India - 2025
കര്‍ഷകരോടുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ കത്തോലിക്ക കോണ്‍ഗ്രസ്
സ്വന്തം ലേഖകന്‍ 19-05-2017 - Friday
കോട്ടയം: റബർ കർഷകരോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിഷേധാത്മക നിലപാടുകളിൽ പ്രതിഷേധിച്ച് കത്തോലിക്കാ കോൺഗ്രസ് തുടർസമരത്തിനു നേതൃത്വം നൽകും. കോട്ടയത്ത് ചേർന്ന ഭാരവാഹികളുടെ യോഗത്തിലാണ് ഇത് സംബന്ധിക്കുന്ന തീരുമാനമുണ്ടായത്.
റബർനയം പ്രഖ്യാപിക്കുമെന്നും റബർ വിള ഇൻഷ്വറൻസ് നടപ്പാക്കുമെന്നുമൊക്കെ പ്രഖ്യാപിച്ച കേന്ദ്രസർക്കാരിന്റെ ഈ കർഷകദ്രോഹ നടപടി എന്തടിസ്ഥാനത്തിലാണെന്നു മനസിലാകുന്നില്ല. കേരളത്തിന്റെ സാമ്പത്തിക കാർഷിക മേഖലയെ കേന്ദ്രസർക്കാർ പാടേ അവഗണിക്കുന്നു. 10.5 ലക്ഷം വരുന്ന റബർ കർഷക കുടുംബങ്ങൾ പട്ടിണിയിലായിട്ടും സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
ആവർത്തനകൃഷി സബ്സിഡിയും റബർബോർഡ് ഓഫീസുകളും നിർത്തലാക്കുന്ന കേന്ദ്രസർക്കാർ നടപടി അപലപനീയമാണ്. കഴിഞ്ഞ യുപിഎ സർക്കാരിന്റെ കാലത്ത് റബർ വിഷയത്തിൽ നിരവധി സമരങ്ങൾക്കു നേതൃത്വം നൽകിയ കത്തോലിക്കാ കോൺഗ്രസ് എൻഡിഎ സർക്കാരിനെതിരേയും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിക്കും. നേതൃത്വം വ്യക്തമാക്കി.
യോഗത്തിൽ പ്രസിഡന്റ് വി.വി.അഗസ്റ്റിന് അദ്ധ്യക്ഷനായിരിന്നു. കേന്ദ്ര ജനറൽ സെക്രട്ടറി ബിജു പറയന്നിലം വിഷയാവതരണം നടത്തി. ജോസുകുട്ടി മാടപ്പള്ളി, ടോണി ജോസഫ്, സ്റ്റീഫൻ ജോർജ്, ഡേവിഡ് തുളുവത്ത്, സാജു അലക്സ്, ഡേവിഡ് പുത്തൂർ, ബേബി പെരുമാലി, സൈബി അക്കര, തുടങ്ങിയവർ പ്രസംഗിച്ചു.