India - 2025
സഭയുടെ കാരുണ്യശുശ്രൂഷകള് പലപ്പോഴും വിസ്മരിക്കപ്പെടുന്നു: കര്‍ദിനാള്‍ ആലഞ്ചേരി
സ്വന്തം ലേഖകന്‍ 11-06-2017 - Sunday
കൊച്ചി: സഭയുടെ കാരുണ്യ ശ്രുശൂഷകൾ ജാതിമതഭേദമില്ലാതെ ലഭ്യമാക്കുന്നു എന്ന യാഥാർഥ്യം പലപ്പോഴും വിസ്മരിക്കപ്പെടുകയാണെന്ന് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സീറോ മലബാർ സഭയുടെ രൂപതകളിലെയും സന്യാസ സമർപ്പിത സമൂഹങ്ങളിലെയും സാമൂഹ്യശുശ്രൂഷകൾക്കു നേതൃത്വം വഹിക്കുന്നവരുടെ സംഗമം കാക്കനാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യമഹത്വം വെളിവാക്കുന്നതു പരസ്നേഹ പ്രവർത്തികളിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.
സഭ എക്കാലത്തും വിദ്യാഭ്യാസ ആതുരാലയ മേഖലകളിൽ ചെയ്യുന്ന സേവനങ്ങളെക്കാൾ ഏറെ പ്രാധാന്യം കൽപിച്ചിരിക്കുന്നതു കാരുണ്യ-ഉപവി പ്രവർത്തനങ്ങൾക്കാണ്. സഭയുടെ കാരുണ്യ ശ്രുശൂഷകൾ ജാതിമതഭേദമില്ലാതെ ലഭ്യമാക്കുന്നു എന്ന യാഥാർഥ്യം പലപ്പോഴും വിസ്മരിക്കപ്പെടുന്നു. സീറോ മലബാർ സഭയുടെ സാമൂഹ്യശുശ്രൂഷകളുടെ നെറ്റ് വർക്കിംഗ് പരസ്പര പൂരക പഠനത്തിനും ഗുണമേന്മ വർധനവിനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സീറോ മലബാർ സോഷ്യൽ ഡെവലപ്പ്മെന്റ് നെറ്റ്വർക്ക് ഡിപ്പാർട്ട്മെന്റ് ചെയർമാൻ മാർ മാത്യു അറയ്ക്കൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ആന്റണി കരിയിൽ, ഫാ. ആന്റണി കൊല്ലന്നൂർ, ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഫാ. ജേക്കബ് മാവുങ്കൽ, ബീന സെബാസ്റ്റ്യൻ എന്നിവർ വിഷയാവതരണം നടത്തി.