Contents

Displaying 12031-12040 of 25155 results.
Content: 12350
Category: 1
Sub Category:
Heading: ക്രൈസ്തവ കൂട്ടക്കൊലയ്ക്കെതിരെ നൈജീരിയയില്‍ ഉടനീളം പ്രാര്‍ത്ഥനാ റാലി
Content: ലാഗോസ്: നൈജീരിയയില്‍ സ്ഥിര സംഭവമായി മാറിയ ക്രൈസ്തവ കൂട്ടക്കൊലക്കും രാജ്യത്തെ അരക്ഷിതാവസ്ഥയ്ക്കുമെതിരെ “സഭ ഒരുമിക്കുകയാണ് നരകത്തിന്റെ വാതിലുകള്‍ ഇനി നിലനില്‍ക്കുകയില്ല” എന്ന മുദ്രാവാക്യവുമായി വിശ്വാസികളുടെ പ്രാര്‍ത്ഥനാറാലി. ഇക്കഴിഞ്ഞ ഞായറാഴ്ച ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയ (സി.എ.എന്‍) യുടെ ആഹ്വാനമനുസരിച്ചാണ് ക്രൈസ്തവര്‍ തങ്ങളുടെ ദേവാലയങ്ങള്‍ക്ക് ചുറ്റും സമാധാനപരമായി പ്രാര്‍ത്ഥനാ പദയാത്രകള്‍ നടത്തിയത്. “ക്രൈസ്തവരെ അടിച്ചമര്‍ത്തുന്നത് അവസാനിപ്പിക്കുക”, “ക്രൈസ്തവരെ കൊല്ലുന്നത് അവസാനിപ്പിക്കുക” തുടങ്ങിയ ബാനറുകളും വഹിച്ചു നടന്ന റാലിയില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കുചേര്‍ന്നു. നൈജീരിയയിലെ പതിനേഴോളം തെക്കന്‍ സംസ്ഥാനങ്ങളിലെ സി.എ.എന്‍ ചാപ്റ്ററുകളുടെ നേതൃത്വത്തില്‍ പ്രമുഖ പട്ടണങ്ങളിലെല്ലാം തന്നെ സമാധാനപരമായ റാലികള്‍ നടന്നു. ഇബാദാനിലെ ഒറിട്ടാമേഫ ബാപ്റ്റിസ്റ്റ് ദേവാലയത്തില്‍ നടന്ന റാലിക്ക് സി.എ.എന്‍ പ്രസിഡന്റ് റവ. സുപോ അയോകുനേലെയും, ‘റെഡീംഡ് ക്രിസ്ത്യന്‍ ചര്‍ച്ച് ഓഫ് ഗോഡ്’ (ആര്‍.സി.സി.ജി) ന്റെ പ്രതിഷേധത്തിന് പാസ്റ്റര്‍ എനോക്ക് അഡെബോയും നേതൃത്വം നല്‍കി. ആക്രമണങ്ങളുടെ ലക്ഷ്യം ക്രൈസ്തവരാണെന്നും മതങ്ങള്‍ക്കതീതമായി രാജ്യത്തെ പൗരന്‍മാരെ സംരക്ഷിക്കുവാനുള്ള ധാര്‍മ്മികമായ ഉത്തരവാദിത്വം നിറവേറ്റുവാന്‍ നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ്‌ ബുഹാരിക്കു കഴിയണമെന്നും റവ. അയോകുനേലെ ആവശ്യപ്പെട്ടു. സി.എ.എന്‍ ചെയര്‍മാന്‍ ലാവന്‍ അന്‍ഡീമിയും, മൈദുഗുഡി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയായ റോപ്വില്‍ ഡാല്യെപും കൊല്ലപ്പെട്ടതും ലിയ ഷരീബു എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടി തടവില്‍ കഴിയുന്നതും ക്രൈസ്തവരാണെന്ന ഒറ്റക്കാരണത്താലാണെന്ന്‍ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.വടക്ക് മുതല്‍ തെക്ക് വരെ ശരിയത്ത് നടപ്പിലാക്കുമെന്ന് ബൊക്കോ ഹറാം തലവന്‍ അബൂബക്കര്‍ ഷെക്കാവു നടത്തിയ പരാമര്‍ശം ചൂണ്ടിക്കാട്ടിയ അദ്ദേഹം എന്തര്‍ത്ഥത്തിലാണ് ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ മതപരമല്ലെന്ന് പറയുന്നതെന്ന് ചോദിച്ചു. സിറിയയിലേയും, ഇറാഖിലേയും പോലെ നൈജീരിയയിലെ ക്രിസ്ത്യാനികളുടെ കൂട്ടക്കൊലയില്‍ ഇടപെടുവാന്‍ റവ. അയോകുനേലെ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുകയും ചെയ്തു. സി.എ.എന്‍ ആഹ്വാനമനുസരിച്ച് വിക്ടറി ഇന്റര്‍നാഷണല്‍ ചര്‍ച്ച്, ഗെത്സമനെ പ്രെയര്‍ മിനിസ്ട്രീസ്, ആംഗ്ലിക്കന്‍ ചര്‍ച്ച്, ആര്‍.സി.സി.ജി, വിന്നേഴ്സ് ചാപ്പല്‍ ഉള്‍പ്പെടെയുള്ള പ്രമുഖ ക്രിസ്ത്യന്‍ സഭകളും കൂട്ടായ്മകളും പ്രത്യേക പ്രാര്‍ത്ഥനകളും പദയാത്രയും സംഘടിപ്പിച്ചു. തീവ്രവാദികളില്‍ നിന്നും, കൊള്ളക്കാരില്‍ നിന്നും, കവര്‍ച്ചക്കാരില്‍ നിന്നും, മതമൗലീക വാദികളില്‍ നിന്നും രാജ്യത്തെ രക്ഷിക്കുവാന്‍ പ്രാര്‍ത്ഥനയും അപേക്ഷയും ദൈവത്തിലേക്കെത്തിക്കുക എന്നതാണ് പദയാത്രയുടെ ലക്ഷ്യമെന്ന് ആര്‍.സി.സി.ജി യുടെ പദയാത്രക്ക് നേതൃത്വം നല്‍കിയ പാസ്റ്റര്‍ എനോക്ക് അഡെബോ പറഞ്ഞു. മൂന്ന്‍ ദിവസത്തെ ഉപവാസം ആചരണത്തിനും സി.എ.എന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/DnAq5FbgWIo1tCIyeOcBMn}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-07-06:22:31.jpg
Keywords: നൈജീ
Content: 12351
Category: 1
Sub Category:
Heading: വാക്ക് പാലിച്ച് അമേരിക്ക: മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അന്താരാഷ്ട്ര സഖ്യം ഒടുവില്‍ യാഥാര്‍ത്ഥ്യം
Content: വാഷിംഗ്‌ടണ്‍ ഡി.സി: ചരിത്രത്തിലാദ്യമായി ലോകമെങ്ങും മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി സമാനമനസ്കരായ 27 രാഷ്ട്രങ്ങള്‍ അടങ്ങുന്ന അന്താരാഷ്ട്ര മതസ്വാതന്ത്ര്യ സഖ്യത്തിന് (ഇന്റര്‍നാഷ്ണല്‍ റിലീജിയസ് ഫ്രീഡം അലയന്‍സ്) അമേരിക്കയുടെ നേതൃത്വത്തില്‍ ആരംഭം കുറിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ച ഇരുപത്തിയേഴോളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെ സാന്നിധ്യത്തില്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയാണ് ഇന്റര്‍നാഷ്ണല്‍ റിലീജിയസ് ഫ്രീഡം അലയന്‍സ് (ഐ.ആര്‍.എഫ് അലയന്‍സ്) ഔപചാരികമായി ആരംഭിച്ചതായി പ്രഖ്യാപിച്ചത്. വിശ്വാസത്തിന്റെ പേരില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പീഡനം ഏറ്റുവാങ്ങുന്ന ക്രൈസ്തവര്‍ക്കു വലിയ ആശ്വാസം പകരുന്ന വാര്‍ത്തയാണിത്. മതസ്വാതന്ത്ര്യമെന്ന വിഷയം ആഗോള സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് പോംപിയോ തന്റെ പ്രഖ്യാപനത്തിലൂടെ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തില്‍ വാഷിംഗ്‌ടണില്‍ നടന്ന രണ്ടാമത് മതസ്വാതന്ത്ര്യ യോഗത്തില്‍വെച്ച് പോംപിയോ തന്നെയാണ് ഐ.ആര്‍.എഫ് അലയന്‍സിനെ കുറിച്ചുള്ള ആദ്യ സൂചന നല്‍കിയത്. ഓരോ വ്യക്തിയുടെയും മതസ്വാതന്ത്ര്യത്തെ വിലമതിക്കുകയും അതിനുവേണ്ടി പോരാടുകയും ചെയ്യുന്ന സമാനമനസ്കരായ പങ്കാളികളുടെ സഖ്യമാണിതെന്ന് പോംപിയോ വ്യക്തമാക്കി. ശക്തരായ രാഷ്ട്രങ്ങളെ ഒന്നിപ്പിച്ചുകൊണ്ട് അവരുടെ ഉറവിടങ്ങളും കഴിവും ഉപയോഗിച്ച് മതസ്വാതന്ത്ര്യ ലംഘകരെ തടയുമെന്നും, മതപീഡനത്തിനു ഇരയായികൊണ്ടിരിക്കുന്നവരെ സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതപീഡനം അവസാനിപ്പിക്കുവാനും, വിശ്വാസികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുവാനും, വിശ്വാസ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ പിന്‍വലിക്കുവാനും വ്യക്തമായ സ്വരത്തില്‍ ലോകരാഷ്ട്രങ്ങളോട് അമേരിക്ക ആഹ്വാനം ചെയ്യുന്നുവെന്നും പോംപിയോ പറഞ്ഞു. മതസ്വാതന്ത്ര്യം ഉറപ്പാക്കുന്നത് സംബന്ധിച്ച അംഗരാഷ്ട്രങ്ങളുടെ പ്രതിജ്ഞാബദ്ധതയെ ഊട്ടിയുറപ്പിച്ചുകൊണ്ട് കൂട്ടായ്മയുടെ ഭരണഘടനയായ “ഡിക്ലറേഷന്‍ ഓഫ് പ്രിന്‍സിപ്പിള്‍സ്” ഉയര്‍ത്തിപ്പിടിക്കുമെന്ന് സഖ്യ കക്ഷികള്‍ പ്രതിജ്ഞ ചെയ്തു. മതസ്വാതന്ത്ര്യ ലംഘനങ്ങളെ പതിവായി നിരീക്ഷിക്കുവാനും, റിപ്പോര്‍ട്ട് ചെയ്യുവാനും, ഇതു സംബന്ധിച്ച വിവരങ്ങള്‍ കൈമാറുവാനും, മതപീഡനത്തിനിരയാകുന്നവരുടെ സഹായത്തിനെത്തുവാനും സഖ്യ രാഷ്ട്രങ്ങള്‍ ബാധ്യസ്ഥരാണെന്ന് ‘ഡിക്ലറേഷന്‍ ഓഫ് പ്രിന്‍സിപ്പിള്‍സ്’പറയുന്നു. അല്‍ബേനിയ, ഓസ്ട്രിയ, ബോസ്നിയ, ഹെര്‍സെഗോവിന, ബ്രസീല്‍, ബള്‍ഗേറിയ, കൊളംബിയ, ക്രോയേഷ്യ, ചെക്ക് റിപ്പബ്ലിക്, എസ്തോണിയ, ഗാംബിയ, ജോര്‍ജ്ജിയ, ഗ്രീസ്, ഹംഗറി, ഇസ്രായേല്‍, കൊസൊവോ, ലാത്വിയ, ലിത്വാനിയ, മാള്‍ട്ട, നെതര്‍ലന്‍ഡ്‌സ്‌, പോളണ്ട്, സെനഗല്‍, സ്ലോവാക്യ, സ്ലോവേനിയ, ടോഗോ, യുക്രൈന്‍, യു.കെ എന്നീ 27 രാഷ്ട്രങ്ങളാണ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ സഖ്യത്തിലെ അംഗങ്ങള്‍.
Image: /content_image/News/News-2020-02-07-08:11:08.jpg
Keywords: അമേരിക്ക, മതസ്വാ
Content: 12352
Category: 1
Sub Category:
Heading: യു‌പിയില്‍ ക്രൈസ്തവര്‍ക്ക് നേരെ വ്യാജ ആരോപണവുമായി തീവ്ര ഹിന്ദുത്വ സംഘടന
Content: ന്യൂഡൽഹി: ഉത്തർപ്രദേശില്‍ ക്രൈസ്തവ മിഷ്ണറിമാർ നിർബന്ധിത പരിവർത്തനം നടത്തുന്നതായുള്ള ഹൈന്ദവ സംഘടനയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് സഭാനേതാക്കന്മാർ. സോനെഭദ്ര, മിർസാപൂർ, ഛന്ദോളി, വാരാണസി, പ്രയാഗ്രജ്, കൗശാമ്പി, അമേത്തി, ജോൻപുർ എന്നിങ്ങനെ ഉത്തർപ്രദേശിലെ എട്ടുജില്ലകളിലായി മുപ്പതിടങ്ങളിൽ നിയമവിരുദ്ധ മതപരിവർത്തനം നടക്കുന്നതായാണ് വിശ്വ ഹിന്ദു പരിഷത്ത് ആരോപിക്കുന്നത്. ഇത്തരം ആരോപണങ്ങളിലൂടെ ജനങ്ങളുടെ ഇടയിൽ വിഭജനത്തിനു ചില വിഭാഗീയ ശക്തികൾ ശ്രമിക്കുന്നതായി അലഹബാദ് രൂപത ബിഷപ്പ് റാഫി മഞ്ഞളി യുസിഎ ന്യൂസിനോട് വ്യക്തമാക്കി. ഹിന്ദുത്വവാദികള്‍ പ്രചരിപ്പിക്കുന്ന ഈ ആശയത്തിന് തെളിവുകൾ ഒന്നും ഇല്ല. ദളിതരെയും ആദിവാസി മേഖലകളിൽ പാർക്കുന്നവരെയും ഘർവാപസി എന്ന പേരിൽ ഇക്കൂട്ടര്‍ ആശയകുഴപ്പത്തിലാക്കുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം ക്രൈസ്തവരായവരെ തിരികെ ഹൈന്ദവരാക്കുവാൻ ശ്രമം തുടങ്ങുമെന്നാണ് വി‌എച്ച്‌പിയുടെ നിലപാട്. മതപരിവർത്തനം നടക്കുന്നുണ്ടോ എന്ന അന്വേഷണത്തിലായിരുന്നു പാർട്ടിയെന്നു വി‌എച്ച്‌പി നേതാവ് അംബരീഷ് സിംഗ് പ്രസ്താവിച്ചിരിന്നു. അനേകര്‍ക്ക് സാന്ത്വനം പകരുന്ന ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ നേതൃത്വം നല്‍കുന്ന വിദ്യാഭ്യാസ ആതുരാലയങ്ങളെ മതപരിവര്‍ത്തന കേന്ദ്രങ്ങളായാണ് ഹിന്ദുത്വവാദികള്‍ കണക്കാക്കുന്നത്. മതപരിവർത്തനം ഒരു മാസം മുൻപ് തന്നെ ഭരണകൂടത്തെ അറിയിക്കണമെന്ന നിയമം പാസാക്കിയ രാജ്യത്തെ ഒൻപതാമത്തെ സംസ്ഥാനമാണ് ഉത്തർപ്രദേശ്. വി‌എച്ച്‌പി ക്രൈസ്തവർക്ക് നേരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നു ഡൽഹി ന്യുനപക്ഷ കമ്മീഷൻ മുൻ അംഗം എ. സി മൈക്കിൾ അഭിപ്രായപ്പെട്ടു. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള യു‌പിയില്‍ ക്രൈസ്തവര്‍ക്ക് നേരെ അതിക്രൂരമായ അക്രമങ്ങളാണ് നടക്കുന്നത്. വചനപ്രഘോഷകര്‍ക്ക് പുറമേ പ്രാർത്ഥനകളിൽ പങ്കെടുക്കുന്ന സ്ത്രീകളെയും കുട്ടികളെയും നിഷ്കരുണം മർദിച്ച സംഭവങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കിടെ നൂറോളം ദേവാലയങ്ങളാണ് അടച്ചു പൂട്ടിയത്. ഇരുപതു കോടി ജനസംഖ്യയുള്ള ഉത്തർപ്രദേശിൽ മൂന്നരലക്ഷത്തോളം മാത്രമാണ് ക്രൈസ്തവർ. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/DnAq5FbgWIo1tCIyeOcBMn}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-07-09:55:16.jpg
Keywords: ഉത്തര്‍
Content: 12353
Category: 18
Sub Category:
Heading: സെമിത്തേരി ബില്‍ യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭകള്‍ക്ക് മാത്രമായി ചുരുക്കി
Content: തിരുവനന്തപുരം: ക്രൈസ്തവ സഭ വിശ്വാസികളുടെ മൃതസംസ്‌കാരത്തിന് സെമിത്തേരികള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സെമിത്തേരി ബില്‍ യാക്കോബായ, ഓര്‍ത്തഡോക്‌സ് സഭകള്‍ക്ക് മാത്രമായി ചുരുക്കി. മറ്റ് ക്രൈസ്തവ സഭകളുടെ എതിര്‍പ്പ് പരിഗണിച്ചാണ് നടപടി. ബില്‍ എല്ലാ സഭകള്‍ക്കും ബാധകമാക്കുന്നതിനെ പ്രതിപക്ഷവും എതിര്‍ത്തിരുന്നു. ഇതു സംബന്ധിച്ച നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ ശിപാര്‍ശ നിയമസഭ അംഗീകരിച്ചു. വിശ്വാസികളുടെ മൃതസംസ്‌കാരവുമായി ബന്ധപ്പെട്ട് ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് ബില്‍ രൂപീകരിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ഇത് സംബന്ധിച്ച് നേരത്തെ ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് ഇറക്കിയിരുന്നു. യാക്കോബായ -ഓര്‍ത്തഡോക്‌സ് സഭകളിലെ സിമിത്തേരിയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ സ്വാഗതം ചെയ്ത സീറോ മലബാര്‍ സഭ അതേസമയം തന്നെ ആശങ്കയും പ്രകടിപ്പിച്ചിരിന്നു. രൂപപ്പെടുത്തിയിരിക്കുന്ന ബില്‍ അവ്യക്തവും, കൃത്യതയില്ലാത്തതതും മതങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം ഹനിക്കപ്പെടുവാന്‍ ഇടയാകുന്നതുമാണെന്നായിരിന്നു കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചെരിയുടെ പ്രസ്താവന.
Image: /content_image/India/India-2020-02-07-10:40:20.jpg
Keywords: സെമിത്തേ
Content: 12354
Category: 18
Sub Category:
Heading: ഗർഭഛിദ്ര ഭേദഗതി: രാജ്യത്ത് മരണ സംസ്കാരം വളർത്തുമെന്ന് ആർച്ച് ബിഷപ്പ് സൂസപാക്യം
Content: തിരുവനന്തപുരം: ആറ് മാസം പ്രായമായ ജീവനെ ഗർഭഛിദ്രത്തിലൂടെ കൊന്നൊടുക്കാൻ അനുമതി നൽകുന്ന പുതിയ നിയമ ഭേദഗതി ദൗർഭാഗ്യകരമാണെന്നും തീരുമാനം രാജ്യത്തെ ഇരുണ്ട കാലഘട്ടത്തിലേക്കും, ജീവന് വിലകൽപിക്കാത്ത സ്വാർത്ഥത മാത്രം ലക്ഷ്യം വയ്ക്കുന്ന മരണ സംസ്‌കാരത്തിലേക്ക് മനുഷ്യനെ തള്ളിവിടാൻ പ്രേരിപ്പിക്കുമെന്നും തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപ്പോലീത്ത സൂസപാക്യം. ജീവൻ നൽകാൻ സാധിക്കാത്ത മനുഷ്യന് ഒരു ജീവനെ പോലും ഇല്ലാതാക്കാൻ അവകാശമില്ല. ആയതിനാൽ എം‌ടി‌പി ആക്ട് ഭേദഗതി ചെയ്യുതിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതു മാത്രമല്ല എല്ലാ ജനവിഭാഗങ്ങളേയും ജനിക്കാൻ പോകുന്നവരേയും ഉൾക്കൊള്ളുന്ന സമൂഹത്തിന് രൂപം കൊടുക്കുവാൻ ഗവമെന്റ് പ്രതിജ്ഞാബദ്ധമാകണം. മനുഷ്യനെ ഇല്ലാതാക്കലല്ല, അവനെ എല്ലാ ന്യൂനതകളോടും കൂടെ അതിജീവിക്കാൻ പ്രേരിപ്പിക്കലാകണം ഭരണാധിപന്മാരുടെ ലക്ഷ്യം. ഈ നിയമ ഭേദഗതിക്കെതിരെ അണിനിരക്കാൻ കെ.സി.ബി.സി. പ്രോ-ലൈഫ് സമിതിയോടൊപ്പം ചേരാൻ എല്ലാ മനുഷ്യസ്‌നേഹികളെയും ക്ഷണിക്കുന്നു. വിദ്യാർത്ഥികൾക്കിടയിലും യുവജനങ്ങൾക്കിടയിലും ജീവന്റെ മൂല്യത്തെ കുറിച്ചും അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ചും ബോധവത്കരണം നടത്തും. ആഗോളതലത്തിൽ പ്രോ-ലൈഫ് ദിനമായി ആചരിക്കുന്ന മാർച്ച് 25-ന് കെസിബിസി. പ്രോലൈഫ്‌സമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന ജീവൻ പരിപോഷണ സെമിനാറിലും, ജീവൻ സംരക്ഷണ റാലിയിലും, പ്രവർത്തനങ്ങളിലും തിരുവനന്തപുരം ലത്തീൻ അതിരൂപത കുടുംബ ശുശ്രൂഷ, യുവജന ശുശ്രൂഷ, ജീസസ്‌ യൂത്ത്, മീഡിയ കമ്മിഷൻ, ജൂബിലി ആശുപത്രി, ഹെൽത്ത് മിനിസ്ട്രി മുതലായവ പങ്കാളികളാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. #{blue->none->b->കുരുന്നുകളുടെ രക്തം കൊണ്ട് ഭാരതത്തെ മലിനമാക്കുവാൻ നാമും കൂട്ടു നിൽക്കുകയാണോ? പ്രതികരിക്കുക. പൂര്‍ണ്ണ വളര്‍ച്ചയ്ക്ക് നാളുകള്‍ ശേഷിക്കേ ഗർഭസ്ഥ ശിശുവിനെ കീറി മുറിക്കാന്‍ അനുവാദം കൊടുക്കുന്ന നിയമത്തിനെതിരെ ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പ് രേഖപ്പെടുത്തുക. ‍}# {{ നിവേദനത്തിൽ ഒപ്പുവെക്കുവാന്‍ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക -> https://www.change.org/p/stop-killing-unborn-children-in-india }} ---------------------------------------------- #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/DnAq5FbgWIo1tCIyeOcBMn}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-02-07-10:56:04.jpg
Keywords: സൂസപാ
Content: 12355
Category: 10
Sub Category:
Heading: ബൈബിളില്‍ തൊട്ട് പരിശുദ്ധ ത്രീത്വത്തിന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ നിയുക്ത ഗ്രീക്ക് പ്രസിഡന്‍റ്
Content: ഏഥന്‍സ്: ഗ്രീസിന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എകാടെരിനി സാകെല്ലാരോപോളോ ബൈബിളില്‍ തൊട്ട് പരിശുദ്ധ ത്രീത്വത്തിന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേല്‍ക്കുമെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യം സാകെല്ലാരോപോളോയുമായി ബന്ധമുള്ള അടുത്ത വൃത്തങ്ങള്‍ അറിയിച്ചതായി ഏഥന്‍സ്-മാസിഡോണിയന്‍ ന്യൂസ് ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മതപരമല്ലാത്ത സത്യപ്രതിജ്ഞയുടെ കാര്യം പരിഗണനയില്ലെന്ന് സാകെല്ലാരോപോളോയുടെ അടുത്ത സഹായി പറഞ്ഞതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏഥന്‍സ് മെത്രാപ്പോലീത്തയുടെ സാന്നിധ്യത്തില്‍ ബൈബിളില്‍ തൊട്ട് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തുകൊണ്ടാണ് ഗ്രീസിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ പരമ്പരാഗതമായി അധികാരത്തിലേറുന്നത്. 2015-ല്‍ ഇതില്‍ നിന്ന്‍ വ്യത്യസ്തമായി മുന്‍ പ്രധാനമന്ത്രിയും നിരീശ്വരവാദിയുമായ അലെക്സിസ് സിപ്രാസ് അധികാരത്തിലേറിയപ്പോള്‍ ബൈബിള്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്യുന്നതിന് വിസമ്മതിച്ചിരുന്നു. “ഭരണഘടനയേയും നിയമങ്ങളേയും സംരക്ഷിക്കാമെന്നും, അവയുടെ വിശ്വസ്തമായ ആചരണം ഉറപ്പുവരുത്താമെന്നും, രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യവും ഭൂമിശാസ്ത്രപരമായ അഖണ്ഡതയും, ഗ്രീക്ക് ജനതയുടെ അവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കാമെന്നും, ജനതയുടെ പൊതുതാല്‍പ്പര്യത്തിനും പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കുമെന്നും ഏകവും ദൈവീകവുമായ പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തില്‍ ഞാന്‍ സത്യപ്രതിജ്ഞ ചെയ്യുന്നു” എന്നാണ് ഗ്രീക്ക് സത്യപ്രതിജ്ഞയില്‍ പറയുന്നത്. 2018-ലും ചില മന്ത്രിമാര്‍ ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികളുടെ അസാന്നിധ്യത്തില്‍ മതനിരപേക്ഷ സത്യപ്രതിജ്ഞയാണ് ചെയ്തത്. 1941-ല്‍ നിലവില്‍ വന്നതിനു ശേഷം ആദ്യമായിട്ടായിരുന്നു അത്തരമൊരു സത്യപ്രതിജ്ഞ അരങ്ങേറിയത്. മുതിര്‍ന്ന ജഡ്ജിയും പരിസ്ഥിതി ഭരണഘടനാ നിയമങ്ങളില്‍ നിപുണയുമായ എകാടെരിനി സാകെല്ലാരോപോളോയുടെ സത്യപ്രതിജ്ഞ വരുന്ന മാര്‍ച്ച് 31-നാണ് നടക്കുക. ഗ്രീസിന്റെ ചരിത്രത്തില്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ വനിതയാണ്‌ സാകെല്ലാരോപോളോ. തങ്ങളുടെ പുതിയ പ്രസിഡന്റ് പാരമ്പര്യമനുസരിച്ച് ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്യുന്നതെന്ന വാര്‍ത്ത സന്തോഷത്തോടെയാണ് ഗ്രീക്ക് ജനത വരവേറ്റിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/DnAq5FbgWIo1tCIyeOcBMn}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-07-11:34:01.jpg
Keywords: യേശു, നാമ
Content: 12356
Category: 24
Sub Category:
Heading: ഗ്രേറ്റ് ബ്രിട്ടണിലെ സീറോ മലബാര്‍ രൂപതയുടെ പ്രസക്തി: മാര്‍ ജോസഫ് പവ്വത്തില്‍ എഴുതുന്നു
Content: ഈ കാലഘട്ടത്തിലെ ഏറ്റം അടിസ്ഥാനപരമായ പ്രബോധനരേഖകളാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നമുക്ക് നല്‍കിയിട്ടുളളത്. പക്ഷേ പലരും ഈ രേഖകള്‍ പഠിക്കുകയും കൗണ്‍സില്‍ പ്രബോധനങ്ങള്ക്കനുസരിച്ച് തങ്ങളുടെ മനോഭാവങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യുന്നില്ല എന്ന സത്യം അവശേഷിക്കുന്നു. കൗണ്‍സിലിനു ശേഷം 20 വര്‍ഷം കഴിഞ്ഞപ്പോള്‍ 1985 ഡിസംബറില്‍ കാര്യങ്ങള്‍ വിലയിരുത്താന്‍ പരിശുദ്ധ പിതാവ് ജോണ്‍ പോള്‍ മാര്‍പ്പാപ്പ ഒരു അസാധാരണ “സിനഡു സമ്മേളനം” വിളിച്ചു കൂട്ടി. വിശ്വാസികളുടെയിടയില്‍ വേണ്ടത്ര ബോധവല്‍ക്കരണം ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല എന്നതായിരുന്നു അവരുടെ കണ്ടെത്തല്‍. ആ സിനഡില്‍ കര്‍ദ്ദിനാള്‍ റാറ്റ്‌സിംഗര്‍ പിതാവ് ചൂണ്ടികാട്ടിയ ഒരു കാര്യം കൗണ്‍സില്‍ രേഖകളിലൂടെയെല്ലാം കടന്നുപോകുന്ന രജതരേഖ സഭ ഒരു കൂട്ടായ്മയാണ് എന്ന ആശയമാണെന്നതായിരുന്നു. ഈ കൂട്ടായ്മ വ്യക്തികളുടേതു മാത്രമല്ല, തിരുസ്സഭ സഭകളുടെ കൂട്ടായ്മയുമാണ് എന്ന ചിന്തയാണ് പലര്‍ക്കും പിടികിട്ടാതെ പോയത്. ഈ സത്യം പലരും വേണ്ടത്ര ശ്രദ്ധിക്കാതെ പോയതിനാലാണ് കേരളത്തിന് പുറത്തുളള സീറോമലബാര്‍ വിശ്വാസികളുടെ അജപാലന ശുശ്രൂഷയ്ക്കായി വേണ്ട ക്രമീകരണം ചെയ്യുന്നതിനെക്കുറിച്ച് പ്രശ്‌നങ്ങളുണ്ടായത്. അതുമനസ്സിലാക്കി 1987 മേയ്യ് 28-ാംതിയതി, കല്യാണ്‍ രൂപതയുടെ സ്ഥാപനത്തിനു മുന്‍പായി, ഇന്‍ഡ്യയിലെ എല്ലാ മെത്രാന്മാര്‍ക്കുമായി പരിശുദ്ധ പിതാവ് ഒരു കത്ത് എഴുതുകയുണ്ടായി. അതില്‍ സീറോമലബാര്‍ വിശ്വാസികള്‍ക്ക് അവരുടെ പാരമ്പര്യത്തിന് അനുസൃതമായ അജപാലനശുശ്രൂഷ ആവശ്യമാണെന്നും ബോംബെ പൂനാ-നാസിക്ക് പ്രദേശത്ത് അനേകം സീറോമലബാറുകാര്‍ ഉളളതുകൊണ്ട് അവിടെ ഒരു രൂപത-കല്യാണ്‍-ഉടനെ സ്ഥാപിക്കുന്നതാണ് എന്ന് പരിശുദ്ധ പിതാവ് പറഞ്ഞു വച്ചു. അത് എല്ലാവര്‍ക്കും സ്വീകാര്യമാക്കാന്‍ വേണ്ടതു ചെയ്യാന്‍ ഉപദേശിച്ചു കൊണ്ട് മെത്രാന്മാര്‍ക്ക് പരിശുദ്ധ പിതാവ് ഇങ്ങനെ എഴുതി: In stating the above, after much prayer and reflection, I have every confidence that it will be given the full support of all the Bishops of the country, and that you will do everything possible to educate and form your priests, religious and faithful to accept and cooperate fully in its implementation”. ബോധവല്‍ക്കരണമാണ് വേണ്ട വിധത്തില്‍ എല്ലായിടത്തും നടക്കാതെ പോയത്. #{blue->none->b->വത്തിക്കാന്‍ കൗണ്‍സിലിന്റെ സുപ്രധാന നിഗമനങ്ങള്‍ ‍}# വത്തിക്കാന്‍ കൗണ്‍സില്‍ ആദ്യമായി പ്രസിദ്ധീകരിച്ച രണ്ടു രേഖകളില്‍ ഒന്ന് ആരാധനക്രമത്തെക്കുറിച്ചുളളതായിരുന്നു. ഈ രേഖയില്‍ “റീത്ത്” എന്ന വാക്ക് അര്‍ത്ഥമാക്കുന്നത് “ആരാധനക്രമം”എന്നായിരിക്കാം. പക്ഷേ ആരാധനക്രമം സഭാജീവിതത്തിന്റെ കേന്ദ്രമാണ് അത് സഭയെ രൂപപ്പെടുത്തുന്നതും സഭയുടെ ആത്മാവിഷ്‌ക്കാരവുമാണ്. കൗണ്‍സിലിന്റെ മറ്റു രേഖകളില്‍ തന്നെ “റീത്ത്” എന്ന പദം സഭയുടെ അന്തസത്തയായ ആരാധനയും, ആദ്ധ്യാത്മികതയും, ദൈവശാസ്ത്രവും, ശിക്ഷണക്രമവും എല്ലാം ചേര്‍ന്ന യാഥാര്‍ത്ഥ്യത്തെ അര്‍ത്ഥമാക്കുന്നുണ്ട്. അതുകൊണ്ട് ഈ രേഖയില്‍ റീത്തിനെക്കുറിച്ച് പറയുന്നത് ശ്രദ്ധേയമാണ്: ഈ അതി പരിശുദ്ധ സൂനഹദോസ്, പാരമ്പര്യം വിശ്വസ്തതാപൂര്‍വ്വം അനുസ്മരിച്ചുകൊണ്ട്, നിയമപരമായി അംഗീകൃതമായ എല്ലാ റീത്തുകളെയും തുല്യമായ അവകാശവും ബഹുമാനവും ഉളളവയായി പരിശുദ്ധ സഭാമാതാവ് പരിഗണിക്കുന്നുവെന്നു പ്രഖ്യാപിക്കുന്നു”(SC-3) എല്ലാ റീത്തുകളെയും തുല്യമായി പരിഗണിക്കുന്നുവെന്നത് സുപ്രധാനമായ ഒരു പ്രസ്താവനയാണ്. സഭ ഒന്നേയുളളൂ, വ്യക്തിസഭകള്‍ പോലെയുളള വേര്‍തിരിവു വേണ്ട എന്നു ചിന്തിക്കുന്നവരുണ്ട്. അതിനുളള വ്യക്തമായ മറുപടി കൗണ്‍സില്‍ പൗര്യസ്ത സഭകളെക്കുറിച്ചുളള ഡിക്രിയില്‍ പ്രത്യേകം എടുത്തു പറയുന്നുണ്ട്: തിരുസ്സഭ സഭകളുടെ കൂട്ടായ്മയാണ് എന്ന് പിതാക്കന്മാര്‍ ഇതില്‍ തീര്‍ത്തും വ്യക്തമാക്കുന്നു- “മിശിഹായുടെ നിഗൂഡശരീരവും വിശുദ്ധവും കാതോലികവുമായ തിരുസ്സഭ ഒരേ വിശ്വാസത്തിലും ഒരേ കൂദാശകളാലും ഒരേ ഭരണത്താലും പരിശുദ്ധാത്മാവില്‍ സജീവമായി സംയോജിക്കപ്പെട്ട്, ഹയരാര്‍ക്കിയാല്‍ വിവിധ സമൂഹങ്ങളായി സംഘടിക്കപ്പെട്ട വ്യക്തിസഭകള്‍, അഥവാ റീത്തുകളായിത്തീര്‍ന്നിരിക്കുന്ന വിശ്വാസികളുടെ ഗണമാണ് (OE-2). സഭ സഭകളുടെ കൂട്ടായ്മയാണ് എന്ന വ്യക്തമായ പ്രബോധനമാണ് ഇവിടെ നല്‍കപ്പെടുക. “റീത്ത്” എന്നു പറഞ്ഞിരിക്കുന്നതിനാല്‍ ഈ വിഭാഗങ്ങള്‍ കേവലം പ്രാദേശികമോ വംശീയമോ ആയ സമൂഹങ്ങളല്ലെന്നും ഉറപ്പിക്കാം. ഈ വൈവിധ്യം സഭയെ ബലഹീനമാക്കുകയല്ല അതിനെ ശക്തമാക്കുന്നു എന്നാണ് പിതാക്കന്മാരുടെ നിലപാട്. “സഭയിലെ വൈവിധ്യം ഐക്യം ഹനിക്കുകയല്ല, പ്രത്യുത അതിനെ കൂടുതല്‍ സ്പഷ്ടമാക്കുകയാണ്. ഓരോ വ്യക്തിസഭയുടെയും അഥവാ റീത്തിന്റെയും പാരമ്പര്യങ്ങള്‍ ഭദ്രമായും അഭംഗുരമായും നിലനില്‍ക്കണമെന്നതാണ് കത്തോലിക്കാസഭയുടെ ലക്ഷ്യം” (OE-2). മാനുഷികമായ വീഴ്ച്ചകള്‍ അവിടെയും ഇവിടെയും ഉണ്ടാകാം പക്ഷേ സഭയിലെ വൈവിധ്യവും ഐക്യവും വിവിധസഭാപാരമ്പര്യങ്ങളുടെ സംയോജനമായതുകൊണ്ട് അത് ഐക്യത്തെ ആത്യന്തികമായി ശക്തിപ്പെടുത്തുകയാണ്. കൗണ്‍സിലിന്റെ ആ കാഴ്ച്ചപ്പാട് നാം അംഗീകരിക്കുകയാണ് വേണ്ടത്. ഒരു “സുവിശേഷ”മാണ് നാലു സുവിശേഷഗ്രന്ഥങ്ങളായി രൂപം കൊണ്ടത്. ആ വൈവിധ്യം മിശിഹാരഹസ്യത്തിന്റെ ആഴത്തെയാണ് വെളിവാക്കുന്നത്. കൗണ്‍സില്‍ പിതാക്കന്മാര്‍ ഉറപ്പിച്ചു പ്രഖ്യാപിച്ച ഒരു കാര്യം ഈ സഭകള്‍ക്കെല്ലാം തുല്യമാഹാത്മ്യമാണുളളത് എന്നതായിരുന്നു ഇതു ചിലര്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമുളളതാകാം. ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന പാശ്ചാത്യസഭ, പീഡനങ്ങള്‍ക്ക് ഇരയാകുന്ന ബലഹീനമായ ചെറു പൗര്യസ്ത്യ സഭകള്‍, ഇവയെങ്ങനെയാണ് തുല്യമാകുന്നത് എന്ന് പെട്ടന്നു തോന്നാം. പക്ഷേ ശ്ലൈഹിക പാരമ്പര്യങ്ങള്‍ തുല്യമാണ് എന്നുളളത് സഭയുടെ എന്നുമുളള നിലപാടാണ്. വി. മര്‍ക്കോസ് എഴുതിയ സുവിശേഷം ചെറുതാണ്, അതുകൊണ്ട് അതിന് മൂല്യം കുറവാണെന്ന് ആര്‍ക്കെങ്കിലും പറയാനാകുമോ? സഭയുടെ ആദിമുതലുളള ബോധ്യമാണ് വത്തിക്കാന്‍ കൗണ്‍സില്‍ ആവര്‍ത്തിക്കുന്നത് “ഇപ്രകാരമുളള പൗര്യസ്ത്യ വ്യക്തിസഭകള്‍ റീത്തുകള്‍ എന്ന് പറയപ്പെടുന്നു. റീത്തിന്റെ കാര്യത്തില്‍ അവയിലൊന്നും മറ്റുളളവയെക്കാള്‍ ഉല്‍കൃഷ്ടമല്ല അവ ഒരേ അവകാശങ്ങളനുഭവിക്കുന്നു. ഒരേ കടമകള്‍ക്കു ബോധ്യസ്ഥരാകുന്നു റോമാ മാര്‍പ്പാപ്പയുടെ ശിക്ഷണത്തില്‍ ലോകം മുഴുവന്‍ സുവിശേഷം പ്രസംഗിക്കുന്ന (MK16/15) കാര്യത്തിലും അങ്ങനെ തന്നെ” (OE-3). അതായത് ലോകം മുഴുവനിലും അജപാലനശുശ്രൂഷ നടത്താനും പ്രേഷിതപ്രവര്‍ത്തനത്തിലേര്‍പ്പെടാനും എല്ലാ സഭകള്‍ക്കും അവകാശമുണ്ട്, കടമയുണ്ട്. പൗരസ്ത്യസഭകളുടെ ആരാധനക്രമത്തിന്റെയും ആദ്ധ്യാത്മികതയുടെയും സമ്പന്നത എടുത്തു പറഞ്ഞുകൊണ്ടു കൗണ്‍സില്‍ ശക്തമായ പറയുന്നത് ഇങ്ങനെ: ഇക്കാരണത്താല്‍ ഈ സൂനഹദോസ് സഗൗരവം പ്രഖ്യാപിക്കുന്നു: പടിഞ്ഞാറന്‍ സഭകളെപ്പോലെ തന്നെ കിഴക്കന്‍ സഭകളും സ്വന്തം ശിക്ഷണരീതികളില്‍ ഭരിക്കപ്പെടുന്നതിനുളള അവകാശവും കടമയും അര്‍ഹിക്കുന്നു (OE-5). ബ്രിട്ടണിലെ രൂപത സീറോമലബാര്‍ സിനഡിന്റെ ഭാഗമായിരിക്കും, രൂപതാദ്ധ്യക്ഷന്‍ സീറോമലബാര്‍ സഭയുടെ അംഗമായിരിക്കും സിനഡിനോട് ഉത്തരവാദിത്വവും ഉണ്ടായിരിക്കും. സ്വന്തം റീത്ത് പരിപാലിക്കാന്‍ ലോകത്തില്‍ എവിടെയായിരുന്നാലും വിശ്വാസികള്‍ക്ക് ചുമതലയുണ്ടെന്ന് കൗണ്‍സില്‍ സംശയാതീതമായ രീതിയില്‍ പഠിപ്പിക്കുന്നുണ്ട്. എല്ലാ കത്തോലിക്കരും ഓരോ കത്തോലിക്കാ വ്യക്തിയും, അകത്തോലിക്കാ സഭയിലോ സമൂഹത്തിലോ മാമ്മോദീസാ സ്വീകരിച്ചു കത്തോലിക്കാ കൂട്ടായ്മയുടെ പൂര്‍ണതയിലേക്ക് വരുന്നുവരും ലോകത്തിലെവിടെയായാലും സ്വന്തം റീത്ത് നിലനിറുത്തുകയും അതുസംരക്ഷിക്കുകയും കഴിവിനൊത്ത് അത് പാലിക്കുകയും ചെയ്യണം (OE-4). ഇതു സാധിക്കണമെങ്കില്‍ വ്യക്തിസഭകളുടെ പൈതൃകം കൈമാറാന്‍ പ്രാപ്തിയുളള അജപാലകരും ക്രമീകരണങ്ങളുമെല്ലാം ഉണ്ടാകണം. ഇതു വേണമെന്നു തന്നെ കൗണ്‍സില്‍ എടുത്ത് പറയുന്നുണ്ട്. അതിനാല്‍ ലോകം മുഴുവനിലും എല്ലാ വ്യക്തിസഭകളുടെയും സംരക്ഷണത്തിനു വേണ്ടവ സജ്ജീകരിയ്‌ക്കേണ്ടിയിരിക്കുന്നു. തന്നിമിത്തം വിശ്വാസികളുടെ ആത്മീയ നന്മയ്ക്ക് ആവശ്യമായ ഇടങ്ങളില്‍ ഇടവകകളും സ്വന്തം ഹയരാര്‍ക്കിയും സ്ഥാപിക്കണം” (OE-4). ഈ സംരംഭത്തില്‍ ലത്തീന്‍ പിതാക്കന്മാരും സഹകരിക്കണമെന്നാണ് കൗണ്‍സില്‍ നിര്‍ദ്ദേശിച്ചത്. മറ്റു റീത്തുകാര്‍ ഉളളയിടത്ത് സ്ഥലത്തെ മെത്രാന്‍, അവര്‍ക്ക് ചേരുന്ന അജപാലന ശുശ്രൂഷ ലഭിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യണം. മറ്റു റീത്തുകളില്‍പ്പെട്ടവര്‍ ഉളളിടത്ത് അവരുടെ ആദ്ധ്യാത്മികാവശ്യങ്ങള്‍ക്കു വേണ്ടി മെത്രാന്മാര്‍ സംവിധാനങ്ങള്‍ ഉണ്ടാക്കണം. അവരുടെതായ റീത്തിലെ വൈദികര്‍ വഴിയോ; ഇടവകള്‍ സ്ഥാപിച്ചോ അഥവാ വേണ്ട അധികാരങ്ങളോടു കൂടിയ എപ്പിസ്‌കോപ്പല്‍ വികാരിമാര്‍ വഴിയോ ഇതു ചെയ്യണം. ആവശ്യമെങ്കില്‍ മെത്രാന്‍ പദവി അവര്‍ക്ക് നല്‍കികൊണ്ടോ അല്ലെങ്കില്‍ മെത്രാന്മാര്‍ തന്നെ മറ്റു റീത്തുകളുടെ മെത്രാനടുത്ത ജോലികള്‍ നിര്‍വഹിച്ചു കൊണ്ടോ ഇതിനു സാധിക്കും ഇവയെല്ലാം പ്രത്യേക കാരണങ്ങളാല്‍ അസാധ്യമെന്ന് ശ്ലൈഹികസിംഹാസനത്തിന്റെ തീരുമാനമനുസരിച്ചു വിധിക്കുന്നെങ്കില്‍ വിഭിന്ന റീത്തുകള്‍ക്കു വേണ്ടി ഹയരാര്‍ക്കികള്‍ സ്ഥാപിക്കേണ്ടതാണ് (C.D- 23). പരിശുദ്ധ സിംഹാസനത്തിന്റെ ഇപ്പറഞ്ഞ തീരുമാനമനുസരിച്ചാണ് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ സ്ഥാപിതമാകുന്നത്. #{blue->none->b->ക്രൈസ്തവ ജീവിതം സഭയോടൊത്തുളള ജീവിതം ‍}# നാം യഥാര്‍ത്ഥ ക്രിസ്തു ശിഷ്യരാകുന്നത് അവിടുത്തേ കല്‍പ്പനകള്‍ നിറവേറ്റി അവിടുത്തെ അനുഗമിക്കുന്നതിലുടെയാണ്. ഞാന്‍ നിങ്ങളോട് കല്‍പ്പിക്കുന്നത് നിങ്ങള്‍ ചെയ്യുമെങ്കില്‍ നിങ്ങള്‍ എന്റെ സ്‌നേഹിതരാണ് (Jn15/14) എന്ന സത്യം നാം മനസ്സിലാക്കണം. ഇന്ന് ഈശോയുടെ സാന്നിധ്യവും മാര്‍ഗ്ഗനിര്‍ദ്ദേശവും നമുക്ക് ലഭിക്കുന്നത് സഭയിലൂടെയാണ്. സഭയുടെ മാര്‍ഗ്ഗദര്‍ശനം സര്‍വ്വാത്മനാ സ്വീകരിച്ച് സഭയോടൊത്ത് ജീവിക്കുകയാണ് ക്രൈസ്തവധര്‍മ്മം. സഭയുടെ ഏറ്റം ആധികാരികമായ സ്വരമാണ് സാര്‍വ്വത്രികസൂനഹദോസിലൂടെ നമുക്ക് ലഭിക്കുന്നത്. സൂനഹദോസിന്റെ (കൗണ്‍സിലിന്റെ) മാര്‍ഗ്ഗദര്‍ശനം ഇക്കാര്യത്തില്‍ കൃത്യമാണ്: തിരുസ്സഭ സഭകളുടെ കൂട്ടായ്മ്മയാണ്, വൈവിധ്യം സഭയെ ബലപ്പെടുത്തുന്നു. വ്യക്തിസഭകള്‍ക്ക് അജപാലനരംഗത്തും പ്രേഷിതരംഗത്തും തുല്യഅവകാശവുമാണുളളത് വ്യക്തിസഭയിലെ അംഗങ്ങള്‍ ലോകത്തെവിടെയായിരുന്നാലും അവരുടെ പ്രത്യേക പാരമ്പര്യം സംരക്ഷിക്കാന്‍ ബാദ്ധ്യസ്ഥരാണ്. അതിനാവശ്യമായ ക്രമീകരണങ്ങള്‍ വരുത്താന്‍ എല്ലാവര്‍ക്കും കടമയുണ്ട്. ആവശ്യമുളളിടത്ത് വ്യക്തിസഭകളുടെ മെത്രാന്മാരെ നിയമിക്കാന്‍ പരിശുദ്ധ സിംഹാസനത്തിന് അധികാരമുണ്ട്. ഇതെല്ലാമാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ തികഞ്ഞ ആധികാരികതയോടെ നമ്മെ പഠിപ്പിച്ചത്. ഇന്നിപ്പോള്‍ ബ്രിട്ടണിലെ സീറോമലബാര്‍ വിശ്വാസികള്‍ക്കു വേണ്ടി പരിശുദ്ധപിതാവ് ഒരു രൂപത സ്ഥാപിക്കുകയും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിനെ അതിന്റെ മെത്രാനായി നിയോഗിക്കുകയും ചെയ്തിരിക്കുന്നതില്‍ ആത്മാര്‍ത്ഥമായി സന്തോഷിക്കാനും അദ്ദേഹത്തോടു സഹകരിക്കാനും വിശ്വാസികള്‍ ബാധ്യസ്ഥരാണ്. മെത്രാന്‍ തന്റെ ശുശ്രൂഷയിലൂടെ ദൈവജനത്തെ നയിക്കാന്‍ ദൈവത്താല്‍ നിയുക്തനാണ്. അദ്ദേഹം ശ്ലീഹന്മാരുടെ പിന്‍ഗാമിയാണ്. അദ്ദേഹത്തോട് ചേര്‍ന്ന് ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോഴാണ് യഥാര്‍ത്ഥ ക്രൈസ്തവത്വം പ്രകടമാവുക. സീറോമലബാര്‍സഭയുടെ ആരാധനയുടെയും ആദ്ധ്യാത്മികതയുടെയും പൈതൃകം നന്നായി മനസ്സിലാക്കാനും അതിനനുസൃതമായ ജീവിതശൈലി രൂപപ്പെടുത്താനായിരിക്കണം പുതിയ രൂപതയുടെ ശ്രമം. ആ ബോധവല്‍ക്കരണത്തില്‍ എല്ലാവരും പങ്കു ചേരണം. കുടുംബങ്ങളില്‍ ആ വിശ്വാസപൈതൃകം കൈമാറാന്‍ മാതാപിതാക്കള്‍ പ്രാപ്തരാകണം, വിദ്യാലയങ്ങളും അതിന് സഹായകമാകണം. കെ.സി എസ്.എല്ലും, മിഷന്‍ലീഗും, യുവദീപ്തിയും പോലുളള സംഘടനകളും വിശ്വാസം പങ്കുവച്ചുറപ്പാക്കുന്ന വേദികളാക്കണം. #{blue->none->b->വൈവിധ്യത്തിലെ ഐക്യം ബ്രിട്ടണില്‍ പ്രേഷിതസാക്ഷ്യം ‍}# ബ്രിട്ടണില്‍ റോമന്‍ “റീത്തിനു” പുറമെ സീറോമലബാര്‍ “റീത്തും” സന്നിഹിതമാവുകയാണ്. വിശ്വാസത്തിന്റെയും ജീവിതത്തിന്റെയും ന്യായമായ വ്യത്യസ്ത്ഥത ദൃശ്യമാകുമ്പോള്‍ ബ്രിട്ടണിലെ സഭ കൂടുതല്‍ മനോഹരമാവുകയാണ്. വിവിധ നിറങ്ങളിലും രൂപങ്ങളിലുമുളള പുഷ്പങ്ങള്‍ വിരിയിക്കുന്ന ഒരു പൂന്തോട്ടം പോലെ വിശ്വാസികളുടെ സമൂഹം അവിടെ കൂടുതല്‍ ശ്രദ്ധേയമാവുകയാണ് ചെയ്യുക. ഓരോ വ്യക്തിസഭയിലെയും അംഗങ്ങള്‍ അവരവരുടെ പാരമ്പര്യങ്ങളോടു വിശ്വസ്ഥത പുലര്‍ത്തുമ്പോഴാണ് അതു സാധ്യമാവുക. ഒരു സഭ മറ്റൊരു സഭയുടെ പകര്‍പ്പാകുമ്പോള്‍ വൈവിധ്യത്തിന്റെ മനോഹാരിത നഷ്ടപ്പെടുകയാണെന്നോര്‍ക്കണം. വൈവിധ്യം പോലെ തന്നെ ഐക്യത്തിനും പ്രാധാന്യം നല്‍കുന്നതാണ് സഭയിലെ ശൈലി. പരസ്പരസമ്പര്‍ക്കം പുലര്‍ത്താനും പൊതുകാര്യങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനും ബ്രിട്ടണിലെ സീറോമലബാര്‍ സഭ എപ്പോഴും സന്നദ്ധമായിരിക്കണം. നാമെല്ലാവരും മിശിഹായുടെ ശരീരത്തിലെ അവയവങ്ങളാണെന്നതു മറക്കാന്‍ പാടില്ല. പരസ്പരം അംഗീകരിക്കാനും സമഭാവനയോടെ പെരുമാറാനും എല്ലാവര്‍ക്കും കഴിയണം. നാനാത്വത്തിലെ ഈ ഗാഢമായ ഐക്യം ഇന്നത്തെ വിഭാഗീയതയുടെയും ഭീകരപ്രവര്‍ത്തനങ്ങളുടെയും സാഹചര്യങ്ങളില്‍ ശക്തമായ ഒരു എതിര്‍ സാക്ഷ്യമായിരിക്കും. ആദിമകാല ക്രൈസ്തവരെക്കണ്ട മറ്റുളളവര്‍ ആ ക്രൈസ്തവരെ കുറിച്ച് “നോക്കൂ, അവര്‍ എങ്ങനെ പരസ്പരം സ്‌നേഹിക്കുന്നു” എന്നു പറയുമായിരുന്നതായി കേട്ടിട്ടുണ്ട്. അത്തരമൊരു സാക്ഷ്യം ഗ്രേറ്റ് ബ്രിട്ടണിലെ കത്തോലിക്കര്‍ക്ക് നല്‍കാന്‍ കഴിഞ്ഞാല്‍ അതു വലിയ പ്രേഷിത സാക്ഷ്യമായിരിക്കും.
Image: /content_image/SocialMedia/SocialMedia-2020-02-07-14:56:47.jpg
Keywords: ഗ്രേറ്റ് ബ്രിട്ട
Content: 12357
Category: 18
Sub Category:
Heading: മാര്‍ ജോസഫ് പവ്വത്തിലിനു മലയാളി സമൂഹത്തിന്റെ ആദരം
Content: ചങ്ങനാശേരി: നവതിയുടെ നിറവില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിലിനു ഹൃദയം നിറഞ്ഞ ആദരം. ചങ്ങനാശേരി അതിരൂപതയുടെ ആഭിമുഖ്യത്തില്‍ സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പാരിഷ്ഹാളില്‍ സംഘടിപ്പിച്ച നവതി സമ്മേളനം സഭയ്ക്കും സമുദായത്തിനും സമൂഹത്തിനും മാര്‍ പവ്വത്തില്‍ നല്‍കിയ സേവനത്തിനും സംഭാവനകള്‍ക്കുമുള്ള കൃതജ്ഞതാ സമര്‍പ്പണമായി. വിവിധ സഭാമേലധ്യക്ഷന്മാര്‍, വൈദികര്‍, സന്യാസിനികള്‍, അല്മായ പ്രതിനിധികള്‍, മതസാമുദായിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍, പവ്വത്തില്‍ പിതാവിന്റെ കുടുംബാംഗങ്ങള്‍, വിവിധ ഇടവകാംഗങ്ങള്‍ തുടങ്ങി നൂറുകണക്കിനു ജനസമൂഹം സമ്മേളനത്തില്‍ ആശംസകളുമായി എത്തി. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭാരതസഭയ്ക്കു ദൈവം നല്‍കിയ അമൂല്യ സന്പത്താണ് മാര്‍ ജോസഫ് പവ്വത്തിലെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് അഭിപ്രായപ്പെട്ടു. സീറോമലബാര്‍ സഭയുടെ നിയതമായ ആരാധനാക്രമം ഇന്നത്തെ രീതിയില്‍ രൂപപ്പെടുത്താന്‍ നിഷ്ഠയോടും ജാഗ്രതയോടും മാര്‍ പവ്വത്തില്‍ നടത്തിയ പരിശ്രമങ്ങള്‍ സ്മരണീയമാണ്. പ്രേഷിത ചൈതന്യത്തില്‍ ചങ്ങനാശേരി അതിരൂപതയെ മുന്പിലെത്തിക്കാന്‍ മഹത്തരമായ സംഭാവന നല്‍കിയ മാര്‍ പവ്വത്തില്‍ കേരളത്തിലെ സഭൈക്യ കൂട്ടാ യ്മകളുടെ ശക്തിസ്രോതസുകൂടിയാണെന്നും മാര്‍ ആലഞ്ചേരി കൂട്ടിച്ചേര്‍ത്തു. സദാജാഗ്രതയുള്ള ജീവിതം നയിക്കുന്ന മാര്‍ ജോസഫ് പവ്വത്തില്‍ സകലരെയും ജാഗ്രതയിലേക്കു നയിക്കുന്ന സഭയുടെ കാവല്‍ക്കാരനാണെന്നും അദ്ദേഹത്തിന്റെ ലാളിത്യം അദ്ഭുതകരമായ മാതൃകയാണെന്നും അനുഗ്രഹപ്രഭാഷണം നടത്തിയ മലങ്കര സുറിയാനി കത്തോലിക്കസഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ഉദ്‌ബോധിപ്പിച്ചു. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. സഭയെക്കുറിച്ച് ശരിയായ ഉള്‍ക്കാഴ്ചയും സമൂഹത്തെക്കുറിച്ച് ആഴമായ ദര്‍ശനവുമുള്ള ശ്രേഷ്ഠാചാര്യനാണ് മാര്‍ പവ്വത്തിലെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ചങ്ങനാശേരി അതിരൂപതയുടെ മംഗളപത്രം മാര്‍ പെരുന്തോട്ടവും വികാരി ജനറാള്‍മാരും കൂരിയാ അംഗങ്ങളും ചേര്‍ന്നു മാര്‍ പവ്വത്തിലിനു സമര്‍പ്പിച്ചു. മാര്‍ത്തോമാസഭയുടെ പരമാധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത, കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയില്‍, മാര്‍ മാത്യു അറയ്ക്കല്‍, ഓസ്ട്രിയയിലെ ഐസന്‍സ്റ്റാറ്റ് ബിഷപ് അജിഡിയു സ്വിഫ്‌കോവിച്ച്, അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സി.എഫ്.തോമസ് എംഎല്‍എ, സിആര്‍ഐ സെക്രട്ടറി സിസ്റ്റര്‍ ഡോ.മേഴ്‌സി നെടുംപുറം, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ഡൊമിനിക് ജോസഫ്, അഡ്വ. ജോജി ചിറയില്‍, ഡോ. രേഖ ജിജി എന്നിവര്‍ പ്രസംഗിച്ചു. ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ നവതി ആശംസ സന്ദേശം വികാരി ജനറാള്‍ മോണ്‍. തോമസ് പാടിയത്ത് വായിച്ചു. നവതി സ്മാരകമായി കളര്‍ എ ഹോം പദ്ധതി പ്രകാരം നിര്‍ധനര്‍ക്ക് 90 ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കുന്നതിന്റെ രേഖകള്‍ മാര്‍ തോമസ് തറയില്‍ സമ്മേളനത്തില്‍ മാര്‍ ജോസഫ് പവ്വത്തിലിനു കൈമാറി. മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍, മോണ്‍.ഫിലിഫ്‌സ് വടക്കേക്കളം, ചാന്‍സലര്‍ റവ.ഡോ. ഐസക് ആലഞ്ചേരി, പ്രൊക്കുറേറ്റര്‍ ഫാ.ചെറിയാന്‍ കാരിക്കൊന്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പരിപാടിക്കു നേതൃത്വം നല്‍കി.
Image: /content_image/India/India-2020-02-08-03:56:13.jpg
Keywords: പവ്വ
Content: 12358
Category: 18
Sub Category:
Heading: കെസിബിസി പ്രോലൈഫ് സമിതി നേതൃസമ്മേളനം ഇന്ന്
Content: കൊച്ചി: കെസിബിസി പ്രോലൈഫ് സമിതി നേതൃസമ്മേളനം പാലാരിവട്ടം പിഒസിയില്‍ ഇന്നു നടക്കും. രാവിലെ 11നു കെസിബിസി ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ. പോള്‍ മുല്ലശേരി ഉദ്ഘാടനം ചെയ്യും. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട് അധ്യക്ഷത വഹിക്കും. അഞ്ചു മേഖലകളില്‍ നിന്നുള്ള ഭാരവാഹികളും സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പങ്കെടുക്കുന്ന യോഗത്തില്‍ സമിതിയുടെ ഭാവിപരിപാടികള്‍ ചര്‍ച്ച ചെയ്യും. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന ഗര്‍ഭഛിദ്ര നിയമ ഭേദഗതി യോഗം വിലയിരുത്തും. കെസിബിസി പ്രോലൈഫ് സമിതിയുടെ നേതൃത്വത്തില്‍ കേരളത്തിന്റെ വിവിധ മേഖലകളില്‍ പ്രതിഷേധ റാലികളും സെമിനാറുകളും നടത്തും. പാര്‍ലമെന്റ് അംഗങ്ങള്‍ക്കും ഭരണരംഗത്തുള്ളവര്‍ക്കും പ്രോലൈഫ് സമിതി തയാറാക്കിയിട്ടുള്ള നിവേദനം അയയ്ക്കും. സംസ്ഥാന പ്രസിഡന്റ് സാബു ജോസ്, ജനറല്‍ സെക്രട്ടറി അഡ്വ. ജോസി സേവ്യര്‍, ട്രഷറര്‍ ടോമി പ്ലാന്തോട്ടം, സിസ്റ്റര്‍ മേരി ജോര്‍ജ് എന്നിവര്‍ പ്രസംഗിക്കും.
Image: /content_image/India/India-2020-02-08-04:10:57.jpg
Keywords: പ്രോലൈ
Content: 12359
Category: 18
Sub Category:
Heading: വിദ്യാഭ്യാസ പുരോഗതിക്ക് ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ നല്‍കിയ സേവനം നിസ്തുലം: മന്ത്രി എം എം മണി
Content: ബാലരാമപുരം: കേരളത്തിന്‍റെ വിദ്യാഭ്യാസ പുരോഗതിക്ക് ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ നല്‍കിയ സേവനം നിസ്തുലമെന്ന് മന്ത്രി എം എം മണി. പളളിക്കൊപ്പം പളളിക്കുടങ്ങളും സ്ഥാപിച്ച് വിദ്യാഭ്യസ പ്രക്രിയ മഹത്തരമാക്കിയത് മിഷണറിമാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമുകിന്‍കോട്‌ കൊച്ചു പളളിയില്‍ വിശുദ്ധ അന്തോണീസിന്‍റെ തീര്‍ത്ഥാടനത്തിന് മുന്നോടിയായി കാന്‍സര്‍ രോഗികള്‍ക്ക് സഹായ ധനം വിതരണം ചെയ്യുന്ന ‘കനിവ് 2020’ പരിപാടി ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ ആന്‍സലന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഇടവക വികാരി ഫാ.ജോയി മത്യാസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ പി രജിത, സിപിഎം ലോക്കല്‍ കമ്മറ്റി അംഗം കെപി ശശിധരന്‍, യൂത്ത് കോണ്‍ഗ്രസ് നെയ്യാറ്റിന്‍കര മണ്ഡലം പ്രസിഡന്‍റ് നിനോ അലക്സ്, വാര്‍ഡ് മെമ്പര്‍മാരായ അമ്പിളി, സുധാമണി, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി ആനന്ദകുട്ടന്‍, വൈസ് പ്രസിഡന്‍റ് എം കരുണാകരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 32 കാന്‍സര്‍ രോഗികള്‍ക്ക് മന്ത്രി ധനസഹായം വിതരണം ചെയ്തു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/DnAq5FbgWIo1tCIyeOcBMn}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-02-08-04:22:28.jpg
Keywords: മന്ത്രി