News
ഒന്നര നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം; നോർവെയിലെ സെന്റ് പോൾസ് ദേവാലയം കൂദാശ ചെയ്തു
പ്രവാചകശബ്ദം 02-07-2026 - Thursday
ബെർഗൻ, നോർവേ: ഒന്നര നൂറ്റാണ്ടിലേറെക്കാലമായി വിശ്വാസികളുടെ ആരാധനാകേന്ദ്രമായി നിലകൊണ്ടിരുന്ന നോർവെയിലെ ഏറ്റവും വലിയ കത്തോലിക്ക ദേവാലയമായ സെന്റ് പോൾസ് ഇടവക ദേവാലയം ഒടുവിൽ ഔദ്യോഗികമായി കൂദാശ ചെയ്യപ്പെട്ടു. ജൂൺ 28-ന് ഓസ്ലോയിലെ ബിഷപ്പ് ഫ്രെഡ്രിക് ഹാൻസൻ ദേവാലയത്തിന്റെ സമർപ്പണ കർമ്മത്തില്‍ മുഖ്യകാര്‍മ്മികനായി.
1858-ൽ വിശുദ്ധ പിയൂസ് ഒന്‍പതാമന്‍ പാപ്പയുടെ ആശീര്‍വാദത്തോടെ സ്ഥാപിതമായ സെന്റ് പോൾ ഇടവകയ്ക്ക് സ്ഥിരമായുള്ള ഒരു ദേവാലയം നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ 1864-ലാണ് ആരംഭിച്ചത്. ഇറ്റാലിയൻ ശിൽപ്പിയായ എഡ്വാർഡോ എ. മെല്ലയുടെ രൂപകൽപ്പനയിൽ നിർമിച്ച ദേവാലയം 12 വർഷങ്ങൾക്കുശേഷം 1876-ൽ തുറന്നു. മേഖലയില്‍ ഏതാനും കത്തോലിക്കർ മാത്രമുണ്ടായിരുന്ന കാലത്ത് മുന്നൂറിലധികം പേർക്ക് ഇരിക്കാവുന്ന വിധത്തിലായിരുന്നു ദേവാലയത്തിന്റെ നിർമ്മാണം. ഭാവിയിൽ നോർവെയിലെ കത്തോലിക്കാ സഭയുടെ വളർച്ച മുൻകൂട്ടിക്കണ്ടുള്ള ദീർഘവീക്ഷണമായിരുന്നു ഇതിന് പിന്നിൽ.
ദേവാലയനിർമാണത്തിന് ആവശ്യമായ ധനസമാഹരണം ഇടവക വികാരിയായിരുന്ന ഫാ. ഡാനിയേൽ സ്റ്റബ് നേതൃത്വം നൽകിയ അന്തർദേശീയ ഫണ്ട് ശേഖരണത്തിലൂടെയായിരുന്നു. വിശുദ്ധ പിയൂസ് ഒന്‍പതാമന്‍ പാപ്പ, ഓസ്ട്രിയൻ ചക്രവർത്തി ഫ്രാൻസ് ജോസഫ്, നോർവെ-സ്വീഡൻ രാജ്ഞി ജോസഫീൻ എന്നിവരടക്കമുള്ള നിരവധി ദാതാക്കൾ ഇതിന് പിന്തുണ നൽകി. എന്നാൽ ദേവാലയം തുറന്നപ്പോൾ സമർപ്പണ കർമ്മം നടന്നിരുന്നില്ല. ആ ശുശ്രൂഷയ്ക്ക് ഒരു ബിഷപ്പും അദ്ദേഹത്തെ സഹായിക്കാൻ 14 വൈദികരും ആവശ്യമായിരുന്നു.
അന്നത്തെ ബെർഗനിലെ ചെറിയ കത്തോലിക്കാ സമൂഹത്തിന് അത്രയും വൈദികരെ ഒരുക്കാനായിരുന്നില്ല. 1972-ലെ നവീകരണത്തിനിടെ അൾത്താര സമർപ്പിക്കപ്പെട്ടെങ്കിലും ദേവാലയത്തിന്റെ ഔദ്യോഗിക സമർപ്പണം മാത്രം നടക്കാതെ തുടരുകയായിരുന്നു. ഇന്ന് നോർവെയിലെ സെന്റ് പോൾസ് ഇടവക ഏറ്റവും വലിയ കത്തോലിക്ക ഇടവകയാണ്. നൂറ്റിഇരുപതിലധികം രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 20,000 വിശ്വാസികളാണ് ഇവിടെ അംഗങ്ങളായുള്ളത്.
വിയറ്റ്നാം, ഇന്ത്യ, ചിലി, ഫിലിപ്പീൻസ്, പോളണ്ട്, ലിത്വാനിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരുടെ വരവോടെയാണ് ഇടവകയുടെ വളർച്ച വേഗത്തിലായത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികൾ ഒരുമിച്ച് ക്രിസ്തുവിനെ ആരാധിക്കുന്ന കാഴ്ചയാണ് ഇടവകയുടെ ഏറ്റവും വലിയ അനുഗ്രഹമെന്നു ഇടവക വികാരിയും വിശ്വാസികളും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു. നോർവീജിയൻ, വിയറ്റ്നാമീസ്, സ്പാനിഷ്, ഫ്രഞ്ച്, പോളിഷ്, ലിത്വാനിയൻ, തമിഴ്, ടഗാലോഗ് തുടങ്ങിയ ഭാഷകളിൽ ഇവിടെ വിശുദ്ധ കുർബാന അർപ്പിക്കുന്നുണ്ട്.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️



















