News - 2026

ജെറുസലേമിലെ ഓശാന ഞായര്‍ പ്രദിക്ഷണം റദ്ദാക്കി

പ്രവാചകശബ്ദം 23-03-2026 - Monday

ജെറുസലേം: യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ വര്‍ഷവും ആയിരങ്ങള്‍ പങ്കെടുത്തുക്കൊണ്ടിരിന്ന ജെറുസലേമിലെ ഓശാന ഞായര്‍ പ്രദിക്ഷണം റദ്ദാക്കി. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഒലിവുമലയിൽ നിന്ന് ജെറുസലേമിലേക്കുള്ള പരമ്പരാഗത ഓശാന ഞായര്‍ ഘോഷയാത്ര ഒഴിവാക്കുകയാണെന്ന് ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റാണ് അറിയിച്ചിരിക്കുന്നത്. ഇതിന് പകരം മറ്റൊരു സ്ഥലത്ത് നഗരത്തിനായുള്ള പ്രാർത്ഥന നടത്തുമെന്നും ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസ് ​​കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബെല്ല പ്രഖ്യാപിച്ചു.

സംഘർഷവും സമീപ ദിവസങ്ങളിലെ ആക്രമണങ്ങളും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും മൂലം കാര്യമായ പുരോഗതിക്ക് ഒരു സൂചനയും നൽകുന്നില്ലായെന്നും മറ്റ് ക്രൈസ്തവ സഭകളുമായി ചേർന്ന് രക്ഷയുടെ കേന്ദ്ര രഹസ്യം എങ്ങനെ ആഘോഷിക്കാമെന്ന് വിലയിരുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. വിശുദ്ധ വാരാഘോഷങ്ങൾ സംബന്ധിച്ചു കൃത്യമായ വിവരങ്ങള്‍ നൽകുന്നത് അസാധ്യമാണെന്നും കർദ്ദിനാൾ പിസബല്ല അടിവരയിട്ടു.

എല്ലാവർക്കും പങ്കെടുക്കാവുന്ന വിധത്തില്‍ ആഘോഷങ്ങൾ നടക്കില്ലെന്ന് ഇതിനകം വ്യക്തമാണ്. എന്നിരുന്നാലും, പാത്രിയാർക്കേറ്റിന്റെ ക്രൈസ്തവ ദേവാലയങ്ങള്‍ തുറന്നിരിക്കുമെന്നും, പ്രാർത്ഥനയും ഈസ്റ്റർ ആചരണത്തില്‍ വിശ്വാസികളുടെ പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിന് ഇടവക വൈദികരും മറ്റും പരമാവധി ശ്രമിക്കുമെന്നും ലാറ്റിൻ പാത്രിയാർക്കീസ് പ്രസ്താവനയിൽ വ്യക്തമാക്കി.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »