India - 2025
കാഞ്ഞിരപ്പള്ളി രൂപതയുടെ റൂബി ജൂബിലി ആഘോഷങ്ങൾക്ക് പരിസമാപ്തി
സ്വന്തം ലേഖകന്‍ 13-05-2017 - Saturday
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത നാൽപതു വർഷം പൂർത്തിയാക്കിയതിന്റെ റൂബി ജൂബിലി ആഘോഷം സമാപിച്ചു. രൂപതയുടെ പ്രഥമ ബിഷപ്പു മാർ ജോസഫ് പവ്വത്തിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തിനു മുന്നോടിയായി മാർ മാത്യു അറയ്ക്കൽ, സഹായമെത്രാൻ മാർ ജോസ് പുളിക്കൽ, ഐസന്‍സ്റ്റാറ്റ് രൂപതയിലെ ഫാ. കാള്‍ ഹിര്ട്ടന്ഫെല്ഡര്, വികാരി ജനറാൾമാർ, രൂപതയിലെ വൈദികർ എന്നിവരുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു.
സാക്ഷ്യവും സേവനവുമാണു ക്രൈസ്തവസഭയുടെ പ്രവർത്തന അടിത്തറയെന്ന് മാർ ജോസഫ് പവ്വത്തിൽ പറഞ്ഞു. ദൈവോന്മുഖമായ ജീവിതവും പങ്കുവയ്ക്കുന്ന സഹവർത്തിത്വവുമാണു ക്രിസ്തീയ ജീവിതത്തിന്റെ കാതൽ. ആധ്യാത്മികത, സാമൂഹിക സേവനം, വിദ്യാഭ്യാസം തുടങ്ങി എല്ലാ രംഗങ്ങളിലും വലിയ വളർച്ച രൂപത സ്വന്തമാക്കി. മലനാട് ഡവലപ്മെന്റ് സൊസൈറ്റി, പീരുമേട് ഡവലപ്മെന്റ് സൊസൈറ്റി എന്നിവയുടെ പ്രവർത്തനങ്ങൾ ഒട്ടേറെ ജനങ്ങൾക്കു ആശ്വാസവും സഹായവും പകർന്നു. രൂപതയുടെ തുടക്കത്തിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ ഇടവക രൂപതയുടെ പ്രവർത്തനങ്ങളിൽ നൽകിയ സഹായങ്ങൾ എക്കാലവും സ്മരണീയമാണ്. ബിഷപ്പ് പറഞ്ഞു.
മാർ ജോസഫ് പവ്വത്തിൽ നൽകിയ ശക്തമായ അടിത്തറയാണ് കാഞ്ഞിരപ്പള്ളി രൂപതയുടെ സമഗ്ര വളർച്ചയ്ക്കും നേട്ടങ്ങൾക്കും ചൈതന്യം പകർന്നതെന്ന് അധ്യക്ഷപ്രസംഗത്തിൽ മാർ മാത്യു അറയ്ക്കൽ അനുസ്മരിച്ചു. സഹായ മെത്രാൻ മാർ ജോസ് പുളിക്കൽ, ഐസന്‍സ്റ്റാറ്റ് രൂപതയിലെ ഫാ. കാള്‍ ഹിര്ട്ടന്ഫെല്ഡര്, സിഎംസി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജാന്‍സി മരിയ എന്നിവർ പ്രസംഗിച്ചു.