India - 2025
ഫാ.ഗബ്രിയേല്‍ ചിറമ്മലിന്റെ മൃതസംസ്കാരം ഇന്ന്
സ്വന്തം ലേഖകന്‍ 13-05-2017 - Saturday
തൃശൂർ: വ്യാഴാഴ്ച അന്തരിച്ച പദ്മഭൂഷണ്‍ ജേതാവ് ഫാ. ഗബ്രിയേൽ ചിറമ്മൽ സിഎംഐയുടെ ഭൗതികശരീരം ഒൗദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കരിക്കും. ഉച്ചയ്ക്കു രണ്ടിന് വിശുദ്ധബലിയോടെ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും.
സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സംസ്കാര ശുശ്രൂഷയ്ക്കു മുഖ്യകാർമികനാകും. ഇരിങ്ങാലക്കുട ക്രൈസ്റ്റ് ആശ്രമ ദേവാലയത്തിലാണ് മൃതദേഹം സംസ്കരിക്കുക. രാജ്യത്തിന്റെ വിശിഷ്ട ബഹുമതിയായ പദ്മഭൂഷണ്‍ ജേതാവായ ഗബ്രിയേലച്ചന് ആദരമർപ്പിച്ച് സായുധ സേനാംഗങ്ങൾ ആചാരവെടി മുഴക്കും.
വൈദികന്റെ ഭൗതികശരീരം ഇന്നു രാവിലെ 8.30 ന് അമല ആശുപത്രിയിൽനിന്ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് ആശ്രമ ദേവാലയത്തിലേക്കു കൊണ്ടുപോകും. രാവിലെ 9.30 ന് ഇരിങ്ങാലക്കുട പൗരാവലി നഗരസഭാ ചെയർമാൻ നിമ്യ ഷിജുവിന്റെ നേതൃത്വത്തിൽ കരുവന്നൂരിലെത്തി അന്ത്യോപചാരം അർപ്പിക്കും. അവിടെനിന്ന് പൗരാവലി നയിക്കുന്ന വിലാപയാത്രയായിട്ടാണ് ഭൗതികശരീരം ഇരിങ്ങാലക്കുടയിലേക്കു കൊണ്ടുപോകുക.
നൂറിലേറെ വാഹനങ്ങളുമായാണു വിലാപയാത്ര ഇരിങ്ങാലക്കുടയിലെത്തുക. ഇരിങ്ങാലക്കുടയിലെ ഗബ്രിയേൽ സ്ക്വയറിലും അദ്ദേഹം സ്ഥാപിച്ച സെന്റ് ജോസഫ്സ് കോളജിലും ക്രൈസ്റ്റ് കോളജിലും മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. രാവിലെ പതിനൊന്നോടെ ആശ്രമ ദേവാലയത്തിലും പൊതുദർശനമുണ്ടാകും.
മൃതസംസ്കാര ശുശ്രൂഷകളില്‍ ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ, തൃശൂർ അതിരൂപത സഹായമെത്രാൻ മാർ റാഫേൽ തട്ടിൽ, മാർ ജോസഫ് പാസ്റ്റർ നീലങ്കാവിൽ എന്നിവരും സന്യാസ സമൂഹങ്ങളുടെ മേധാവികളും സഹകാർമികരാകും. സംസ്കാര ശുശ്രൂഷകൾക്കുശേഷമാണ് സായുധസേന പദ്മഭൂഷൺ ഗബ്രിയേലച്ചന് ആദരമേകിക്കൊണ്ട് ആചാരവെടി മുഴക്കുക.