News - 2026
ലെയോ പാപ്പ അസ്സീസിയിലേക്ക് നടത്താനിരുന്ന യാത്ര റദ്ദാക്കി
പ്രവാചകശബ്ദം 24-10-2026 - Saturday
വത്തിക്കാന്‍ സിറ്റി: ലെയോ പാപ്പ ഒക്ടോബർ 27ന് അസ്സീസിയിലേക്ക് നടത്താനിരുന്ന യാത്ര ആരോഗ്യപരമായ മുൻകരുതലെന്ന നിലയിൽ റദ്ദാക്കിയതായി വത്തിക്കാന്‍. 1986-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ തുടക്കമിട്ട ചരിത്രപ്രസിദ്ധമായ ലോക സമാധാന ദിനത്തിന്റെ നാല്പതാം വാർഷികത്തോടനുബന്ധിച്ച്, സാന്ത് എജിദിയോ സമൂഹം, ഇറ്റലിയിലെ അസ്സീസിയിൽവച്ച് നടത്തുന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ പാപ്പ പങ്കെടുക്കുമെന്ന് വത്തിക്കാന്‍ ഒരു മാസം മുന്‍പേ അറിയിച്ചിരിന്നു. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്നു മുഴ നീക്കം ചെയ്യാനായി ശസ്ത്രക്രിയയ്ക്കു വിധേയനായ പാപ്പയ്ക്കു ആരോഗ്യപരമായ മുന്‍കരുതല്‍ എന്ന നിലയില്‍ ഡോക്ടർമാരുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് യാത്ര റദ്ദാക്കുവാന്‍ തീരുമാനിച്ചതെന്ന് വത്തിക്കാന്‍ അറിയിച്ചു.
വിവിധ പരിശോധനകൾ നടത്തിയതിന്റെ വെളിച്ചത്തിൽ, പാപ്പയുടെ ആരോഗ്യസ്ഥിതി മികച്ച രീതിയിൽ പുരോഗമിക്കുന്നുണ്ടെങ്കിലും, ശസ്ത്രക്രിയയ്ക്ക് ശേഷം കുറച്ചു ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ എന്നതുകൊണ്ടുതന്നെ, ആരോഗ്യം വീണ്ടെടുക്കുന്നതിന് സഹായമെന്ന നിലയിലുള്ള മുൻകരുതലിന്റെ ഭാഗമായി, ഹെലികോപ്റ്ററിൽ യാത്ര ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലതെന്ന മെഡിക്കൽ ഉപദേശം ലഭിച്ചതിനെത്തുടർന്നാണ് ഇത്തരമൊരു തീരുമാനമെന്ന് വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സമ്മേളനത്തിൽ പങ്കെടുക്കാനാകില്ലെങ്കിലും, എല്ലാവർക്കും തന്റെ സാമീപ്യവും പിന്തുണയും അറിയിച്ചുകൊണ്ട് പരിശുദ്ധ പിതാവ് പരിപാടിയ്ക്കു സന്ദേശമയക്കുമെന്ന് പ്രസ് ഓഫീസ് പത്രപ്രവർത്തകരെ അറിയിച്ചു. ലോകമെമ്പാടും സംഘർഷങ്ങൾ നാടകീയമായി വർദ്ധിച്ചുവരുന്നതും രാജ്യങ്ങൾക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ യുദ്ധത്തെ വീണ്ടും ഒരു മാർഗ്ഗമായി കാണുന്ന ആശങ്കാജനകമായ അന്തരീക്ഷവും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ സമ്മേളനത്തിന്റെ പ്രസക്തി വളരെ വലുതാണ്. വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും, മറ്റിടങ്ങളിൽ നിന്നുമുള്ള ആളുകളും സമ്മേളനത്തിൽ സംബന്ധിക്കുന്നുണ്ട്.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️









