India - 2025

മതത്തെ നിക്ഷിപ്ത താത്പര്യത്തോടെ ഉപയോഗിക്കുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതെന്നു ആര്‍ച്ച് ബിഷപ്പ് സൂസപാക്യം

സ്വന്തം ലേഖകന്‍ 09-10-2017 - Monday

കൊച്ചി: മതത്തെ നിക്ഷിപ്ത താത്പര്യത്തോടെ ഉപയോഗിക്കുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതെന്നും അവിഹിതമാര്‍ഗത്തിലൂടെയുള്ള മതപരിവര്‍ത്തനം തെറ്റാണെന്നും ആര്‍ച്ച്ബിഷപ്പ് ഡോ.എം.സൂസപാക്യം. കേരള ലത്തീന്‍ സഭ വല്ലാര്‍പാടത്തു സംഘടിപ്പിച്ച മിഷന്‍ കോണ്‍ഗ്രസിന്റെ സമാപനത്തിനു ശേഷം നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതു മതത്തിലും വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന നല്‍കുന്ന അവകാശമാണെന്നും ബിഷപ്പ് പറഞ്ഞു.

എല്ലാ മതങ്ങളെയും അംഗീകരിക്കുക എന്നതാണ് ലത്തീന്‍ സഭയുടെ നയം. മൂന്നു ദിവസമായി നടന്ന ലത്തീന്‍ സമ്മേളനം നല്ല അനുഭവമായിരുന്നു. കേരള ലത്തീന്‍ കത്തോലിക്കരുടെ പ്രതീക്ഷകള്‍ക്കും ഉന്നമനത്തിനുമുള്ള പ്രയത്‌നം പൂര്‍ണത വരിച്ചുകൊണ്ടിരിക്കുകയാണ്. സമ്മേളനത്തില്‍ ജനങ്ങള്‍ പ്രദര്‍ശിപ്പിച്ച ആവേശവും ഉത്സാഹവും സന്തോഷം നല്‍കുന്നതാണ്. െ്രെകസ്തവരുടെ മുഖമുദ്ര സ്‌നേഹമാണ്. ശക്തമായ അല്‍മായ നിരയെ വാര്‍ത്തെടുക്കുകയാണ് അടുത്ത പത്തു വര്‍ഷത്തെ പ്രധാന ലക്ഷ്യം.

പുതിയ മദ്യസംസ്‌കാരം ജനങ്ങളെ വളരെയധികം നശിപ്പിക്കുന്ന ഒന്നാണ്. ശക്തമായ ബഹുജന മുന്നേറ്റം സംഘടിപ്പിച്ച് അതിനെ പ്രതിരോധിക്കും. മിഷന്‍ കോണ്‍ഗ്രസില്‍ ആവിഷ്‌കരിച്ച പദ്ധതികളുമായി ശക്തമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. വല്ലാര്‍പാടത്ത് ഇത്തരത്തില്‍ ഒരു സമ്മേളനം സംഘടിപ്പിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനവും നന്ദിയും ഉണ്ടെന്ന് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പറഞ്ഞു. മിഷന്‍ കോണ്‍ഗ്രസ് ബിസിസി കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തനും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

More Archives >>

Page 1 of 104