India - 2025
നൂറ്റിമുപ്പത്തി ഒന്നാമത് ചങ്ങനാശേരി അതിരൂപതാദിനാഘോഷം തുരുത്തി ഫൊറോനയില്‍
സ്വന്തം ലേഖകന്‍ 19-04-2018 - Thursday
ചങ്ങനാശേരി: നൂറ്റിമുപ്പത്തി ഒന്നാമത് ചങ്ങനാശേരി അതിരൂപതാദിനാഘോഷം മേയ് 19നു തുരുത്തി മര്‍ത്ത്മറിയം ഫൊറോനാ പള്ളിയിലെ ഫാ. ബെര്‍ണാദ് ആലഞ്ചേരി നഗറില്‍ നടക്കും. ഫൊറോനയായി ഉയര്‍ത്തപ്പെട്ടശേഷം തുരുത്തി പള്ളി ആതിഥ്യമരുളുന്ന ആദ്യ അതിരൂപതാദിനാഘോഷമാണ് നടക്കുവാനിരിക്കുന്നത്. കേരളത്തിലെ അഞ്ച് ജില്ലകളില്‍ മുന്നൂറോളം ഇടവകകളിലായി എണ്പിതിനായിരം കുടുംബാംഗങ്ങളിലെ അഞ്ചു ലക്ഷത്തോളം വരുന്ന വിശ്വാസികളുടെ പ്രതിനിധികളും വൈദികരും സന്യസ്തപ്രതിനിധികളും സംഗമത്തില്‍ പങ്കെടുക്കും.
ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. അതിരൂപത നല്കുന്ന പരമോന്നത ബഹുമതിയായ എക്സലന്‍സ് അവാര്‍ഡും സമ്മേളനത്തില്‍ സമ്മാനിക്കും. ആഗോള കത്തോലിക്കാ സഭ 2018 യുവജന വര്‍ഷമായി ആചരിക്കുന്ന സാഹചര്യത്തില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച യുവ പ്രതിഭകളെ പ്രത്യേക അവാര്‍ഡ് നല്കി ആദരിക്കും. സംസ്ഥാന ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ അംഗീകാരം നേടിയ അതിരൂപതാംഗങ്ങളെയും ആദരിക്കും. അതിരൂപതയെ സംബന്ധിക്കുന്ന വിവിധ പ്രഖ്യാപനങ്ങളും നടക്കും. മേയ് 13നു അതിരൂപതയിലെ എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും പ്രത്യേക പരിപാടികള്‍ നടക്കും. അതിരൂപത ദിനം വിളന്പരം ചെയ്ത് പേപ്പല്‍ പതാക ഉയര്‍ത്തും.
