India - 2025
മലയാറ്റൂരില്‍ ഗ്രീൻ പ്രോട്ടോക്കോള്‍ പദ്ധതിക്കു തുടക്കം
സ്വന്തം ലേഖകന്‍ 06-03-2017 - Monday
കൊച്ചി: മലയാറ്റൂർ കുരിശുമുടിയിൽ ഗ്രീൻ പ്രോട്ടോക്കോൾ പദ്ധതിക്കു തുടക്കമായി. പദ്ധതിയുടെ ഭാഗമായി കുരിശുമുടിയിലും പരിസരങ്ങളിലും കര്‍ശനമായ പ്ലാസ്റ്റിക് നിരോധനമാണുള്ളത്. നേർച്ചക്കഞ്ഞി വിതരണത്തിനായി പ്ലാസ്റ്റിക് പ്ലേറ്റുകൾ, ഗ്ലാസുകൾ എന്നിവയ്ക്കു പകരമായി സ്റ്റീൽ നിർമിതമായ പാത്രങ്ങളും ഗ്ലാസുകളും ഉപയോഗിച്ചു തുടങ്ങി.
പദ്ധതിയുടെ ഭാഗമായി കുടിവെള്ള ബോട്ടിലുകള്‍ കൈവശം വയ്ക്കേണ്ടവരില്‍ നിന്ന് എന്‍ട്രന്‍സ് ഫീ ഈടാക്കും. ബോട്ടിലുകളില്‍ ഗ്രീന്‍ സോണ്‍ സ്റ്റിക്കര്‍ ഒട്ടിച്ച് അവ അകത്ത് കടത്താന്‍ അനുവാദം നല്‍കുകയും യാത്രാവസാനം ബോട്ടില്‍ തിരികെ എത്തിക്കുമ്പോള്‍ വാങ്ങിയ എന്‍ട്രന്‍സ് ഫീ തിരികെ നല്‍കുകയും ചെയ്യും.
അതേ സമയം മഹാഇടവക വിശ്വാസികൾ മലയാറ്റൂർ മല കയറിയതോടെ ഈ വർഷത്തെ കുരിശുമുടി തീർഥാടനത്തിന് ഔദ്യോഗിക തുടക്കമായി. മലകയറ്റത്തിലെ പതിനാല് പീഡാനുഭവ സ്ഥലങ്ങളിലും പ്രത്യേക പ്രാർഥനകൾ അർപ്പിച്ചും കുരിശിന്റെ വഴി ചൊല്ലിയുമാണ് വിശ്വാസികൾ മലകയറിയത്. യേശുവിന്റെ പീഡാനുഭവ യാത്രയെ അനുസ്മരിപ്പിക്കുന്ന നിശ്ചല ദൃശ്യങ്ങളും ഉണ്ടായിരുന്നു.
എല്ലാ ദിവസവും കുരിശുമുടിയിൽ രാവിലെ 5.30, 6.30, 7.30, 9.30 എന്നീ സമയങ്ങളിലും രാത്രി ഏഴിനും ദിവ്യബലിയുണ്ടാകും. രാത്രിയും പകലും കുരിശുമുടി കയറുന്നതിനുളള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഓശാന ഞായറാഴ്ച വരെ ദിവസവും രാവിലെ 9.30 മുതൽ വിശ്വാസികൾക്കു നേർച്ചകഞ്ഞി വിതരണവും ഉണ്ടാകും.