India - 2025

അല്‍മായര്‍ സമുദായത്തെ സ്‌നേഹിക്കുന്നതിനോടൊപ്പം സമൂഹത്തോടുള്ള കടമകള്‍ നിറവേറ്റണം: മാര്‍ ജേക്കബ് മനത്തോടത്ത്

സ്വന്തം ലേഖകന്‍ 19-10-2017 - Thursday

പാലക്കാട്: അല്മായര്‍ സമുദായത്തെ സ്‌നേഹിക്കുന്നതിനൊപ്പം സമൂഹത്തോടുള്ള കടമകള്‍ നിറവേറ്റുന്നവരുമാകമെന്ന് പാലക്കാട് രൂപതാബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത്. കത്തോലിക്കാ കോണ്‍ഗ്രസ് രൂപതാ എക്‌സിക്യൂട്ടീവ് യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്. കത്തോലിക്കാ കോണ്‍ഗ്രസ് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ബദലലല്ലായെന്നും കത്തോലിക്കാ കോണ്‍ഗ്രസ് ഒരിക്കലും ഒരു രാഷ്ട്രീയ പാര്‍ട്ടിയായി രൂപാന്തരപ്പെടുകയുമില്ലായെന്നും അദ്ദേഹം പറഞ്ഞു.

ഇതൊരു രാഷ്ട്രീയ സംഘടനയല്ല. സമുദായ ശാക്തീകരണത്തിലൂടെ രാഷ്ട്രപുരോഗതിക്കുവേണ്ടി യത്‌നിക്കുക എന്നതാണ് കത്തോലിക്കാ കോണ്‍ഗ്രസിന്റെ ലക്ഷ്യം. എല്ലാ സമുദായ സംഘടനകളുമായി സഹകരിക്കുകയും ആരുടേയും അവകാശങ്ങളേയും അവസരങ്ങളേയും കവര്‍ന്നെടുക്കാന്‍ ആഗ്രഹിക്കുകയും ചെയ്യാതെ പ്രവര്‍ത്തിക്കുകയെന്ന ലക്ഷ്യമാണ് കത്തോലിക്കാ കോണ്‍ഗ്രസിനുള്ളതെന്നും മാര്‍ ജേക്കബ് മനത്തോടത്ത് പറഞ്ഞു.

ഒന്നിച്ചുവരിക എന്നത് ഒരു നല്ല തുടക്കമാണ്. ഒന്നിച്ചു നില്ക്കുകയെന്നത് ഒരു ശക്തിയാണ്. ഒന്നിച്ച് പ്രവര്‍ത്തിക്കുകയെന്നത് ഒരു വന്‍ വിജയമാണെന്ന് 2017- 2020 വര്‍ഷത്തേക്കുള്ള ഇരുപത്തൊന്നംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കുശേഷം അവരെ അഭിനന്ദിച്ച് സംസാരിക്കവെ അദ്ദേഹം ഓര്‍മിപ്പിച്ചു. കത്തോലിക്കാ കോണ്‍ഗ്രസ് രൂപത പ്രസിഡന്റ് തോമസ് ആന്റണി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. വികാരി ജനറാള്‍ മോണ്‍. ജോസഫ് ചിറ്റിലപ്പള്ളി അനുഗ്രഹപ്രഭാഷണം നടത്തി.

More Archives >>

Page 1 of 108