India - 2025

മിഷന്‍ കോണ്‍ഗ്രസ്: 22 കേന്ദ്രങ്ങളില്‍ പ്രതിനിധിസംഗമങ്ങള്‍ നടന്നു

സ്വന്തം ലേഖകന്‍ 08-10-2017 - Sunday

കൊച്ചി: കേരള ലത്തീന്‍ കത്തോലിക്കാ സഭയുടെ മിഷന്‍ കോണ്‍ഗ്രസിന്‍റെ ഭാഗമായി 22 കേന്ദ്രങ്ങളില്‍ പ്രതിനിധിസംഗമങ്ങള്‍ നടന്നു. വരാപ്പുഴ അതിരൂപതയിലും കൊച്ചി, ആലപ്പുഴ, കോട്ടപ്പുറം രൂപതകളിലുമായി നടന്ന പ്രതിനിധിസംഗമങ്ങളില്‍ 3500 പ്രതിനിധികളും മുപ്പതോളം ബിഷപ്പുമാരും ഇടവക ജനങ്ങളുമായി ആശയവിനിമയം നടത്തി. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാത്രോ മെത്രാന്‍മാര്‍, അല്മായ പ്രതിനിധികള്‍, സംഘടനാ ഭാരവാഹികള്‍, സന്യാസസഭാ മേധാവികള്‍ എന്നിവരുമായി ഇന്നലെ കൂടിക്കാഴ്ച്ച നടത്തി. ഇതരസംസ്ഥാനങ്ങളില്‍നിന്നുള്‍പ്പെടെയുള്ള മെത്രാന്‍മാര്‍ വിവിധ കേന്ദ്രങ്ങളില്‍ ഒരേസമയം ദിവ്യബലിയര്‍പ്പിച്ചു.

ആര്‍ച്ച്ബിഷപ്പുമാരായ ഡോ. ജോണ്‍ മൂലച്ചിറ (ഗുവാഹട്ടി), ഡോ. ഏബ്രഹാം വിരുതുകുളങ്ങര (നാഗ്പൂര്‍), ബിഷപ്പുമാരായ ഡോ. പീറ്റര്‍ പറപ്പിള്ളി (ഝാന്‍സി), ഡോ. ഇഗ്‌നേഷ്യസ് മസ്‌ക്രിനാസ് (സിംല), ഡോ. അലക്‌സ് വടക്കുംതല(കണ്ണൂര്‍), ഡോ. ജോണ്‍ തോമസ് കാട്രുകുടിയില്‍ (ഇറ്റാനഗര്‍), ഡോ. വര്‍ഗീസ് ചക്കാലക്കല്‍(കോഴിക്കോട്), ഡോ. ജോസഫ് കാരിക്കശേരി(കോട്ടപ്പുറം), ഡോ. തോമസ് തെന്നാട്ട് (ഗ്വാളിയര്‍), ഡോ. ചാക്കോ തോട്ടുമാരിക്കല്‍ (ഇന്‍ഡോര്‍), ഡോ. ജോര്‍ജ് പള്ളിപ്പറന്പില്‍ (മിയാവോ), ഡോ. പോള്‍ മൈപ്പാന്‍ (ഖമ്മം), ഡോ. പീറ്റര്‍ അബീര്‍ അന്തോണിസാമി (സുല്‍ത്താന്‍പേട്ട്), ഡോ. വിന്‍സന്റ് സാമുവല്‍ (നെയ്യാറ്റിന്‍കര), ഡോ. റാഫി മഞ്ഞളി (അലഹാബാദ്), ഡോ. ജോസഫ് കരിയില്‍ (കൊച്ചി), ഡോ. സൈമണ്‍ കൈപ്പുറം (ബാലസോര്‍), ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ (ആലപ്പുഴ), ഡോ. കുര്യന്‍ വലിയകണ്ടത്തില്‍ (ഭഗല്‍പൂര്‍), ഡോ. സെബാസ്റ്റ്യന്‍ കല്ലുപുര (ബക്‌സര്‍), ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ (വിജയപുരം), ഡോ. സ്റ്റാന്‍ലി റോമന്‍(കൊല്ലം), ഡോ.ആര്‍. ക്രിസ്തുദാസ് (തിരുവനന്തപുരം), ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍(പുനലൂര്‍) എന്നിവരാണു ദിവ്യബലി അര്‍പ്പിച്ചത്.

പ്രതിനിധികളെ ആഘോഷമായാണ് ഓരോ സെന്ററുകളിലും സ്വീകരിച്ചത്. പ്രതിനിധികളുടെ സാന്നിധ്യത്തില്‍ കുടുംബയൂണിറ്റുകള്‍ ചേര്‍ന്ന് പ്രേഷിതാനുഭവങ്ങള്‍ പങ്കുവച്ചു. വിവിധ പഠനങ്ങള്‍ എല്ലാ കേന്ദ്രങ്ങളിലും അവതരിപ്പിച്ചു ചര്‍ച്ച ചെയ്തു. കുടുംബയൂണിറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള പ്രായോഗികപാഠങ്ങള്‍ മനസിലാക്കാനും സംഗമങ്ങള്‍ കൊണ്ടു സാധിച്ചതായി സമുദായവക്താവ് ഷാജി ജോര്‍ജ് വ്യക്തമാക്കി.

മിഷന്‍ കോണ്‍ഗ്രസിന്റെ സമാപനദിനമായ ഇന്നു രാവിലെ ഒന്പതിനു ആലപ്പുഴ ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയിലിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥാനാശുശ്രൂഷ. തുടര്‍ന്നു ദശവത്സരപദ്ധതികളുടെ പ്രകാശനം സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ് നിര്‍വഹിക്കും. കെആര്‍എല്‍സിബിസി ശുശ്രൂഷാ സമിതികളുടെ കോ ഓര്‍ഡിനേറ്റര്‍ ഫാ. തോമസ് തറയില്‍ പദ്ധതികള്‍ അവതരിപ്പിക്കും. സിസിബിഐ ബിസിസി ചെയര്‍മാന്‍ ബിഷപ് ഡോ. ഇഗ്‌നേഷ്യസ് മസ്‌കരിനാസ് അധ്യക്ഷനാകും.

ഫാ. വിജയ് തോമസ്, ആന്റണി ആല്‍ബര്‍ട്ട്, സ്മിത ബിജോയ്, ആന്റണി നൊറോണ എന്നിവര്‍ പ്രസംഗിക്കും. വിവിധ സെഷനുകളില്‍ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍, ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, ബിഷപ് ഡോ. വിന്‍സന്റ് സാമുവല്‍, കെ. ബി സൈമണ്‍, ഡോ. എഡ്വേര്‍ഡ് എടേഴത്ത്, ജോയ് ഗോതുരുത്ത്, മോണ്‍. ജെയിംസ് കുലാസ്, ഫാ. പോള്‍ സണ്ണി, ഇമ്മാനുവല്‍ മൈക്കിള്‍ എന്നിവര്‍ പങ്കെടുക്കും. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ റവ. ഡോ. ഗ്രിഗറി ആര്‍ബി മിഷന്‍ കോണ്‍ഗ്രസ് പദ്ധതികള്‍ വിശദീകരിക്കും.

2.30ന് വത്തിക്കാനില്‍ നിന്നുള്ള ഇവാഞ്ചലൈസേഷന്‍ സെക്രട്ടറി ആര്‍ച്ച്ബിഷപ് ഡോ.പ്രൊട്ടാസെ റിഗുംബോയുടെ മുഖ്യകാര്‍മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി. തുടര്‍ന്ന് കേരളസഭയെ മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പണം, മിഷന്‍ ക്രോസ് കൈമാറ്റം എന്നിവ നടക്കും. മിഷന്‍ കോണ്‍ഗ്രസ്ബിസിസി കണ്‍വന്‍ഷന്റെ തുടര്‍പദ്ധതി ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം പ്രഖ്യാപിക്കും. കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ സമാപന ചടങ്ങില്‍ കൃതജ്ഞത പറയും. ഒക്ടോബര്‍ 6നാണ് മിഷന്‍ കോണ്‍ഗ്രസ് ആരംഭിച്ചത്.

More Archives >>

Page 1 of 104