India - 2025
ആഗോള മലയാളി കരിസ്മാറ്റിക്ക് സംഗമം ശനിയാഴ്ച
സ്വന്തം ലേഖകന്‍ 10-08-2017 - Thursday
കൊച്ചി: കരിസ്മാറ്റിക് നവീകരണത്തിന്റെ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആഗോള മലയാളി കരിസ്മാറ്റിക് സംഗമത്തിന് ശനിയാഴ്ച (ആഗസ്റ്റ് 12) തുടക്കമാകും. ഇരിങ്ങാലക്കുട രൂപതയിലെ ആളൂർ ലൂമെൻ യൂത്ത് സെന്റർ ഗ്രൗണ്ടിലാണ് സമ്മേളനം നടക്കുന്നത്. ഗൾഫ്, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, സ്പെയിൻ, കാനഡ എന്നീ രാജ്യങ്ങളിൽനിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നും പതിനായിരത്തോളം പേർ സമ്മേളനത്തില്‍ പങ്കെടുക്കും. തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിക്കും.
സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം, ആർച്ച്ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ, ബിഷപ്പുമാരായ മാർ ജോസ് പുളിക്കൽ, മാർ റാഫേൽ തട്ടിൽ, മാർ തോമസ് ചക്യത്ത്, ഡോ. വർഗീസ് ചക്കാലയ്ക്കൽ, ഡോ. ജോസഫ് കാരിക്കശേരി എന്നിവർ വിവിധ ദിവസങ്ങളിൽ സന്ദേശം നൽകും.
മുരിങ്ങൂർ ഡിവൈൻ, പോട്ട ആശ്രമം, സഹൃദയ എൻജിനിയറിംഗ് കോളജ് എന്നിവിടങ്ങളിൽ പ്രതിനിധികൾക്കു താമസസൗകര്യം ക്രമീകരിച്ചിട്ടുണ്ട്. സംഗമം ഏകോപിപ്പിക്കുവാന്‍ 600 വോളണ്ടിയർമാരും മറ്റു കമ്മിറ്റികളും പ്രവർത്തിക്കുന്നുണ്ട്. 15 വരെയാണു കരിസ്മാറ്റിക് സംഗമം. 1967ലാണു കത്തോലിക്കാസഭയിൽ കരിസ്മാറ്റിക് മുന്നേറ്റം ആരംഭിച്ചത്.