India - 2025
മദ്യനയത്തില്‍ തിരുത്തല്‍ നടത്തിയില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കും: ആര്‍ച്ച് ബിഷപ്പ് സൂസപാക്യം
സ്വന്തം ലേഖകന്‍ 12-06-2017 - Monday
കൊച്ചി: മദ്യലോബികള്‍ക്കു അവര്‍പോലും കരുതാത്ത വിധത്തിൽ ആനുകൂല്യങ്ങള്‍ നല്കുന്ന മദ്യനയം പിന്‍വലിക്കുകയോ തിരുത്തലുകള്‍ വരുത്തുകയോ ചെയ്തില്ലെങ്കില്‍ ശക്തമായ പ്രതിഷേധമായി മുന്നോട്ടുവരുമെന്നു കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം.പത്രസമ്മേളനത്തില്‍ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
എല്‍ഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിച്ച മദ്യനയം കേരളത്തെ മദ്യത്തില്‍ മുക്കുന്നതാണ്.സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ദുരന്തഫലങ്ങള്‍ അനുഭവിക്കാന്‍ പോകുന്നത് സ്ത്രീകളും കുട്ടികളുമടങ്ങുന്ന സമൂഹമാണ്. ഈ സമൂഹത്തെ പങ്കെടുപ്പിച്ച് പ്രതിഷേധ പരിപാടികളുമായി കെസിബിസി മദ്യവിരുദ്ധ സമിതി മുന്നോട്ടു പോകും.
കെസിബിസിയുടെ നേതൃത്വത്തില്‍ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുടെ സംയുക്ത യോഗം 15ന് ഉച്ചകഴിഞ്ഞ് 1.30ന് പാലാരിവട്ടം പിഒസിയില്‍ ചേരും. യുവജന സംഘടനകള്‍, കുട്ടികളുടെ സംഘടനകള്‍, കെസിബിസി വനിതാ കമ്മീഷന്, കെസിബിസി ഫാമിലി കമ്മീഷന്, കെഎല്‍സിഎ, കേരള കാത്തലിക് ഫെഡറേഷന്, കത്തോലിക്കാ കോണ്‍ഗ്രസ്, മലങ്കര കാത്തലിക് ഫെഡറേഷന്, മറ്റ് അല്മായ സംഘടനകള്‍, കേരള മദ്യവിരുദ്ധ ഏകോപനസമിതി എന്നിവയുടെ സഹകരണത്തോടെ മദ്യത്തിനെതിരേയുള്ള പ്രക്ഷോഭം പ്രാദേശികതലത്തിലേക്കു വ്യാപിപ്പിക്കും.
നിരവധി കണക്കുകള്‍ നിരത്തി മദ്യലഭ്യത കുറച്ച പഴയ നയം പരാജയമാണെന്നു സമര്ഥിക്കാനുള്ള നീക്കമാണ് നടക്കുന്നത്. മദ്യ ഉപയോഗം കുറയ്ക്കണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇപ്പോള്‍ നടക്കുന്ന ബോധവത്കരണം എക്സൈസിനെ ഏല്പിക്കുന്നതിനു പകരം ആരോഗ്യവകുപ്പിനെയും സാമൂഹ്യനീതി വകുപിനേയും ഏല്‍പ്പിക്കണം. വിശുദ്ധ കുര്‍ബാനയ്ക്കു വീഞ്ഞ് ഉപയോഗിക്കുന്നതിനെ ചൊല്ലിയുണ്ടാക്കുന്ന വിവാദങ്ങളും ആരോപണങ്ങളും സഭയെ അപകീര്‍ത്തിപ്പെടുത്താനാണെന്നും അദ്ദേഹം പറഞ്ഞു.
പത്രസമ്മേളനത്തില്‍ കെസിബിസി ജാഗ്രതാ കമ്മീഷന് ചെയര്മാന് ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, കെസിബിസി മീഡിയ കമ്മീഷന് ചെയര്മാന് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെചേരില്‍, പിഒസി ഡയറക്ടര്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, കെസിബിസി സെക്രട്ടറി ഷാജി ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.