
കൊച്ചി: സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ മുൻ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറും എഴുത്തുകാരനുമായ നവീൻ ചൗള സന്ദർശിച്ചു. ഇന്നലെ വൈകീട്ട് കാക്കനാട് മൗണ്ട് സെന്റ് തോമസിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച അര മണിക്കൂറോളം നീണ്ടു. കർദിനാളുമായി നേരത്തെയുള്ള സൗഹൃദം പുതുക്കുന്നതിനായിരുന്നു സന്ദർശനമെന്നും അദ്ദേഹം അറിയിച്ചു. മദർ തെരേസയുടെ ജീവചരിത്ര ഗ്രന്ഥം നവീൻ ചൗള കർദിനാളിനു സമ്മാനിച്ചു.
രാജ്യത്തിനായി സേവനം ചെയ്യുന്ന ഉദ്യോഗസ്ഥൻ എന്നതിനൊപ്പം നവീൻ ചൗള നടത്തുന്ന ജീവകാരുണ്യപ്രവർത്തനങ്ങളെ മേജർ ആർച്ച്ബിഷപ് അനുമോദിച്ചു. വിശുദ്ധ മദർ തെരേസയുമായും മിഷനറീസ് ഓഫ് ചാരിറ്റീസുമായും രണ്ടു പതിറ്റാണ്ടിലധികം നീണ്ട ബന്ധത്തിലൂടെ പാവങ്ങളോടുള്ള കരുതൽ നവീൻ ചൗള തന്റെ വ്യക്തിത്വത്തിന്റെ പ്രകാശനമാക്കിയതായി കർദിനാൾ പറഞ്ഞു.
ഇന്ത്യയുടെ പതിനാറാമത്തെ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറായിരുന്ന നവീൻ ചൗള തയാറാക്കിയ മദർ തെരേസയുടെ ജീവചരിത്രം പതിനാലു ഭാഷകളിലായി ലക്ഷക്കണക്കിനു കോപ്പികൾ വിറ്റഴിക്കപ്പെട്ടു. പുസ്തകത്തിന്റെ റോയൽറ്റി തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായാണ് ഉപയോഗിച്ചത്.