറമുഖ നഗരമായ സൈദയിൽ, തലയ്ക്ക് മുകളിലൂടെ മിസൈലുകൾ പായുകയാണെന്നു മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിക്ക ബിഷപ്പ് എലി ഹദ്ദാദ് പറഞ്ഞു. അക്രമം തുടർന്നാൽ തന്റെ രൂപതയിലെ ഏകദേശം 800 ക്രിസ്ത്യൻ കുടുംബങ്ങൾക്ക് സഹായം അത്യാവശ്യമായി മാറുമെന്ന് ടയറിലെ മെൽക്കൈറ്റ് ബിഷപ്പ് ജോർജ്ജ് ഇസ്‌കന്ദർ പറഞ്ഞു. അതേസമയം സ്ബൗഡിൽ സിസ്റ്റേഴ്‌സ് ഓഫ് ദി ഗുഡ് സര്‍വീസ് സന്യാസ സമൂഹം നടത്തുന്ന സ്കൂളിൽ ഏകദേശം 100 പേര്‍ക്ക് നിലവില്‍ അഭയം ഒരുക്കിയിട്ടുണ്ട്. പ്രതിസന്ധിയില്‍ അമരുമ്പോഴും ദുരിത ബാധിതരെ ചേര്‍ത്തു പിടിക്കുവാന്‍ തന്നെയാണ് ലെബനീസ് സഭയുടെ തീരുമാനം.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️




Related Articles »