India - 2025
പട്ടം മേജര്‍ ആര്‍ച്ച് ബിഷപ്സ് ഹൗസില്‍ 'ഓർമകളുടെ ഭവനം' ഇന്ന് ഉദ്ഘാടനം ചെയ്യും
സ്വന്തം ലേഖകന്‍ 25-07-2017 - Tuesday
തിരുവനന്തപുരം: ‘ബേത് ദുക്റോനെ’ (ഓർമകളുടെ ഭവനം) എന്നു നാമകരണം നല്കി മലങ്കര കത്തോലിക്കാ സഭയുടെ പട്ടം മേജർ ആർച്ചുബിഷപ്സ് ഹൗസിൽ പണി പൂർത്തിയായ മ്യൂസിയത്തിന്റെ ഉദ്ഘാടനം ഇന്നു നടക്കും. വൈകിട്ട് മൂന്നിന് ചരിത്ര മ്യൂസിയത്തിന്റെ ഉദ്ഘാടനം മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ നിർവഹിക്കും. മേജർ ആർച്ച് ബിഷപ്സ് ഹൗസിന്റെ രണ്ടാം നിലയിലാണു മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്.
മലങ്കര പുനരൈക്യ രേഖകൾ, റോമിൽ നിന്നു ലഭിച്ചിട്ടുള്ള കല്പനകൾ, ആർച്ചുബിഷപ് മാർ ഈവാനിയോസ് രചിച്ച കൈയെഴുത്തു പ്രതികൾ, അംശവസ്ത്രങ്ങൾ, ഉപകരണങ്ങൾ, അംശവടി, ആർച്ച് ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസും സിറിൽ മാർ ബസേലിയോസ് കാതോലിക്കാബാവായും ഉപയോഗിച്ചിട്ടുള്ള അംശവടി, മോതിരം, അംശവസ്ത്രങ്ങൾ, ഉപകരണങ്ങൾ, മാർപാപ്പാമാരുമായി നടത്തിയിട്ടുള്ള കത്തുകൾ, റോമിൽ നിന്നു ലഭിച്ചിട്ടുള്ള നിയമന ഉത്തരവുകൾ എന്നിവ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
സഭാ തലവൻമാരും തിരുവനന്തപുരം അതിഭദ്രാസനത്തിന്റെ അധ്യക്ഷന്മാരുമായിരുന്ന ദൈവദാസൻ ആർച്ച് ബിഷപ് ഗീവർഗീസ് മാർ ഈവാനിയോസ്, ആർച്ച് ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസ്, മേജർ ആർച്ച് ബിഷപ് സിറിൽ മാർ ബസേലിയോസ് കാതോലിക്കാബാവാ എന്നിവരുടെ ഭരണകാലഘട്ടങ്ങൾ തിരിച്ചാണ് ചരിത്ര രേഖകളും ചിത്രങ്ങളും വ്യക്തിപരമായി ഉപയോഗിച്ചിരുന്ന സാധനങ്ങളും മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.