India - 2025
മാര്‍ ക്രിസോസ്റ്റത്തെ ആദരിച്ച് കെസിബിസി
സ്വന്തം ലേഖകന്‍ 07-06-2017 - Wednesday
കൊച്ചി: മാര്‍ത്തോമാ സഭയുടെ വലിയ മെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിനെ ആദരിച്ച് കേരള കത്തോലിക്കാ മെത്രാന് സമിതി. ഇന്നലെ വൈകുന്നേരം പാലാരിവട്ടം പിഒസിയില്‍ കെസിബിസിയുടെ വര്‍ഷകാല സമ്മേളനത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തിലാണ് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന് സമിതി ആദരമര്‍പ്പിച്ചത്. ചടങ്ങില്‍ കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം അദ്ധ്യക്ഷനായിരിന്നു.
മാര്‍ ക്രിസോസ്റ്റത്തിന് ഒപ്പമുള്ള അനുഭവങ്ങള്‍ പരിപാടിയില്‍ പലരും പങ്കുവെച്ചു. ഒരിക്കല്‍ വലിയ മെത്രാപ്പോലീത്തയ്ക്കു ഒപ്പം നടന്ന ചടങ്ങില്‍ പങ്കെടുത്തശേഷമുള്ള ഭക്ഷണസമയത്തെ അനുഭവമായിരുന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പങ്കുവെച്ചത്.
ചടങ്ങു തീരുംമുമ്പ് ആളുകള്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങി. ക്രിസോസ്റ്റം തിരുമേനി ചെന്നപ്പോഴേക്കും മിക്കവരും കഴിച്ചു തുടങ്ങി. സംഘാടകരിലൊരാള്‍ പ്രാര്‍ഥിക്കാന്‍ പിതാവിനോട് ആവശ്യപ്പെട്ടു. അദ്ദേഹം പ്രാര്‍ഥിച്ചത് ഇങ്ങനെ: 'കര്‍ത്താവേ, ഞങ്ങളില്‍ ചിലര്‍ വായില്‍ വച്ചിരിക്കുന്നതും ചിലര്‍ വയ്ക്കാനിരിക്കുന്നതുമായ ഭക്ഷണത്തെ അനുഗ്രഹിക്കണമേ'. ക്രിസോസ്റ്റം പിതാവിന്റെ നര്മബുദ്ധി കര്‍ദിനാള്‍ സ്മരിച്ചു.
ഒരാള്‍ പട്ടിണി കിടക്കുമ്പോള്‍ ദൈവമാണു പട്ടിണി കിടക്കുന്നതെന്ന് മാര്‍ ക്രിസോസ്റ്റം പറഞ്ഞു. വായു മലിനീകരണം നടത്തുന്നവര്‍ കൊലപാതകികളാണ്. ദൈവം ആദ്യം സൃഷ്ടിച്ചതു മനുഷ്യനെയല്ല, പ്രകൃതിയെയാണ്. ആ ലോകം അതേപടി സൂക്ഷിക്കേണ്ടതു മനുഷ്യന്റെ ചുമതലയാണ്. ജന്മശതാബ്ദിവര്‍ഷത്തില്‍ നിരവധി അനുമോദനച്ചടങ്ങുകള്‍ നടന്നെങ്കിലും കെസിബിസി തലത്തില്‍ നടത്തിയ ഈ ചടങ്ങ് വലിയ ആനന്ദം പകരുന്നതാണെന്നും മാര്‍ ക്രിസോസ്റ്റം പറഞ്ഞു.
സമ്മേളനത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, കെസിഎംഎസ് പ്രസിഡന്റ് ഫാ. സെബാസ്റ്റ്യന്‍ തുണ്ടത്തിക്കുന്നേല്‍, ജസ്റ്റീസ് സിറിയക് ജോസഫ്, പിഒസി ഡയറക്ടര്‍ റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, കെസിഎഫ് പ്രസിഡന്റ് ഷാജി ജോര്‍ജ്, സിസിഐ വൈസ് പ്രസിഡന്റ് ഡോ. മേരി റെജിന തുടങ്ങിയവര്‍ പ്രസംഗിച്ചു.