India - 2025
ചങ്ങനാശ്ശേരി അതിരൂപതാ ദിനാഘോഷം 20ന്
സ്വന്തം ലേഖകന്‍ 14-05-2017 - Sunday
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ 130-ാം അതിരൂപതാദിനാഘോഷം 20ന് എടത്വാ ഫൊറോനയിലെ പച്ച-ചെക്കിടികാട് ലൂര്‍ദ് മാതാ ഇടവകയിലെ ലിയോ പതിമൂന്നാമന്‍ നഗറില്‍ നടക്കും. മൂവായിരത്തോളം പേര് സമ്മേളനത്തില്‍ പങ്കെടുക്കും. അതിരൂപതാ അധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ അധ്യക്ഷതയില്‍ രാവിലെ 9.30ന് ആരംഭിക്കുന്ന സമ്മേളനം ആർച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ ഉദ്ഘാടനം ചെയ്യും. സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ അനുഗ്രഹ പ്രഭാഷണവും സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ വി. ജെ. കുര്യന് മുഖ്യപ്രഭാഷണവും നടത്തും.
സമ്മേളനത്തില്‍ സംസ്ഥാന-ദേശീയ-അന്തര്‍ദേശീയ തലങ്ങളിൽ അംഗീകാരം നേടിയ അതിരൂപതാ അംഗങ്ങളെ ആദരിക്കും. അതിരൂപതയിലെ ആറോ അതിലധികമോ മക്കളുള്ള 50 വയസില്‍ താഴെയുള്ള ദമ്പതികളെ ചടങ്ങില്‍ അനുമേദിക്കും. ഏറ്റവും കൂടുതല്‍ വൈദിക-സന്ന്യസ്ത ദൈവവിളികളുള്ള ഇടവകകളെ മൂന്ന് വിഭാഗങ്ങളായി തിരിച്ച് സമ്മാനങ്ങള്‍ നല്‍കും. വിവിധ ഇടവകകളില്‍നിന്നുള്ള ഏറ്റവും മികച്ച ഇടവക ഡയറക്ടറി, ബുള്ളറ്റിന് എന്നിവയ്ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും.
അതിരൂപതാദിനാചരണത്തിന്റെ ഒരുക്കമായി എല്ലാ ഇടവകകളിലും ഇന്നു പേപ്പല്‍ പതാക ഉയര്‍ത്തി അതിരൂപതാ ആന്തം ആലപിക്കും. വിളമ്പര ദീപശിഖാപ്രയാണം 19ന് 1.30ന് ചങ്ങനാശേരി കത്തീഡ്രല്‍ പള്ളിയിലെ അഭി. പിതാക്കന്മാരുടെ കബറിടത്തില്‍നിന്ന് ആരംഭിക്കും. അതിരൂപതാ യുവദീപ്തി നേതൃത്വം നല്കുന്ന ദീപശിഖാപ്രയാണം വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി അഞ്ചിന് എടത്വാ ഫൊറോനാപ്പള്ളിയിലെത്തും.
ദൈവദാസന് പുത്തന്‍പറമ്പില്‍ തൊമ്മച്ചന്റെ കബറിടത്തില്‍ നടക്കുന്ന പ്രത്യേക പ്രാര്‍ഥനയ്ക്കു ശേഷം ദീപശിഖാപ്രയാണം സമ്മേളന നഗരിയായ പച്ച-ചെക്കിടിക്കാട് ദേവാലയത്തില്‍ എത്തും. തുടര്‍ന്ന് മാര്‍ തോമസ് തറയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ സായ്ഹ്നപ്രാര്ഥനയും നടക്കും. പരിപാടിയുടെ നടത്തിപ്പിനായി വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.