India - 2025
ക്രൈസ്തവസഭകളുടെ ഐക്യം അനിവാര്യം: കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി
സ്വന്തം ലേഖകന്‍ 15-05-2017 - Monday
തൃശൂർ: വിവിധങ്ങളായി കഴിയുന്ന ക്രൈസ്തവ സഭകളുടെ ഐക്യം അനിവാര്യമാണെന്നു സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. പൗരസ്ത്യ സുറിയാനി കൽദായ സഭയുടെ പറവട്ടാനി മാർ അദ്ദായ് ശ്ലീഹാ പള്ളിയുടെ 85-ാം വാർഷിക സമാപന സമ്മേളനവും മാർ അദ്ദായിയുടെ ഓർമദിനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ പൂർവികർ ആഗ്രഹിക്കാതെ സംഭവിച്ചുപോയതാണു വിഭജനങ്ങളെന്നും അദ്ദേഹം പറഞ്ഞു.
വിഭജനങ്ങള്‍ കൊണ്ട് ഉണ്ടായ മുറിവുകളെ സുഖപ്പെടുത്താനും പുതിയ മുറിവുകൾ സൃഷ്ടിക്കാതെ ഐക്യത്തിന്റെ പാതയിൽ നീങ്ങാനും സഭാശുശ്രൂഷകർ പ്രതിജ്ഞാബദ്ധരാകണം. എല്ലാ സഭാമക്കളും അതാണ് ആഗ്രഹിക്കുന്നത്. പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്താൽ സഭകളിൽ സംജാതമായിരിക്കുന്ന ഈ നവചൈതന്യം ഉൗട്ടിയുറപ്പിക്കണം. മാർത്തോമ്മാ മക്കളുടെ ഐക്യം സഭകളെ സംബന്ധിച്ചിടത്തോളം പ്രധാന ദൗത്യമാണ്.
സഭൈക്യത്തെക്കുറിച്ചുള്ള ചിന്ത എല്ലാ സഭകളിലും സജീവമാണ്. സംവാദത്തിലൂടേയും പ്രാർഥനാപൂർവമായ സഹകരണത്തിലൂടെയും സഭൈക്യചിന്തയെ പ്രോത്സാഹിപ്പിക്കാൻ നമുക്കു കടമയുണ്ട്. ഭിന്നതയുടെ വാക്കുകളോ പ്രവൃത്തികളോ സംഭവിച്ചാൽ, വിശാല ഹൃദയത്തോടെ ഐക്യത്തിലേക്കു നയിക്കുന്ന ചിന്തയിലേക്കു തിരിച്ചു കൊണ്ടുവരണം. മാർ ആലഞ്ചേരി പറഞ്ഞു. സമ്മേളനത്തില്‍ ഡോ. മാർ അപ്രേം മെത്രാപ്പോലീത്ത അധ്യക്ഷനായി. ഡോ. മാർ യോഹന്നാൻ യോസിഫ് എപ്പിസ്കോപ്പ, ഫാ. കെ.ആർ. ഇനാശു കശീശ, ജനറൽ കണ്‍വീനർ ആന്റോ ഡി. ഒല്ലൂക്കാരൻ എന്നിവർ പ്രസംഗിച്ചു.