India - 2025
ക്രൈസ്തവമൂല്യങ്ങള്‍ ചോര്‍ന്നു പോകാത്ത പ്രതികരണത്തിലൂടെ പ്രതിസന്ധികളെ നേരിടണം: ആര്‍ച്ച് ബിഷപ്പ് സൂസപാക്യം
സ്വന്തം ലേഖകന്‍ 07-06-2017 - Wednesday
കൊച്ചി: ക്രൈസ്തവമൂല്യങ്ങള്‍ ചോര്‍ന്നു പോകാത്ത പ്രതികരണത്തിലൂടെ പ്രതിസന്ധികളെ ധൈര്യപൂര്‍വ്വം നേരിടണമെന്ന് കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം. കെസിബിസി-കെസിഎംഎസ് സംയുക്തസമ്മേളനം പാലാരിവട്ടം പിഒസിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം.
തെളിനീരൊഴുകുന്ന ഗലീലിയ തടാകം പോലെയാണോ, ഒഴുക്കില്ലാതെ കെട്ടിക്കിടക്കുന്ന ചാവുകടൽ പോലെയാണോ നാം എന്ന ആത്മപരിശോധന നടത്തണം. മാടപ്രാവിന്റെ നിഷ്കളങ്കതയും സർപ്പത്തിന്റെ വിവേകവും ഒരുവനിൽ സംഗമിക്കുമ്പോഴാണു യഥാർഥ സാക്ഷ്യവും ജാഗ്രതയും പ്രാവർത്തികമാക്കുക. ബിഷപ്പ് പറഞ്ഞു.
സമ്മേളനത്തില്‍ കെസിബിസി സെക്രട്ടറി ജനറൽ ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. ഏല്പിക്കപ്പെട്ട ദൗത്യങ്ങൾ പൂർണതയിൽ നിറവേറ്റാനുള്ള പരിശ്രമങ്ങളിൽ ജാഗ്രതയും സാക്ഷ്യവും വിട്ടുപോകുമ്പോൾ പൊതുലക്ഷ്യമായ ദൈവരാജ്യവളർച്ചയിൽനിന്ന് അകലാനും എതിർസാക്ഷ്യത്തിനും സാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കെസിഎംഎസ് പ്രസിഡന്റ് റവ. ഡോ. സെബാസ്റ്റ്യൻ തുണ്ടത്തിക്കുന്നേൽ, ഫാ. തോമസ് മഞ്ഞക്കുന്നേൽ, സിസ്റ്റർ ലിറ്റിൽ ഫ്ളവർ എന്നിവർ പ്രസംഗിച്ചു. സാക്ഷ്യവും ജാഗ്രതയും എന്ന വിഷയത്തിൽ മുൻ ഡിജിപി ജേക്കബ് പുന്നൂസ് പ്രബന്ധം അവതരിപ്പിച്ചു. ശോഭാ കോശി, സിബി മാത്യൂസ് എന്നിവർ പോക്സോയും സുരക്ഷിതത്വവും എന്ന വിഷയത്തിലുള്ള പാനൽ ചർച്ചയിൽ പങ്കെടുത്തു.
ബിഷപ്പുമാരായ മാർ തോമസ് തറയിൽ, മാർ റാഫേൽ തട്ടിൽ എന്നിവർ മോഡറേറ്റർമാരായി. ദളിത് ശാക്തീകരണം, കുട്ടികളുടെയും ദുർബലരുടെയും സുരക്ഷിതത്വം, സഭാസ്വത്ത് നിയമങ്ങൾ, ആനുകാലിക രാഷ്ട്രീയം തുടങ്ങി സഭയും സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സ്വീകരിക്കേണ്ട നിലപാടുകളെയും പറ്റി ചര്‍ച്ചകള്‍ നടക്കും. കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളുടെയും മെത്രാന്മാർ പങ്കെടുക്കുന്ന സമ്മേളനം നാളെ സമാപിക്കും.